ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ?

ക്രൈസ്തവ മതത്തിൽ സ്ത്രീവിരുദ്ധത ഉണ്ടോ.?

പെണ്ണിനെ പേടിയോ..? എന്ന ഏഷ്യാനെറ്റിൻ്റെ ഇന്നലത്തെ അന്തിചർച്ച കാണാൻ ഇടയായി. ആ ചർച്ചയിൽ ഒരു വ്യക്തിയുടെ ഒരു പ്രസ്താവനയാണ് ഈ പോസ്റ്റ് എഴുതാൻ എന്നെ നിർബന്ധിച്ചത്. 16 വയസുള്ള നിഷ്കളങ്കയായ ഒരു പെൺകുട്ടി സ്ത്രീജന്മം ആയതിനാൽ പൊതുസമൂഹത്തിന് മുമ്പിൽ വളരെ നീചമായി നിന്ദിക്കപ്പെടാൻ കാരണമായതിനെ ചോദ്യം ചെയ്യുന്ന അവതാരകൻ്റെ മുമ്പിൽ “പണ്ഡിതൻ” എന്ന് അറിയപ്പെടുന്ന ആളെ അവ്യക്തമായി പിന്തുണച്ചു കൊണ്ടും തങ്ങളെ അളക്കുന്ന അളവുകോൽ കൊണ്ട് മറ്റ് മതങ്ങളെ അളക്കാൻ ശ്രമിച്ചുകൊണ്ടും ഒരു വ്യക്തി ചർച്ചയ്ക്കിടെ പറഞ്ഞ “ലോകത്തിലുള്ള എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമാണ്, ക്രൈസ്തവ സമൂഹത്തിൽ സ്ത്രീകൾ മാർപ്പാപ്പായോ, മെത്രാനോ ആകാറില്ല” എന്ന പ്രസ്താവനയോട് ഒരു ക്രൈസ്തവ സന്യാസിനിയായ എനിക്ക് ഒട്ടും യോജിക്കാൻ കഴിയുന്നില്ല.

ക്രൈസ്തവ സഭയിൽ പൗരോഹിത്യ ശുശ്രൂഷയിൽ സ്ത്രീകൾ ഇല്ലെങ്കിലും ക്രിസ്തുവിൻ്റെ കാലം മുതൽ ഇന്നുവരെ ക്രൈസ്തവ ആരാധനാലയങ്ങളിൽ അൾത്താരയുടെ ചാരെയും മുന്നിലും സ്ത്രീസാന്നിധ്യം ഉണ്ട്. പൊതുവേദിയിലും സമൂഹത്തിലും അധികാര പദവിയിലും വിദ്യാഭ്യാസ രംഗത്തും സ്ത്രീകളെ മാറ്റി നിർത്താറില്ല ക്രൈസ്തവസഭ… കേരളത്തെ അക്ഷരം പഠിപ്പിച്ചതും ജീവിതത്തിൻ്റെയും ലോകത്തിൻ്റെയും നാനാതുറകളിലേയ്ക്ക് വിദ്യാസമ്പന്നരായി പറഞ്ഞയച്ചതും ക്രൈസ്തവസഭയിലെ സ്ത്രീകളടങ്ങുന്നവർ തന്നെയാണ്.

സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ശബ്ദിക്കുകയും നിലനിൽക്കുകയും ചെയ്തവരിൽ ചരിത്രം കണ്ടത്തിൽ വച്ച് ഏറ്റവും വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു ക്രിസ്തു. അവൻ്റെ കാലം മുതൽ ഇന്നുവരെ ക്രൈസ്തവ സഭ സ്ത്രീവിരുദ്ധമായിരുന്നില്ല. പകരം സ്ത്രീകളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ലോകത്തിലെ ആദ്യത്തെ മതമാണ് ക്രൈസ്തവ മതം എന്ന് സ്നേഹപൂർവ്വം ഒന്ന് ഓർമ്മിപ്പിക്കുന്നു…

