പാദുവായിലെ വിശുദ്ധ അന്തോണീസ് / അന്തോനീസ്: വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ

വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ

പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നെ. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു.

അന്തോണീസ് എന്നല്ലായിരുന്നു 26 വയസ്സ് വരെ പേര് . മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്‌ . 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്.

ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാന്സിസ്കൻസിന്റെ അരയിലെ കെട്ടും ഉണ്ടെങ്കിലും പതിനഞ്ചാം വയസ്സിൽ പുരോഹിതനാവാൻ തീരുമാനിച്ചപ്പോൾ ചേർന്നത് ഒരു അഗസ്റ്റീനിയൻ ആശ്രമത്തിലായിരുന്നു. ധരിച്ചിരുന്നത് വെള്ള ഉടുപ്പും മേലങ്കിയും.

കൊട്ടാരം വിട്ടിറങ്ങിയ പ്രഭുകുമാരൻ

പ്രഭുത്വത്തിന്റെ ഘോഷങ്ങളിൽ നിന്നും ആർഭാടം നിറഞ്ഞ സന്യാസജീവിതത്തിൽ നിന്നും ജാഗ്രതയോടെ കുതറിമാറുന്ന ഫെർണാണ്ടോയെ കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർത്ഥനോടാണ് ഫാദർ ബോബി ജോസ് കട്ടിക്കാട് തൻറെ അവതാരികയിൽ ഉപമിച്ചത്. വെണ്ണക്കൽ കൊട്ടാരത്തെ ഒന്ന് കൂടെ തിരിഞ്ഞുനോക്കാൻ പ്രലോഭിക്കുന്ന സാരഥിയോട് കൊട്ടാരത്തിനു പിന്നിൽ തീയാളുന്നത് മാത്രമേ താൻ കാണുന്നുള്ളൂ എന്ന് സിദ്ധാർത്ഥൻ പറയുന്നു. പ്രലോഭിപ്പിക്കുന്ന എന്തിനു പിന്നിലും ഒരു നുള്ള് ഭസ്മത്തിന്റെ വിധി കാത്തിരിപ്പുണ്ട് എന്നറിയുന്നവൻ യോഗി , അല്ലാത്തവനോ വെറും ഭോഗി മാത്രം !

എത്ര കാലത്തെ മാനസിക സംഘർഷങ്ങളോടും അനുനയിപ്പിക്കലിനോടും ഭീഷണിയോടും പട വെട്ടേണ്ടി വന്നു ഫെർണാണ്ടോക്ക് ഒരു പുരോഹിതനാവാൻ . എന്നിട്ടും വിജയിച്ചത് അഗസ്റ്റീനിയൻ ആശ്രമത്തിലെ ജോസഫച്ചൻറെ വാക്കുകൾ അവന്റെ ഹൃദയത്തിൽ വീഴിച്ച തീക്കനൽ ആയിരുന്നു. അതിനെ കെടുത്താൻ അമ്മയുടെ കണ്ണീരിനു പോലും കഴിഞ്ഞില്ല.

( ദേവസഹായം പിള്ളക്ക് ഡി ലനോയ് എന്ന പടത്തലവനുണ്ടായി , ഫ്രാൻസിസ് സേവ്യറിന് ഇഗ്‌നേഷ്യസ് ലയോള , വിശുദ്ധ അന്തോനീസിനെ വഴി തിരിക്കാനും ഒരു ജോസെഫച്ചൻ ..നമ്മൾ മിണ്ടാത്തത് മൂലം എത്ര പേര് വഴി തിരിയാതെ ഇരുട്ടിൽ തപ്പുന്നുണ്ടാവും ?! )

പൗരോഹിത്യത്തിന് തയാറെടുക്കവേ അന്തോണീസ് തിരുവചനങ്ങളിലേക്ക് ആഴത്തിലിറങ്ങി പഠിച്ചു സ്വായത്തമാക്കി. അസാധാരണ ഓർമ്മശക്തി ഉണ്ടായിരുന്ന അദ്ദേഹം ബൈബിളിനെ പറ്റി ശരിയായ അവഗാഹമുള്ള പണ്ഡിതനായി. അധികം വൈകാതെ, ലോകം കണ്ടിട്ടുള്ളതിൽ വെച്ചു മികച്ച വചനപ്രസംഗകരിൽ ഒരാളാകാൻ പോകുന്ന, പ്രസംഗം കേട്ട് പോപ്പ് ഗ്രിഗറി ഒൻപതാമൻ പോലും ‘ജീവിക്കുന്ന വാഗ്ദാന പേടകം ‘ എന്ന്‌ വിളിക്കാൻ പോകുന്ന ഒരാളാണത് എന്നാരും അപ്പോൾ അറിഞ്ഞില്ല.

ദൈവത്തിനു വേണ്ടി സൃഷ്ടിക്കപ്പെടുന്ന ആത്മാവ് അവനിൽ വിലയം പ്രാപിക്കുന്നതുവരെ അസ്വസ്ഥമായിരിക്കും , ദൈവം വിചാരിച്ചിടത്ത് എത്തുന്നത് വരെ ..അതായിരിക്കണം ചെന്നിടത്ത് പറ്റിപ്പിടിച്ചിരിക്കാതെ, തന്നെ തേടി ആശ്രമത്തിൽ വന്നുകൊണ്ടിരിക്കുന്ന ബന്ധുക്കളിൽ നിന്ന് അകലേക്ക് പോവാനും ( കോയിമ്പ്റ വരെ ) , മൊറോക്കോയിൽ രക്തസാക്ഷികളായ അഞ്ച് ഫ്രാൻസിസ്കൻ സഭക്കാർ കൊടുത്ത പ്രചോദനം പിന്തുടർന്ന് ഫ്രാൻസിസ്കൻ സഭയിലേക്ക് എത്തിപ്പെടാനും കാരണം.

ദൈവം ഒരുമ്പെട്ടിറങ്ങിയാൽ ആർക്ക് തടുക്കാൻ പറ്റും ?

ഒരു പ്രത്യേകതകളുമില്ലെന്നവണ്ണം സാധാരണ മട്ടിൽ നടന്നിരുന്ന അന്തോണീസിന്റെ ഉള്ളിലെ അസാധാരണ വാഗ്മിയെ പുറത്തുകൊണ്ടുവന്നത് ആകസ്മികമായി നടന്ന ഒരു സംഭവമാണ്. ഫോർലിയിൽ നടന്ന ഒരു ചടങ്ങിൽ പ്രസംഗകന് എത്തിചേരാൻ കഴിഞ്ഞില്ല. പകരം പ്രസംഗിക്കാൻ അവിടെയുണ്ടായിരുന്ന ഡൊമിനിക്കൻസോ ഫ്രാൻസിസ്‌ക്കൻസോ തയ്യാറായതുമില്ല . സുപ്പീരിയറിന്റെ നോട്ടം വീണത് അന്തോണീസിലാണ് . പരിശുദ്ധാത്മാവ് തോന്നിപ്പിക്കുന്ന എന്തും പറഞ്ഞോളാൻ പറഞ്ഞ് സ്റ്റേജിൽ കേറ്റിവിട്ടു.

പിന്നേ അവിടെ നടന്നത് അമ്പരപ്പിക്കുന്ന ഒരു പ്രകനമായിരുന്നു. വിസ്മയനീയമായ ഒഴുക്കോടെയും വശപ്പെടുത്തി കളയുന്ന ആകർഷണീയതയോടെയും വിജ്ഞാനവും ഭക്തിയും സ്ഫുരിക്കുന്ന, തുളച്ചുകയറുന്ന, വാക്കുകൾ അനർഗ്ഗനിർഗ്ഗളമായി പ്രസംഗകനിൽ നിന്നും വന്നുകൊണ്ടിരുന്നു. പ്രൊവിൻഷ്യൽ സാക്ഷാൽ ഫ്രാൻസിസ് അസ്സീസ്സിക്ക് സന്ദേശമയച്ചു , മുഴുവൻ റൊമാനിയ പ്രൊവിൻസിന്റെയും പ്രാസംഗികൻ ആയി അന്തോനീസിനെ നിയമിക്കുന്നു എന്ന കാര്യം. ഫ്രാൻസിസ് പറഞ്ഞതോ, റൊമാനിയ മാത്രം ആക്കണ്ട , മുഴുവൻ ഇറ്റലിയുടെയും ആക്കിക്കോ എന്നും . ഫ്രാന്സിസ്കൻസിന്റെ എല്ലാം ദൈവശാസ്ത്ര അധ്യാപകൻ ആയും അന്തോണീസിനെ ഫ്രാൻസിസ് നിയമിച്ചു. എഴുതിയ കത്തിൽ ഒരു കാര്യം പക്ഷെ പ്രത്യേകം ഓർമ്മിപ്പിച്ചു . “അങ്ങ് പകർന്നു നൽകുന്ന വിജ്ഞാനം അവരുടെ പ്രാർത്ഥനയുടെ ആത്മാവിനെ കെടുത്തിക്കളയരുത്” എന്ന് . എന്നും പ്രസക്തമായ കാര്യം !

