യുവാക്കളുടെ മധ്യസ്ഥനായിത്തീർന്ന പ്രഭുകുമാരൻ

കത്തോലിക്കാസഭയിലെ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ . അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ അന്തോണീസിനെപ്പോലെ സമ്പത്തും സ്ഥാനമാനങ്ങളും ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞവൻ.

1568 മാർച്ച് 9, ഇറ്റലിയിൽ കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിൽ ഒരു ശിശുവിന്റെ ജനനം വിളിച്ചറിയിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി. മാർക്വീസ് ഫെറാന്റെ ഗോൺസാഗക്കും ഡോണ മാർത്താക്കും മൂത്ത മകൻ ആയി ലൂയിജി (അലോഷ്യസ് ) ഗോൺസാഗ ജനിച്ചു. ഫിലിപ്പ് രണ്ടാമൻ രാജാവുമായി അടുത്ത ബന്ധമുള്ള കുടുംബം. ഡോണയുടെ കുടുംബത്തിൽ നിന്ന് രണ്ടുപേരാണ് അതിനു മുൻപ് മാർപ്പാപ്പാമാരായിട്ടുള്ളത് .

അന്നത്തെ പ്രഭുകുടുംബങ്ങളിലെ അനന്തരാവകാശികൾ ചെയ്യുന്നതുപോലെ തന്റെ മകനും യുദ്ധമുറകൾ അഭ്യസിച്ച് മാടമ്പിയായി സൈന്യത്തെ നയിക്കുമെന്ന് ഡോൺ ഫെറാന്റെ ഗോൺസാഗ മനക്കോട്ട കെട്ടി. നാലുവയസ്സ് പ്രായമുള്ളപ്പോഴെ തോക്കുകളും ചെറിയ പീരങ്കികളും അവനെ പരിചയപ്പെടുത്തി. ഡോൺ ഫെറാന്റെ ഇറ്റാലിയൻ സൈന്യത്തിന്റെ കമാൻഡർ-ഇൻ -ചീഫ് ആയപ്പോൾ 3000 പട്ടാളക്കാർ പരിശീലിപ്പിക്കപ്പെട്ടിരുന്ന ക്യാമ്പിലേക്ക് മകനെയും കൊണ്ടുപോയി. ചീത്ത വർത്തമാനങ്ങളും തെറിയുമൊക്കെ അവൻ അവിടെ നിന്ന് പഠിച്ചു. പതാക പിടിച്ച് പരേഡിനെ മുന്നിൽ നിന്ന് നയിക്കുന്ന കുട്ടിനേതാവായി അവൻ വിലസി. ഒരിക്കൽ അവൻ കാരണം അവിടെ വലിയൊരു പൊട്ടിത്തെറിയുമുണ്ടായി. വെടിമരുന്ന് പീരങ്കിയിൽ കൂട്ടിയിട്ട് അവൻ തീ കൊടുത്തതായിരുന്നു കാരണം. അപ്പൻ മകനെ ചീത്ത പറഞ്ഞൊന്നുമില്ല. ഒരിക്കൽ അവൻ പട്ടാളനേതാവ് ആവാനുള്ളവനല്ലേ , അതിന്റെ സ്പിരിറ്റ് ഇപ്പോഴേ കാണിച്ചോട്ടെ എന്ന നിലപാടായിരുന്നു ആൾക്ക് .

തിരിച്ചു വീട്ടിൽ ചെന്നപ്പോൾ അമ്മയ്ക്കും അവനെ പഠിപ്പിക്കുന്നവർക്കും നന്നേ പണിപ്പെടേണ്ടിവന്നു ചീത്തവാക്കുകൾ അവന്റെ നാവിൽ വരാതിരിക്കാൻ . കുട്ടിക്കാലത്തെ ആ ‘പാപകരമായ’ ചെയ്തികൾ പിൽക്കാലത്ത് ആലോചിക്കുമ്പോൾ അലോഷ്യസിന് ലജ്ജയും സങ്കടവും തോന്നുമായിരുന്നു. 1577ൽ ഫ്ലോറെൻസിൽ വെച്ചു കുമ്പസാരിക്കുമ്പോൾ വിഷമം കൊണ്ട് ബോധംകെട്ട് വീണ സംഭവം വരെയുണ്ടായി. ചെറിയ പാപത്താൽ പോലും ദൈവത്തെ വേദനിപ്പിക്കുന്നതിലും ഭേദം തൻറെ ജീവൻ കളയുന്നതാണെന്ന തീരുമാനം അവനെടുത്തു.

