Jilsa Joy

വി. ചാൾസ് ഡി ഫുക്കോൾഡ് St. Charles de Foucauld

ഇന്ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടാൻ പോകുന്ന ചാൾസ് ഡി ഫുക്കോൾഡിനെ പറ്റി മുൻപ് എഴുതിയിരുന്നത്… ഫ്രത്തെല്ലി തൂത്തിയുടെ അവസാനത്തിൽ സാർവ്വത്രികസഹോദരനായി , മതാന്തര സംവാദങ്ങൾക്ക് വഴിതെളിച്ചവനായി ഫ്രാൻസിസ് പാപ്പ ചൂണ്ടിക്കാണിച്ച ചാൾസ് ഡി ഫുക്കോൾഡ് … കത്തോലിക്കസഭക്ക് ഇന്ന് പുതിയതായി ലഭിക്കുന്ന വിശുദ്ധരെയെല്ലാം ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു.

“പ്രാർത്ഥിക്കുക എന്നതിന്റെ അർത്ഥം ഈശോയെക്കുറിച്ച് സ്നേഹപൂർവ്വം ചിന്തിക്കുകയെന്നതാണ്. ഈശോയിൽ കേന്ദ്രീകരിക്കുന്ന ആത്‌മാവിന്റെ ശ്രദ്ധയാണ് പ്രാർത്ഥന. നിങ്ങൾ എത്ര കൂടുതലായി ഈശോയെക്കുറിച്ച് ചിന്തിക്കുന്നുവോ അത്ര കൂടുതലായി നിങ്ങൾ പ്രാർത്ഥിക്കുന്നു”….

ദൈവമുണ്ടോ എന്ന് സംശയിച്ച് അനേകവർഷങ്ങൾ ഒരു ഒരു അവിശ്വാസിയായി കഴിഞ്ഞ വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോൾഡിന്റെ വാക്കുകളാണിത്. 2022 മെയ് 15 ന്, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാൻ പോകുന്ന ആളാണ് വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോൾഡ്.

ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1858 സെപ്റ്റംബർ 15 ന് ജനിച്ച ചാൾസിന് 6 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു. പതിനേഴാം വയസ്സിൽ ഭക്തിയില്ലാത്തവനും വഷളനുമായി മാറി, വിശ്വാസം നഷ്ടപ്പെട്ടു. പഠിപ്പവസാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു

. പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. പണം ധൂർത്തടിച്ചു. പ്രതിമാസം 70000ഫ്രാങ്ക് വരെ ചിലവഴിച്ചു. സ്‌കൂളിൽ നിന്ന് പുറത്തുചാടി. പോലീസ് അന്വേഷിച്ചു ചെന്നപ്പോൾ യാചകവേഷം കെട്ടി അലയുന്ന ചാൾസിനെയാണ് കണ്ടത്.

സൈനികവിദ്യാലയത്തിൽ നിന്ന് ബിരുദം നേടി. വല്യപ്പച്ചൻ കൂടി മരിച്ചതോടെ നിയന്ത്രിക്കാനാരുമില്ലാതെ , ധാരാളം സമ്പത്തുമായി ചാൾസ് ഒരു താന്തോന്നിയെപ്പൊലെ ആയി. പാരീസിൽ ഒരു വീട് വാടകക്കെടുത്ത് ഇഷ്ടം പോലെ ജീവിച്ചു. ഭക്ഷണത്തിലും പാർട്ടികളിലും ആനന്ദം തേടി. ‘തടിയൻ ഫുക്കോ’ എന്നാണു അക്കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് .കാമുകിയായിരുന്ന മിമിയുമൊത്ത് ആഫ്രിക്കയിൽ പട്ടാളസേവനത്തിനു പോയി. കാമുകിയെ ഉപേക്ഷിക്കില്ലെന്നു പറഞ്ഞതിനാൽ പട്ടാളത്തിൽ തുടരാൻ പറ്റിയില്ല. പിന്നീട് കാമുകിയെ തിരിച്ചയച്ച് ജോലിയിൽ പ്രവേശിച്ചു.അത് തുടരാതെ ഗവേഷണത്തിലേക്ക് കടന്നു. ഒരു പ്രണയബന്ധത്തിൽ പെട്ടെങ്കിലും ഉപേക്ഷിക്കേണ്ടിവന്നു. 1885 ഏപ്രിലിൽ ഫ്രഞ്ച് ഭൂമിശാസ്ത്രസമിതി ചാൾസിന് സ്വർണ്ണമെഡൽ സമ്മാനിച്ചു. അതിനിടയാക്കിയ തത്വമടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു.

