ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?

ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?

സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച നടപടികൾ സംബന്ധിച്ച് ഭരണ പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴി ചാരുകയും, അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീം കോടതിവിധി പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഒരു പരിധിവരെ, നിസ്സഹായരായി നിൽക്കുകയാണ്. കാലാകാലങ്ങളായി മാറി മാറി കേരളം ഭരിച്ച സർക്കാരുകളും, ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ ഉയർന്നു വരുന്നുണ്ട്.

പതിവു രീതികളുടെ തനിയാവർത്തനം

കാട്ടു മൃഗങ്ങളുടെ നിരന്തര ആക്രമണത്തിനും, വനം വകുപ്പിന്റെ കാട്ടു നീതിക്കും ഏകാധിപത്യ ഭരണത്തിനും മലയോര മേഖലയിലെ ജനങ്ങളെയാകെ എറിഞ്ഞുകൊടുക്കുന്ന പതിവു രീതിയിലേക്കായിരിക്കുമോ ഈ പ്രതിസന്ധി ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാർട്ടികൾ എത്തിച്ചേരുക എന്ന ഉൽക്കണ്ഠ ജനങ്ങൾക്കുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, ഭരണ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളോടൊപ്പമാണ് എന്ന് വരുത്തിത്തീർക്കാനുള്ള സമര പരിപാടികളും അനുബന്ധ അക്രമങ്ങളുമാണെന്ന സംശയം ഉയരുന്നുണ്ട്. ഇത് തീർത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയാണ് എന്ന്‌ പറയാതെ വയ്യ. ഇതുകൊണ്ടു സംസ്ഥാനത്തിന് നഷ്ടവും പേരുദോഷവുമല്ലാതെ, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം. പി. ഓഫിസ് തകർത്തുകൊണ്ടാണ് ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടന ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ഇനിയും ഇതേ മാതൃകയിൽ പലതും ഉണ്ടായേക്കാം. പ്രധാന വിഷയത്തിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഇത്തരം അതിക്രമങ്ങൾ എന്നു പറയാൻ കഴിയില്ല.

കണ്ണുണ്ടായാൽ പോരാ, കാണണം

കണ്മുൻപിൽ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം. കുമളി, രാമക്കൽമേട്‌, നെടുങ്കണ്ടം മേഖലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ, കുമളി, അണക്കര, കട്ടപ്പന, നെടുങ്കണ്ടം, തൂക്കുപാലം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും, ഭക്ഷ്യ വസ്തുക്കളായ കപ്പ, ചേമ്പ്, മധുരക്കിഴങ്, കാച്ചിൽ, തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങളും പച്ചക്കറികളും ഫല വർഗ്ഗങ്ങളും ഉൾപ്പെടെ നൂറു കണക്കിന് ലോഡ് ഭക്ഷ്യ വസ്തുക്കളാണ് സഹ്യപർവത നിരയുടെ കിഴക്കേ ചരിവിലുള്ള തമിഴ്നാട്ടിൽ നിന്നും കുമളി , കമ്പംമെട്ടു ചെക്ക്പോസ്റ്റുകൾ കടന്നു ദിനംപ്രതി കേരളത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് ലഭിക്കുന്ന ജലം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട്, താരതമ്യേന കേരളത്തേക്കാൾ കുറഞ്ഞ ഫലഭൂയിഷ്ഠതയുള്ള തമിഴ്‌നാടിന്റെ മണ്ണിൽ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ദിനംപ്രതി കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഇത്തരം കാർഷിക വിഭവങ്ങൾ.