സമ്പത്തിന്റെയും ആഡംബരങ്ങളുടെയും നടുവിലാണെങ്കിലും ദൈവഭക്തയായ അമ്മയുടെ മേൽനോട്ടത്തിൽ ഏഴുവയസ്സ് മുതൽ ദൈവത്തെ തൻറെ ജീവിതത്തിന്റെ കേന്ദ്രമായി അലോഷ്യസ് കരുതാൻ തുടങ്ങി. അനുതാപ സങ്കീർത്തനങ്ങളും പരിശുദ്ധ അമ്മയോടുള്ള പ്രാർത്ഥനകളും (office of our lady) ചൊല്ലുകയും ഉപവസിക്കുകയും വെറും തറയിൽ ഏറെനേരം മുട്ടുകുത്തി പ്രാർത്ഥിക്കുകയുമൊക്കെ ചെയ്തുപോന്നു .

ഒൻപതാമത്തെ വയസ്സിൽ സഹോദരനോടുകൂടെ അവനെ ഫ്ലോറെൻസിലേക്കയച്ചു. വഞ്ചനയും കാപട്യവും ഒളിപ്പിച്ച ഒരു മുഖമുണ്ടെങ്കിലും തൻറെ ‘ആത്മീയജീവിതത്തിന്റെ തൊട്ടിൽ’ എന്നാണ് അവൻ ആ നഗരത്തെ വിളിച്ചത് . ഈ നഗരത്തിലാണ് പരിശുദ്ധഅമ്മയുടെ ചിത്രത്തിന് മുന്നിൽ വെച്ചു നിത്യവ്രതവാഗ്ദാനം അവൻ സമർപ്പിക്കുന്നത് . രണ്ടുകൊല്ലത്തിനുശേഷം ഇറ്റലിയിലെ മാന്തുവായിൽ പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽ താമസിക്കവെ അവരുടെ സ്വകാര്യചാപ്പലിലെ പ്രാർത്ഥനയും വിശുദ്ധരുടെ ജീവചരിത്രവായനയുമെല്ലാം അവന്റെ ദൈവവിളിയെ ശക്തിപ്പെടുത്തി.

വിശുദ്ധ ചാൾസ് ബൊറോമിയോ അലോഷ്യസിന്റെ ഭവനം സന്ദർശിച്ചപ്പോൾ അവന്റെ ഭക്തിയും ആത്മീയകാര്യങ്ങളിലുള്ള ശുഷ്കാന്തിയും കണ്ട് മതിപ്പ് തോന്നി. പന്ത്രണ്ടുവയസ്സായിട്ടും ആദ്യകുർബ്ബാനസ്വീകരണം കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായപ്പോൾ വിശുദ്ധൻ തന്നെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. ജൂലൈ 22 , 1580 ന് വിശുദ്ധ ചാൾസ് ബൊറോമിയോയുടെ കരങ്ങളിൽ നിന്ന് അലോഷ്യസ് ഗോൺസാഗ ആദ്യകുർബ്ബാന സ്വീകരിച്ചു.

നിത്യേന ദിവ്യബലിയിൽ പങ്കെടുക്കുന്ന അലോഷ്യസിന്റെ ദിനങ്ങൾ ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലും അത് കഴിഞ്ഞുള്ള നന്ദിപ്രകരണത്തിലും മുന്നോട്ടു പോയി. 1581 മുതൽ 1584 വരെ സ്‌പെയിനിൽ ആയിരുന്നപ്പോൾ പഠനത്തോടൊപ്പം ആത്മീയകാര്യങ്ങളിലും പുരോഗതി പ്രാപിച്ചു. അവിടെ തൻറെ കുമ്പസ്സാരക്കാരനായിരുന്ന ഈശോസഭാവൈദികനെ കണ്ടാണ് ജെസ്സ്യൂട്ട് സഭയിൽ ചേരാമെന്ന ഉറച്ച തീരുമാനം അവനെടുക്കുന്നത് .