ഹൃദയത്തിന്റെ ഉള്ളറകളിൽ തിങ്ങിനിന്ന അസ്വസ്ഥതകളുമായി പാരീസിൽ St.അഗസ്റ്റിൻ പള്ളിയിൽ കയറി ചാൾസ് ഇങ്ങനെ പ്രാർത്ഥിച്ചു, “ദൈവമേ അങ്ങ് അസ്തിത്വമുള്ളവനാണെങ്കിൽ ഞാൻ അത് അറിയാൻ ഇടയാക്കണമേ”. അവിടെയായിരുന്നു മാനസാന്തരത്തിന്റെ ആരംഭം. തുടർന്ന് കുമ്പസാരിച്ചു കുർബാന സ്വീകരിച്ചു. ഈശോ ചാൾസിൽ ഒരു വിശുദ്ധനെ രൂപപ്പെടുത്തുകയായിരുന്നു.

“ദൈവത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടി ജീവിക്കാനാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു” എന്നാണ് അദ്ദേഹം തന്റെ ദൈവാനുഭവത്തെക്കുറിച്ച് പങ്കുവച്ചത്.

വിശുദ്ധ നാട്ടിലേക്ക് നടത്തിയ തീർത്ഥാടനത്തിലൂടെയാണ് ചാൾസ് ഡി ഫുക്കോ തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. 1890 മുതൽ ഏഴു വർഷത്തോളം ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. 1897-ൽ ‘നസറേത്തിലെ പാവം തച്ചനെ’ കൂടുതൽ അടുത്തനുകരിക്കുന്ന ജീവിതം നയിക്കാനായി അദ്ദേഹം ആ സമൂഹത്തിൽനിന്ന് യാത്രയായി.

അലെക്‌സാൻഡ്രിയയിൽ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് നിരത്തിലൂടെ നടക്കുന്ന ചാൾസിനെ കണ്ട് ഭ്രാന്തനാണെന്നു വിചാരിച്ചു ഒരു പെൺകുട്ടി പേടിയാകുന്നെന്ന് വിളിച്ചു പറഞ്ഞു. എല്ലാവരും തന്നെ ഭ്രാന്തനും നിന്ദ്യനുമായി കരുതുന്നത് ബഹുമതിയായി അദ്ദേഹം കരുതി. റോമിൽ ഒരു കോൺവെന്റിൽ എത്തി ജോലി അന്വേഷിച്ചു.” കപ്യാരായി ജോലി നോക്കാം. പോസ്‌റ്റോഫീസിൽ പോകാൻ സഹായിക്കാം. ശമ്പളം ആവശ്യമില്ല. അൽപ്പം ഭക്ഷണവും വെള്ളവും മതി. ബാക്കി സമയം പരിശുദ്ധ കുർബ്ബാനയുടെ മുൻപിൽ പ്രാർത്ഥിക്കാൻ അനുമതിയും”. സിസ്റ്റേഴ്സ് പറഞ്ഞു,” തോട്ടക്കാരന്റെ വീട് ഒഴിഞ്ഞു കിടക്കുന്നു.അവിടെ താമസിക്കാം” ” വേണ്ട, അത് അധികമാണ്. മുറ്റത്തിനപ്പുറത്തുള്ള കുടിലിൽ, പണിയായുധങ്ങൾ വെക്കുന്നിടത്ത് കിടന്നുകൊള്ളാം”.

തെരുവീഥിയിൽ കുട്ടികൾ അദ്ദേഹത്തെ കല്ലെറിഞ്ഞു. അത് ഏറ്റം സന്തോഷത്തോടെ ഫുക്കോ സ്വീകരിച്ചു. ഒരിക്കൽ മൂന്ന് യാചകർ അദ്ദേഹത്തെ സമീപിച്ച് അവർക്ക് തണുത്തുവിറക്കുന്നെന്ന് പറഞ്ഞു. ചാൾസ് തൻറെ മേലങ്കി രണ്ടായി പകുത്ത് രണ്ടുപേർക്ക് നൽകി. ചുമരിൽ തൂക്കിയിട്ടിരുന്ന തൻറെ ഉടുപ്പ് മൂന്നാമനും നൽകി. പൊതുവഴിയിൽ ഇറങ്ങിനടക്കുമ്പോൾ കാണുന്ന ചാണകം ശേഖരിച്ച് മഠത്തിലെ തോട്ടത്തിൽ കൊണ്ടിടും. അങ്ങനെ ജോലിചെയ്ത് അഹത്തെ നിഗ്രഹിച്ച് ശൂന്യവൽക്കരണത്തിൽ വളർന്നു.