ഇവിടെ, ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം, കേരള – തമിഴ്നാട് അതിർത്തിയിൽ കന്യാകുമാരിമുതൽ നീലഗിരി വരെ നീണ്ടു നിവർന്നു കിടക്കുന്ന സഹ്യപർവ്വതത്തിലെ സംരക്ഷിത വന മേഖലയുടെ കിഴക്കേ ചരിവിൽ കപ്പയോ, ചെമ്പോ, കാച്ചിലോ, മധുരകിഴങ്ങോ നട്ടാൽ, അത് പന്നിയോ കാട്ടു മൃഗങ്ങളോ നശിപ്പിക്കുന്നില്ല. സമൃദ്ധമായ വിളവ് ഉണ്ടാകുകയും അത് തമിഴ്നാടിനെ മാത്രമല്ല കേരളത്തെയും തീറ്റിപ്പോറ്റാൻ പര്യാപ്തമാവുകയും ചെയ്യുന്നു! അവിടെ കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ മേഞ്ഞു നടക്കുന്നില്ല, കാട്ടുപന്നികൾ കപ്പയും കാച്ചിലും വാഴയും ചേമ്പും കുത്തി മറിക്കുന്നില്ല. പന്നിയും പുലിയും കടുവയും മനുഷ്യരെ കൊന്നു തിന്നുന്ന വാർത്തകൾ കേൾക്കുന്നില്ല. അവിടെയുള്ള കാട്ടുപന്നികൾക്കും മറ്റു വന്യമൃഗങ്ങൾക്കും കേരളത്തിലെ പന്നികളെക്കാളും വന്യമൃഗങ്ങളെക്കാളും മനുഷ്യസ്നേഹവും വിവേകവും ഉള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്? അതോ ജനപ്രതിനിധികളും സർക്കാരും ജനങ്ങൾക്കു വേണ്ടി നിലകൊള്ളുകയും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്മക്കും ക്ഷേമത്തിനുംവേണ്ടി നിയമനിർമ്മാണം നടത്തുകയും ഭരണം നടത്തുകയും ചെയ്യുന്നതുകൊണ്ടാണോ? അവിടെയുള്ള വനംവകുപ്പ് എന്തുകൊണ്ട് ഒരു സമാന്തര ഭരണകൂടമുണ്ടാക്കി ജനങ്ങളെ പീഡിപ്പിക്കുന്നില്ല? ഇരുപതോ മുപ്പതോ വർഷം മുൻപുവരെ ഭക്ഷ്യ വസ്തുക്കൾക്ക് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിഞ്ഞ തമിഴ്നാട് എങ്ങിനെ ഭക്ഷ്യ വസ്തുക്കളിൽ സ്വയം പര്യാപ്തമായി? മാത്രമല്ല, ഇന്ന് കേരളത്തിന് ഭക്ഷണം കഴിക്കണമെങ്കിൽ തമിഴ്‌നാടിനെ ആശ്രയിക്കണം എന്ന അവസ്ഥയിലും എത്തിനിൽക്കുന്നു! മണ്ണിന്റെയോ കാലാവസ്ഥയുടെയോ ഏതു കാര്യത്തിലാണ് തമിഴ്നാട് കേരളത്തേക്കാൾ മെച്ചമാണ് എന്നു പറയാൻ കഴിയുന്നത്?

ഒരു കാര്യത്തിൽ മാത്രമാണ് അയൽ സംസ്ഥാനങ്ങളായ ഈ രണ്ടു ജനവിഭാഗങ്ങൾ തമ്മിൽ വ്യത്യാസമുള്ളത്. തമിഴ്നാട്ടിൽ ഏതു പാർട്ടി ഭരിച്ചാലും ഒന്നാംസ്ഥാനം ജനക്ഷേമത്തിനും നാടിൻറെ പുരോഗതിക്കുമായിരിക്കും. കേരളത്തിൽ ഏതു പാർട്ടിയും മുന്നണിയും ഭരിച്ചാലും, വികസിക്കുന്നതും പുഷ്ടിപ്പെടുന്നതും പാർട്ടിയും അതിലെ ഏറ്റവും വീരന്മാരായ നേതാക്കളുമാണ്. മുപ്പതു വർഷം മുൻപ്, മുംബൈയിലെ അധോലോകത്തെപ്പറ്റി വായിച്ച കഥകളെയും ഫീച്ചറുകളെയും ഓർമ്മിപ്പിക്കുന്ന വിധത്തിൽ നമ്മുടെ രാഷ്ട്രീയ രംഗം മാറിയിരിക്കുന്നു! കൃഷിയിലോ, വ്യവസായത്തിലോ, കച്ചവട – വാണിജ്യ രംഗങ്ങളിലോ ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കു വേണ്ടി നമ്മുടെ സാമാജികർ എന്തു നിയമ നിർമ്മാണം നടത്തി? എന്തുകൊണ്ടാണ് നമ്മുടെ യുവതലമുറ ഇന്നു തൊഴിലും വരുമാനവുമില്ലാതെ, രാജ്യാന്തര തലത്തിൽ സാമ്പത്തിക അഭയാർഥികളായി പലായനം ചെയ്യേണ്ടി വരുന്നത്? എന്തുകൊണ്ടാണ് നമ്മുടെ കൃഷിഭൂമികൾ തരിശായി കിടക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ നാട്ടുവഴികളിലൂടെ തെരുവുപട്ടികളും കാട്ടു പന്നികളും മറ്റു വന്യമൃഗങ്ങളും പകൽ സമയങ്ങളിൽപോലും വിഹരിക്കുന്നത്? എന്തുകൊണ്ടാണ് അവയുടെ സംരക്ഷണത്തിന് നിയമം ഉണ്ടായിരിക്കുകയും മനുഷ്യർ നിസ്സഹായരും നിരാലംബരും ആയിരിക്കുകയും ചെയ്യുന്നത്?

