All are called to Holiness: വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ

ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?”

അദ്ദേഹം മറുപടി പറഞ്ഞു : ” നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും .. കഴിയണം..എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ ? അല്ലെങ്കിൽ , ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും ബാങ്ക് നോക്കി നടത്തുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നവർക്കും നിലം ഉഴുതുമറിക്കുന്നവർക്കും തോളിൽ ചുമട് വെച്ചു പോകുന്നവർക്കുമെല്ലാം ? ശരി , ഇപ്പോൾ രണ്ടാം വത്തിക്കാൻ കൗൺസിൽ അത് വ്യക്തമായി പറഞ്ഞു, പക്ഷെ അന്ന് 1928ൽ ആർക്കും അതങ്ങനെ തോന്നിയില്ല . ഇപ്പോൾ മനസ്സിലായില്ലേ എനിക്ക് വട്ടാണെന്ന് പറയുന്നതിൽ കുറച്ചു കാര്യമുണ്ടായിരുന്നെന്ന് ?”

ആ വൈദികൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവ ഡി ബലഗർ ആയിരുന്നു. അദ്ദേഹം പറഞ്ഞു, ” ദൈവത്തെ സ്നേഹിക്കാനും അവനെ സേവിക്കാനും അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ട ആവശ്യമില്ല .ഒരാൾക്കും ഒഴിവില്ലാതെ എല്ലാവരോടും തൻറെ സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണനാകാനാണ് യേശു പറയുന്നത് . പരിപൂർണ്ണരാകുക എന്ന് പറയുന്നത്, അവരുടെ ജോലി വിശുദ്ധീകരിക്കപ്പെടുമ്പോൾ , അത് വഴി അവരും മറ്റുള്ളവരും വിശുദ്ധീകരിക്കപ്പെടുമ്പോൾ , അവരുടെ ജീവിതവഴികളിൽ ദൈവത്തെ കണ്ടുമുട്ടുമ്പോൾ ഒക്കെയാണ് “

ഒരിക്കൽ ജോസ്‌മരിയ നടന്നുപോകുമ്പോൾ , രണ്ടു തോട്ടക്കാരെ കണ്ട് അവരോടു പറഞ്ഞു, ” എത്ര മനോഹരമായാണ് നിങ്ങളീ ചെടികളെയും പൂക്കളെയും പരിപാലിക്കുന്നത് ! പറയൂ , ഏതിനാണ് കൂടുതൽ മൂല്യം ? നിങ്ങളുടെ പണിക്കാണോ അതോ ഗവൺമെന്റ് ജോലിയിലുള്ള ഉദ്യോഗസ്ഥന്റെയോ ?” അവർ മറുപടി പറയാൻ മടിച്ചതുകൊണ്ട് അദ്ദേഹം തന്നെ പറഞ്ഞു , ” നിങ്ങൾ എത്രമാത്രം ദൈവസ്നേഹം അതിൽ കാണിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും അതിന്റെ മൂല്യം. നിങ്ങളാണ് കൂടുതൽ സ്നേഹിക്കുന്നതെങ്കിൽ നിങ്ങളുടെ ജോലിക്കായിരിക്കും മൂല്യം കൂടുതൽ ! “

തൊഴിലിലെ ആത്മീയത കണ്ടെത്താൻ എല്ലാവരെയും സഹായിക്കുന്നതിൽ ഏറെ പങ്കുവഹിച്ച വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ തൻറെ കുടുംബസാഹചര്യങ്ങളിലാണ് അത് ആദ്യം അഭ്യസിച്ചത്. സ്‌പെയിനിലെ ബാർബസ്‌ട്രോയിൽ 1902, ജനുവരി 9ന് ആണ് ജോസ്‌മരിയ ജനിച്ചത് . അവന് 12 വയസ്സാകുന്നതിന് മുൻപേ അവൻറെ 3 സഹോദരിമാർ മരണമടഞ്ഞു. കാർമെൻ എന്നുപേരുള്ള ഒരു സഹോദരിയും സാന്റിയാഗോ എന്നുപേരുള്ള സഹോദരനും മാത്രം അവശേഷിച്ചു.