“നോക്കൂ അലോഷ്യസ് , വൈദികരുടെ ജീവിതം എത്ര സന്തോഷമുള്ളതാണ് ! ഈ പിതാക്കന്മാർ ലോകത്തിന്റെ കെണികളിൽ നിന്നും പാപത്തിന്റെ പ്രലോഭനങ്ങളിൽ നിന്നും എത്ര അകന്നിരിക്കുന്നു.മറ്റു മനുഷ്യർ നശ്വരമായ സമ്പത്തും വ്യർത്ഥസുഖങ്ങളും ഉണ്ടാക്കാൻ ഓടിപ്പാഞ്ഞുനടക്കുന്ന സമയത്ത് ഇവർ നശിച്ചുപോകാത്ത നിധികൾ തങ്ങൾക്കായി കരുതിവെച്ച് ദൈവത്തിന്റെ കണ്ണിൽ വലിയ വിലയുള്ളവരും എന്നെന്നേക്കുമായി അവന്റെ പ്രീതി സമ്പാദിക്കുകയും ചെയ്യുന്നു” അവന്റെ കുത്തിക്കുറിച്ച വാചകങ്ങളിലൊന്ന്. പ്രിൻസ് ഡിയെഗോയുടെ മരണം അവന്റെ തീരുമാനത്തെ ശക്തിപ്പെടുത്തിയതേയുള്ളു . “ഉന്നതകുലജാതനാണ് എന്നതിൽ അത്ര അഹങ്കരിക്കാനൊന്നുമില്ല” , ആ സമയത്ത് അവൻ എഴുതി. “നികൃഷ്ടരെന്നു കരുതപ്പെടുന്ന ദരിദ്രരെപ്പോലെ തന്നെ വലിയവരെന്നു കരുത്തപ്പെടുന്നവരും പൊടിയിലേക്ക് തന്നെ മടങ്ങും”.

വൈദികനാവാനുള്ള തൻറെ താല്പര്യം പിതാവിനോട് പറയുമ്പോൾ , മകനെക്കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്ന അപ്പൻ എങ്ങനെയായിരിക്കും പ്രതികരിച്ചിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളു. ദേഷ്യവും സങ്കടവും വന്ന അയാൾ അവന്റെ മനസ്സുമാറ്റാനായി പിന്നെയും ഇറ്റലിയിലെ പല സദസ്സുകളിലേക്കും അവനെ സന്ദര്ശനങ്ങൾക്ക് നിർബന്ധമായി പറഞ്ഞയച്ചു. പ്രഭുകുമാരന്മാരെക്കൊണ്ടും മാടമ്പിസുഹൃത്തുക്കളെയും ബിഷപ്പുമാരെയും വൈദികരെയും കൊണ്ടൊക്കെ മനസ്സ് മാറ്റാൻ ശ്രമിച്ചു. പക്ഷെ ഒന്നിനും അവന്റെ തീരുമാനത്തെ മാറ്റാൻ കഴിഞ്ഞില്ല.

അപ്പൻ മകനെ വീട്ടില്നിന്നിറക്കി വിട്ടു . “എനിക്ക് നിന്നെ കാണണ്ട , പോയി വേലക്കാരുടെ കൂടെ പോയി താമസിക്ക്”. സന്ധ്യയായിട്ടും മകനെ കാണുന്നില്ല , അപ്പനും അമ്മയും മകനെ തിരക്കിയിറങ്ങി. അവനതാ, വീടിനുവെളിയിൽ പരിചാരകർ താമസിക്കുന്നിടത്ത് ചാട്ടവാറുകൊണ്ട് സ്വയം പ്രഹരിക്കുന്നു. നിവൃത്തിയില്ലാതെ അപ്പൻ മകന്റെ ഇഷ്ടത്തിന് വഴങ്ങി. മൂത്ത മകനായതുകൊണ്ട് മാടമ്പിസ്ഥാനവും സ്വത്തിലുള്ള അവകാശവും പരസ്യമായി പരിത്യജിക്കണം.

