സംഖ്യാപുസ്തകം, അദ്ധ്യായം 27
പുത്രിമാരുടെ അവകാശം
1 ജോസഫിന്റെ മകന് മനാസ്സെ; അവന്റെ മകന് മാഖീര്‍. മാഖീര്‍ ഗിലയാദിന്റെയും ഗിലയാദ് ഹേഫെറിന്റെയും പിതാക്കന്മാര്. ഹേഫെറിന്റെ മകന് സെലോഫ ഹാദ്. അവന്റെ പുത്രിമാരായ മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സാ എന്നിവര്‍ മുന്നോട്ടു വന്നു.2 അവര്‍ സമാഗമകൂടാരവാതില്‍ക്കല്‍, മോശയുടെയും പുരോഹിതന് എലെയാസറിന്റെയും ജനപ്രമാണികളുടെയും സമൂഹം മുഴുവന്റെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു :3 ഞങ്ങളുടെ പിതാവ് മരുഭൂ മിയില്‍ വച്ചു മരിച്ചു. അവന് കോറഹിനോടൊത്തു കര്‍ത്താവിനെതിരായി ഒന്നിച്ചവരുടെ കൂട്ടത്തില്‍ ഇല്ലായിരുന്നു. സ്വന്തം പാപം നിമിത്തമാണ് അവന് മരിച്ചത്; അവനു പുത്രന്മാരില്ലായിരുന്നു.4 പുത്രനില്ലാത്തതിനാല്‍ ഞങ്ങളുടെ പിതാവിന്റെ നാമം ഇസ്രായേലില്‍ നിര്‍മൂലമായിപ്പോകുന്നതെ ന്തിന്? അവന്റെ സഹോദരന്മാരുടെയിടയില് ഞങ്ങള്‍ക്കും അവകാശം നല്‍കുക.5 മോശ അവരുടെ കാര്യം കര്‍ത്താവിന്റെ സന്നിധിയില്‍ ഉണര്‍ത്തിച്ചു.6 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :7 സെലോഫ ഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയില്‍ ഒരോഹരി അവര്‍ക്കും നല്‍കണം. അങ്ങനെ അവരുടെ പിതാവിന്റെ അവകാശം അവര്‍ക്കു ലഭിക്കട്ടെ.8 നീ ഇസ്രായേല്യരോട് ഇപ്രകാരം പറയണം: ആരെങ്കിലും പുത്രനില്ലാതെ മരിച്ചാല്‍, അവകാശം പുത്രിക്കു കൊടുക്കണം.9 പുത്രിയുമില്ലെങ്കില്‍ അവകാശം സഹോദരന്മാര്ക്കു കൊടുക്കണം.10 സഹോദരന്മാരുമില്ലെങ്കില് പിതൃസഹോദരന്മാര്ക്കു കൊടുക്കണം. പിതൃസഹോദരന്മാരുമില്ലെങ്കില് നിങ്ങള്‍ അവന്റെ അവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ബന്ധുവിനു കൊടുക്കണം.11 കര്‍ത്താവു മോശയ്ക്കു നല്കിയ ഈ കല്പന ഇസ്രായേല്‍ ജനത്തിനു നിയമവും ചട്ടവുമായിരിക്കും.12 അനന്തരം, കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: അബാറിം മലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ ജനത്തിനു കൊടുത്തിരിക്കുന്ന ദേശം കാണുക.13 അതു കണ്ടുകഴിയുമ്പോള്‍ നീയും നിന്റെ സഹോദരന് അഹറോനെപ്പോലെ പിതാക്കന്മാരോടു ചേരും.14 സിന്‍മരുഭൂമിയില്‍ കാദെഷിലെ മെരീബാ ജലാശയത്തിനടുത്തുവച്ചു ജനം കലഹമുണ്ടാക്കിയപ്പോള്‍ അവരുടെ മുമ്പില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യം നല്‍കാതെ നീ എന്റെ കല്പന ലംഘിച്ചു.15 മോശ കര്‍ത്താവിനോട് അപേക്ഷിച്ചു :16 അവിടുത്തെ ജനം ഇടയനില്ലാത്ത അടുകളെപ്പോലെ ആയിപ്പോകാതെ,17 എല്ലാ കാര്യങ്ങളിലും അവരെ നയിക്കാന്‍ സകല ജീവന്റെയും ദൈവമായ കര്‍ത്താവ് ഒരാളെ സമൂഹത്തിന്റെ മേല്‍ നിയമിക്കാന്‍ തിരുവുള്ളമാകട്ടെ!18 കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: നൂനിന്റെ മകനും ആത്മാവു കുടികൊള്ളുന്നവനു മായ ജോഷ്വയെ വിളിച്ച് അവന്റെ മേല്‍ നിന്റെ കൈവയ്ക്കുക.19 പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പില്‍ നിര്‍ത്തി അവര്‍ കാണ്‍കെ നീ അവനെ നിയോഗിക്കുക.20 ഇസ്രായേല്‍ജനം അവനെ അനുസരിക്കേണ്ടതിനു നിന്റെ അധികാരം അവനു നല്‍കുക.21 അവന് പുരോഹിതനായ എലെയാസറിന്റെ മുമ്പില്‍ നില്‍ക്കണം. എലെയാസര്‍ അവനുവേണ്ടി ഉറീം വഴി കര്‍ത്താവിന്റെ തീരുമാനം അന്വേഷിച്ചറിയണം. ഇസ്രായേല്‍ജനം എല്ലാ കാര്യങ്ങളിലും ജോഷ്വയുടെ നേതൃത്വത്തിനു വഴങ്ങണം.22 കര്‍ത്താവു കല്പിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. അവന് ജോഷ്വയെ വിളിച്ചു പുരോഹിതനായ എലെയാസറിന്റെയും സമൂഹത്തിന്റെയും മുമ്പാകെ നിര്‍ത്തി. അവന്റെ മേല്‍ കൈവച്ചു കര്‍ത്താവു കല്പിച്ചതുപോലെ അവനെ നിയോഗിക്കുകയും ചെയ്തു.
The Book of Numbers | സംഖ്യ | Malayalam Bible | POC Translation



Categories: POC Malayalam Bible