നിയമവാർത്തന പുസ്തകം, അദ്ധ്യായം 23
സഭയില്‍ പ്രവേശനമില്ലാത്തവര്‍
1 വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.2 വേശ്യാപുത്രന്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. പത്താമത്തെ തലമുറവരെ അവന്റെ സന്തതികളും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.3 അമ്മോന്യരോ മൊവാബ്യരോ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്. അവരുടെ പത്താമത്തെ തലമുറപോലും കര്‍ത്താവിന്റെ സഭയില്‍ പ്രവേശിക്കരുത്.4 എന്തെന്നാല്‍, നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുന്ന വഴിക്ക് അവര്‍ നിങ്ങള്‍ക്ക് അപ്പവും വെള്ളവും തന്നില്ല; നിങ്ങളെ ശപിക്കാന്‍വേണ്ടി മെസൊപ്പൊട്ടാമിയായിലെ പെത്തോറില്‍നിന്നു ബയോറിന്റെ മകനായ ബാലാമിനെ കൂലിക്കെടുക്കുകയും ചെയ്തു.5 എങ്കിലും നിങ്ങളുടെ ദൈവമായ കര്‍ത്താവു ബാലാമിന്റെ വാക്കു കേട്ടില്ല. നിങ്ങളെ സ്നേഹിച്ചതുകൊണ്ട് അവന്റെ ശാപത്തെ അവിടുന്ന് അനുഗ്രഹമായി മാറ്റി.6 ഒരു കാലത്തും അവര്‍ക്കു ശാന്തിയോ നന്മയോ നിങ്ങള്‍ കാംക്ഷിക്കരുത്.7 ഏദോമ്യരെ വെറുക്കരുത്; അവര്‍ നിങ്ങളുടെ സഹോദരരാണ്. ഈജിപ്തുകാരെയും വെറുക്കരുത്. എന്തെന്നാല്‍, അവരുടെ രാജ്യത്ത് നിങ്ങള്‍ പരദേശികളായിരുന്നു.8 അവരുടെ മൂന്നാം തലമുറയിലെ മക്കള്‍ കര്‍ത്താവിന്റെ സഭയില്‍ പ്രവേശിച്ചുകൊള്ളട്ടെ.
പാളയത്തിന്റെ വിശുദ്ധി
9 ശത്രുക്കള്‍ക്കെതിരായി പാളയമടിക്കുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്മകളിലും നിന്നു വിമുക്തരായിരിക്കണം.10 സ്വപ്ന സ്ഖലനത്താല്‍ ആരെങ്കിലും അശുദ്ധനായിത്തീര്‍ന്നാല്‍ അവന് പാളയത്തിനു പുറത്തു പോകട്ടെ; അകത്തു പ്രവേശിക്കരുത്.11 സായാഹ്ന മാകുമ്പോള്‍ കുളിച്ചു ശുദ്ധനായി, സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിനകത്തുവരാം.12 മലമൂത്രവിസര്‍ജനത്തിനായി പാളയത്തിനുപുറത്ത് ഒരു സ്ഥലമുണ്ടായിരിക്കണം.13 ആയുധങ്ങളോടൊപ്പം നിനക്കൊരു പാരയുമുണ്ടായിരിക്കണം. മലവിസര്‍ജനം ചെയ്യുമ്പോള്‍ കുഴിയുണ്ടാക്കി മലം മണ്ണിട്ടു മൂടാനാണ് അത്.14 നിന്നെ സംരക്ഷിക്കാനും നിന്റെ ശത്രുക്കളെ നിനക്ക് ഏല്‍പിച്ചുതരാനും ആയി നിന്റെ ദൈവമായ കര്‍ത്താവ് പാളയത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ശുചിത്വമില്ലാത്ത എന്തെങ്കിലും നിങ്ങളുടെയിടയില്‍ കണ്ട് അവിടുന്ന് നിന്നില്‍നിന്ന് അകന്നുപോകാതിരിക്കേണ്ടതിനായി പാളയം പരിശുദ്ധമായി സൂക്ഷിക്കണം.
വിവിധ നിയമങ്ങള്‍
15 ഒളിച്ചോടിവന്നു നിന്റെ യടുക്കല്‍ അ ഭയം തേടുന്ന അടിമയെയജമാനനു ഏല്പിച്ചു കൊടുക്കരുത്.16 നിന്റെ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഇഷ്ടമുള്ളിടത്ത് നിന്നോടുകൂടെ അവന് വസിച്ചുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.17 ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്.18 വേ ശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്റെ ദൈവമായ കര്‍ത്താവിന്റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്.19 നിന്റെ സഹോദരന് ഒന്നും – പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ – പലിശയ്ക്കു കൊടുക്കരുത്.20 വിദേശീയനു പലിശയ്ക്കു കടംകൊടുക്കാം. എന്നാല്‍, നിന്റെ സഹോദരനില്‍നിന്നു പലിശ വാങ്ങരുത്. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ സകല പ്രവൃത്തികളിലും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കേണ്ടതിനാണിത്.21 നിന്റെ ദൈവമായ കര്‍ത്താവിനു നേരുന്ന നേര്‍ച്ചകള്‍ നിറവേ റ്റാന്‍ വൈകരുത്; അവിടുന്നു നിശ്ചയമായും അതു നിന്നോട് ആവശ്യപ്പെടും; നീ കുറ്റക്കാരനാവുകയും ചെയ്യും.22 എന്നാല്‍, നേര്‍ച്ച നേരാതിരുന്നാല്‍ പാപമാകുകയില്ല.23 വാക്കു പാലിക്കാന്‍ നീ ശ്രദ്ധിക്കണം. വാഗ്ദാനം ചെയ്തപ്പോള്‍ സ്വമേധയാ നിന്റെ ദൈവമായ കര്‍ത്താവിനു നേരുകയായിരുന്നു.24 അയല്ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂ ടെ കടന്നുപോകുമ്പോള്‍ നിനക്കിഷ്ടമുള്ളിടത്തോളം ഫലങ്ങള്‍ പറിച്ചു തിന്നുകൊള്ളുക. എന്നാല്‍, അവയിലൊന്നുപോലും പാത്രത്തിലാക്കരുത്.25 അയല്ക്കാരന്റെ ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തുകൊള്ളുക; അരിവാള്‍കൊണ്ടു കൊയ്തെടുക്കരുത്.
The Book of Deuteronomy | നിയമവാർത്തനം | Malayalam Bible | POC Translation