നവംബർ 2,1585. ഇറ്റലിയിൽ മാന്തുവായുടെ സമീപപ്രദേശങ്ങളിലുള്ള പ്രഭുകുടുംബങ്ങളിലുള്ളവരെല്ലാം ഗോൺസാഗ കൊട്ടാരത്തിലെ വിശാലമായ നടുത്തളത്തിൽ കൂടിയിട്ടുണ്ട്. റോമാസാമ്രാജ്യത്തിലെ പ്രഭുകുമാരനായ , കാസ്റ്റിഗ്ലിയോണിലെ അടുത്ത മാർക്വീസ് ആകേണ്ട ഗോൺസാഗകുടുംബത്തിലെ അടുത്ത അനന്തരാവകാശി അലോഷ്യസ് , സഹോദരനായ റുഡോൾഫോക്ക് തൻറെ അവകാശങ്ങളെല്ലാം കൈമാറുന്ന രേഖയിൽ ഒപ്പുവെക്കുന്ന ചടങ്ങ്. പൊതുസമ്മേളനത്തിൽ വെച്ചു അലോഷ്യസ് ഇങ്ങനെ പ്രസ്താവിച്ചു ,

“മാർക്വിസ് ഫെറാന്റെ ഗോൺസാഗയുടെയും ഡോണാ മാർത്തയുടെയും മൂത്ത മകനായ ഞാൻ അലോഷ്യസ് ഗോൺസാഗ, തലമുറയായി കൈമാറിവരുന്ന മാന്തുവായിലെ മാടമ്പിസ്ഥാനവും കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിന്റെ പേരിലുള്ള സകലവിധ സ്ഥാവരജംഗമവസ്തുക്കളും പൂർണ്ണമനസ്സോടും സന്തോഷത്തോടും കൂടെ എന്റെ സഹോദരനായ റുഡോൾഫോക്ക് കൈമാറുന്നു. എനിക്ക് ഇന്ന് മുതൽ പ്രസ്തൂത സമ്പത്തിലും പദവിയിലും യാതൊതു വിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല”. അതിനുശേഷം അവൻ അടുത്തുനിന്നിരുന്ന അനുജൻ റുഡോൾഫോയോട് ഇങ്ങനെ ചോദിച്ചു, “അനുജാ, ഞാനോ നീയോ ? ആരാണ് ഇപ്പോൾ കൂടുതൽ സന്തോഷവാൻ ? ‘ മറുപടിയും സ്വയം പറഞ്ഞു, ” തീർച്ചയായും ഞാൻ തന്നെ “.

കുറച്ചു കഴിഞ്ഞു വിടവാങ്ങൽ പാർട്ടിക്ക് ഈശോസഭാവൈദികരുടെ ലളിതമായ ഒരുടുപ്പ് ധരിച്ചുവന്ന അലോഷ്യസിനെ കണ്ടത് എല്ലാവരുടെയും ഹൃദയത്തെ തൊട്ടു , പലരും വിതുമ്പി. നവംബർ 25 ന് അലോഷ്യസ് റോമിൽ സാന്ത് ആന്ദ്രേയ (st. andrew) യിൽ ഈശോസഭയിൽ നൊവിഷ്യേറ്റിന് ചേർന്നു. ‘ ഇവിടെയാണ് ഞാൻ ഇനിയെന്നും താമസിക്കാൻ പോകുന്നതെന്ന് പറഞ്ഞ്, ആ മുറിയിലെ ചുവരിനെ ചുംബിച്ചു.

സാന്ത് ആന്ത്രെയിൽ നോവിസ് ആയിരിക്കവേ അലോഷ്യസ് തൻറെ പരിഹാരകൃത്യങ്ങൾ വർധിപ്പിച്ചു, നന്മ ചെയ്ത് ക്രിസ്തീയപൂർണ്ണതയുടെ പാതയിൽ സഞ്ചരിച്ചു, അനുസരണത്തിൽ അവനെ വെല്ലാൻ പോന്ന ആരും ഉണ്ടായിരുന്നില്ല. എളിമയോടും അപമാനത്തോടുമുള്ള അവന്റെ സ്നേഹം , നിശബ്ദത , പ്രാർത്ഥന , ദാരിദ്ര്യപ്രേമം , മാലാഖമാർക്കടുത്ത ശുദ്ധത ,മനസ്സിനെയും വികാരങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് …ഇതെല്ലാം ചുറ്റുമുള്ളവരെ പോലും ആത്മീയോന്നതിയിലേക്ക് നയിക്കുന്നതായിരുന്നു. സ്വന്തം വ്യക്തിത്വത്തെ ഇകഴ്ത്താനും കുടുംബമഹിമ മറച്ചു പിടിക്കാനും വി. അലോഷ്യസ് ആവുന്നതൊക്കെ ചെയ്തു. ഗോൺസാഗകുടുംബത്തിലെ രണ്ടു മാർപ്പാപ്പാമാരെ പറ്റി അദ്ദേഹം ഒരിക്കലും സംസാരിച്ചിരുന്നില്ല.

