ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം

ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം:

ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒന്നര മണിക്കൂർ ഫ്ലൈറ്റ് ദൂരം ഉണ്ട് ഞങ്ങൾ തമ്മിൽ (ഒരാൾ തെക്കൻ ഇറ്റലിയിലും മറ്റൊരാൾ വടക്കൻ ഇറ്റലിയിലും). റോം കാണാൻ ആഗ്രഹം അവർക്ക് ഉണ്ടായിരുന്നതിനാൽ 2019 മെയ് മാസത്തിൽ ഞാൻ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം ഒക്കെ ഒന്ന് കറങ്ങി കാണിക്കാം എന്നും നേരത്തെ പ്ലാൻ ചെയ്തിരുന്നു.

സോളിയുടെയും ഭർത്താവ് ബൈജുവിൻ്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമിൽ വരുമ്പോൾ പാപ്പായെ കൊണ്ട് ക്യാരയുടെ തലയ്ക്ക് ഒന്ന് പിടിപ്പിക്കണം എന്ന്… അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാൽ ഞാൻ ആ സ്വപ്നം മുളയിലെ തന്നെ ഒന്ന് നുള്ളാൻ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല… അവസാനം ഞാൻ മാക്സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങൾ നന്നായി പ്രാർത്ഥിച്ച് ഒരുങ്ങി വേണം വരാൻ എന്ന് ഞാൻ നിർദേശിച്ചു. പാപ്പ തലയ്ക്കു പിടിച്ചാൽ ക്യാരമോൾ സംസാരിച്ച് തുടങ്ങും എന്നാണ് അവർ വിശ്വസിച്ചിരുന്നത്.

വത്തിക്കാനിൽ ബുധനാഴ്ചകളിൽ മാർപാപ്പ നടത്താറുള്ള പൊതു കൂടിക്കാഴ്ച്ചയുടെ ടിക്കറ്റ് ഒക്കെ സംഘടിപ്പിച്ച് എങ്ങനെ എങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാൻ വേണ്ടി ഞാൻ യൂറ്റ്യൂബിൽ വത്തിക്കാൻ ന്യൂസിൻ്റെ വീഡിയോകൾ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാർപാപ്പ വിശ്വാസികളുടെ ഇടയിൽ കൂടി ആശീർവാദം നൽകാനായി കടന്ന് പോകാറുണ്ട്. ആ വഴികൾ ഒക്കെ മനസിലാക്കി ബുധനാഴ്ച്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് 3 മണിക്കൂർ ക്യൂ നിന്ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറിനുള്ളിൽ കയറാനുള്ള പരിശോധനകൾ എല്ലാം നടത്തി (എയർപോർട്ടിൽ നടത്തുന്ന ശൈലിയിലുള്ള പരിശോധനകൾ).

ഞാൻ പറഞ്ഞതനുസരിച്ച് സോളി ക്യാര മോളെ വെള്ള വസ്ത്രം ഒക്കെ ധരിപ്പിച്ച് തലയിൽ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൻ്റെ മുൻനിരയിൽ നിൽക്കാൻ അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികൾ ഒന്നിക്കുന്ന ഒരു മൂലയിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ഏകദേശം 8. 45 ആയപ്പോൾ ഫ്രാൻസിസ് പാപ്പാ വിശ്വാസികളുടെ ഇടയിൽ കൂടി കടന്നുവന്നുകൊണ്ടിരുന്നു. ചെറിയ ചാറ്റൽ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാര മോളുടെ ജാക്കറ്റ് ഊരി. ഫ്രാൻസിസ് പാപ്പ അടുത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ക്യാരയെ കൈകളിൽ എടുത്ത് മാർപാപ്പയുടെ ബോഡി ഗാർഡിന് നേരെ നീട്ടി… ദൈവാനുഗ്രഹത്താൽ പാപ്പാ മൊബൈൽ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാർഡ് ക്യാര മോളെ വാങ്ങി ഫ്രാൻസിസ് പാപ്പായുടെ നേരെ നീട്ടി. മാർപാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയിൽ ഒരു ചുംബനം നിൽകി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാര മോളും കൗതുകത്തോടെ ഫ്രാൻസിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു, വിശ്വസിക്കാൻ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം.

സോളിയുടെ മൂത്തകുട്ടി അലനും സുഹൃത്തായ മറ്റൊരു കൊച്ചു കുട്ടിയും ആറും നാലും വയസ് ഉണ്ടായിരുതിനാൽ തിരക്കിനിടയിൽ എടുത്തുയർത്താൻ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോൾ ഒരു വിഫല ശ്രമം ഞങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാൾക്ക് എങ്കിലും പാപ്പായുടെ ആശീർവാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി…

ഇനിയാണ് ക്ലൈമാക്സ് വരുന്നത്. ക്യാരയെ മാർപാപ്പ ആശീർവദിച്ച സന്തോഷത്തിൽ കോൺവെൻ്റിൽ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ക്യാരയുടെ വക “അമ്മേ” എന്നുള്ള വിളി. എല്ലാവരും അത്ഭുതം കൂറി… ഏകദേശം 11 മാസം ആയിട്ടും കമാന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര ‘അമ്മേ… അപ്പാ’ എന്നൊക്കെ പറയാൻ തുടങ്ങി. തീർച്ചയായും ഫ്രാൻസിസ് പാപ്പായുടെ ആശീർവാദം ശരിക്ക് അങ്ങ് ഏറ്റു… അന്നു മുതൽ ഇന്ന് വരെ ക്യാരമോളുടെ വാ അടപ്പിക്കാൻ പാടുപെടുകയാണ് എൻ്റെ സഹോദരി സോളി…😆

✍🏽 സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s