ചരിത്രം അറിയില്ലെങ്കിൽ ഇതാ താഴെ വിവരിക്കാം ലോകചരിത്രത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് ആയ ക്രിസ്തുവിൻ്റെ വിപ്ലവങ്ങൾ:

2000 വർഷങ്ങൾക്കു മുമ്പ് ദൈവപുത്രൻ മനുഷ്യാവതാരം ചെയ്തു ഭൂമിയിലേയ്ക്ക് കടന്നു വന്നപ്പോൾ അവനുചുറ്റും സ്ത്രീവിരുദ്ധതയുണ്ടായിരുന്നു എന്നത് സമ്മതിക്കുന്നു. പക്ഷെ ക്രിസ്തു ആണ് ലോകത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് എന്ന് തെളിവുകൾ നിരത്തി പറഞ്ഞാൽ നിങ്ങളിൽ ആർക്ക് എങ്കിലും നിഷേധിക്കുവാൻ കഴിയുമോ…?

ഒരു മൃഗമോ, വിജാതിയനോ, സ്ത്രീയോ ആയി എന്നെ ജനിപ്പിക്കാത്ത, നല്ല ദൈവമേ നിനക്ക് ഞാൻ നന്ദി പറയുന്നു എന്ന പ്രാർത്ഥനയോടെ ഓരോ പ്രഭാതവും ആരംഭിച്ചിരുന്നവരാണ് ക്രിസ്തുവിൻ്റെ കാലത്തുണ്ടായിരുന്ന യഹൂദപുരുഷൻമാർ…

മരിച്ചുപോയ ഒരു വ്യക്തിയെ തൊടുന്നത് തീണ്ടലായി കണ്ടിരുന്ന ഒരു സമൂഹത്തിൽ ക്രിസ്തു തൻ്റെ ശിഷ്യൻമാരുടെയും അവളുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ മരണത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു ബാലികയുടെ കൈ പിടിച്ച് ജീവനിലേയ്ക്ക് തിരികെ കൊണ്ടുവരുമ്പോൾ ദൈവപുത്രനായ ക്രിസ്തു അന്നുവരെ ലോകം കാണാത്തതും കേൾക്കാത്തതുമായ ഫെമിനിസ്റ്റ് എന്ന പദത്തിനും വ്യക്തിത്വത്തിനും ഉടമയായി തീരുകയായിരുന്നു….

യഹൂദ സമൂഹത്തിലെ റബ്ബിമാർ സ്വന്തം ഭവനത്തിൽ അല്ലാതെ പരസ്യമായി പൊതു സ്ഥലങ്ങളിൽ വച്ച് ഒരു സ്ത്രീയോടും സംസാരിക്കുകയോ, സ്ത്രീയുടെ അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുകയോ, ചെയ്യുന്ന പതിവ് അക്കാലത്ത് ഇല്ലായിരുന്നു. എന്നാൽ സമരിയാക്കാരി സ്ത്രീയെ പാപത്തിൽ നിന്ന് തിരികെ ദൈവത്തിലേയ്ക്ക് കൂട്ടികൊണ്ടു വരുവാൻ ദാഹിക്കുന്നവനായി നടിച്ച് ക്രിസ്തു നട്ടുച്ചനേരത്ത് ഒരു കിണറിൻ്റെ അരികിൽ ഒരു വിജാതിയ സ്ത്രീയോട് തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. അവസാനം അവളോട് വാദിച്ച്, അവളെ മാനസാന്തരപ്പെടുത്തി, ആദ്യത്തെ മിഷണറിയായി സ്വന്തം ഗ്രാമത്തിലേയ്ക്ക് പറഞ്ഞയയ്ക്കുകയും അവളുടെ സാക്ഷ്യം കേട്ട് ഒരു ഗ്രാമം മുഴുവൻ ക്രിസ്തുവിനെ തേടി വരുകയും ചെയ്യുന്നത് തിരുവചനങ്ങൾ എടുത്തു പറയുന്നുണ്ട്.