1915 ൽ പിതാവിന്റെ കച്ചവടത്തിൽ നഷ്ടമുണ്ടായി അവർക്ക് ലോഗ്‌രോണോയിലേക്ക് താമസം മാറേണ്ടി വന്നു. താഴ്ന്ന മേൽക്കൂരയുള്ള പൊട്ടിപൊളിഞ്ഞ ക്വാർട്ടേഴ്സിൽ അസഹ്യമായ ചൂടും തണുപ്പും കൊണ്ട് കഴിഞ്ഞു. പക്ഷെ അവരുടെ ക്രിസ്തീയ ആനന്ദത്തെയും അയൽക്കാർക്ക് ചെയ്തുകൊടുത്തിരുന്ന സഹായത്തേയും ഇല്ലാതാക്കാൻ ഒരു കഷ്ടപ്പാടിനും കെൽപ്പുണ്ടായില്ല. “ഒരു ക്രിസ്ത്യൻ കുടുംബത്തിൽ, വിശ്വാസം മാതൃകാപരമായി ജീവിച്ചു കാണിച്ച മാതാപിതാക്കളുടെ സന്താനമായി ജനിക്കാൻ കർത്താവെനിക്ക് കൃപ നൽകി” ജോസ്‌മരിയ പറഞ്ഞു .”ചെറുപ്പം തൊട്ടേ അവരെനിക്ക് ആവശ്യത്തിന് സ്വാതന്ത്യം തന്നു , പക്ഷെ എന്റെ മേൽ അവർക്ക് നല്ല ശ്രദ്ധയുണ്ടായിരുന്നു. 3 വയസ്സുള്ളപ്പോൾ കന്യാസ്തീകൾക്കും 7 വയസ്സുള്ളപ്പോൾ ബ്രദേഴ്സിനും എന്നെ അവർ വിശ്വസിച്ചേൽപിച്ചെങ്കിലും സ്‌കൂളിൽ പഠിച്ചതിനേക്കാൾ എന്നെ സ്വാധീനിച്ചത് എന്റെ മാതാപിതാക്കളുടെ ക്രിസ്തീയശിക്ഷണമായിരുന്നു”.

1917ന്റെ അവസാനത്തിൽ, നിഷ്പാദുകകർമ്മലസഭയിലെ ഒരാളുടെ കാൽപ്പാട് ജോസ്‌മരിയ മഞ്ഞിൽ കണ്ടു . നിഷ്പാദുകർ എന്നുപറഞ്ഞാൽ പാദരക്ഷ ഇല്ലാതെ നടക്കുന്നവർ . ഈശോയോടുള്ള സ്നേഹത്തെപ്രതി കടുത്ത മഞ്ഞിലും ചെരിപ്പില്ലാതെ നടക്കുന്ന സന്യാസിയുടെ എളിമ അവനിൽ വളരെ മതിപ്പുണ്ടാക്കി . അവന്റെ ആത്മാവിൽ അത് , ദൈവത്തിന് വേണ്ടിയുള്ള അടങ്ങാത്ത ദാഹവും ഭക്തിതീക്ഷ്ണതയും ഉളവാക്കി , അവസാനം ..ഒരു പുരോഹിതനായി തൻറെ ജീവിതം സംപൂർണ്ണമായി ദൈവത്തിന് അർപ്പിക്കാൻ അവൻ ആഗ്രഹിച്ചു.

1918ൽ ലൊഗ്രോണോയിലെ സെമിനാരിയിൽ ജോസ്‌മരിയ ദൈവശാസ്ത്രം പഠിക്കാൻ ആരംഭിച്ചു, 1920ൽ സരഗോസ്സയിലെ സെമിനാരിയിൽ പോയി . പുരോഹിതനായി അഭിഷിക്തനായത് ‌ 1925 ൽ. ആദ്യം ഇടവകയിൽ നിയമനം കിട്ടി. സിവിൽ നിയമത്തിൽ ഡോക്ടറേറ്റ് എടുക്കാനായി ബിഷപ്പിന്റെ അനുവാദത്തോടെ 1927ൽ മാഡ്രിഡിലേക്ക് പോയി. പാവങ്ങളുടെയിടയിലും രോഗികൾക്കായും പൗരോഹിത്യവേല തീക്ഷ്ണതയോടെ ചെയ്തുപോന്നു.

