രണ്ട് അമ്മമാരുടെ കണ്ടുമുട്ടൽ.
രണ്ടുപേരും അമ്മമാരാകാനിട വന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി. അവിടുത്തെ മഹത്വം വെളിവാക്കുന്ന അദ്ഭുതപ്രവൃത്തി വഴി. ഒരാൾ കന്യകയായിരുന്നിട്ടു കൂടി അമ്മയാകാൻ പോകുന്നു . ഒരാൾ വാർദ്ധക്യത്തിലേക്ക് നടന്നുതുടങ്ങിയ അമ്മ.
എളിമയുള്ള, ദൈവഭയമുള്ള രണ്ടു സ്ത്രീകളിൽ ‘ശക്തനായവൻ വലിയ കാര്യങ്ങൾ ചെയ്തു’.അവർക്ക് പരിത്രാണകർമ്മത്തിൽ വലിയ റോൾ കൊടുത്തു.പരിശുദ്ധ അമ്മയുടെ ആഗമനത്തിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടുന്നു. മിശിഹാ ആയി ലോകത്തെ രക്ഷിക്കാൻ വരുന്ന ഒരാൾ… അവന് വഴിയൊരുക്കാൻ വരുന്ന അവന്റെ മുന്നോടിയായ ഒരാൾ. മിശിഹായാൽ അവൻ വിശുദ്ധീകരിക്കപ്പെട്ടു. അവരുടെ ആദ്യ ഒത്തുചേരൽ.
പരിശുദ്ധ അമ്മ …. First believer and the Best believer .. കർത്താവ് അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്നു വിശ്വസിച്ച ഭാഗ്യവതി. ദൈവത്തിന്റെ ദാനം അവളെ അഹങ്കാരി ആക്കുന്നതിനു പകരം കൂടുതൽ എളിമയുള്ളവളാക്കി..തിടുക്കത്തിൽ ഓടി അവൾ ശുശ്രൂഷ ചെയ്യാൻ. കൂടുതൽ കിട്ടിയപ്പോൾ കൂടുതൽ നന്മ ചെയ്തു. അതുകൊണ്ട് , കൂടുതലായി അവളിൽ ത്രിത്വൈകദൈവം ആവസിച്ചു. ദൈവത്തിന്റെ വാഗ്ദാനം അവിശ്വസിച്ച ഹവ്വ ദൈവത്തെ സംശയിച്ച് ധിക്കരിച്ചപ്പോൾ പുതിയ ഹവ്വ ദൈവത്തിൽ ആഴത്തിൽ വിശ്വസിച്ച് ശരണപ്പെട്ടു, അനുസരിച്ചു. വിശ്വാസത്തിന്റെ വഴി രക്ഷയുടെ വഴിയാണെന്ന് പരിശുദ്ധ അമ്മ കാണിച്ചുതന്നു.
മാഗ്നിഫിക്കാത്ത്… ഫിയാത്തിൻറെ മനോഹരഗീതം. പരിശുദ്ധ അമ്മ സ്തോത്രഗീതത്തിൽ പറയുന്നതിന്റെ നേർസാക്ഷ്യം വന്നുകയറിയ ആ വീട്ടിൽ തന്നെ കാണുകയാണ്. പുരോഹിതനും അതിവിശുദ്ധസ്ഥലത്തു പോലും പോകാൻ കഴിയുന്നവനുമായ ഭർത്താവ് അവിശ്വാസത്തിന്റെ ( എളിമയുടെ കുറവ്) ചെറിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ, വിശ്വാസവും എളിമയും കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ പരിശുദ്ധാത്മകൃപയാൽ കാര്യങ്ങൾ വിവേചിച്ചറിയുന്നവളും പ്രവാചികയുമാകുന്നു.
പന്തക്കുസ്താതിരുന്നാൾ അടുത്തുവരുന്ന ഈ ദിവസങ്ങളിൽ നമുക്കും വിശ്വാസം കൊണ്ടും എളിമകൊണ്ടും ദൈവത്തോട് ഫിയാത്ത് പറയുന്നവരാകാം. രണ്ട് അമ്മമാരിൽ ദാനങ്ങൾ വാരിവിതറിയവൻ നമ്മുടെ ഉള്ളിൽ പ്രകാശത്തിന്റെയും ബോധത്തിന്റെയും കതിരുകൾ ചിന്തി ധാരാളമായി എഴുന്നെള്ളി വരട്ടെ..നമ്മളിൽ വസിക്കട്ടെ ..
ജിൽസ ജോയ്
