ദുക്റാന തിരുനാൾ

“എന്നാലും അത് കുറച്ചു കൂടിപ്പോയെന്റെ തോമാച്ചാ” മാത്തുക്കുട്ടീടെ വക .

“ഏത് കൂടിപ്പോയി ?”

“അല്ലാ, നിന്റെ പറച്ചിലെ . അവന്റെ മുറിവ് കാണേം അതിൽ വിരൽ ഇട്ടാലും ഒക്കെയേ വിശ്വസിക്കുള്ളു എന്ന് പറഞ്ഞതെ”

“അത് പിന്നെ , നിങ്ങക്ക് മാത്രം കണ്ടാൽ മതിയാ? എനിക്കും അവനെ കാണണ്ടേ ?…തുറന്ന് കിട്ടും വരെ മുട്ടാനും കണ്ടെത്തും വരെ അന്വേഷിക്കാനും ഒക്കെ പറഞ്ഞത് അവൻ തന്നെ അല്ലെ ?”

“ന്നാലും ഇതൊരു മാതിരി …കുട്ടികളെപ്പോലെ …”

“കുട്ടികളെപ്പോലെ ആവാനും അവൻ പറഞ്ഞിട്ടില്ലേ”?

” ഞാനേ ഒന്നും പറഞ്ഞില്ല , പോരെ ? അവൻ പറഞ്ഞതൊക്കെ ഓർത്തിരിക്കുന്ന നിനക്ക് അവന്റെ ഉയിർപ്പിനെ പറ്റി അവൻ പറഞ്ഞതൊന്നും ഓർമ്മില്ല്യേ ? ഞങ്ങൾ ഈ കണ്ണാലെ കണ്ടു എന്ന് പറഞ്ഞതും വിശ്വാസല്ല്യ ? സത്യം പറഞ്ഞാ , അവൻ ഉയിർക്കുമെന്നോക്കെ സൂചന തന്നിരുന്നെങ്കിലും ഞാനും ഇത്രക്കും വിചാരിച്ചില്ലടാ..ആ പെണ്ണുങ്ങൾ കണ്ടുന്ന് പറഞ്ഞപ്പഴും വല്ല മതിഭ്രമോം ആവുംന്നാ എനിക്കും തോന്ന്യേ”.

“ആ തോമാസേ , എന്തൊക്കിണ്ട്റാ? നിന്റെ വെഷമം മാറീല്ല്യേ ഇതുവരെ ?”പീറ്ററാണ് .

“ഹേയ് ,ഒന്നൂല്ല “

നീ വെഷമിക്കണ്ട്റ , അവൻ വരും. നിൻക്കറിയാല്ലോ എന്റെ അവസ്ഥ എങ്ങനാർന്നെന്ന്. അവന്റമ്മ , നമ്മ്‌ടമ്മ .. എന്നെ കൊറേ സമാധാനിപ്പിച്ചെങ്കിലും അപ്പഴും ഫുള്ളായിട്ടങ്ക്ട് ok ആയിണ്ടായില്ല്യ . പക്ഷെ അവനെ കണ്ട് , പൊട്ടിപ്പൊട്ടി കരഞ്ഞപ്പൊ ഉണ്ടല്ലാ , അവന്റെ ആ ചിരിക്കണ മൊഖം കണ്ടപ്പോ കൊറേ ആശ്വാസായി. നീ കാണണാർന്നു ന്റെ മോനെ , എന്ത് പ്രകാശാർന്നൂന്നാ അവന്റെ ചുറ്റും”.

“നീയൊന്ന് പോയെടാ . അല്ലെങ്കിലെ മൻഷ്യൻ വെഷ്മിച്ചിരിക്ക്യ”.

