ദൈവത്തിന് ചങ്ക് പകുത്തു കൊടുത്തിരിക്കുന്നുവെന്ന് ഡെബോറയുടെ കുടുംബം !
സൊകോട്ടോ സ്റ്റേറ്റിലെ ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ വെച്ച് പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികൾ ജീവനോടെ ചുട്ടു കൊന്ന നെജീരിയൻ യുവതി ഡെബോറാ സാമുവലിന്റെ മാതാപിതാക്കൾ മകളുടെ ദാരുണമായ കൊലപാതകം ദുഖകരവും വേദനാജനകവുമാണെന്നും മകളുടെ കൊലയാളികളെ ദൈവത്തിന് വിട്ടുകൊടുക്കുന്നു എന്നും പറഞ്ഞു.
ഡെബോറയുടെ ഭൗതികാവശിഷ്ടങ്ങൾ അവളുടെ ജന്മനാടായ നൈജർ സ്റ്റേറ്റിലെ റിജാവു ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തുംഗൻ മഗജിയയിൽ ശനിയാഴ്ച വൈകുന്നേരം സംസ്കരിച്ചു.
തുംഗൻ-മഗാജിയയിലെ നൈജർ സ്റ്റേറ്റ് വാട്ടർ വർക്ക്സ് കോ ഓപ്പറേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പിതാവ് ഇമ്മാനുവൽ ഗാർബ പറഞ്ഞു:
“ഞങ്ങൾക്ക് ഒന്നും പറയാനോ ചെയ്യാനോ കഴിയില്ല, ഇത് ദൈവം അറിയാതെ സംഭവിച്ച കാര്യമല്ല. ഞങ്ങൾ എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു. അത് അങ്ങനെ തന്നെ എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു.”
സൊകോട്ടോ സ്റ്റേറ്റിൽ നിന്ന് കത്തിക്കരിഞ്ഞ മകളുടെ മൃതദേഹം താൻ നേരിട്ടു പോയാണ് കൊണ്ടുവന്നത്. പിതാവ് വിശദീകരിച്ചു.
“എന്റെ കുഞ്ഞിനെ അടക്കം ചെയ്യാൻ എന്നെ അനുവദിക്കണന്ന അപേക്ഷയായി ഞാൻ നേരിട്ട് പോയി എന്റെ മകളുടെ മൃതദേഹം തിരികെ കൊണ്ടുവന്നു. കാരണം, അവളെ മോർച്ചറിയിൽ സൂക്ഷിച്ചാൽ തിരികെ ലഭിക്കില്ല.
ഞാൻ അവിടെ എത്തി സർക്കാർ ഉദ്യോഗസ്ഥരെ കാണുകയും അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങൾ മോർച്ചറിയിൽ എത്തിയപ്പോൾ, ചുമതലപ്പെട്ടവർ എന്നോട് ആവശ്യമായ രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു, ഞാൻ ചെയ്തു. അവർ മൃതദേഹം എനിക്ക് വിട്ടു തന്നു.
കത്തിക്കരിഞ്ഞ് വിക്യതമായ ശരീരാവശിഷ്ടങ്ങൾ കൊണ്ടു പോകാൻ പല ഡ്രൈവർമാരുടെയും കാല് പിടിച്ചു യാചിച്ചുവെങ്കിലും എല്ലാവരും വിസമ്മതിച്ചു.
ഒടുവിൽ 120,000 നായിറ (ഏകദേശം 25,000 രൂപ) യ്ക്ക് അവശിഷ്ടങ്ങൾ നാട്ടിൽ എത്തിക്കാൻ ഒരു ഡ്രൈവർ സമ്മതിച്ചു. അവശിഷ്ടങ്ങളുടെ മോശമായ അവസ്ഥയാണ് ഡ്രൈവർമാരെ പിന്തിരിപ്പിച്ചത്. ” പിതാവ് കണ്ണീരോടെ പറഞ്ഞു.
മകളുടെ മൃതദേഹം വീട്ടിലേക്ക് തിരികെ കൊണ്ടുവരരുതെന്ന് സോകോട്ടോ സംസ്ഥാന സർക്കാർ ഡെബോറയുടെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
“സർക്കാർ എന്നോട് അവശിഷ്ടങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. അവർ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു. ദയവായി എന്റെ മകളെ അടക്കം ചെയ്യാൻ എന്നെ അനുവദിക്കുക. ” അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ , ഏഴ് മക്കളിൽ രണ്ടാമത്തെയാളാണ് ഡെബോറയെന്ന് അമ്മ ശ്രീമതി അൽഹെരി ഇമ്മാനുവൽ പറഞ്ഞു. ഭാവിയിൽ ഞങ്ങൾക്ക് ആശ്രയമാകുമെന്ന് പ്രത്യാശിച്ചിരുന്ന മകൾ ചെറുപ്രായത്തിൽ തന്നെ നഷ്ടപ്പെട്ടതിൽ വളരെ സങ്കടമുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. .
മകളുടെ കൊലപാതകവാർത്ത കേട്ട് ബോധരഹിതയായ ഡെബോറയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ണീരിനിടയിൽ, ശ്രീമതി അൽഹേരി പറഞ്ഞു:
“എനിക്ക് ഒന്നും പറയാനില്ല, ഞാൻ ദൈവത്തോടും അവിടുത്തെ ദാനങ്ങളോടും നന്ദിയുള്ളവളാണ്. ഞാൻ ദൈവത്തിന് എന്റെ ചങ്ക് പകുത്തു നൽകി. ദൈവം എന്നെ ശക്തിപ്പെടുത്തട്ടെ. ഞങ്ങൾക്ക് ഒന്നും പറയാനില്ല.
ഇത്രയധികം പണം ചിലവാകുന്ന സ്കൂളുകളിലേക്ക് ഞാൻ എന്റെ കുട്ടികളെ ഇനി അയക്കില്ല. അവളുടെ വിദ്യാഭ്യാസം കാരണം, അവളുടെ ചില സഹോദരങ്ങളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടു, എല്ലാവരെയും ഒരേ പോലെ പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. കൂടാതെ, ഇപ്പോൾ കാര്യങ്ങൾ ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാണ്.”
സഹോദരിയുടെ കൊലപാതകത്തോട് പ്രതികരിച്ചു കൊണ്ട് ജ്യേഷ്ഠൻ നകാക്ക ഗർബ പറഞ്ഞു:
“എനിക്ക് ഒന്നും പറയാനില്ല, സംഭവിച്ചതിൽ ഞങ്ങൾക്ക് വേദനയുണ്ട്, പക്ഷേ ഞങ്ങൾ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുകയും അവിടുത്തെ ആശ്രയിക്കുകയും ചെയ്യുന്നു.”
കടപ്പാട്: ബോബി തോമസ്

Categories: Inspirational