എവിടെയും എന്തിലും ദൈവഹിതം നിറവേറ്റുക എന്നതിനായിരുന്നു അവൻ കൂടുതൽ പ്രാധാന്യം കൊടുത്തത്. അലോഷ്യസിന്റെ നൊവിഷ്യേറ്റിനിടയിൽ സഹനോവിസുകളുമായി എന്തോ കളിയിൽ ഏർപ്പെട്ടിരിക്കെ ഒരു സുഹൃത്ത് അവനോട് ചോദിച്ചു , “അരമണിക്കൂറിൽ നീ മരിക്കുമെന്ന് ഇപ്പോൾ ദൈവം പറഞ്ഞാൽ നീ എന്തുചെയ്യും ? ” ” ഞാൻ കളിച്ചുകൊണ്ട് തന്നെയിരിക്കും” അലോഷ്യസ് കൂളായി മറുപടി പറഞ്ഞു. ” എങ്ങനെ പറ്റും നിനക്ക് ?” അതുകേട്ട ആരോ സ്തബ്ധനായി ചോദിച്ചു. ” അതേ, എനിക്ക് പറ്റും. കളിക്കുമ്പോഴും ഞാൻ ഇപ്പോൾ എന്നെക്കുറിച്ചുള്ള ദൈവേഷ്ടം നിറവേറ്റുകയാണ്‌ ചെയ്യുന്നത്. എല്ലാറ്റിലും ദൈവഹിതം നടപ്പാക്കുന്നതിനേക്കാൾ വേറെ എന്ത് നല്ല വഴിയുണ്ട് മരണത്തിനായൊരുങ്ങാൻ ?”

സെമിനാരിയിൽ പാചകക്കാരനെ സഹായിക്കാൻ ആണ് ആ പ്രഭുകുമാരൻ നിയമിതനായത്. കോപിഷ്ഠനായ ആ പാചകക്കാരൻ അലോഷ്യസിനെ എല്ലാ വിധത്തിലും പ്രകോപിപ്പിച്ചു, ശാസിച്ചു, കുറ്റപ്പെടുത്തി. പക്ഷെ അലോഷ്യസ് ശാന്തനായി വരാന്തകൾ വൃത്തിയാക്കുകയും സാധുക്കൾക്ക് വേണ്ടി ഭിക്ഷാടനം നടത്തുകയുമെല്ലാം ചെയ്ത് ശൂന്യവൽക്കരണം ശീലിച്ചു . തന്നെ പ്രകോപിപ്പിച്ച പാചകക്കാരനോട് അവന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, “എന്നോട് ഇങ്ങനെയെല്ലാം പെരുമാറാൻ ദൈവം താങ്കളെ അനുവദിച്ചെങ്കിൽ ഞാനെന്തിന് പരിഭവിക്കണം?”

റോമൻ കോളേജിൽ ദൈവശാസ്ത്രം പഠിക്കുന്നതിനിടയിൽ 1588ൽ മൈനർ ഓർഡേഴ്സ് സ്വീകരിച്ചു. അലോഷ്യസിന് വലിയ ഭാവി ഉണ്ടെന്നും മഹത്തായ കാര്യങ്ങൾ ദൈവം അവനിലൂടെ ചെയ്യുമെന്നും ഏറെപ്പേർ വിശ്വസിച്ചു. പക്ഷെ ദൈവത്തിന്റെ പദ്ധതികൾ അവർക്ക് അജ്ഞാതമായിരുന്നു. മിലാനിലെ ഒരു ചാപ്പലിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ, പെട്ടെന്ന് വലിയ ഒരു പ്രകാശം. ഗബ്രിയേൽദൂതൻ പ്രത്യക്ഷപെട്ടു പറഞ്ഞു, “ഇന്നേക്ക് ഒരു വർഷം തികയുന്ന ദിവസം നീ മരിക്കും. അതിനായി ഒരുങ്ങി കാത്തിരിക്കുക”. തുടർന്നുള്ള സമയം മുഴുവൻ സാഘോഷമായി സ്വർഗ്ഗയാത്രക്കുള്ള ഒരുക്കം ആയിരുന്നു.