ആർത്തവമോ, രക്തസ്രാവമോ ഉള്ള ഒരു സ്ത്രീയുടെ വസ്ത്രത്തിൻ്റെ തൊങ്ങലെങ്കിലും ഒരു പുരുഷൻ്റെ വസ്ത്രത്തിൽ തൊട്ടാൽ അവനെ അശുദ്ധനായി കണ്ടിരുന്ന ഒരു സമൂഹത്തിൽ, രക്തസ്രാവക്കാരി സ്ത്രീ ക്രിസ്തുവിൻ്റെ വസ്ത്രത്തിൻ്റെ വിളുമ്പിൽ സ്പർശിച്ച് സൗഖ്യം നേടാൻ ജനസാഗരത്തിനിടയിൽ ക്രിസ്തു നിന്നുകൊടുക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിൽ കോറിയിട്ടിട്ടുണ്ട്.

പാരമ്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരുവനെ വാക്കുകളിലോ, പ്രവൃത്തികളിലോ ചതിയിൽ കുടുക്കാൻ തക്കം പാർത്തിരുന്ന വൈരികൾ, പാപത്തിൽ പിടിക്കപ്പെട്ട ഒരു പാവപ്പെട്ട സ്ത്രീയെ അവൻ്റെ കാൽക്കീഴിലേക്കെറിഞ്ഞ് അവളെ മോശയുടെ നിയമം അനുസരിച്ച് വിധിക്കുവാൻ ആക്രോശിച്ചപ്പോൾ, നിലത്തുവീണു കിടക്കുന്ന അവളുടെ വിങ്ങുന്ന മുഖം ദർശിക്കുവാൻ അവളോളം താഴ്ന്ന്, അവരുടെ ആരോപണങ്ങൾ അവളുടെ ചുടുകണ്ണുനീർ തുള്ളി വീഴുന്ന മണൽ തരികളിൽ തന്നെ അവൻ കോറിയിട്ടത്, ഒരു ചെറു ചുടുകാറ്റ് വീശിയാൽ അവയെല്ലാം മാഞ്ഞു പോകും എന്ന ഉറച്ച ബോധ്യത്തോടെ തന്നെയാണ്.

“നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവൻ അവരോട് കാർക്കശ്യം പിടിക്കുമ്പോൾ ഹൃദയ രഹസ്യങ്ങൾ പകൽ വെളിച്ചം പോലെ മനസിലാക്കിയിരുന്ന ക്രിസ്തുവിനറിയാമായിരുന്നു, അവരിൽ പലരും പലയാമങ്ങളിലും അവളോടൊത്ത് ശയിച്ചിരുന്നു എന്ന സത്യം. അവളെ എറിയാനോങ്ങിയ കല്ലുകൾ പതിയെ താഴെയിട്ട് തലകുനിച്ച് അവർ കടന്നുപോയപ്പോൾ അവളെ മാത്രമല്ല, അവരെയും അവൻ വാക്കുകൾ കൊണ്ടോ, പ്രവൃത്തികൾ കൊണ്ടോ വിധിച്ചില്ല…

മരണം മുന്നിൽ കണ്ട് ഭയന്നുവിറച്ച അവൾക്ക് നന്മയുടെയും ജീവൻ്റെയും വഴിത്താര ചൂണ്ടി കാണിക്കുമ്പോൾ ക്രിസ്തുവിൻ്റെ മുഖം കാരുണ്യത്താൽ പ്രകാശിക്കുന്നുണ്ടായിരുന്നു…

പാപം ചെയ്തവരിൽ ശക്തനായ പുരുഷൻ രക്ഷപ്പെടുകയും ബലഹീനയും നിസഹായയുമായ സ്ത്രീ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അനീതിയെ അവൻ നഖശിഖാന്തം എതിർക്കുമ്പോൾ വീണ്ടും അവൻ ഫെമിനിസ്റ്റായി തീരുകയാണ്…

