പരിശുദ്ധ കുർബാനയുടെ തിരുനാൾ: ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം

ഒരു മതബോധനക്‌ളാസിൽ അധ്യാപിക കുട്ടികളോട് ചോദിച്ചു, “ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപവും കുർബ്ബാനമധ്യേ വൈദികൻ എടുത്തുയർത്തുന്ന വെള്ള ഓസ്തിയും തമ്മിലുള്ള വ്യത്യാസമെന്താ ?” ഒരു കുട്ടി ചാടിയെണീറ്റു പറഞ്ഞു, “ഞാൻ പറയാം.ചുവരിലെ ക്രൂശിതരൂപത്തിൽ ഞാൻ ഈശോയെ കാണുന്നു പക്ഷെ അവൻ അവിടെയില്ല. കുർബ്ബാനയിൽ ഓസ്തിയിൽ ഞാൻ നോക്കുമ്പോൾ ഈശോയെ അവിടെ കാണാനില്ല , പക്ഷെ അവൻ അവിടെ real ആയി ഉണ്ടെന്ന് എനിക്കറിയാം”.

സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ് എന്നറിയപ്പെടുന്ന കാർലോ അക്യുട്ടിസിന്റെ തിരുശേഷിപ്പ് പേടകത്തിന്റെ മുകളിൽ ‘ The Eucharist is my highway to heaven’ എന്നെഴുതി വെച്ചിട്ടുണ്ട്. , പോൾ ആറാമൻ മാർപാപ്പയുടെ സെക്രട്ടറി ആയിരുന്ന മോൺസിഞ്ഞോർ പാസ്‌ക്കലെ മാച്ചിയുടെ പ്രത്യേക ശുപാർശയോടെ ഏഴാം വയസ്സിൽ പരിശുദ്ധ കുർബ്ബാന സ്വീകരിച്ചതിനുശേഷം, കാർലോ മരണം വരെ മുടങ്ങാതെ പരിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുമായിരുന്നു. പരിശുദ്ധ കുർബ്ബാനയുടെ മുൻപിലെത്തി ആരാധിച്ചതിനുശേഷമാണു സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും പൊയ്ക്കൊണ്ടിരുന്നത്.

“കൂടുതലായി ഈശോയെ സ്വീകരിക്കുമ്പോൾ നാം ഈശോയെപ്പോലെയാകും. ഇതാണ് സ്വർഗ്ഗീയജീവിതത്തിന്റെ മുന്നാസ്വാദനം” അവൻ ഡയറിക്കുറിപ്പിൽ എഴുതിച്ചേർത്തു. “പരിശുദ്ധകുർബ്ബാനയിൽ കേന്ദീകൃതമായ ഒരു ആധ്യാത്മികശൈലിയാണ് അവൻ പുലർത്തിയിരുന്നത്‌” എന്ന് അവന്റെ അമ്മയും സാക്ഷ്യപ്പെടുത്തുന്നു. ഇന്റർനെറ്റിന്റെ മധ്യസ്ഥനായി അറിയപ്പെടാൻ പോകുന്ന കാർലോ ക്രിസ്തുവിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങൾക്കായി ഒരു വെബ്സൈറ്റ് രൂപപ്പെടുത്തി. അതിന്റെ സഹായത്തോടെ ഒരു വെർച്ച്വൽ മ്യൂസിയവും നിർമ്മിച്ചു.

ദിവ്യകാരുണ്യം പരിപൂർണ്ണ ബലിയാണ്. ദൈവവചനമായി സ്വയം ശൂന്യനായിത്തീർന്ന പുത്രൻ തൻറെ പിതാവിനെ മഹത്വപ്പെടുത്തുന്നതിനായി അവിടുത്തേക്ക് അർപ്പിക്കുന്ന സമ്പൂർണ്ണബലി. പ്രധാന പുരോഹിതനായ യേശുക്രിസ്തു അത്യുന്നതനായ പിതാവിന് അപ്പത്തിന്റെയും വീഞ്ഞിന്റെയും രൂപത്തിൽ തന്നെത്തന്നെ ബലിയർപ്പിക്കുന്നു.വിശുദ്ധ ആൻഡ്രുവിന്റെ വാക്കുകളിൽ : “ഞാൻ ഊനമറ്റ കുഞ്ഞാടിനെ ഓരോ ദിവസവും അൾത്താരയിലർപ്പിക്കുന്നു”. ട്രെന്റ് കൗൺസിൽ പറയുന്നു, ‘ ദിവ്യബലിക്ക് കുരിശിലെ ബലിയുടെ അതേ വിലയുണ്ട്. അതേ പുരോഹിതൻ , അതേ ബലിവസ്തു, അതേ ബലിയർപ്പണം”.

വൈദികൻ യേശുവിന്റെ പ്രതിപുരുഷനായി മാറുന്നു. ‘ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നുവെന്ന് ‘ ഓസ്തിയിലേക്ക് ചേർന്നുനിന്നുകൊണ്ട് പുരോഹിതനല്ല , യേശുവാണ് പറയുന്നത്. മാലാഖാമാർക്ക് നല്കപ്പെട്ടിട്ടിലാത്ത സ്വർഗ്ഗീയമായ അന്തസും മഹാരഹസ്യവുമാണ് പുരോഹിതർക്ക് നല്കപ്പെട്ടിരിക്കുന്നത്.

ആത്മാവിൽ നമ്മൾ ഒരുമിച്ചുകൂടുന്നു.പരസ്പരം സ്നേഹിക്കുന്ന കൂട്ടായ്മ….

ഇതാണ് ക്രിസ്തുവിന്റെ സ്വപ്നം. മനുഷ്യർ ഒന്നിച്ചുകൂടുമ്പോഴൊക്കെ ഭക്ഷണം കഴിക്കുന്നത് പതിവാണ്. പിതാവിന്റെ കുടുംബമെന്ന നിലയിൽ യേശുവിന്റെ ഓർമ്മക്കായി ആത്മാവിൽ ഒന്നിച്ചുകൂടുമ്പോൾ, നമ്മൾ ഭക്ഷണം കഴിക്കണമെന്നവൻ ആഗ്രഹിക്കുന്നു. വിരുന്നൊരുക്കുന്ന പിതാവ് അപ്പവും വീഞ്ഞിന്റെയും രൂപത്തിൽ പുത്രനെത്തന്നെ നമുക്ക് തരുന്നു. നമ്മൾ അവനിൽ ഒരു ശരീരമാണ്. ക്രിസ്തുവായി രൂപാന്തരം പ്രാപിക്കേണ്ടവരുമാണ്. ഓരോ ദിവ്യകാരുണ്യസ്വീകരണത്തിലും നമ്മൾ ക്രിസ്തുവിന്റെ പെസഹാരഹസ്യത്തിൽ പങ്കുപറ്റുന്നു. പക്ഷെ നമ്മുടെ ദിവ്യകാരുണ്യസ്വീകരണങ്ങൾ വെറും ചടങ്ങായി മാറുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതാണ്. ക്രിസ്ത്വനുകരണത്തിൽ പറയുംപോലെ, ഈ ലോകത്തിൽ ഒറ്റ ഒരിടത്തിൽ പോയാൽ മാത്രമേ നമുക്ക് ഈശോയുടെ തിരുശരീരവും തിരുരക്തവും ഉൾകൊള്ളാൻ പറ്റുകയുള്ളു എങ്കിൽ എത്ര കഷ്ടപ്പാട് സഹിച്ചു നമ്മൾ അവിടെ പോയി ഒരുക്കത്തോടെ കുർബ്ബാന കൈക്കൊള്ളുമായിരുന്നു. ഇതിപ്പോൾ അധികം ബുദ്ധിമുട്ടില്ലാതെ നമുക്ക് ലഭിക്കുമെന്നുള്ളത് കൊണ്ട് അമൂല്യമായതിനെ വിലകുറച്ചു കാണാനുള്ള പ്രേരണ ഉണ്ടാകുന്നു.