ഒക്ടോബർ 2, 1928ൽ ഒരു ആത്മനവീകരണ ധ്യാനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ , പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ‘ഓപസ് ദേയി’ സ്ഥാപിക്കാൻ ദൈവത്താൽ പ്രചോദിതനായി. സമൂഹത്തിലെ നാനാതുറകളിൽപെട്ട ആളുകൾക്കും സഭയിൽ വിശുദ്ധി പ്രാപ്യമാക്കുന്ന വഴിയാണ് അത്. ആ നിമിഷം മുതൽ ജീവിതാവസാനം വരേക്ക് ഈയൊരു ദൗത്യത്തിനായി അദ്ദേഹം സ്വയമർപ്പിച്ചു. മാഡ്രിഡിലെ ബിഷപ്പിൽ നിന്ന് ഇതിനായി പിന്തുണ ലഭിച്ചു.

ജോസ് മരിയയുടെ വാക്കുകളിൽ , ഓപസ് ദേയിയുടെ അർത്ഥമായ ‘God’s Work’ സൂചിപ്പിക്കുന്ന പോലെ, ദൈവത്തിന്റെ കൃപക്ക്‌ കീഴിൽ ഓരോ വ്യക്തിയും അവന്റെയോ അവളുടെയോ ജോലി വിശുദ്ധിയുള്ളതാക്കുന്നു. തിരുവചനത്തിലാണ് അതിന്റെ അടിസ്ഥാനം അദ്ദേഹം കണ്ടെത്തിയത്. “സൃഷ്ടിയുടെ ആരംഭം മുതൽ മനുഷ്യന് വേല ചെയ്യണമായിരുന്നു. ബൈബിൾ ഒന്നു തുറന്നാൽ , ആദ്യത്തെ പേജുകളിൽ കാണാം , മനുഷ്യനിൽ പാപം ഉടലെടുക്കുന്നതിന് മുൻപേ തന്നെ ദൈവം ആദത്തിനും അവന്റെ പിൻഗാമികൾക്കും വേണ്ടി സൃഷ്‌ടിച്ച മനോഹരമായ ലോകത്തിന് അവൻ ഉടയോനാവുകയും അതിനായി പണിയെടുക്കുകയും വേണമായിരുന്നു”. മനുഷ്യന് ജോലി ചെയ്യേണ്ടി വന്നത് ഉത്ഭവപാപം കൊണ്ടോ ആധുനികജീവിതത്തിന് ആവശ്യമായത് കൊണ്ടോ അല്ല , ദൈവം മനുഷ്യനെ ഏല്പിച്ച ഉജ്ജ്വലമായൊരു ഉത്തരവാദിത്വമാണത്.

“നിങ്ങള്‍ ചെയ്യുന്ന ജോലി ഒരു പ്രാർത്ഥനാസംവാദമാക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നോർക്കുക ! ജോലിയെ സമർപ്പിച്ചുകൊണ്ട് അതിൽ കൈ വെക്കുക , നിങ്ങളെ നോക്കിക്കൊണ്ട് , പ്രോത്സാഹിപ്പിച്ചുകൊണ്ട് ദൈവം അവിടെയുണ്ട്. നന്നായി ചെയ്യാനും നമ്മെതന്നെ ജയിക്കാനും ആവശ്യപ്പെട്ടുകൊണ്ട് അവൻ നമ്മെ നോക്കിയിരിപ്പുണ്ട് എന്ന ചിന്തയിൽ ഉത്തേജിക്കപ്പെട്ട് നമ്മുടെ പതിവുള്ള ജോലിയിൽ പൂർണ്ണമായി മുഴുകുമ്പോൾ ധ്യാനത്തിലായിരിക്കുന്ന ആത്‌മാവിന്റെ പൂർണ്ണതയിലാണ്‌ നമ്മളെത്തുന്നത് : ചെറിയ ത്യാഗങ്ങൾ ..നമുക്ക് ഇഷ്ടമല്ലാത്തവർക്ക് കൊടുക്കുന്ന ഒരു പുഞ്ചിരി , ഒട്ടും സുഖകരമല്ലാത്തതും കഠിനാദ്ധ്വാനം ആവശ്യമുള്ളതുമായ ജോലി സന്തോഷത്തോടെ ചെയ്യുന്നത്, ചെറിയ കാര്യങ്ങളിലും ശ്രദ്ധ വെക്കുന്നത് , ജോലിയുടെ പൂർത്തീകരണത്തിനായുള്ള അക്ഷീണപരിശ്രമം… എല്ലാം സ്വർഗ്ഗസ്ഥനായ പിതാവിനെ സന്തോഷിപ്പിക്കാനായി “.

