The Book of Leviticus, Chapter 8 | ലേവ്യര്‍, അദ്ധ്യായം 8 | Malayalam Bible | POC Translation

ലേവ്യ പുസ്തകം, അദ്ധ്യായം 8

പുരോഹിതാഭിഷേകം

1 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:2 വസ്ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടി അഹറോനെയും പുത്രന്‍മാരെയുംകൊണ്ടുവരിക.3 സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.4 കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ചെയ്തു. സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.5 അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണ് കര്‍ത്താവ് കല്‍പിച്ചത്.6 അനന്തരം, മോശ അഹറോനെയും പുത്രന്‍മാരെയും മുന്‍പോട്ടുകൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി;7 അഹറോനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ എഫോദ് അണിയിച്ചു. എഫോദിന്റെ വിദഗ്ദ്ധമായി നെയ്‌തെടുത്ത പട്ട അവന്റെ അരയില്‍ ചുറ്റി.8 പിന്നീട് ഉരസ്ത്രാണം ധരിപ്പിച്ചു. അതില്‍ ഉറീമും തുമ്മീമും നിക്‌ഷേപിച്ചു.9 തലപ്പാവു ധരിപ്പിച്ച് അതിന്റെ മുന്‍വശത്തായി കര്‍ത്താവു കല്‍പിച്ചിരുന്നതുപോലെ വിശുദ്ധകിരീടമായ പൊന്‍തകിടു ചാര്‍ത്തി.10 അനന്തരം, അഭിഷേകതൈലമെടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേ കം ചെയ്തു വിശുദ്ധീകരിച്ച് അതില്‍നിന്നു കുറച്ചെടുത്ത് ബലിപീഠത്തില്‍ ഏഴുപ്രാവശ്യം തളിച്ചു.11 ബലിപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും ക്ഷാളനപാത്രവും അതിന്റെ ചുവടും അഭിഷേകം ചെയ്തു വിശുദ്ധീകരിച്ചു.12 പിന്നീട് ശിരസ്‌സില്‍ തൈലാഭിഷേകം ചെയ്ത് അഹറോനെ വിശുദ്ധീകരിച്ചു.13 കര്‍ത്താവ് കല്‍പിച്ചിരുന്നതുപോലെ മോശ അഹറോന്റെ പുത്രന്‍മാരെയും മുന്നോട്ടു കൊണ്ടുവന്ന് കുപ്പായമണിയിക്കുകയും അരപ്പട്ട കെട്ടുകയും തൊപ്പി ധരിപ്പിക്കുകയും ചെയ്തു.14 മോശ പാപപരിഹാരബലിക്കുള്ള കാളയെ കൊണ്ടുവന്നു. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു.15 മോശ അതിനെ കൊന്നു രക്തമെടുത്ത് അതില്‍ വിരല്‍ മുക്കി ബലിപീഠത്തിന്റെ കൊമ്പുകളില്‍ പുരട്ടി ബലിപീഠം ശുദ്ധീകരിച്ചു. ബാക്കി രക്തം ബലിപീഠത്തിന്റെ ചുവട്ടിലൊഴിച്ചു; അങ്ങനെ ബലിപീഠം ശുദ്ധിചെയ്ത് പരിഹാര കര്‍മത്തിനു സജ്ജമാക്കി.16 ആന്തരികാവയവങ്ങളിന്‍മേലുണ്ടായിരുന്ന മേദസ്‌സു മുഴുവനും കരളിന്‍മേലുണ്ടായിരുന്ന നെയ്‌വലയും ഇരു വൃക്കകളും അവയുടെ മേദസ്‌സുമെടുത്ത് ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.17 എന്നാല്‍, കാളയെ – അതിന്റെ തോല്‍, മാംസം, ചാണകം എന്നിവ – കര്‍ത്താവ് മോശയോടു കല്‍പിച്ചിരുന്നതുപോലെ കൂടാരത്തിനു വെളിയില്‍ വച്ചാണ് ദഹിപ്പിച്ചത്.18 ദഹനബലിക്കുള്ള മുട്ടാടിനെ അവന്‍ കൊണ്ടുവന്നു. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു.19 മോശ അതിനെ കൊന്ന് രക്തം ബലിപീഠത്തിനുചുറ്റും ഒഴിച്ചു.20 അതിനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്‌സും ദഹിപ്പിച്ചു.21 കര്‍ത്താവു കല്‍പിച്ചിരുന്നതുപോലെ മോശ അതിന്റെ ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തില്‍ കഴുകി, അതിനെ മുഴുവനും അവിടുത്തേക്കു പ്രീതിജനകമായ സൗരഭ്യം നല്‍കുന്ന ദഹന ബലിയായി ബലിപീഠത്തില്‍വച്ചു ദഹിപ്പിച്ചു.22 അവന്‍ മറ്റേ മുട്ടാടിനെ – പുരോഹിതാഭിഷേകത്തിന്റെ മുട്ടാടിനെ – കൊണ്ടുവന്നു. അഹറോനും പുത്രന്‍മാരും അതിന്റെ തലയില്‍ കൈകള്‍വച്ചു.23 മോശ അതിനെ കൊന്ന് കുറെരക്തമെടുത്ത് അഹറോന്റെ വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടി.24 പിന്നീട് അഹറോന്റെ പുത്രന്‍മാരെ അടുക്കല്‍ വരുത്തി കുറച്ചു രക്തം ഓരോരുത്തരുടെയും വലത്തുചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ള വിരലിലും വലത്തുകാലിന്റെ പെരുവിരലിലും പുരട്ടി. ശേഷിച്ച രക്തം ബലിപീഠത്തിനുചുറ്റും ഒഴിച്ചു.25 കൊഴുത്ത വാലും ആന്തരികാവയവങ്ങളിന്‍മേലുള്ള മേദസ്‌സും കര ളിന്‍മേലുള്ള നെയ്‌വലയും ഇരുവൃക്കകളും അവയുടെ മേദസ്‌സും വലത്തെ കുറകും എടുത്തു.26 കര്‍ത്താവിന്റെ സന്നിധിയില്‍ പുളിപ്പില്ലാത്ത അപ്പമിരിക്കുന്ന കുട്ടയില്‍ നിന്ന് ഒരപ്പവും എണ്ണചേര്‍ത്ത ഒരപ്പവും ഒരടയുമെടുത്ത് മേദസ്‌സിന്‍മേലും വലത്തെ കുറകിന്‍മേലും വച്ചു.27 ഇവയെല്ലാം അവന്‍ അഹറോന്റെയും പുത്രന്‍മാരുടെയും കൈകളില്‍വച്ച് കര്‍ത്താവിന്റെ മുമ്പില്‍ നീരാജനം ചെയ്തു.28 അനന്തരം, മോശ അവ അവരുടെ കൈകളില്‍നിന്നെടുത്ത് ബലിപീഠത്തിന്‍മേല്‍ ദഹനബലിവസ്തുക്കളോടൊപ്പം വച്ചു ദഹിപ്പിച്ചു. അഭിഷേകബലിയായി കര്‍ത്താവിനു പ്രീതികരമായ സൗരഭ്യമായി അര്‍പ്പിച്ച ദഹനബലിയാണിത്.29 മോശ അതിന്റെ നെഞ്ച് കര്‍ത്താവിന്റെ സന്നിധിയില്‍ നീരാജനം ചെയ്തു. കര്‍ത്താവു കല്‍പിച്ചതുപോലെ അഭിഷേകബലിയാടില്‍നിന്ന് മോശയ്ക്കുള്ള ഓഹരിയായിരുന്നു അത്.30 അനന്തരം, മോശ കുറച്ച് അഭിഷേകതൈലവും ബലിപീഠത്തിന്‍മേലുള്ള രക്തവുമെടുത്ത് അഹറോന്റെയും അവന്റെ വ സ്ത്രങ്ങളുടെയുംമേലും, പുത്രന്‍മാരുടെയും അവരുടെ വസ്തങ്ങളുടെയുംമേലും തളിച്ചു. അങ്ങനെ മോശ അഹറോനെയും അവന്റെ വസ്ത്രങ്ങളെയും പുത്രന്‍മാരെയും അവരുടെ വസ്ത്രങ്ങളെയും വിശുദ്ധീകരിച്ചു.31 മോശ അഹറോനോടും പുത്രന്‍മാരോടും പറഞ്ഞു: സമാഗമകൂടാരത്തിന്റെ വാ തില്‍ക്കല്‍വച്ച് മാംസം വേവിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതനുസരിച്ച് അതും അഭിഷേ കകാഴ്ചകളുടെ കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്‍മാരും അവിടെവച്ചു ഭക്ഷിക്കണം.32 ശേഷിക്കുന്ന അപ്പവും മാംസവും തീയില്‍ ദഹിപ്പിക്കണം.33 അഭിഷേകത്തിന്റെ ദിവസങ്ങള്‍ തീരുന്നതുവരെ ഏഴു ദിവ സത്തേക്കു സമാഗമകൂടാരത്തിന്റെ വാ തില്‍ക്കല്‍നിന്നു പുറത്തുപോകരുത്. എന്തെന്നാല്‍, അഭിഷേകത്തിന് ഏഴുദിവസം വേണം.34 ഇന്നു ചെയ്തത് കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് നിങ്ങളുടെ പാപങ്ങളുടെ പരിഹാരത്തിനുവേണ്ടിയാണ്.35 ആകയാല്‍, കര്‍ത്താവിന്റെ കല്‍പനകള്‍ കാത്തുകൊണ്ട് ഏഴുദിവസം രാവും പകലും നിങ്ങള്‍ സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കഴിയുവിന്‍. അല്ലെങ്കില്‍, നിങ്ങള്‍ മരിക്കും. എന്തെന്നാല്‍, ഇങ്ങനെയാണ് കര്‍ത്താവ് എന്നോടു കല്‍പിച്ചിരിക്കുന്നത്.36 മോശവഴി കര്‍ത്താവ് കല്‍പിച്ചിരുന്നതെല്ലാം അഹറോനും പുത്രന്‍മാരും നിറവേറ്റി.

The Book of Leviticus | ലേവ്യര്‍ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Twelve Tribes and Tabernacle
Advertisements
Leviticus 18
Advertisements

Leave a comment