“കത്തോലിക്കാസഭക്ക് പരിശുദ്ധകുർബ്ബാനയെക്കാൾ കൂടുതൽ നല്ലതോ പരിശുദ്ധമോ അത്യുന്നതദൈവസന്നിധിയിൽ വിലയുള്ളതോ യേശുവിനും മറിയത്തിനും പ്രീതിജനകമായതോ നീതിമാനും പാപിക്കും ഒരേപോലെ പ്രയോജനകരമായതോ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് ഗുണകരമോ ആയി മറ്റൊന്നും ചെയ്യാൻ കഴിയില്ല”.

“നമ്മെ പിതാവുമായി രഞ്ജിപ്പിക്കുന്ന ജീവദായകമായ ബലിവസ്തു ഓരോ ദിവസവും വൈദികൻ ബലിപീഠത്തിൽ സമർപ്പിക്കുന്ന ആ പരിശുദ്ധ കുർബ്ബാനയെന്ന അദ്ഭുതരഹസ്യത്തെക്കാൾ വിശുദ്ധവും ദിവ്യവുമായ ഒരു പ്രവൃത്തിയും വിശ്വാസികൾക്ക് ചെയ്യാൻ കഴിയില്ല എന്ന് നാം സമ്മതിക്കേണ്ടിയിരിക്കുന്നു ” .. ട്രെന്റ് കൗൺസിൽ .

വിശുദ്ധ അൽഫോൻസ് ലിഗോരി പറഞ്ഞു, “നീ ഞങ്ങളുടെ ഇടയിൽ എപ്പോഴുമുണ്ടായിരുന്നു. ആദ്യം പുൽക്കൂട്ടിലെ ഉണ്ണിയായി വന്നു , പിന്നെ പണിസ്ഥലത്തെ പാവപ്പെട്ടവനായി, പിന്നീട് കുരിശിലെ കുറ്റവാളിയായി , ഇപ്പോൾ അൾത്താരയിൽ അപ്പമായും. പറയു, ഞങ്ങളുടെ സ്നേഹം ലഭിക്കാനായി ഇതിലും നല്ല, വേറെ ഏതു വഴിയാണ് ഉണ്ടായിരുന്നത്?”

ദൈവത്തിനു മനുഷ്യനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രകടനമാണ് വിശുദ്ധ കുർബ്ബാന. ക്രിസ്തീയജീവിതത്തിന്റെ കേന്ദ്രവും മകുടവുമാണത്‌ .

നമ്മെതന്നെ മറ്റുള്ളവർക്ക് നൽകാനുള്ള ഒരു ചലഞ്ച് ആണ് ദിവ്യകാരുണ്യം നമുക്ക് മുന്നിൽ വക്കുന്നത്. ഗോതമ്പുമണി പോലെ പൊടിയേണ്ടവർ. മറ്റൊരു യൂക്കരിസ്റ്റായി മാറേണ്ടവരാണ് ഓരോ ക്രിസ്ത്യാനിയും. അതുകൊണ്ടാണ് ഇങ്ങനെയൊരു ചൊല്ലുള്ളത്‌ , Where the Mass ends, our life begins ..

ഒരേ സമയം മഹാപുരോഹിതനും ബലിവസ്തുവും ആയി, അനന്തമൂല്യമുള്ള പരിശുദ്ധ കുർബ്ബാനയിൽകൂടി ദാനങ്ങൾ സമൃദ്ധമായി വർഷിക്കുന്ന ഈശോക്ക് ആയിരമായിരം നന്ദി..

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിൽ എഴുന്നെള്ളിയിരിക്കുന്ന നല്ല ഈശോയെ ,നിന്നെ ഞങ്ങൾ ആരാധിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമായ ഈശോയെ, നിന്നെ ഞങ്ങൾ സ്തുതിക്കുന്നു . ഞങ്ങളുടെ രക്ഷക്കായി ഗാഗുൽത്തായിൽ നിറവേറ്റിയ ബലിയെ സ്നേഹാധിക്യത്താൽ, ചോര ചിന്താത്ത വിധത്തിൽ അൾത്താരയിൽ എന്നും പുതുക്കി ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കുന്ന ഈശോയെ, നിന്നോട് ഞങ്ങൾ നന്ദി പറയുന്നു..

എല്ലാവർക്കും പരിശുദ്ധകുർബ്ബാനയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Jilsa Joy
Advertisements
Last Supper
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s