മലയോര മേഖലയിലെ പ്രതിസന്ധി ആരുടെ സൃഷ്ടി?

കേരളത്തിന്റെ മലയോര മേഖല നിർമ്മാണ നിരോധന നിയമത്തിനു കീഴിൽ ആയതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രം അനുമതിയുള്ള പട്ടയങ്ങൾ നൽകാൻ 1964 ൽ നിയമമുണ്ടാക്കിയത് മലയോര മേഖലയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുത്തു നിയമ മിർമ്മാണ സഭയിലേക്ക് അയച്ച ജനപ്രതിനിധികളല്ലേ? അവർക്കും, പിന്നെ ഇന്നോളം തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾക്കും, അറിഞ്ഞുകൂടാത്തതാണോ ഈ മേഖലയിലെ ജനങ്ങൾ വികസനത്തിന്റെ വെള്ളിവെളിച്ചം ആഗ്രഹിക്കുന്നുണ്ട് എന്ന്? എന്തേ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരാൻ മടിക്കുന്നു? മതികെട്ടാൻ ചോലയോടു ചേർന്ന കിഴക്കൻ പ്രദേശങ്ങളെ തമിഴ്നാട് സർക്കാർ സിറോ ബഫർ സോണിൽ പെടുത്തിയപ്പോൾ, കേരളം എന്തേ കേരളത്തിൽ വരുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നു?

കേരള നിയമസഭ, 2003 ൽ പാസ്സാക്കിയ ഇ. എഫ്. എൽ ആക്ടിലൂടെ പരിസ്ഥിതി ദുർബലം എന്നു സർക്കാർ കണ്ടെത്തുന്ന പ്രദേശങ്ങളെ പരിസ്ഥിതി സംരക്ഷണാർത്ഥം ഏറ്റെടുക്കാനും സംരക്ഷിക്കാനുമുള്ള അധികാരം വനംവകുപ്പിൽ നിക്ഷിപ്തമാക്കി. ഇത് അക്ഷരാർത്ഥത്തിൽ, വനംവകുപ്പിന് കേരളത്തിലെ ഏതു ഭൂമിയും, നഷ്ടപരിഹാരം പോലും നൽകാതെ, പിടിച്ചെടുക്കാമെന്ന സാഹചര്യം സൃഷ്ടിക്കുകയും ഒരു സമാന്തര സർക്കാരായി ജനങ്ങൾക്കുമേൽ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അധികാരം പ്രയോഗിക്കാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതിനുത്തരവാദി ആരാണ്? ഇത് ജനങ്ങളെ കണക്കിലെടുത്തുണ്ടാക്കിയ നിയമമാണോ, അതോ ജനങ്ങളെ സ്വന്തം ഭൂമിയിൽ അഭയാർത്ഥികളാക്കി മാറ്റുന്ന നിയമമാണോ? ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നത് ആരുടെ താല്പര്യമാണ്?

2005 ൽ, 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ അഞ്ചാം വകുപ്പ് ഭേദഗതി ചെയ്‌ത്‌, ഒരു വ്യക്തിക്ക് നാലേക്കർ ഭൂമിക്കു പട്ടയം ലഭിക്കുമായിരുന്നത് ഒരേക്കർ എന്നാക്കിയതുവഴി, സ്വന്തം ഭൂമി കൃഷിക്കാരനിൽനിന്നും അന്യാധീനപ്പടുത്തിയത് മനുഷ്യ സ്നേഹം കൊണ്ടാണോ? ഉടുമ്പൻചോല കൺസർവേഷൻ പ്രൊജക്റ്റ്, ചിന്നാർ – പെരിയാർ വന്യജീവി ഇടനാഴി പദ്ധതി തുടങ്ങി നിരവധി തന്ത്രപരവും നിഗൂഢവുമായ ഇടപെടലുകളിലൂടെ ജനവാസ മേഖലകളെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവർ, പെട്ടെന്നൊരുനാൾ സുപ്രീംകോടതി വിധിയുണ്ടായപ്പോൾ ഹർത്താലും വഴിതടയലുമായി പ്രത്യക്ഷപ്പെടുന്നതിൽ എന്തുമാത്രം ആത്മാർത്ഥതയുണ്ടാവും എന്നു ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവുമോ?

മാധവ് ഗാഡ്ഗിൽ മുതൽ ബഫർ സോൺ വിധിവരെ

മാധവ് ഗാഡ്ഗിൽ കമ്മീഷൻ എന്നറിയപ്പെടുന്ന വെസ്റ്റേൺ ഘാട്സ് ഇക്കോളജി എക്‌സ്‌പേർട്സ് പാനലിന്റെ 2011 ലെ റിപ്പോർട്ടിനോട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാട്, ഇന്നും മലയോര മേഖലയെ നീറ്റിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. പശ്ചിമഘട്ടം മലനിരകൾ ഉപ്പെടുന്ന പ്രദേശം മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായിക്കണ്ടു സംരക്ഷിക്കുക എന്നതായിരുന്നല്ലോ പ്രസ്തുത റിപ്പോർട്ടിന്റെ രത്ന ചുരുക്കം. അങ്ങനെ, കേരളത്തിന്റെ കിഴക്കൻ മലനിരകൾ ഉപ്പെടുന്ന പ്രദേശങ്ങൾ ഒറ്റയടിക്ക് പരിസ്ഥിതി ദുർബലമായി! അതിന്റെ പരിണതഫലമാണ് തുടർന്നു വന്ന കമ്മിറ്റികളിലൂടെയും സർക്കാർ നിലപാടുകളിലൂടെയും ഇന്നും മലയോര ജനതയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതേ മാനദണ്ഡം വച്ചുനോക്കിയാൽ, കേരളത്തിന്റെ ഏതു മേഖലയാണ് പരിസ്ഥിതി ദുർബലമല്ലാത്തത്? തീരദേശം ദുർബലമല്ലേ? നെൽപ്പാടങ്ങളും കുന്നുകളും താഴ്വരകളുമുള്ള ഇടനാട്ടിലെ നീർമറി പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമല്ലേ? ഏറ്റവും ദരിദ്രരും ദുർബലരുമായവർ വസിക്കുന്ന ഇടങ്ങളിലെ മനുഷ്യരെ ഏറ്റവും അധികം ദ്രോഹിക്കുക എന്ന നിലപാട് ആരുടെ ബുദ്ധിയാണ്? ഇത്, എന്തുതരം കാട്ടു നീതിയാണ്!

കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി സിൽവർ ലൈൻ പദ്ധതി ആസൂത്രണം ചെയ്ത സർക്കാർ നടപടിക്കെതിരെ ഉയർന്നുവന്ന ജനരോഷത്തിന്റെ ഒരു ശതമാനം ആത്മാർത്ഥത, മലയോര മേഖലയിലെ പാവപ്പെട്ട കർഷക ജനതക്കുവേണ്ടി നിലകൊള്ളുന്നതിൽ നമ്മുടെ പൊതു സമൂഹത്തിനുണ്ടോ എന്ന്‌ ആത്മ പരിശോധന നടത്തേണ്ടതില്ലേ? ഉയർന്ന നിരക്കിൽ നഷ്ടപരിഹാരവും, പുനരധിവാസവും മാത്രമല്ല ഉപജീവനോപാധികൾക്കുള്ള മാർഗവും നൽകാം എന്നു സർക്കാർ വ്യവസ്ഥ ചെയ്തിട്ടും, സിൽവർലൈൻ പദ്ധതിക്കെതിരെ ശക്തമായ ജനരോഷം ഉയർന്നുവന്നു. യാതൊരു നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതിയോ ഉപജീവനോപാധികളെക്കുറിച്ചുള്ള ചിന്തപോലുമോ ഇല്ലാതെ, കർഷകർ കൃഷിചെയ്തു ജീവിക്കുന്ന കൃഷിയിടം കവർന്നെടുക്കാൻ നിയമമുണ്ടാക്കുന്ന നമ്മുടെ ജനപ്രതിനിധികളുടെയും രഷ്ട്രീയ പാർട്ടികളുടെയും സർക്കാരുകളുടെയും നിലപാടിനെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടത്!

ആരെയും കുടിയിറക്കുകയില്ല എന്നു പറയുകയും, പട്ടണങ്ങളും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും, സർക്കാർ ഓഫീസുകളും, കൃഷിഭൂമിയുമുൾപ്പെടെയുള്ള പ്രദേശങ്ങളെ, പരിസ്ഥിതി ലോലമെന്നും ബഫർ സോണെന്നും കമ്മ്യൂണിറ്റി റിസെർവെന്നും വന്യജീവി ഇടനാഴിയെന്നുമൊക്കെ മുദ്രകുത്തി വന മേഖലയാക്കി മാറ്റുകയും, ജനങ്ങളെ സ്വന്തം ഭൂമിയിൽ അഭയാർത്ഥികളാക്കി മാറ്റുകയും ചെയ്യുന്ന നിയമങ്ങൾ ഉണ്ടാക്കുകയും നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും, സുപ്രീം കോടതിയേയോ മറ്റു കോടതികളെയോ കുറ്റപ്പെടുത്തി കൈകഴുകാൻ കഴിയുമോ?