വിധവയുടെ കാണിക്കയും പാവപ്പെട്ട ഒരമ്മയുടെ വിശ്വാസവും ഒരു പാപിനിയുടെ സ്നേഹം കലർന്ന തൈലത്തിൻ്റെ മൂല്യവും ഒരു വിധവയുടെ നിരന്തര പ്രാർത്ഥനയും തന്നെ മുലയൂട്ടി വളർത്തിയ സ്ത്രീയുടെ മഹത്വവും തൻ്റെ ചുറ്റുമുള്ളവരോടും ഈ ലോകത്തോടും അവൻ വിളിച്ചു പറഞ്ഞപ്പോൾ അവൻ സ്ത്രീക്കു വേണ്ടി നിലനിൽക്കുകയും അവളെ സമൂഹത്തിൻ്റെ മുൻപന്തിയിൽ കൊണ്ടു നിർത്തുകയും ആണ് ചെയ്തത്…

തന്നോട് കൂടെ ആയിരിക്കാൻ വേണ്ടി രാത്രി മുഴുവൻ പ്രാർത്ഥിച്ചും ഉപവസിച്ചും താൻ തിരഞ്ഞെടുത്ത അരുമശിഷ്യൻമാരെല്ലാം തൻ്റെ വേദനകളുടെ നേരത്ത് തന്നെ വിട്ടെറിഞ്ഞ് ഓടിയൊളിച്ചപ്പോൾ ഒരു കല്ലേറുദൂരത്ത് ക്രൂശിതൻ്റെ നൊമ്പരം സ്വന്തം നൊമ്പരമായി കണ്ട് ഒരുപറ്റം സ്ത്രീകൾ ഉണ്ടായിരുന്നു. കുരിശിൻ്റെ ചുവട്ടിൽ നിന്നോ, കല്ലറയുടെ മുന്നിൽ നിന്നോ, അവരെ ആട്ടി ഓടിക്കാൻ പുരുഷ-ആയുധ ശക്തികൾക്ക് കഴിഞ്ഞില്ല… സ്ത്രീയുടെ മൂല്യം ലോകത്തിന് വ്യക്തമാക്കി കൊടുത്ത ക്രിസ്തുവിനെ ലോക ചരിത്രത്തിലെ ഒരു കാലത്തെയും സ്ത്രീകൾക്ക് മറക്കാൻ കഴിയില്ലന്നേ… അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു…

വിശുദ്ധ ഗ്രന്ഥത്തിൻ്റെ ആദ്യ താളുകളിൽ നാം കാണുന്ന സൃഷ്ടികർമ്മത്തിലെ ദൈവത്തിനുണ്ടായിരുന്ന ആ ആദ്യ കാഴ്ച്ചപ്പാടിലേയ്ക്ക് സ്ത്രീയെ കൂട്ടിക്കൊണ്ട് പോകാനാണ് ക്രിസ്തു തൻ്റെ പ്രവർത്തികളിൽ കൂടി പരിശ്രമിച്ചത്. ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, പുരുഷൻ്റെ വാരിയെല്ലെടുത്ത് സ്ത്രീയെ സൃഷ്ടിച്ചു എന്നത് ഒരു സിംബോളിക്കൽ വിവരണമാണ്… അതായത് ഒരു ഉപഭോഗ വസ്തുവായി മാത്രം കണ്ട് സ്ത്രീയെ കാൽക്കീഴിലിട്ട് ചവിട്ടിമെതിക്കാനല്ല, മറിച്ച് അവളെ പുരുഷൻ തൻ്റെ പാർശ്വത്തോട്, ഹൃദയത്തോട് ചേർത്തുനിർത്തി സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കണം എന്നാണ് ആ സിംബോളിക്കൽ വിവരണത്തിൻ്റെ അർത്ഥം…

ഹൃദയത്തോട് ചേർത്ത് നിർത്തിയില്ലെങ്കിലും പൊതു സമൂഹത്തിൻ്റെ മുമ്പിൽ വച്ച് അവളെ അപമാനിച്ച് അവളുടെ കണ്ണു നിറയാതിരിക്കാൻ പരിശ്രമിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ…

✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s