അന്തോനീസിന്റെ സുസ്പഷ്ടമായ വാദങ്ങളും ആകർഷണീയ വ്യക്തിത്വവും ആത്മാക്കൾക്കുവേണ്ടി ജ്വലിക്കുന്ന തീക്ഷ്ണതയും പ്രബോധനങ്ങളിലുള്ള നിലപാടും തിരുവചനങ്ങളിലുള്ള അവഗാഹവും വിമർശകരെയും പാഷണ്ഡതകളെ പിൻചെന്നിരുന്നവരെ പോലും അദ്ദേഹത്തിന്റെ ആരാധകരാക്കി. കത്തോലിക്കാസഭയിൽ നിന്നും മാറിപോയവരെ കൂട്ടത്തോടെ തിരിച്ചുകൊണ്ടുവന്നിരുന്നത് കൊണ്ട് പാഷണ്ഡികളുടെ മർദ്ദകൻ അല്ലെങ്കിൽ പാഷണ്ഡികളുടെ ചുറ്റിക എന്നും അന്തോണീസ് വിളിക്കപ്പെട്ടു.

“അദ്ദേഹത്തെ ഒന്ന് വെറുതെ കാണുന്നത് പോലും പാപികളെ മുട്ടിൽ വീഴ്ത്തിയിരുന്നു , കാരണം ആത്മീയപ്രഭാവം അത്രക്ക് അദ്ദേഹത്തിൽ നിന്നും പ്രസരിച്ചിരുന്നു. ജനക്കൂട്ടം അന്തോണീസിനടുത്തേക്കൊഴുകി. മന്ദോഷ്ണരായ കത്തോലിക്കർ , പാഷണ്ഡികള്‍ , കഠിനഹൃദയരായ കുറ്റവാളികൾ.. എല്ലാം ഒരേപോലെ മാനസാന്തരപ്പെട്ട് കുമ്പസാരത്തിനണഞ്ഞു. പുരുഷന്മാർ കടകളും ഓഫീസുകളും അടച്ചിട്ടു , അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ പോകാൻ വേണ്ടി . സ്ത്രീകൾ അതിരാവിലെ എണീറ്റു , അല്ലെങ്കിൽ ഉറങ്ങാതിരുന്നു പള്ളിയിൽ സ്ഥലം കിട്ടാൻ വേണ്ടി “.

പള്ളികളിൽ ആളുകൾക്ക് നിൽക്കാൻ പോലും സ്ഥലം തികയാതായപ്പോൾ ചന്തസ്ഥലത്തേക്കും അങ്ങാടിയിലേക്കും അന്തോണീസ് മാറി , അവിടെയും ജനക്കൂട്ടം ഒതുങ്ങാതെ വന്നപ്പോൾ കുന്നിന്പുറത്തേക്കും നഗരത്തിനു വെളിയിലുള്ള തുറന്ന സ്ഥലങ്ങളിലേക്കും പോകാൻ തുടങ്ങി.

