സംഖ്യാപുസ്തകം, അദ്ധ്യായം 22
ബാലാക്കും ബാലാമും
1 ഇസ്രായേല്‍യാത്ര തുടര്‍ന്നു മൊവാബു സമതലത്തില്‍ ജോര്‍ദാനക്കരെ ജറീക്കോയുടെ എതിര്‍വശത്തു പാളയമടിച്ചു.2 ഇസ്രായേല്‍ അമോര്യരോടു ചെയ്തതെല്ലാം സിപ്പോറിന്റെ മകന് ബാലാക് കണ്ടു.3 സം ഖ്യാബലത്തില്‍ മികച്ചുനിന്ന ഇസ്രായേലിനെ മൊവാബു ഭയപ്പെട്ടു. അവരെപ്രതി അവന് ഭയചകിതനായി.4 മൊവാബ് മിദിയാനിലെ പ്രമാണികളോടു പറഞ്ഞു: കാള വയലിലെ പുല്ലു തിന്നുന്നതുപോലെ ഈ നാടോടികള്‍ നമ്മെ വിഴുങ്ങിക്കളയും. സിപ്പോറിന്റെ മകന് ബാലാക് ആയിരുന്നു അക്കാലത്തു മൊവാബ്യരുടെ രാജാവ്.5 അവന് അമാവിന്റെ ദേശത്തുയൂഫ്രട്ടീസ് തീരത്തുള്ള പെത്തോറിലേക്കു ദൂതനെ അയച്ച് ബയോറിന്റെ മകന് ബാലാമിനോടു പറഞ്ഞു: ഈജിപ്തില്‍നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരായി പാളയമടിച്ചിരിക്കുകയാണ്.6 അതിനാല്‍, നീ വന്ന് എനിക്കു കീഴടക്കാന്‍ സാധിക്കാത്ത ഈ ജനത്തെ ശപിക്കുക. എങ്കില്‍, അവരെ ഇവിടെനിന്നു തോല്പിച്ചോടിക്കാന് എനിക്കു സാധിച്ചേക്കും. നീ അനുഗ്രഹിക്കുന്നവന് അനുഗ്രഹിക്കപ്പെടുന്നു; നീ ശപിക്കുന്നവന് ശപിക്കപ്പെടുന്നു എന്ന് എനിക്കറിയാം.7 മൊവാബിലെയും മിദിയാനിലെയും പ്രമാണികള്‍ പ്രശ്നദക്ഷിണയുമായിയാത്രതിരിച്ചു. അവര്‍ ബാലാക്കിന്റെ സന്ദേശം ബാലാമിനെ അറിയിച്ചു.8 ബാലാം അവരോടു പറഞ്ഞു: ഈ രാത്രി ഇവിടെ താമസിക്കുക. ്കര്ത്താവിന്റെ അരുളപ്പാടനുസരിച്ചു ഞാന്‍ നിങ്ങള്‍ക്കു മറുപടി തരാം. അങ്ങനെ മൊവാബിലെ പ്രഭുക്കന്മാര് ബാലാമിനോടുകൂടെ താമസിച്ചു.9 ദൈവം ബാലാമിനു പ്രത്യക്ഷപ്പെട്ടു ചോദിച്ചു: നിന്റെ കൂടെയുള്ള ഈ മനുഷ്യര്‍ ആരാണ്?10 ബാലാം ദൈവത്തോടു പറഞ്ഞു: മൊവാബ് രാജാവായ സിപ്പോറിന്റെ മകന് ബാലാക് അയച്ചവരാണിവര്‍.11 അവര്‍ പറയുന്നു: ഈജിപ്തില്‍നിന്ന് ഒരു ജനത വന്നു ഭൂമുഖം മൂടിയിരിക്കുന്നു. നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. എങ്കില്‍, യുദ്ധത്തില്‍ അവരെ തോല്പിച്ചോടിക്കാന് എനിക്കു കഴിഞ്ഞേക്കും.12 ദൈവം ബാലാമിനോട് അരുളിച്ചെയ്തു: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയുമരുത്. എന്തെന്നാല്‍ അവര്‍ അനുഗൃഹീതരാണ്.13 ബാലാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു പറഞ്ഞു: നിങ്ങള്‍ സ്വദേശത്തേക്കു മടങ്ങിപ്പോകുവിന്‍. ഞാന്‍ നിങ്ങളുടെ കൂടെ വരുന്നതു കര്‍ത്താവു നിരോധിച്ചിരിക്കുന്നു.14 മൊവാബു പ്രഭുക്കന്മാര് തിരിച്ചുചെന്നു കൂടെപ്പോരുവാന്‍ ബാലാം വിസമ്മതിക്കുന്നു എന്നു ബാലാക്കിനെ അറിയിച്ചു15 ബാലാക് വീണ്ടും അവരെക്കാള്‍ ബഹുമാന്യരായ കൂടുതല്‍ പ്രഭുക്കന്മാരെ അയച്ചു.16 അവര്‍ ബാലാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു, സിപ്പോറിന്റെ മകന് ബാലാക് അപേക്ഷിക്കുന്നു: ഒരു കാരണവശാലും എന്റെയടുക്കല്‍ വരാതിരിക്കരുത്.17 ഞാന്‍ നിനക്കു ബഹുമതികള്‍ നല്‍കാം; നീ എന്തു പറഞ്ഞാലും ഞാന്‍ ചെയ്തുതരാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.18 ബാലാക്കിന്റെ സേവകരോടു ബാലാം പറഞ്ഞു: ബാലാക് തന്റെ വീടു നിറയെ വെള്ളിയും സ്വര്‍ണവും എനിക്കു തന്നാലും എന്റെ ദൈവമായ കര്‍ത്താവു കല്പിക്കുന്നതില് കൂടുതലോകുറവോ ചെയ്യുക എനിക്കു സാധ്യമല്ല.19 ഈ രാത്രികൂടി നിങ്ങള്‍ ഇവിടെ താമസിക്കുവിന്‍. കര്‍ത്താവു കൂടുതലെന്തെങ്കിലും പറയുമോ എന്ന് അറിയട്ടെ.20 രാത്രിയില്‍ ദൈവം ബാലാമിനോടു പറഞ്ഞു: ആ മനുഷ്യര്‍ നിന്നെ വിളിക്കാന്‍ വന്നിരിക്കുന്നെങ്കില്‍ എഴുന്നേറ്റ് അവരോടൊപ്പം പോകുക. എന്നാല്‍, ഞാന്‍ ആജ്ഞാപിക്കുന്നതു മാത്രമേ ചെയ്യാവൂ.
ബാലാമിന്റെ കഴുത
21 ബാലാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ടു മൊവാബിലെ പ്രഭുക്കന്മാരോടൊപ്പം പുറപ്പെട്ടു.22 അവന് പോയതുകൊണ്ട് ദൈവത്തിന്റെ കോപം ജ്വലിച്ചു. കര്‍ത്താവിന്റെ ദൂതന് വഴിയില്‍ അവനെതിരേ നിന്നു. കഴുതപ്പുറത്തു സഞ്ചരിച്ചിരുന്ന ബാലാമിന്റെ കൂടെ രണ്ടു ഭൃത്യന്മാരുണ്ടായിരുന്നു.23 കര്‍ത്താവിന്റെ ദൂതന് ഊരിയ വാളുമായി വഴിയില്‍ നില്ക്കുന്നതു കണ്ട് കഴുത വയലിലേക്കു ചാടി. വഴിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ബാലാം അതിനെ അടിച്ചു.24 അപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍മുന്തിരിത്തോട്ടത്തില്‍ ഇരുവശവും മതിലുള്ള ഇടുങ്ങിയ വഴിയില്‍ നിന്നു.25 കര്‍ത്താവിന്റെ ദൂതനെക്കണ്ട് കഴുത മതിലിനോടുചേര്‍ന്ന് ഒതുങ്ങി. ബാലാമിന്റെ കാല് മതിലില്‍ ഉരഞ്ഞു. അവന് കഴുതയെ വീണ്ടും അടിച്ചു.26 കര്‍ത്താവിന്റെ ദൂതന്‍മുമ്പോട്ടു പോയി ഇടം വലം തിരിയാന്‍ ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലത്തു നിന്നു.27 ദൂതനെ കണ്ടപ്പോള്‍ കഴുത കിടന്നുകളഞ്ഞു. ബാലാമിന്റെ കോപം ജ്വലിച്ചു. അവന് വടികൊണ്ട് കഴുതയെ അടിച്ചു.28 അപ്പോള്‍ കര്‍ത്താവു കഴുതയ്ക്കു സംസാരശക്തി നല്കി. മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്തു ദ്രോഹം ചെയ്തു, എന്ന് അതു ബാലാമിനോടു ചോദിച്ചു.29 ബാലാം കഴുതയോടു പറഞ്ഞു: നീ എന്നെ അവഹേളിച്ചു; വാളുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയുമായിരുന്നു.30 കഴുത ബാലാമിനോടു ചോദിച്ചു: ഇന്നുവരെ നീ സഞ്ചരിച്ചിരുന്ന നിന്റെ കഴുതയല്ലേ ഞാന്‍ ? ഇതിനുമുമ്പ് ഒരിക്കലെങ്കിലും ഞാന്‍ നിന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഇല്ല; ബാലാം സമ്മതിച്ചു.31 അപ്പോള്‍ കര്‍ത്താവു ബാലാമിന്റെ കണ്ണുകള്‍ തുറന്നു. ഊരിയവാളേന്തി വഴിയില്‍ നില്ക്കുന്ന കര്‍ത്താവിന്റെ ദൂതനെ കണ്ട് അവന് കമിഴ്ന്നു വീണു.32 കര്‍ത്താവിന്റെ ദൂതന് ബാലാമിനോടു പറഞ്ഞു: കഴുതയെ മൂന്നു പ്രാവശ്യം അടിച്ചതെന്തിന്? നിന്റെ യാത്ര വിവേകശൂന്യമാകയാല്‍ നിന്നെതടയാന്‍ ഞാന്‍ വന്നിരിക്കുന്നു.33 ഈ മൂന്നു പ്രാവശ്യവും കഴുത എന്നെ കണ്ടാണ് തിരിഞ്ഞു പോയത്. അങ്ങനെ വഴിമാറിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ കൊല്ലുകയും അതിനെ വെറുതെ വിടുകയുംചെയ്യുമായിരുന്നു.34 അപ്പോള്‍ ബാലാം കര്‍ത്താവിന്റെ ദൂതനോടു പറഞ്ഞു: ഞാന്‍ പാപം ചെയ്തുപോയി; അങ്ങ് എനിക്കെതിരേ വഴിയില്‍ നിന്നതു ഞാന്‍ അറിഞ്ഞില്ല. ഇത് അങ്ങയുടെ ദൃഷ്ടിയില് തിന്മയെങ്കില് ഞാന്‍ തിരിച്ചു പൊയ്ക്കൊള്ളാം.35 കര്‍ത്താവിന്റെ ദൂതന് ബാലാമിനോടു പറഞ്ഞു: ഇവരുടെ കൂടെ പൊയ്ക്കൊള്ളുക; എന്നാല്‍, ഞാന്‍ നിന്നോടു പറയുന്ന വചനം മാത്രമേ നീ പറയാവൂ. ബാലാക്കിന്റെ പ്രഭുക്കന്മാരുടെ കൂടെ ബാലാം പോയി.36 ബാലാം വരുന്നു എന്നു കേട്ടു ബാലാക് അവനെ എതിരേല്ക്കാന് രാജ്യത്തിന്റെ അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള അര്‍നോ ണ് നദീതീരത്തു സ്ഥിതിചെയ്യുന്ന ഈര്‍മൊവാബുവരെ ചെന്നു.37 ബാലാക് ബാലാമിനോടു ചോദിച്ചു: നിന്നെ വിളിക്കാന്‍ ഞാന്‍ ആളയച്ചില്ലേ? എന്താണ് വരാതിരുന്നത്? നിനക്കുചിതമായ ബഹുമതി നല്കാന് എനിക്കു കഴിവില്ലെന്നോ?38 ബാലാം ബാലാക്കിനോടു പറഞ്ഞു: ഇതാ ഞാന്‍ വന്നല്ലോ. എന്നാല്‍, സ്വന്തമായി എന്തെങ്കിലും പറയാന്‍ എനിക്കു കഴിവുണ്ടോ? ദൈവം തോന്നിക്കുന്ന വചനമാണ് എനിക്കു പറയാനുളളത്.39 ബാലാം ബാലാക്കുമൊത്ത് കിരിയാത്ത് ഹൂസോത്തില്‍ ചെന്നു.40 ബാലാക് കാളകളെയും ആടുകളെയും ബലികഴിച്ച് ബാലാമിനും കൂടെയുണ്ടായിരുന്ന പ്രഭുക്കന്മാര്ക്കും അതില്‍നിന്നു കൊടുത്തയച്ചു.41 പിറ്റേന്നു ബാലാക് ബാലാമിനെ ബാമോത്ത്ബാല്‍ എന്ന പൂജാഗിരിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് അവന് ഇസ്രായേല്‍ പാളയത്തിന്റെ ഇങ്ങേയറ്റം കണ്ടു.
The Book of Numbers | സംഖ്യ | Malayalam Bible | POC Translation



Categories: POC Malayalam Bible