1590-91 കാലഘട്ടങ്ങളിൽ ആയിരക്കണക്കിനാളുകൾ പകർച്ചവ്യാധികളും, ക്ഷാമവും മാരകമായ പനിയും മൂലം മരണമടഞ്ഞു. പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ പോലും പനി ബാധിച്ചു മരിച്ചു. റോമിൽ പ്ലേഗ് പടർന്നുപിടിച്ചു. ജെസ്യൂട്ടുകൾ ഒരാശുപത്രി തുറന്നു. രോഗികളെ ശുശ്രൂഷിക്കാൻ മുന്നിട്ടിറങ്ങിയ സഭാംഗങ്ങളിൽ ഒരാൾ അലോഷ്യസ് ആയിരുന്നു. അവൻ രോഗികളെ കുളിപ്പിച്ചു, കിടക്കയൊരുക്കി, ആശുപത്രിയിലെ താണ ജോലികൾ ചെയ്തു. പ്ളേഗ് ബാധിച്ചതിനു ശേഷം അതിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും വീണ്ടും രോഗബാധിതനായി. 3 മാസത്തോളം വിടാതെ നിന്ന പനി അലോഷ്യസിനെ പാടേ തളർത്തി. വൈദികപട്ടം സ്വീകരിക്കാൻ തനിക്കാവില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം സ്നേഹപൂർവ്വം പ്രതികരിച്ചു , ” ആ വലിയ നിയോഗത്തിന്റെ കണക്ക് ഞാൻ ദൈവസന്നിധിയിൽ ബോധിപ്പിക്കേണ്ടിവരില്ലല്ലോ”.

തത്വശാസ്ത്രം 4 കൊല്ലം പഠിച്ച അലോഷ്യസിന്റെ അദ്ധ്യാപകനും കുമ്പസാരക്കാരനും വിശുദ്ധനായ റോബർട്ട് ബെല്ലാർമിൻ ആയിരുന്നു. അദ്ദേഹത്തിൽ നിന്ന് അന്ത്യകൂദാശകൾ സ്വീകരിച്ച അലോഷ്യസിനെ, മരണത്തോടെ ദൈവത്തിൽ പൂർണ്ണമായും ചേരാമല്ലോ എന്ന ചിന്ത സന്തോഷഭരിതനാക്കി. 1591 ജൂൺ 21 നു തൻറെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഈശോയുടെ പരിശുദ്ധ നാമം ഉച്ചരിച്ചു കൊണ്ട് ആ വിശുദ്ധൻ മരണമടഞ്ഞു.

1726 ഡിസംബർ 3 നു ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ അലോഷ്യസ് ഗോൺസാഗയെ വിശുദ്ധനായി ഉയർത്തി.1729 നവംബർ 22 നു അതേ പോപ്പ് തന്നെ വി. അലോഷ്യസിനെ യുവജനങ്ങളുടെ മധ്യസ്ഥനായി പ്രത്യേകിച്ച് ലോകം മൂഴുവനിലുമുള്ള യുവകത്തോലിക്കാ വിദ്യാർത്ഥികളുടെ മധ്യസ്ഥൻ ആയി പ്രഖ്യാപിച്ചു.അതേ , വിശുദ്ധ അലോഷ്യസ് ഗോൺസാഗ യുവാക്കൾക്ക് മാതൃകയാണ് .

“ദൈവത്തിനെപ്രതി സഹിക്കാനുള്ള തീവ്രമായ, മാറ്റമില്ലാത്ത ആഗ്രഹം ഇല്ലെങ്കിൽ ദൈവത്തിനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥത്തിൽ അവിടുത്തെ സ്നേഹിക്കുന്നില്ല”.

വിശുദ്ധ അലോഷ്യസ് ഗോൺസാഗയുടെ തിരുന്നാൾ മംഗളങ്ങൾ

ജിൽസ ജോയ് ✍️

Advertisements
St Aloysius Gonzaga
Advertisements
St Gabriel appears to Aloysisus
Advertisements

One thought on “യുവാക്കളുടെ മധ്യസ്ഥനായിത്തീർന്ന പ്രഭുകുമാരൻ

Leave a comment