പ്രചാരത്തിലുള്ള അത്ഭുതസംഭവങ്ങൾ

വിശുദ്ധ അന്തോണീസിന്റെ ചില അത്ഭുതപ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ നമ്മൾ കാണാറുണ്ട്, ധാരാളം കേട്ടിട്ടുണ്ട്. അതിലൊന്ന് മീനുകളോട് സുവിശേഷം പറയുന്നതാണ് . റിമിനിയിലെ ജനങ്ങൾ അന്തോണീസിന്റെ പ്രസംഗം കേൾക്കാൻ വിമുഖത കാണിച്ചപ്പോൾ ഒരു നദീതീരത്തേക്ക് പോയി അതിലുള്ള മീനുകളോട് അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങി. മീനുകൾ വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് വന്ന് കൂട്ടമായി വട്ടത്തിൽ അനങ്ങാതെ നിന്ന് വചനം കേൾക്കാൻ തുടങ്ങി. അന്തോണീസ് അവർക്ക് വെള്ളവും ഭക്ഷണവും സ്വാതന്ത്ര്യവുമെല്ലാം കൊടുക്കുന്ന ദൈവത്തിന്റെ നന്മയെ സ്തുതിച്ചുകൊണ്ടിരുന്നു .അത്ഭുതം കണ്ട ആളുകൾ മുട്ടിൽ വീണ് ദൈവത്തോട് ക്ഷമ ചോദിച്ചു.

ടുളൂസിൽ വെച്ച് ബോൺവില്ലോ എന്ന് പേരുള്ള ഒരാൾ വിശുദ്ധ കുർബ്ബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യം അംഗീകരിക്കാതെ അന്തോണീസിനെ വെല്ലുവിളിച്ചത് നമുക്കറിയാമല്ലൊ. മൂന്നു ദിവസം അയാളുടെ കോവർകഴുതയെ പട്ടിണിക്കിട്ടിട്ടും അതിനു ഭക്ഷണം കൊടുത്തത് ശ്രദ്ധിക്കാതെ, അന്തോണീസ് ഉയർത്തിപ്പിടിച്ച ദിവ്യകാരുണ്യത്തിനു മുൻപിൽ തല നിലത്തു മുട്ടിച്ച് ആരാധിച്ചുകൊണ്ട് അത് നിന്നു. അന്തോണീസ് അവിടെ നിന്ന് മറയും വരെ അങ്ങനെ തന്നെ നിന്നു.

സ്പാനിഷ് ചിത്രകാരനായ മ്യൂറിലോ , അന്തോണീസ് ഉണ്ണീശോയെ എടുത്തുനിൽക്കുന്ന വിശ്വവിഖ്യാതമായ ചിത്രം വരച്ചതിനുപിന്നിലും ഒരത്ഭുതമുണ്ട് . അന്തോണീസിന്റെ ആതിഥേയനായിരുന്ന ടിസ്സോപ്രഭു രാത്രിയിൽ തൻറെ ഭവനത്തിൽ അലൗകികമായ ഒരു പ്രകാശം കണ്ട് അതിന്റെ ഉറവിടത്തെ തേടി . അപ്പോഴാണ് അത് വരുന്നത് അന്തോനീസിന്റെ മുറിയിൽ നിന്നാണെന്ന് മനസ്സിലാക്കി അവിടെയെത്തി ഉള്ളിലേക്ക് നോക്കിയപ്പോൾ കണ്ടത് പ്രസന്നവദനനായ ഉണ്ണീശോ അന്തോണീസിന്റെ കൈകളിൽ ഇരിക്കുന്നതാണ് . ഉണ്ണിയേശുവിനെ ചൂഴ്ന്ന് അതിശയകരമായ ഒരു പ്രഭാവലയവും. ഉണ്ണിയേശു തൻറെ ദാസന്റെ കവിളിലും താടിയിലും വാത്സല്യത്തോടെ തലോടുന്നു . ആത്മനിർവൃതിയിൽ അന്തോനീസിന്റെ ഹൃദയം ജ്വലിച്ചു , മനസ്സിലെ പ്രക്ഷുബ്ധത ശാന്തമായി. പിന്നീട്, ടിസ്സോ പ്രഭു ഇതറിഞ്ഞെന്നു മനസ്സിലാക്കിയപ്പോൾ താൻ മരിക്കുന്നതുവരെ ഇതാരോടും പറയരുതെന്ന് നിർദ്ദേശിച്ചു.

നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെടുക്കുന്നവനായി വിശുദ്ധ അന്തോണീസിനെ കാണുന്നതിന് പിന്നിലും ഒരു സംഭവമുണ്ട്. ഒരു സെമിനാരി വിദ്യാർത്ഥി ഒരിക്കൽ അന്തോണീസിന്റെ പ്രാർത്ഥനപുസ്തകം ചോദിക്കാതെ എടുത്തുകൊണ്ടുപോയി . അതിലാണെങ്കിൽ അന്തോണീസിന്റെ പ്രഭാഷണത്തിന് ആവശ്യമുള്ള കുറെ വിലപ്പെട്ട കുറിപ്പുകൾ ഉണ്ടായിരുന്നു. അത് തിരിച്ചുകിട്ടാൻ അദ്ദേഹം സ്വർഗ്ഗത്തിലേക്ക് അപേക്ഷകൾ ധാരാളമായി അർപ്പിച്ചു , ഫലമോ , ഭയാനകമായ ഒരു ദർശനം കണ്ട് പേടിച്ച് ആ പുസ്തകം എടുത്തയാൾ വേഗം തിരിച്ചുകൊണ്ടുകൊടുത്തു.

പാദുവായിലെ അത്ഭുതപ്രവർത്തകൻ എന്നുവിളിക്കാൻ കാരണം അദ്ദേഹത്തിന്റെ മരണശേഷം അരങ്ങേറിയ അത്ഭുതപരമ്പരകളാണ്. ആയിരക്കണക്കിനാളുകളെ ആ സമയത്തുതന്നെ അന്തോണീസ് ദൈവത്തിലേക്ക് തിരിച്ചു.ജീവിച്ചിരിക്കുമ്പോൾ പോലും ആളുകൾ അദ്ദേഹത്തിന്റെ വസ്ത്രം മുറിച്ചെടുക്കാറുണ്ടായിരുന്നു, തിരുശേഷിപ്പായി സൂക്ഷിക്കാൻ.

അവസാനകാലത്ത് പാദുവയിലാണ് അന്തോണീസ് കൂടുതലും താമസിച്ചത്. ” ധാരാളം പേർ അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചത് മാത്രമല്ല , വലുതായ ധാർമ്മികനവീകരണമാണ് നഗരത്തിലുണ്ടായത്. നീണ്ടകാലത്തെ വഴക്കുകൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പായി ,നിരാശയിൽ കഴിഞ്ഞ തടവുകാർ മുക്തരായി , പറ്റിച്ചെടുത്ത മുതലുകള്‍ ആളുകൾ തിരിച്ചേൽപ്പിച്ചു , മിക്കപ്പോഴും അന്തോനീസിന്റെ കാൽക്കീഴിൽ കൊണ്ടുവെച്ചു എല്ലാവരുടെയും കൺ മുന്നിൽ”.

ദൈവസന്നിധിയിലേക്ക്‌

1231ലെ വസന്തകാലത്ത് അമ്പതുനോമ്പുമായി ബന്ധപ്പെട്ട പ്രചോദനപരമായ കുറെ പ്രഭാഷണങ്ങൾക്കുശേഷം, ടിസ്സോ പ്രഭു കൊടുത്ത ശാന്തമായ ഒരു സ്ഥലത്ത് രണ്ട് ഫ്രാൻസിസ്കൻ സഹോദരങ്ങളോടൊത്ത് വിശ്രമിക്കവേ തൻറെ അന്ത്യം അടുത്തെന്ന് അന്തോനീസിന് മനസ്സിലായി. പാദുവയിലെ സാന്താ മരിയ ആശ്രമത്തിലേക്ക് പോകണമെന്ന് നിർബന്ധം പിടിച്ചതുകൊണ്ട് ഒരു കാളവണ്ടിയിൽ അവശനായ അദ്ദേഹത്തെ കിടത്തി യാത്രയായെങ്കിലും പാദുവായിൽ എത്തിയില്ല .വഴിമധ്യേ ആർസെല്ലയിലെ ക്ലാരമഠത്തിലേക്ക് കൊണ്ടുപോയി പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കിടത്തി. മുഖത്ത് പുഞ്ചിരി വിടർന്ന അന്തോണീസ് താൻ കർത്താവിനെയും പരിശുദ്ധ അമ്മയെയും ഫ്രാൻസിസ് പിതാവിനെയും എതിരേൽക്കാൻ വന്ന വലിയ സ്വർഗ്ഗീയ സൈന്യത്തേയും കാണുന്നെന്നു പറഞ്ഞു. കൂടിനിന്നിരുന്നവർ മരണാസന്നർക്കായുള്ള പ്രാർത്ഥനകൾ ചൊല്ലി .

