The Book of Psalms, Introduction | സങ്കീർത്തനങ്ങൾ, ആമുഖം | Malayalam Bible | POC Translation

സങ്കീർത്തനങ്ങൾ, ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്. ദാവീദ് രാജാവാണ് എല്ലാ സങ്കീര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചിരുന്നു. സങ്കീര്‍ത്തന രചനയില്‍ ദാവീദിന്റെ സ്വാധീനം വലുതാണെങ്കിലും, ഇസ്രായേല്‍ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലെ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങള്‍ എല്ലാം ഒരാള്‍തന്നെ രചിച്ചതല്ല. ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാറുണ്ട്. സ്തുതിഗീതങ്ങള്‍: ബലി, പ്രദക്ഷിണം തുടങ്ങിയ അവസരങ്ങളിലാണു സ്തുതിഗീതങ്ങള്‍ പാടിയിരുന്നത്. ദൈവത്തെ സ്തുതിക്കുന്നതിനുള്ള ആഹ്വാനവുമായാണു സ്തുതിഗീതങ്ങള്‍ സാധാരണയായി ആരംഭിക്കുന്നത്; ദൈവത്തെ സ്തുതിക്കുവാനുള്ള കാരണങ്ങള്‍ എടുത്തുപറയുന്നു (8, 19, 29, 33, 46, 47, 48, 76, 84, 87, 93, 96-100, 103-106, 113, 114, 117, 122, 135, 136, 145-150). രാജകീയ സങ്കീര്‍ത്തനങ്ങളും രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സങ്കീര്‍ത്തനങ്ങളും തരംതിരിച്ചോ, സ്തുതികീര്‍ത്തനങ്ങളുടെ കൂടെയോ കൊടുക്കാറുണ്ട് (2, 18, 20, 21, 28, 45, 61, 63, 72, 89, 101, 132). വിലാപകീര്‍ത്തനങ്ങള്‍: വിപത്‌സന്ധികളില്‍ വ്യക്തികളോ സമൂഹം ഒന്നുചേര്‍ന്നോ ദൈവത്തോടു സഹായം അഭ്യര്‍ഥിക്കുന്നു.യുദ്ധത്തിലുണ്ടാകുന്ന പരാജയം, മഹാമാരികള്‍, വരള്‍ച്ച തുടങ്ങി ദേശീയ അത്യാഹിതങ്ങള്‍ ഉണ്ടായ അവസരങ്ങളിലാണു ദേശീയവിലാപങ്ങള്‍ രൂപംകൊണ്ടത്  (12, 44, 60, 74, 79, 80, 83, 85, 106, 123, 129, 137). രോഗം, ശത്രുഭയം, അന്യായമായ കുറ്റാരോപണം തുടങ്ങിയവയാണു വ്യക്തിവിലാപങ്ങളുടെ സാഹചര്യം (3, 5-7, 13, 17, 22, 25, 26, 28, 31, 35, 38, 42-43, 51, 54-57, 59, 63, 64, 69, 71, 77, 86, 102, 130, 140-143). കൃതജ്ഞതാകീര്‍ത്തനങ്ങള്‍ യുദ്ധം, ക്ഷാമം, രോഗം തുടങ്ങിയ വിപത്‌സന്ധികള്‍ നീങ്ങിക്കിട്ടുമ്പോള്‍ ദേവാലയത്തില്‍ച്ചെന്ന് ദൈവം ചെയ്ത അനുഗ്രഹങ്ങള്‍ ജനമധ്യത്തില്‍വച്ച് ഏറ്റുപറഞ്ഞുകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുന്നു (18, 21, 30, 33, 34, 40, 65-68, 92, 116, 118, 124, 129, 138, 144). പല സങ്കീര്‍ത്തനങ്ങളും വിവിധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഏതു ഗണത്തില്‍പ്പെടുന്നു എന്നു നിശ്ചയിക്കുക പ്രയാസമാണ്. ഭൂരിഭാഗം സങ്കീര്‍ത്തനങ്ങള്‍ക്കും രചയിതാവ്, രചനാസാഹചര്യം, രാഗനിര്‍ദേശം എന്നിവയെ സൂചിപ്പിക്കുന്ന ശീര്‍ഷകങ്ങളുണ്ട്. എഴുപതിലേറെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റെ പേരിലാണറിയപ്പെടുന്നത്. കോറഹിന്റെ പുത്രന്‍മാരുടെ പേരിലും ഹേമാന്‍, ദാഥാന്‍, മോശ, സോളമന്‍ എന്നിവരുടെ പേരിലും സങ്കീര്‍ത്തനങ്ങള്‍ അറിയപ്പെടുന്നുണ്ട്. ഹീബ്രുവ്യാഖ്യാതാക്കളാണ് അവയ്ക്കു ശീര്‍ഷകങ്ങള്‍ നല്‍കിയതും അവ ഓരോ വ്യക്തികളുടെ പേരിലാക്കിയതും. ഈ വ്യക്തികളും സങ്കീര്‍ത്തനവുമായി ഏതു വിധത്തിലുള്ള ബന്ധമാണ് അവര്‍ കണ്ടിരുന്നതെന്നു വ്യക്തമല്ല. ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.

The Book of Psalms | സങ്കീർത്തനങ്ങൾ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
King David Writing Psalms
Advertisements
The Psalms of David
Advertisements
Advertisements

Leave a comment