The Book of Leviticus, Chapter 14 | ലേവ്യര്‍, അദ്ധ്യായം 14 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 14

ത്വഗ്രോഗ ശുദ്ധീകരണം

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 കുഷ്ഠരോഗിയുടെ ശുദ്ധീകരണ ദിനത്തില്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാണ്; അവനെ പുരോഹിതന്റെ അടുക്കല്‍കൊണ്ടുവരണം.3 പുരോഹിതന്‍ പാളയത്തിനു പുറത്തുപോയി അവനെ പരിശോധിക്കണം.4 രോഗി സുഖംപ്രാപിച്ചെന്നു കണ്ടാല്‍ ശുദ്ധിയുള്ള രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവകൊണ്ടുവരാന്‍ നിര്‍ദേശിക്കണം.5 ഒരു മണ്‍പാത്രത്തില്‍ ശുദ്ധമായ ഉറവവെള്ളമെടുത്ത് പക്ഷികളിലൊന്നിനെ അതിനുമീതേവച്ചുകൊല്ലാന്‍ പുരോഹിതന്‍ കല്‍പിക്കണം.6 ദേവദാരു, ചെമന്ന നൂല്‍, ഇസ്സോപ്പുചെടി എന്നിവ ജീവനുള്ള പക്ഷിയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തില്‍ മുക്കണം.7 പിന്നെ പുരോഹിതന്‍ ആ രക്തം കുഷ്ഠരോഗത്തില്‍നിന്നു ശുദ്ധീകരിക്കപ്പെടേണ്ടവന്റെ മേല്‍ ഏഴുപ്രാവശ്യം തളിക്കണം. അതിനുശേഷം അവനെ ശുദ്ധിയുള്ളവനായി പ്രഖ്യാപിക്കുകയും ജീവനുള്ള പക്ഷിയെ തുറസ്‌സായ സ്ഥലത്തേക്കു പറപ്പിച്ചുവിടുകയും വേണം.8 അനന്തരം, ശുദ്ധീകരിക്കപ്പെടേണ്ടവന്‍ തന്റെ വസ്ത്രങ്ങള്‍ കഴുകി, ശിരസ്‌സു മുണ്‍ഡനം ചെയ്ത്, വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും. അതിനുശേഷം അവന്‍ പാളയത്തില്‍ വരട്ടെ. എന്നാല്‍, ഏഴു ദിവസത്തേക്ക് അവന്‍ കൂടാരത്തിനു വെളിയില്‍ താമസിക്കണം.9 ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും ക്ഷൗരം ചെയ്യണം. വസ്ത്രങ്ങള്‍ കഴുകി വെള്ളത്തില്‍ കുളിക്കണം. അപ്പോള്‍ അവന്‍ ശുദ്ധിയുള്ളവനാകും.10 എട്ടാംദിവസം അവന്‍ ഊനമറ്റ രണ്ട് ആണ്‍കുഞ്ഞാടുകളെയും ഒരുവയസ്‌സുള്ള ഊനമറ്റ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും അതോടൊപ്പം ധാന്യബലിക്കായി എണ്ണചേര്‍ത്ത പത്തില്‍മൂന്ന് ഏഫാ നേരിയ മാവും ഒരു ലോഗ് എണ്ണയും കൊണ്ടുവരണം.11 പുരോഹിതന്‍ ശുദ്ധീകരിക്കേണ്ടവനോടൊപ്പം ഇവയെല്ലാം കര്‍ത്താവിന്റെ സന്നിധിയില്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരട്ടെ.12 മുട്ടാടുകളില്‍ ഒന്നിനെ ഒരു ലോഗ് എണ്ണയോടുകൂടി പ്രായശ്ചിത്തബലിയായി അര്‍പ്പിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നീരാജനം ചെയ്യണം.13 പാപപരിഹാരബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ കൊല്ലുന്ന വിശുദ്ധ സ്ഥലത്തുവച്ചുതന്നെ ആട്ടിന്‍കുട്ടിയെ കൊല്ലണം. പാപപരിഹാരബലിക്കുള്ള മൃഗത്തെപ്പോലെ പ്രായശ്ചിത്തബലിക്കുള്ള മൃഗവും പുരോഹിതനുള്ളതാണ്. ഇത് അതിവിശുദ്ധമാണ്.14 പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള മൃഗത്തിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടണം.15 അനന്തരം, അവന്‍ എണ്ണയില്‍ കുറച്ചെടുത്ത് തന്റെ ഇടത്തെ ഉള്ളംകൈയില്‍ ഒഴിക്കണം.16 അതില്‍ വലത്തുകൈയുടെ വിരല്‍മുക്കി ഏഴു പ്രാവശ്യം കര്‍ത്താവിന്റെ സന്നിധിയില്‍ തളിക്കണം.17 കൈയില്‍ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തു കൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പ്രായശ്ചിത്തബലി മൃഗത്തിന്റെ രക്തം പുരട്ടിയിരുന്നതിനുമീതേ പുരട്ടണം.18 കൈയില്‍ ബാക്കിവരുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ ശിര സ്‌സില്‍ ഒഴിക്കണം. അങ്ങനെ പുരോഹിതന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ അവനുവേണ്ടി പാപപരിഹാരം ചെയ്യണം;19 പാപപരിഹാരബലിയര്‍പ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വനുവേണ്ടി പാപപരിഹാരം ചെയ്യണം. അതിനുശേഷം ദഹനബലിക്കുള്ള മൃഗത്തെ കൊല്ലണം.20 പുരോഹിതന്‍ ബലിപീഠത്തില്‍ ദഹന ബലിയും ധാന്യബലിയും അര്‍പ്പിച്ച് അവനുവേണ്ടി പാപപരിഹാരം ചെയ്യുമ്പോള്‍ അവന്‍ ശുദ്ധനാകും.21 എന്നാല്‍, അവന്‍ ദരിദ്രനും അത്രയുംകൊടുക്കാന്‍ കഴിവില്ലാത്തവനുമാണെങ്കില്‍ തന്റെ പാപപരിഹാരത്തിനുവേണ്ടി പ്രായ ശ്ചിത്തബലിയായി നീരാജനം ചെയ്യാന്‍ ഒരു മുട്ടാടിനെയും ധാന്യബലിക്ക് എണ്ണചേര്‍ത്ത പത്തിലൊന്ന് ഏഫാ നേരിയ മാവും ഒരുലോഗ് എണ്ണയും കൊണ്ടുവരണം.22 കൂടാതെ അവന്‍ കഴിവനുസരിച്ച് പാപപരിഹാര ബലിക്കും ദഹനബലിക്കും ഒന്നുവീതം രണ്ടുചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കൊണ്ടുവരട്ടെ.23 അവന്‍ തന്റെ ശുദ്ധീകരണത്തിനായി ഇവയെല്ലാം എട്ടാംദിവസം കര്‍ത്താവിന്റെ സന്നിധിയില്‍, സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ മുന്‍പില്‍ കൊണ്ടുവരണം.24 പുരോഹിതന്‍ പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെയും അതോടൊപ്പം ഒരു ലോഗ് എണ്ണയും കര്‍ത്താവിന്റെ മുന്‍പില്‍ നീരാജനം ചെയ്യണം.25 പിന്നെ അവന്‍ പ്രായശ്ചിത്തബലിക്കുള്ള കുഞ്ഞാടിനെ കൊല്ലണം. അതിന്റെ കുറച്ചു രക്തമെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടണം.26 അതിനുശേഷം പുരോഹിതന്‍ കുറച്ച് എണ്ണ തന്റെ ഇടത്തെ ഉള്ളംകൈയില്‍ എടുക്കണം.27 അതില്‍ വലത്തുകൈയുടെ വിരല്‍ മുക്കി ഏഴുപ്രാവശ്യം കര്‍ത്താവിന്റെ സന്നിധിയില്‍ തളിക്കണം.28 കൈയില്‍ ബാക്കിയുള്ള എണ്ണയില്‍ കുറച്ചെടുത്ത് ശുദ്ധീകരിക്കപ്പെടേണ്ടവന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും, പ്രായശ്ചിത്ത ബലിയുടെ രക്തം പുരട്ടിയ ഭാഗത്ത് പുരട്ടണം.29 ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ പാപങ്ങളുടെ പരിഹാരത്തിനായി കര്‍ത്താവിന്റെ സന്നിധിയില്‍വച്ച് അവന്റെ തലയില്‍ ഒഴിക്കണം.30 പിന്നെ ശുദ്ധീകരിക്കപ്പെടേണ്ടവന്റെ കഴിവനുസരിച്ചു കൊണ്ടുവന്ന ചെങ്ങാലികളെയോ പ്രാവിന്‍കുഞ്ഞുങ്ങളെയോ ഒന്നു പാപപരിഹാരബലിക്കും മറ്റേതു ദഹനബലിക്കുമായി ധാന്യബലിയോടുകൂടി കാഴ്ചവയ്ക്കണം.31 അങ്ങനെ ശുദ്ധീകരിക്കപ്പെടേണ്ടവനുവേണ്ടി കര്‍ത്താവിന്റെ മുന്‍പില്‍ പുരോഹിതന്‍ പാപപരിഹാരം ചെയ്യണം.32 ഇതു ശുദ്ധീകരണത്തിനാവശ്യമായ കാഴ്ചകള്‍ നല്‍കാന്‍ കഴിവില്ലാത്ത കുഷ്ഠരോഗികള്‍ക്കുവേണ്ടിയുള്ള നിയമമാണ്.

ഭവന ശുദ്ധീകരണം

33 കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്തു:34 ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന കാനാന്‍ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അവിടെ നിങ്ങളുടെ ഒരു വീടിനു ഞാന്‍ പൂപ്പല്‍ വരുത്തിയാല്‍35 വീട്ടുടമസ്ഥന്‍വന്നു പുരോഹിതനോടു തന്റെ വീടിന് ഏതോ രോഗബാധയുള്ളതായി തോന്നുന്നു എന്നുപറയണം.36 വീട്ടിലെ വസ്തുക്കളെല്ലാം അശുദ്ധമെന്നു പ്രഖ്യാപിക്കാതിരിക്കാന്‍ പരിശോധനയ്ക്കു ചെല്ലുന്നതിനുമുന്‍പ് അവയെല്ലാം വീട്ടില്‍നിന്നു മാറ്റാന്‍ പുരോഹിതന്‍ കല്‍പിക്കണം; അതിനുശേഷം പരിശോധനയ്ക്കു ചെല്ലണം.37 അവന്‍ വീടു പരിശോധിക്കണം. വീടിന്റെ ഭിത്തിയില്‍ മറ്റു ഭാഗങ്ങളേക്കാള്‍ കുഴിഞ്ഞ് പച്ചയോ ചുവപ്പോ നിറമുള്ള പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍,38 വീട്ടില്‍നിന്നു പുറത്തിറങ്ങി അത് ഏഴു ദിവസത്തേക്കു പൂട്ടിയിടണം.39 ഏഴാംദിവസം തിരിച്ചെത്തി പരിശോധിക്കുമ്പോള്‍ വീടിന്റെ ഭിത്തികളില്‍ പൂപ്പല്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍,40 അതു ബാധിച്ചിട്ടുള്ള കല്ലുകള്‍ ഭിത്തിയില്‍നിന്നെടുത്ത് പട്ടണത്തിനു പുറത്തുള്ള അശുദ്ധമായ സ്ഥലത്തേക്ക് എറിഞ്ഞുകളയാന്‍ പുരോഹിതന്‍ കല്‍പിക്കണം.41 അനന്തരം, വീടിന്റെ അകം മുഴുവന്‍ ചുരണ്ടി, പൊടി പട്ടണത്തിന്റെ വെളിയില്‍ അശുദ്ധമായ സ്ഥലത്തുകളയാന്‍ നിര്‍ദേശിക്കണം.42 ഇളക്കിയെടുത്ത കല്ലുകളുടെ സ്ഥാനത്ത് വേറെകല്ലുകള്‍ വയ്ക്കുകയും വീടു പുതുതായി തേയ്ക്കുകയും വേണം.43 കല്ലുകള്‍ മാറ്റി, വീടു ചുരണ്ടി, പുതുതായി തേച്ചതിനുശേഷവും പൂപ്പല്‍ പ്രത്യക്ഷപ്പെട്ടാല്‍, പുരോഹിതന്‍ ചെന്നു പരിശോധിക്കണം.44 അതു വീട്ടിലെല്ലാം പടര്‍ന്നിട്ടുണ്ടെങ്കില്‍ അത് അപരിഹാര്യമാണ്. ആ വീട് അശുദ്ധമാണ്.45 ആ വീട് ഇടിച്ചുപൊളിച്ച് അതിന്റെ കല്ലും തടിയും കുമ്മായവും പട്ടണത്തിനു വെളിയില്‍ അശുദ്ധമായ സ്ഥ ലത്തു കൊണ്ടുപോയി കളയണം.46 വീട് അടച്ചിട്ടിരിക്കുന്ന സമയത്ത് അതില്‍ പ്രവേശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.47 ആ ഭവനത്തില്‍ കിടന്നുറങ്ങുന്നവനും അവിടെവച്ചു ഭക്ഷിക്കുന്നവനും തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.48 എന്നാല്‍, പുരോഹിതന്റെ പരിശോധനയില്‍ പുതുതായി തേച്ചതിനുശേഷം പൂപ്പല്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടാല്‍ ആ വീട് ശുദ്ധമാണെന്നു പ്രഖ്യാപിക്കണം. എന്തെന്നാല്‍, പൂപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു.49 ആ വീടിന്റെ ശുദ്ധീകരണത്തിനായി അവന്‍ രണ്ടു പക്ഷികള്‍, ദേവദാരു, ചെമന്ന നൂല്‍, ഈസ്സോപ്പുചെടി എന്നിവ എടുക്കണം.50 ഒരു പക്ഷിയെ മണ്‍പാത്രത്തില്‍ ഉറവവെള്ളമെടുത്ത് അതിനുമീതേവച്ചു കൊല്ലണം.51 അനന്തരം, ജീവനുള്ള പക്ഷിയെ എടുത്ത് ദേവദാരു, ഈസ്സോപ്പുചെടി, ചെമന്ന നൂല്‍ എന്നിവയോടൊപ്പം ഉറവവെള്ളത്തിനു മീതേവച്ചു കൊന്ന പക്ഷിയുടെ രക്തത്തിലും ഉറവവെള്ളത്തിലും മുക്കി വീടിന്‍മേല്‍ ഏഴുപ്രാവശ്യം തളിക്കണം.52 അങ്ങനെ അവന്‍ പക്ഷിയുടെ രക്തം, ഉറവവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസ്സോപ്പുചെടി, ചെമന്നനൂല്‍ എന്നിവകൊണ്ട് വീടു ശുദ്ധീകരിക്കണം.53 അനന്തരം, ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് തുറസ്‌സായ സ്ഥലത്തേക്കു പറപ്പിച്ചുവിടണം. അങ്ങനെ, ആ വീടിനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അതു ശുദ്ധമാകും.54 ചിരങ്ങ്, തടിപ്പ്, പരു, പാണ്ട് എന്നീരോഗങ്ങളെയും55 വസ്ത്രത്തിലുണ്ടാകുന്ന കരിമ്പന്‍,56 വീടിനെ ബാധിക്കുന്ന പൂപ്പല്‍ തുടങ്ങി പലതരം അശുദ്ധികളെയും സംബന്ധിക്കുന്ന നിയമമാണിത്.57 ഇവ എപ്പോഴെല്ലാം അശുദ്ധമെന്നും എപ്പോഴെല്ലാം ശുദ്ധമെന്നും ഈ നിയമങ്ങള്‍ നിര്‍ണയിക്കുന്നു.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment