നൈജീരിയയിലെ കരളലിയിപ്പിക്കുന്ന കദനകഥകൾ: (ജീവിതാനുഭവം)
അവിചാരിതമായിട്ടാണ് ആ നൈജീരിയൻ വൈദികനെ (ഫാ. ജോഷ്വാ – യഥാർത്ഥ പേരല്ല) ഞാൻ കണ്ടുമുട്ടിയത്.. വി. കുർബാനയ്ക്കു മുമ്പ് അതിരാവിലെ ഒരു മണിക്കൂർ ദിവ്യകാരുണ്യ ഈശോയെ എഴുന്നെള്ളിച്ചു വച്ച് ആരാധന നടത്തുന്ന അദ്ദേഹം റോമിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിൽ ഫിലോസഫി പ്രൊഫസർ ആണ്… നൈജീരിയയിൽ ഒത്തിരി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുകയും രക്തസാക്ഷിക്കൾ ആവുകയും ചെയ്യുന്നത് സ്ഥിരം വാർത്തകൾ ആയതിനാൽ ആ രാജ്യത്തെക്കുറിച്ചും ക്രൈസ്തവരുടെ അവസ്ഥകളെക്കുറിച്ചും കൂടുതൽ അറിയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പലപ്പോഴും സംസാരത്തിനിടയിൽ ഞാൻ ആ വൈദികനോട് അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുക പതിവാക്കി…
ആദ്യമൊക്കെ അല്പം മടി കാണിച്ചു എങ്കിലും പതിയെ ഒത്തിരിയേറെ വേദനയോടെ, പലപ്പോഴും നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പങ്കുവച്ചത് ഭയാനകമായ സത്യങ്ങൾ ആയിരുന്നു. നൈജീരിയയുടെ സൗത്ത് ഭാഗം വളരെ ശാന്തം ആണെങ്കിലും നോർത്ത് നൈജീരിയിൽ വളരെ ഭയാനകമായ പീഡനങ്ങൾക്ക് ക്രിസ്ത്യാനികൾ ഇരയാകുന്നു. പലപ്പോഴും പലരും ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എന്ന് നിസാരവത്ക്കരിക്കാൻ പരിശ്രമിക്കുമ്പോഴും ക്രിസ്തീയ പീഡനം അതിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുകയാണ്. സ്കൂൾ കുട്ടികളെ കൂട്ടത്തോടെയും ഒറ്റയായും തട്ടികൊണ്ട് പോവുകയും നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇടയാക്കുന്നു. പ്രണയ ചതിക്കുഴികളിൽ (ലൗ ജിഹാദ് – ഈ സത്യം നമ്മിൽ പലരും അംഗീകരിച്ചില്ലെങ്കിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന നഗ്ന യാഥാർത്ഥ്യമാണ്) വീണും ക്രിസ്ത്യാനികൾ മതപരിവർത്തനത്തിന് നിർബന്ധിതരാകുന്നു. ദേശത്തുള്ള സമ്പന്നരെ തന്നെ നോട്ടം ഇടുകയും അവരുടെ മക്കളെ വലയിൽ വീഴ്ത്താൻ ആൺ-പെൺ വ്യത്യാസമില്ലാതെ പല ഗ്യാങ്ങുകൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
സമ്പന്നരായ ക്രിസ്ത്യാനികളുടെ സ്ഥാപനങ്ങളെ നോട്ടമിടുന്ന മുസ്ലീം തീവ്രവാദികൾ ആ സ്ഥാപനങ്ങളിലെ ഉടമസ്ഥരെ തട്ടിക്കൊണ്ട് പോവുകയും മോചന ദ്രവ്യമായി പണം ആവശ്യപ്പെടുകയും ചെയ്യും. വളരെ വലിയ തുക മോചന ദ്രവ്യമായി തീവ്രവാദികൾ പറഞ്ഞ സ്ഥലത്ത് എത്തിക്കുമ്പോൾ വീണ്ടും കൂടുതൽ പണം ആവശ്യപ്പെടും. ഇത്ര മണിക്കൂറുകൾക്ക് ഇടയിൽ കൊടുത്തില്ലെങ്കിൽ തട്ടിക്കൊണ്ട് പോയ വ്യക്തിയെ കൊല്ലും എന്ന ഭീഷണി വീണ്ടും വരും… തങ്ങളുടെ പ്രിയപ്പെട്ടവരെ എങ്ങനെ എങ്കിലും രക്ഷിക്കണം എന്ന മോഹത്തോടെ വീണ്ടും പണത്തിനായി ബന്ധുക്കൾ ഓടി നടക്കുമ്പോൾ തന്നെ മൃതശരീരം എടുത്തു കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞ് അടുത്ത കോൾ ബന്ധുകളെ തേടി എത്തും. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരിക്കും. പണവും പോകും തട്ടികൊണ്ട് പോയവരുടെ ജീവനും നഷ്ടപ്പെടും.
