ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?

ബില്ലി ഗ്രഹാമിനെ മറന്നിട്ടില്ലല്ലോ അല്ലെ ? പാർക്കിൻസൻസ് രോഗമുണ്ടായിരുന്ന അദ്ദേഹത്തിന്റെ 93-ആം ജന്മദിനത്തിന് ഒരു മാസം ശേഷിച്ചിരിക്കെ , നോർത്ത് കരോളൈനയിലെ ഷാർലട്ടിലുള്ള നേതാക്കൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.

തൻറെ രോഗത്തിന്റെ പ്രത്യേകതകൾ കൊണ്ട് ക്ഷണം സ്വീകരിക്കാൻ ബില്ലി ഗ്രഹാം ഒന്ന് മടിച്ചു. പക്ഷെ , ‘നീണ്ട പ്രസംഗമൊന്നും വേണ്ട , വെറുതെ ഒന്ന് വന്ന് ഞങ്ങളുടെ ആദരം സ്വീകരിച്ചു വേഗം പോകാമെന്നു’ ക്ഷണിച്ചവർ പറഞ്ഞപ്പോൾ അവസാനം അദ്ദേഹം സമ്മതിച്ചു.

പരിപാടിയിൽ ബില്ലി ഗ്രഹാമിനെ പ്രശംസിച്ച് ഏറെപ്പേർ പ്രസംഗിച്ചു. അവസാനം ഡോ. ഗ്രഹാം പ്രസംഗിക്കാനായി എണീറ്റു, ജനക്കൂട്ടത്തെ ആകമാനം ഒന്ന് നോക്കി , എന്നിട്ട് പറഞ്ഞു:

“ഈ നൂറ്റാണ്ടിന്റെ മനുഷ്യനായി ടൈം മാഗസിൻ ഈ മാസം ആദരിച്ച മഹാനായ ഭൗതികശാസ്ത്രജ്ഞൻ ആൽബെർട്ട് ഐൻസ്റ്റീനെ ഞാനിപ്പോൾ ഓർത്തുപോവുകയാണ് . അദ്ദേഹം പ്രിൻസ്റ്റണിൽ നിന്ന് ഒരു ദിവസം ട്രെയിനിൽ പോവുകയായിരുന്നു. എല്ലാവരുടെയും ടിക്കറ്റ് പഞ്ച് ചെയ്യാനായി കണ്ടക്ടർ വന്നു . ഐൻസ്റ്റീന്റെ അടുത്ത് വന്നപ്പോൾ അദ്ദേഹം തൻറെ പോക്കറ്റിൽ ടിക്കറ്റ് തപ്പി. ശേഷം എല്ലായിടത്തും തപ്പലോട് തപ്പൽ. ബ്രീഫ്‌കേസിലും നോക്കി. ടിക്കറ്റ് കാണാനില്ല.നഷ്ടപ്പെട്ടിരിക്കുന്നു.

കണ്ടക്ടർ പറഞ്ഞു , “Dr . ഐൻസ്റ്റീൻ, എനിക്ക് താങ്കളെ അറിയാം. ഞങ്ങളെല്ലാവർക്കുമറിയാം. നിങ്ങൾ ടിക്കറ്റെടുത്തിരിക്കുമെന്ന് എനിക്കുറപ്പാണ് . അതുകൊണ്ട് സാരമില്ല”.

ഐൻസ്റ്റീൻ നന്ദി പറയുംപോലെ ഒന്ന് മൂളി. കണ്ടക്ടർ ബാക്കിയുള്ളവരുടെ ടിക്കറ്റ് നോക്കിക്കഴിഞ്ഞ് അവിടെ നിന്ന് പോകാൻ നേരം തിരിഞ്ഞുനോക്കിയപ്പോൾ ഐൻസ്റ്റീൻ അപ്പോഴും മുട്ടുകുത്തികൊണ്ട് സീറ്റിനടിയിൽ കൈകൊണ്ട് തപ്പിക്കൊണ്ടിരിക്കാണ് . കണ്ടക്ടർ ഓടി അടുത്തുവന്ന് പറഞ്ഞു , “ഡോ.ഐൻസ്റ്റീൻ , ഡോ.ഐൻസ്റ്റീൻ ! വിഷമിക്കണ്ടെന്നേ , എനിക്ക് താങ്കളെ അറിയാം . പ്രശ്നമില്ല , ടിക്കറ്റ് വേണ്ട , നിങ്ങൾ അത് വാങ്ങിച്ചിരിക്കുമെന്നെനിക്കുറപ്പാണ് “.

ഐൻസ്റ്റീൻ അയാളെ ഒന്ന് നോക്കിയിട്ട് പറഞ്ഞു, ” മോനെ , എനിക്കും അറിയാം ഞാൻ ആരാണെന്ന് . പക്ഷെ അറിയാത്തത് എങ്ങോട്ടാണ് എനിക്ക് പോകേണ്ടതെന്നാണ് . അതിനാണ് ഞാൻ ടിക്കറ്റ് തപ്പുന്നത് ! “

അതുപറഞ്ഞിട്ട് ബില്ലി ഗ്രഹാം തുടർന്നു , ” ഞാൻ ധരിച്ചിരിക്കുന്ന സ്യൂട്ട് കണ്ടോ ? ഇത് പുതിയതാണ്. എന്റെ മക്കളും കൊച്ചുമക്കളും പറയുന്നത് വയസ്സായപ്പോ ഞാൻ കൊറച്ചു ഉഴപ്പനായെന്നാ . മുൻപ് ഇതിലും നന്നായി കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് ,ഞാൻ പുറത്തുപോയി ഇന്നത്തേതിനും മറ്റൊരു ചടങ്ങിനുമായി ഈ സ്യൂട്ട് മേടിച്ചു. ആ ചടങ്ങ് ഏതായിരിക്കുമെന്ന് നിങ്ങൾക്കറിയാമോ ? ഞാൻ മരിക്കുമ്പോൾ ഇത് ധരിച്ചായിരിക്കും എന്നെ കല്ലറയിൽ അടക്കുന്നത് . പക്ഷെ ഞാൻ മരിച്ചെന്ന് നിങ്ങൾ കേൾക്കുമ്പോൾ എന്റെ സ്യൂട്ടിനെപ്പറ്റി ആയിരിക്കരുത് നിങ്ങൾ ഉടനടി ചിന്തിക്കുന്നത്. ഇതാണ് നിങ്ങൾ എന്നെപ്പറ്റി ഓർക്കേണ്ടത് :

ഞാനാരാണെന്ന് മാത്രമല്ല , ഞാനെവിടേക്ക് പോകുന്നെന്നും എനിക്ക് നന്നായി അറിയാം ” എന്ന് .

ദൈവമില്ലാത്ത ജീവിതം മൂർച്ച കൂട്ടാത്ത പെൻസിൽ പോലെയാണ് . It has no point !

നമ്മുടെ ടിക്കറ്റും ഒരിക്കൽ പഞ്ച് ആകും , എങ്ങോട്ടാണ് പോകുന്നതെന്ന് ആലോചിച്ചു അപ്പോൾ വെപ്രാളപ്പെടാതിരിക്കാൻ ഇപ്പോഴേ ആലോചിക്കാം അല്ലെ നമ്മൾ ആരാണെന്നും എങ്ങോട്ടാണ് എത്താൻ പോകുന്നതെന്നും ?

ജിൽസ ജോയ് ✍️

Advertisements
Billy Graham
Advertisements

One thought on “ബില്ലി ഗ്രഹാം: എവിടേക്കാണ് പോകുന്നേ സുഹൃത്തേ?

Leave a reply to Nelson Cancel reply