” എന്റെ ജീവിതം മുഴുവൻ ഞാൻ തേടിയ കർത്താവേ , അങ്ങയുടെ കരങ്ങളിൽ എന്നെത്തന്നെ …”

1231 ജൂൺ 13ന് തൻറെ മുപ്പത്തിയാറാമത്തെ വയസ്സിൽ ആ വിശുദ്ധന്റെ ആത്മാവ് ദൈവകരങ്ങളിലേക്കുയർന്നു.

” നമ്മുടെ വിശുദ്ധൻ മരിച്ചു , ആന്റണിയച്ചൻ മരിച്ചു” കുട്ടികൾ ഓടിനടന്നു വിളിച്ചുപറഞ്ഞു. എങ്ങും വിലാപം .വിശുദ്ധന്റെ ശരീരം എവിടെ അടക്കണമെന്ന് തർക്കമായെങ്കിലും പാദുവായിൽ അടക്കം ചെയ്യാൻ അവസാനം ആർസെല്ലക്കാർ സമ്മതിച്ചു .അങ്ങനെ ആർസെല്ല മുതൽ പാദുവാ വരെ , പുഷ്പങ്ങൾ വിതറിയ റോഡിന് ഇരുവശവും മെഴുതിരി കത്തിച്ചുപിടിച്ച ജനക്കൂട്ടത്തിനു നടുവിലൂടെ , ഒരു രാജാവിനെപ്പോലെ വിശുദ്ധന്റെ ശരീരം സംവഹിക്കപ്പെട്ടു. സംസ്കാരദിവസം തന്നെ അനേകം അത്ഭുതങ്ങൾ നടന്നു. ചുരുങ്ങിയ കാലം കൊണ്ട് അൻപതോളം അത്ഭുതങ്ങൾ തെളിയിക്കപ്പെട്ടു.

ഒരു വർഷത്തിനുള്ളിൽ തന്നെ 1232 മെയ് 30ന് ഗ്രിഗറി ഒൻപതാമൻ പാപ്പ അന്തോണീസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു . ആ സമയത്ത് ലിസ്ബണിലെ കത്തീഡ്രലിൽ അപ്രതീക്ഷിതമായി ദേവാലയമണികൾ മുഴങ്ങി. പോപ്പ് പീയൂസ് പന്ത്രണ്ടാമൻ 1946ൽ കത്തോലിക്കാസഭയുടെ വേദപാരംഗതനായി വിശുദ്ധ അന്തോണീസിനെ ഉയർത്തി.

1263ൽ പാദുവായിൽ ഒരു ബസിലിക്ക പണി കഴിപ്പിക്കപ്പെട്ടു , വിശുദ്ധന്റെ പുണ്യഅവശിഷ്ടങ്ങൾ അടക്കം ചെയ്യാനായി. അവിടേക്ക് അവശിഷ്ടങ്ങൾ മാറ്റാനായി പോപ്പിന്റെ നിർദ്ദേശപ്രകാരം ശവമഞ്ചം തുറന്നപ്പോൾ വിശുദ്ധന്റെ നാവ്‌ ഒരു പഴക്കവുമില്ലാതെ ജീവൻ തുടിക്കുംപോലെ കാണപ്പെട്ടു. പേപ്പൽ സമിതിയിലുണ്ടായിരുന്ന വിശുദ്ധ ബൊനവഞ്ചർ കുനിഞ്ഞ് അതിനെ നോക്കി പറഞ്ഞു,

” ഓ ഭാഗ്യപ്പെട്ട നാവേ ,നീ അനവരതം ദൈവത്തെ സ്തുതിച്ചു, ജനതകളുടെ ഹൃദയത്തിൽ ദൈവസ്നേഹത്താൽ തീയിട്ടു ! ദൈവസന്നിധിയിൽ പറഞ്ഞറിയിക്കാനാവാത്ത മഹത്വം നീ നേടിയെടുത്തെന്നുറപ്പായിരിക്കുന്നു “.

‘ഇടിമുഴക്കം പോലെ ശബ്ദമുള്ളവൻ’ എന്ന പേരിനെ അർത്ഥവത്താക്കിയ , പാദുവയിലേ അത്ഭുതപ്രവർത്തകൻ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ആശംസകൾ എല്ലാവർക്കും നേരുന്നു.

ജിൽസ ജോയ് ✍️

Advertisements
St. Antony
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s