കൺസള്‍ട്ടിങ്ങിനിടയിൽ എപ്പോഴും ദേഷ്യപ്പെടുമായിരുന്ന ഒരു ഡോക്ടർ ജോസ്‌മരിയയുടെ പ്രഭാഷണം കേട്ടതിനു ശേഷം ഓടിപ്പോയി ഭാര്യയോട് പറഞ്ഞു, “ഇപ്പോൾ മുതൽ, ഞാൻ ഓരോ രോഗിയെയും ചികിൽസിക്കാൻ പോകുന്നത്‌ എന്റെ മകനെയോ മകളെയോ എന്നപോലെയാണ്”

സ്പാനിഷ് ആഭ്യന്തരയുദ്ധം നടക്കുമ്പോൾ തൻറെ ജീവൻ അപകടത്തിലാക്കിയും വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ തൻറെ പൗരോഹിത്യമിനിസ്ട്രി തുടർന്നുകൊണ്ടുപോയി. പിരണീസ് പർവ്വതനിരകൾ കാൽനടയായി കടന്ന് അൻഡോറയിലെത്തിചേർന്നു. 1939 ൽ മാഡ്രിഡിലേക്ക് തിരിച്ചുവന്നു. ഓപസ് ദേയി അപ്പോഴേക്കും സ്‌പെയിനിൽ മുഴുവൻ വ്യാപിച്ചുതുടങ്ങി . 1943ൽ ‘വിശുദ്ധകുരിശിന്റെ വൈദികസമിതി’ ( Priestly society of the Holy Cross ) കൂടി ഓപസ് ദേയിയോട് ചേർന്ന്‌ രൂപീകരിച്ചു. അല്മായരെ അഭിഷേകം ചെയ്ത് മിഷൻ സേവനത്തിനായി അയക്കാൻ ഇതുപകാരപ്പെട്ടു. രൂപതയിലെ വൈദികർക്ക് മെത്രാന്മാരുടെ കീഴിൽ നിലനിൽക്കെ തന്നെ ഓപസ് ദേയിയുടെ ആത്മീയഫലങ്ങൾ അനുഭവിക്കുന്നതിനും ഇത് സഹായകമായി.

1946ൽ ജോസ്‌മരിയ റോമിലേക്ക് പോയി. പ്രിലേറ്റ് എന്ന് സംബോധന ചെയ്ത് മോൺസിഞ്ഞോർ പദവി അദ്ദേഹത്തിന് നൽകപ്പെട്ടു. 1950ൽ ഓപസ് ദേയിക്കും വിശുദ്ധ കുരിശ്ശിന്റെ വൈദികസമിതിക്കും പൊന്തിഫിക്കൽ അംഗീകാരം ലഭിച്ചു. (1982ൽ ജോൺപോൾ പാപ്പ അവക്ക് personal prelature അംഗീകാരം നൽകി).

പിന്നീടുള്ള വർഷങ്ങളിൽ ജോസ്‌മരിയ യൂറോപ്പിലും അമേരിക്കയിലും നീണ്ട അപ്പസ്തോലികയാത്രകൾ നടത്തി. മൂന്നായി സംഗ്രഹിച്ച അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ശ്രവിച്ചത് ആയിരക്കണക്കിന് ആളുകളാണ് .

“നിങ്ങളുടെ ജോലിയെ വിശുദ്ധീകരിക്കുക , ജോലിയിൽ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക , നിങ്ങളുടെ ജോലിയാൽ മറ്റുള്ളവരെ വിശുദ്ധീകരിക്കുക “.

ജോലിസംബന്ധമായ പ്രവൃത്തികളും പ്രാർത്ഥനാജീവിതവും അപ്പസ്തോലികദൗത്യവും ഒറ്റ ഒരു കാര്യത്തിലേക്ക് കേന്ദ്രീകരിക്കണമെന്നാണ് ജോസ്‌മരിയ നിർദ്ദേശിച്ചത് അങ്ങനെയാവുമ്പോൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങൾ പോലും ദൈവത്തിനുള്ള അർപ്പണം ആയിത്തീരും. The way , Christ is Passing by തുടങ്ങിയ ജോസ്മരിയയുടെ ആത്മീയപുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ ഏറെയുണ്ട് .

വഴി ( The Way) എന്ന പുസ്തകത്തിൽ ജോസ്‌മരിയക്ക് പരിശുദ്ധ അമ്മയോടുണ്ടായിരുന്ന അഗാധമായ ഭക്തി കാണാം. ഒരുവൻ യേശുവിലേക്ക്‌ പോകുന്നതും അവനിലേക്ക് തിരിച്ചുവരുന്നതും പരിശുദ്ധ അമ്മയിലൂടെയാണെന്ന് അതിൽ എഴുതിയിട്ടുണ്ട്. ബിഷപ്പ് ആൽവരോ , (അദ്ദേഹത്തിന്റെ പിൻഗാമിയായി ഓപസ് ദേയിയുടെ അടുത്ത തലവനായി വന്ന ആൾ ) പറഞ്ഞു, “കുറെ വർഷങ്ങൾക്ക് മുൻപ് ഞാനൊരിക്കൽ അദ്ദേഹത്തോട് ചോദിച്ചു, ഈശോയിലേക്ക് നമ്മൾ എപ്പോഴും മാതാവ് വഴി പോകുന്നെന്ന് പറഞ്ഞാൽ മനസ്സിലാകും, പക്ഷെ അവളിലൂടെ തിരിച്ചുവരുന്നെന്നും പറഞ്ഞ് ഇറ്റാലിക്സിൽ എഴുതിയതുകൊണ്ട് എന്താണ് അർത്ഥമാക്കിയത് ?” “അത് മോനെ” പിതാവ് പറഞ്ഞു , ” നിർഭാഗ്യവശാൽ പാപം വഴി ഒരു വ്യക്തി ദൈവത്തിൽ നിന്ന് അകന്നുപോയാൽ , അയാൾ പരിശുദ്ധ അമ്മയുടെ അടുത്തേക്ക് പോകുന്നു , അമ്മ അയാളെ ഒരിക്കൽക്കൂടി യേശുവിന്റെ പക്കലേക്ക് കൂട്ടികൊണ്ടുപോകുന്നു”.

ജോസ്‌മരിയയുടെ അമ്മ മരിയ ഡൊളോറസിന് പരിശുദ്ധ അമ്മയോട് വലിയ ഭക്തിയായിരുന്നു. മക്കളുടെ പേരെല്ലാം മാതാവിനോട് ബന്ധമുള്ളവയായിരുന്നു. കുട്ടിക്കാലത്ത് അസുഖം വന്ന്‌ മരണത്തിന്റെ വക്കിലെത്തിയ ജോസ്‌മരിയ എസ്ക്രീവ മാതാവിന്റെ മാധ്യസ്ഥം വഴിയാണ് തിരിച്ചു ജീവിതത്തിലേക്ക് വന്നതെന്ന് അവന്റെ അമ്മ വിശ്വസിച്ചിരുന്നു. സെമിനാരി പഠനസമയത്തെ ജോസ്‌മരിയയുടെ മരിയ ഭക്തി കാരണം മിസ്റ്റിക്കൽ റോസ് എന്നുവരെ സഹപാഠികൾ അവനെ കളിയാക്കി വിളിച്ചിരുന്നു.

ജൂൺ 26, 1975 ന് പെട്ടെന്നുണ്ടായ ഹാർട്ട് അറ്റാക്ക് വഴി ആണ് ജോസ്‌മരിയയുടെ ഈലോകജീവിതത്തിന് പരിസമാപ്തി ആയത്. ഓരോ വർഷവും ആയിരക്കണക്കിന് മനുഷ്യർ ഓപസ് ദേയിയുടെ പ്രീലാറ്റിക് പള്ളിയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരം കാണാനെത്തുന്നു.