കഴിഞ്ഞ ജൂലൈ മാസം അവസാനം തൻ്റെ രൂപതയിലുള്ള വൈദികരെയും വൈദിക വിദ്യാർത്ഥികളെയും കണ്ട് സംസാരിക്കാനായി ഫാ. ജോഷ്വായുടെ മെത്രാൻ നൈജീരിയയിൽ നിന്ന് റോമിൽ എത്തി. 25 – ഓളം വൈദികരും സെമിനാരി വിദ്യാർത്ഥികളും മെത്രാനോടെപ്പം വളരെ ലളിതമായ ഒരു ആഫ്രിക്കൻ ഡിന്നർ കഴിച്ചു തങ്ങളുടെ സന്തോഷം പങ്കിടുന്നതിനിടയിൽ തന്നെ അവരിൽ ഒരു വൈദികനെ തേടി നൈജീരിയയിൽ നിന്ന് ഒരു ഫോൺകോൾ വന്നു. ഏതാനും മിനിറ്റുകൾ മാത്രം ഫോണിൽ സംസാരിച്ച ആ വൈദികൻ പരിസരം മറന്ന് വാവിട്ട് നിലവിളിച്ചതു കേട്ട് ഡിന്നറിൻ്റെ ആഘോഷത്തിൽ ആയിരുന്നവർ പെട്ടെന്ന് നിശബ്ദമായി…
ഏറെ സമയം കഴിഞ്ഞതിന് ശേഷം മാത്രമാണ് തൻ്റെ ഭവനത്തിൽ സംഭവിച്ച ഒരു വലിയ ദുരന്തം അദ്ദേഹത്തിന് തൻ്റെ ചുറ്റുമുള്ളവരോട് പങ്കുവെയ്‌ക്കാൻ സാധിച്ചത്: മുകളിൽ പറഞ്ഞതുപോലെ തന്നെ അദ്ദേഹതിൻ്റെ ഏക സഹോദരനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോവുകയും മോചനദ്രവ്യം ആവശ്യപ്പെട്ട് കൊല്ലുകയും ചെയ്തു. അവരുടെ ടൗണിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റിൻ്റെ ഉടമയായിരുന്നു മരിച്ച വ്യക്തി… അനുദിനവും നൈജീരിയൻ ഭൂമിയിൽ ആൺ-പെൺ വ്യത്യാസം ഇല്ലാതെ അനേകായിരങ്ങളുടെ നിഷ്കളങ്കമായ കണ്ണുനീർ വീഴുന്നുണ്ട്. ഇഞ്ചിഞ്ചായി മുറിക്കപ്പെടുമ്പോഴും തങ്ങളുടെ വിശ്വാസത്തെ പരിത്യജിക്കാതെ ധീരരക്തസാക്ഷിത്വം വരിക്കുന്ന ആ സഹോദരങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ നമ്മുടെ പ്രാർത്ഥനയുടെ സ്വരം ദൈവതിരുമുമ്പിലേയ്ക്ക് ഉയർത്താം….
സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ
NB: തീവ്രവാദം ഏത് രാജ്യത്തായാലും ഭാഷയിലായാലും അത് എന്നും തീവ്രവാദം തന്നെയാണ്. അത് എതിർക്കപ്പെടേണ്ടതാണ്… അതിനെ വെള്ളപൂശാൻ പരിശ്രമിക്കുന്നവർ വലിയ ദുരന്തമാണ് ക്ഷണിച്ചു വരുത്തുന്നത്…

Reblogged this on Nelsapy.
LikeLiked by 1 person