സംഖ്യാപുസ്തകം, അദ്ധ്യായം 36
വിവാഹിതയുടെ അവകാശം
1 ജോസഫിന്റെ ഗോത്രത്തില്‍ മനാസ്സെയുടെ മകനായ മാഖീറിന്റെ മകന്‍ ഗിലയാദിന്റെ കുടുംബത്തലവന്‍മാര്‍ മോശയുടെയും ഇസ്രായേലിലെ ഗോത്രപ്രമാണികളായ ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ വന്നു പറഞ്ഞു :2 ഇസ്രായേല്‍ജനത്തിനു ദേശം കുറിയിട്ട് അവകാശമായി കൊടുക്കാന്‍ കര്‍ത്താവ് അങ്ങയോടു കല്‍പിച്ചല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവ കാശം അവന്റെ പുത്രിമാര്‍ക്കു കൊടുക്കാനും കര്‍ത്താവ് അങ്ങയോടു കല്‍പിച്ചു:3 എന്നാല്‍, അവര്‍ ഇസ്രായേലിലെ മറ്റു ഗോത്രങ്ങളില്‍ പെട്ടവരുമായി വിവാഹിതരായാല്‍ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്‍മാരുടെ അവകാശത്തില്‍നിന്നു കൈമാറി അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരും. അങ്ങനെ അതു ഞങ്ങളുടെ അവകാശത്തില്‍നിന്നു നീക്കംചെയ്യപ്പെടും.4 ഇസ്രായേല്‍ജനത്തിന്റെ ജൂബിലി വരുമ്പോള്‍ അവരുടെ ഓഹരി അവര്‍ ബന്ധപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നു വിട്ടുപോവുകയും ചെയ്യും.5 കര്‍ത്താവിന്റെ വചനപ്രകാരം മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ജോസഫിന്റെ പുത്രന്‍മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.6 കര്‍ത്താവു സെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്‍പിക്കുന്നത് ഇതാണ്: തങ്ങള്‍ക്കിഷ്ടമുള്ളവരുമായി അവര്‍ക്കു വിവാഹബന്ധമാകാം. എന്നാല്‍, അതു തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബങ്ങളില്‍നിന്നു മാത്രമായിരിക്കണം.7 ഇസ്രായേല്‍ ജനത്തിന്റെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറ്റരുത്; ഇസ്രായേല്യരില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ബന്ധപ്പെട്ടിരിക്കണം.8 ഇസ്രായേല്‍ജനത്തില്‍ ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ അവകാശം നിലനിര്‍ത്തേണ്ടതിന് ഇസ്രായേല്‍ജനത്തിന്റെ ഏതെങ്കിലും ഗോത്രത്തില്‍ അവകാശമുള്ള സ്ത്രീ സ്വന്തം പിതൃഗോത്രത്തിലെ കുടുംബത്തില്‍ ഒരാളുടെ ഭാര്യയാകണം.9 അങ്ങനെ ചെയ്താല്‍, അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊന്നിലേക്കു മാറുകയില്ല. ഇസ്രായേല്‍ജനത്തിന്റെ ഗോത്രങ്ങളില്‍ ഓരോന്നും സ്വന്തം അവകാശത്തോടു ബന്ധപ്പെട്ടിരിക്കും.10 സെലോഫഹാദിന്റെ പുത്രിമാര്‍ കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ ചെയ്തു.11 മഹ്‌ലാ, തിര്‍സാ, ഹൊഗ്‌ലാ, മില്‍ക്കാ, നോവാ എന്നിവരായിരുന്നു സെലോഫഹാദിന്റെ പുത്രിമാര്‍. അവര്‍ തങ്ങളുടെ പിതൃസഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കു ഭാര്യമാരായി.12 ജോസഫിന്റെ മകനായ മനാസ്സെയുടെ പുത്രന്‍മാരുടെ കുടുംബങ്ങളില്‍ത്തന്നെ അവര്‍ വിവാഹിതരാവുകയും അവരുടെ ഓഹരി പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍ത്തന്നെ നിലനില്‍ക്കുകയും ചെയ്തു.13 ഇവയാണ് ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാനു സമീപം, മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശ വഴി ഇസ്രായേല്‍ജനത്തിനു നല്‍കിയ നിയമങ്ങളും ചട്ടങ്ങളും.
The Book of Numbers | സംഖ്യ | Malayalam Bible | POC Translation