ഇടതുപക്ഷം ജനങ്ങൾക്കൊപ്പമുണ്ടോ?

2019 ൽ ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭതന്നെ, സംരക്ഷിത വനമേഖലക്കു ചുറ്റും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ലോല മേഖല എന്ന നിലയിൽ അംഗീകരിച്ചുകൊണ്ട്, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടുള്ളതായി വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. ഇത് നിലവിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ജന ജീവിതത്തെയും എങ്ങിനെ ബാധിക്കും എന്നതു സംബന്ധിച്ച് അന്നത്തെ സർക്കാരിനോ നമ്മുടെ ജന പ്രതിനിധികൾക്കോ യാതൊരു ആശങ്കയും ഇല്ലാതെ പോയോ? എന്തേ ആരും അതിനെതിരെ നിലപാടെടുത്തില്ല?

കേരളത്തിലെ ജനകീയ ഭരണകൂടങ്ങൾ കാലാകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ജനവിരുദ്ധ നിയമങ്ങളും, നയങ്ങളും പരിപാടികളും ഗൗരവതരമായ പഠനത്തിനും ഗവേഷണത്തിനും അന്വേഷണങ്ങൾക്കും വിധേയമാകേണ്ടതല്ലേ? പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കാർഷിക വൃത്തിയേയും ജന ജീവിതത്തെയും ദോഷകരമായി ബാധിക്കാത്ത വനം – വന്യജീവി – പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, എന്തുകൊണ്ട്‌ ഏറ്റവും തെക്കു പടിഞ്ഞാറുഭാഗത്തുള്ള കേരളത്തിലെ ജനങ്ങളുടെ സ്വൈര്യ ജീവിതവും കാർഷിക വൃത്തിയും, ഉപജീവന ഉപാധികളും സംസ്ഥാനത്തിന്റെ വികസനവും താറുമാറാക്കുന്നു എന്നതും, കേരള രാഷ്ട്രീയം ഇന്ന് എത്തിനിൽക്കുന്ന ദുർഭഗാവസ്ഥയും കൂട്ടിവായിക്കേണ്ടതല്ലേ?

നിയമ നിർമ്മാതാക്കൾ ജനങ്ങളെ പരിഗണിക്കണം

രാഷ്ട്രീയവും അല്ലാത്തതുമായ ലാഭേച്ഛകൾ ഒരുവേള മാറ്റിവച്ചു ജനങ്ങളുടെ വിഷമസ്ഥിതി മനസ്സിലാക്കി, ജനവാസ മേഖലകളെ പൂർണ്ണമായും പരിസ്ഥിതി ദുർബല മേഖലയിൽനിന്ന് ഒഴിവാക്കിയും, നിലവിലുള്ള സംരക്ഷിത വനാതിർത്തികൾക്കുള്ളിൽ ബഫർ സോണുകളുണ്ടാക്കിയും, വനവും പരിസ്ഥിതിയും ജനജീവിതവും സംരക്ഷിക്കുന്ന നടപടികളാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നും, ജനപ്രതിനിധികളിൽനിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അതിനു വേണ്ട നേതൃത്വംകൊടുക്കാൻ ഭരിക്കുന്ന സർക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും കഴിയണം. ഇക്കാര്യത്തിൽ, നാളിതുവരെ ഉണ്ടായിട്ടുള്ള നയപരമായ പിഴവുകളും, പ്രത്യയശാസ്ത്ര പിടിവാശികളും, നിക്ഷിപ്ത താല്പര്യങ്ങളും വിലങ്ങുതടിയാകരുത്. ജനപ്രതിനിധികളിൽ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസം തകർന്നുപോകാൻ ഇടവരരുത്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പത്തെത്തന്നെ തകർക്കുന്നതാണ്. ഭരണാധികാരികൾ വിവേകം വെടിയരുത്. ഇത്, ബഫർ സോൺ വിധിയിൽ പുകയുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അപേക്ഷയും പ്രാർത്ഥനയുമാണ്‌.

ഫാ. വർഗീസ് വള്ളിക്കാട്ട്

Advertisements
Buffer Zone Deepika News
Advertisements
Advertisement

One thought on “ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s