സിസ്റ്റേഴ്സ് അദ്ദേഹത്തിലെ വിശുദ്ധിയെ തിരിച്ചറിഞ്ഞു വൈദികനാകാൻ പ്രേരിപ്പിച്ചു.എളിമ മൂലം അദ്ദേഹം അതിനു സമ്മതിച്ചില്ല. അവർ പറഞ്ഞു, “ചാൾസ്, അങ്ങ് ഒരു വൈദികനായാൽ ലോകത്തിൽ എല്ലാ ദിവസവും ഒരു കുർബ്ബാന കൂടിയുണ്ടാകും. ആളുകൾക്ക് അത് അനുഗ്രഹമാകും”. ഒടുവിൽ അദ്ദേഹം സമ്മതിച്ചു. വൈദികനായി വടക്കേ ആഫ്രിക്കയിലേക്ക് പോയി. അക്കാലത്ത് സഹാറയിൽ അറബികൾ അടിമകളെ ക്രൂരമായി പീഡിച്ചിരുന്നു. ദിവസവും അടി, കഠിനജോലി, രക്ഷപ്പെടാൻ ശ്രമിച്ചാൽ കാലിൽ വെടി,ഭക്ഷണം ലഭിക്കാതെ ചുറ്റും കാണുന്നത് പറക്കിത്തിന്നുള്ള ജീവിതം. ഇതായിരുന്നു അവസ്ഥ . ചാൾസ് ആ അടിമകൾക്ക് ശുശ്രൂഷ ചെയ്യാൻ തീരുമാനിച്ചു. അവർക്ക് തുണി അലക്കി കൊടുക്കുക, ഭക്ഷണം ശേഖരിച്ചു നൽകുക, താമസസ്ഥലം വൃത്തിയാക്കുക, അവരുടെ തലയിൽ നിന്ന് പേൻ കളയുക ഇങ്ങനെയൊക്കെ ചെയ്ത്, എത്രമാത്രം ചെറുതാകാമോ അത്രമാത്രം ചെറുതായി.

സുവിശേഷം വാക്കുകളേക്കാൾ അധികമായി തൻറെ ജീവിതത്തിലൂടെ വിളിച്ചു പറയാൻ ചാൾസ് ആഗ്രഹിച്ചു. ” ‘ഇങ്ങനെയാണ് ഭൃത്യൻ എങ്കിൽ യജമാനൻ എങ്ങനെയായിരിക്കും’ എന്ന് ആളുകളെക്കൊണ്ട് പറയിക്കത്തക്ക വിധം നല്ലതായിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് “

“തിരുവോസ്തിയെ ആരാധിക്കുക എന്നതാണ് ഓരോ മനുഷ്യജീവിതത്തിന്റെയും കാതൽ ” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ദിവ്യകാരുണ്യ ആരാധന പ്രധാന ദൗത്യമായി സ്വീകരിച്ചു കൊണ്ടുള്ള ഒരു സന്യാസസമൂഹത്തിന് രൂപം കൊടുത്തു. ഈശോയുടെ ചെറുസഹോദരന്മാരും സഹോദരികളും എന്നായിരുന്നു അതിന്റെ പേര്.

ഒരു രക്തസാക്ഷിയാകാനുള്ള അദമ്യമായ ആഗ്രഹം അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. ചാൾസ് ഇങ്ങനെ കുറിച്ചു വച്ചു, ” വിജാതീയരാൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ എത്രയോ സുന്ദരമായ മരണം! എന്റെയീ പ്രാർത്ഥന ദൈവം കേൾക്കുകയാണെങ്കിൽ എന്തൊരു ബഹുമാനവും സന്തോഷവുമായിരിക്കും എനിക്ക്… എന്റെ പ്രാണനാഥാ , എന്റെ രക്തം അങ്ങേക്കായി ചിന്താൻ എനിക്ക് കൃപ തരണമേ. സ്നേഹത്തോടും ധൈര്യത്തോടും കൂടി ഞാനത് നിർവഹിക്കട്ടെ”. ചാൾസിന്റെ ഹൃദയാഭിലാഷം ഈശോ നിറവേറ്റിക്കൊടുത്തു. 1916 ഡിസംബർ ഒന്നിന് രാത്രി ശത്രുക്കൾ അദ്ദേഹത്തിന്റെ ഭവനം വളഞ്ഞു. അദ്ദേഹത്തെ വെടിവച്ചിട്ടു. ശരീരം കിടങ്ങിലേക്ക് എറിഞ്ഞു.

‘ഫ്രത്തെല്ലി തൂത്തി’ യുടെ ഉപസംഹാരത്തിൽ ‘സാർവ്വത്രിക സഹോദരൻ’ എന്നാണു ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോൾഡിനെ വിശേഷിപ്പിച്ചത്. തന്നോട് അടുക്കുന്നവരെല്ലാം തന്നെ സഹോദരനായി കാണണം എന്നായിരുന്നു ചാൾസിന്റെ ആഗ്രഹവും.

വിശുദ്ധർ പലരും നന്നായി തുടങ്ങിയവരായിരുന്നില്ല, പക്ഷെ അവർ നന്നായി അവസാനിപ്പിച്ചു. ഇതുവരെയുള്ള ജീവിതം എങ്ങനെയുള്ളതായിരുന്നാലും ഈശോയെ പിൻചെല്ലാൻ അതൊരു തടസ്സമല്ല. ഈ ആഗമനകാലത്ത് അന്യൂനമായ പ്രത്യാശയോടെ ഹൃദയമൊരുക്കാം. നമുക്കും നല്ലതു പോലെ നമ്മുടെ ഓട്ടം ഓടിത്തീർക്കാം .

ജിൽസ ജോയ് ✍️

Advertisements
St Charles de Foucauld
Advertisements

Categories: Jilsa Joy, Saints

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s