പതിനേഴു വർഷങ്ങൾ കഴിയുമ്പോഴേക്ക് 1992 മെയ് 17 ന് ജോസ്‌മരിയ എസ്ക്രീവയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സെന്റ് പീറ്റേർസ് ചത്വരത്തിനും ഉൾകൊള്ളാൻ കഴിയാത്ത ജനക്കൂട്ടം അവിടെ നിറഞ്ഞുകവിഞ്ഞു. സ്പീക്കറുകളും ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷനുകളും കൊണ്ടാണ് തെരുവിൽ നിറഞ്ഞ ആളുകൾ ചടങ്ങ് വീക്ഷിച്ചത്.

പ്രസംഗത്തിനിടയിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, : “അദ്ദേഹത്തിന്റെ ആത്മീയ – അപ്പസ്തോലിക ജീവിതം , വിശ്വാസം വഴി യേശുവിൽ ദൈവമകനായി തന്നെത്തന്നെ അറിഞ്ഞ്, അതിൽ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഈ വിശ്വാസം കർത്താവിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെയും സുവിശേഷവൽക്കരണത്തിനുള്ള ത്വരയേയും പ്രലോഭനങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യുമ്പോൾ പോലും അനുഭവിച്ചിരുന്ന ആനന്ദത്തെയും പോഷിപ്പിച്ചു. ‘കുരിശ് ചുമക്കുന്നത് സന്തോഷവും ആനന്ദവും കണ്ടെത്താനാണ് ‘ എന്ന് അദ്ദേഹം നമ്മളോട് പറയുന്നു.

‘ക്രിസ്തുവിൽ ഒന്നാവാനും ക്രിസ്തു ആകാനും അങ്ങനെ ദൈവത്തിന്റെ കുഞ്ഞാവാനുമാണ് കുരിശ് വഹിക്കുന്നത് ‘ “.

“പ്രകൃത്യാതീതമായ അവബോധത്താൽ ജോസ്‌മരിയ വിശ്രമമില്ലാതെ വിശുദ്ധിക്കായുള്ള സാർവത്രിക, അപ്പസ്തോലിക വിളിയെപ്പറ്റി പ്രസംഗിച്ചു. ദൈനംദിന ജീവിതത്തിലെ യാഥാർത്ഥ്യങ്ങളിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ക്രിസ്തു എല്ലാവരെയും വിളിക്കുന്നു. അതുകൊണ്ട് യേശുവിന്റെ കൂടെ ഒന്നായി ജീവിക്കുമ്പോൾ ജോലിയും, വ്യക്തിപരവും അപ്പസ്തോലികവുമായ വിശുദ്ധിക്കുള്ള മാർഗ്ഗമാണ് “

ഒക്ടോബർ 6, 2002ൽ ജോൺപോൾ രണ്ടാമൻ പാപ്പയാൽ തന്നെ വിശുദ്ധവണക്കത്തിലേക്കുയർത്തപെട്ടു.

രണ്ടാം വത്തിക്കാൻ കൗൺസിലിലെ , ‘വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളി’ ക്ക് ആഹ്വാനം വരുന്നതിന് മുൻപേ തന്നെ അത് പഠിപ്പിക്കൽ തൻറെ ജീവിതദൗത്യമായെടുത്ത ഈ വിശുദ്ധന്റെ ശ്രമങ്ങൾ ഓർമ്മിച്ചുകൊണ്ട് , പ്രാർത്ഥനയും ജോലിയും ( അത് വീട്ടിലെ സാധാ പണികളായാലും പഠിത്തം ആണെങ്കിലും എന്താണെങ്കിലും) ദൈവത്തിലെക്കൊന്നായി സമ്മേളിപ്പിച്ച് നമുക്കും നമ്മുടെ ദൈനംദിനകൃത്യങ്ങൾ ദൈവസന്നിധിയിൽ അനേകവിലയുള്ളതാക്കാം ..

All are called to Holiness 🥰

ജിൽസ ജോയ്

Advertisements
St. Josemaria Escriva De Balaguer
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s