തോമസ് ഒരു മൂലയിൽ ചെന്നിരുന്നു. എന്ത് സന്തോഷാ ഇപ്പൊ എല്ലാരുടെ മുഖത്തും. ന്നാലും ഞാനില്ലാത്ത നേരത്ത് കറക്ടായിട്ട് അവൻ വന്നില്യേ? ജോണിനെപ്പൊലെ അവന്റെ കൂടെ നിക്കാതെ , അവന്റെ നേരം വന്നപ്പോ പേടിച്ച് സ്‌കൂട്ടായേന്റെ വെഷമം സഹിക്കണുണ്ടായില്ല.ആരെ നോക്കുമ്പഴും എല്ലാർക്കും അവരവരുടെ സങ്കടം. അതാ കൊറച്ചു നേരം പൊറത്തുപോയി തനിച്ചിരുന്നത്. എന്നിട്ടിപ്പോ ….ജോൺ വരുന്നുണ്ട് . അവൻ നൈസാണ്. ന്നാലും മിണ്ടാനൊരു ചമ്മലാ . “അവന്റെ കൂടെ പോയി മരിക്കാന്നും പറഞ്ഞ് തള്ളിയ ആളല്ലേ നീ ? എന്നിട്ട് നീ എവിടാ പോയെ ” ന്നെങ്ങാനും അവൻ ചോദിച്ചാലോ ? ശരിക്കും ഞാനന്ന് അത് പറയുമ്പോ എന്തെന്നില്ലാത്ത ധൈര്യോം ആത്മവിശ്വാസോം ഒക്കെ ആയിരുന്നു. പക്ഷെ അതൊക്കെ, വേണ്ട സമയം വന്നപ്പോ എവടെ പോയെന്ന് അറിയാൻ പാടില്ല . അവൻ പ്രവചിച്ചിരുന്നെങ്കിലും ഇത്രക്കൊരു ഇടർച്ച എനിക്കുണ്ടാവും ന്ന് ഞാനൊട്ടും വിചാരിച്ചില്ല.

പെട്ടെന്ന് മുറിയുടെ നടുവിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം. അതാ അവൻ !

” നിങ്ങൾക്ക് സമാധാനം “! അവരുടെ ആശ്ചര്യശബ്ദങ്ങൾക്കൊപ്പം അവന്റെ ഗാംഭീര്യമുള്ള സ്വരം മുറിയിൽ മുഴങ്ങി ….

*********

അപ്പസ്തോലർ നന്നായി തുടങ്ങിയവർ ആയിരുന്നില്ലായിരിക്കാം , പക്ഷെ യൂദാസൊഴിച്ച് എല്ലാവരും അവന്റെ കൃപയാൽ നന്നായി അവസാനിപ്പിച്ചവരാണ്. അവരുടെ സങ്കടത്തിലേക്കും കുറ്റബോധത്തിലേക്കും യേശുവിന്റെ ക്ഷമയും കാരുണ്യവും ആത്മാവും കടന്നുചെന്നപ്പോൾ അവർ വീണ്ടും ജനിച്ചു. ബലഹീനതകൾ കുറഞ്ഞ് കുറഞ്ഞ് അവന്റെ സാദൃശ്യത്തിലേക്ക് മാറാൻ തുടങ്ങി. ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാനുള്ള അവന്റെ ദൗത്യവുമായി ഇറങ്ങി പുറപ്പെട്ടു.

ചെടികളുടെ ഫലങ്ങൾ പൊട്ടി പുറപ്പെടുവിക്കുന്ന വിത്തിനെ കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് കൊണ്ടുപോയി വീഴിക്കുന്നു. വിത്ത് അഴുകി , പുതുജീവനുകൾ മുളച്ചുപൊന്തുന്നു. പരിശുദ്ധാത്മാവ് ( കാറ്റ് ) തനിക്കിഷ്ടമുള്ളിടത്തേക്ക് കൊണ്ടുപോയിടത്ത് ശിഷ്യന്മാരുടെ വിശ്വാസവിത്ത് പോയി വീണു …അവർ പല പല രാജ്യങ്ങളിൽ പോയി. ആ മണ്ണിൽ വീണലിഞ്ഞെങ്കിലും ക്രിസ്തുവിന്റെ അനുയായികളായ ആയിരങ്ങൾക്കും പതിനായിരങ്ങൾക്കും അവർ ജന്മം കൊടുത്തു. ദൈവരാജ്യനിർമ്മിതി തുടർന്നുകൊണ്ടുപോകാനായി …

ഇന്ന് നമ്മൾ അഭിമാനത്തോടെ മുറുകെപ്പിടിക്കുന്ന നമ്മുടെ വിശ്വാസം നമ്മുടെ ഹൃദയങ്ങളിൽ പാകാൻ, കർത്താവിന്റെ വിശ്വസ്ത ഉപകരണമായ തോമാശ്ലീഹായുടെ തിരുന്നാളാണ്. ഭാരതത്തിൽ വിശ്വാസം പാകിയ അപ്പസ്തോലൻ ഇതേ മണ്ണിൽ ജീവൻ വെടിഞ്ഞു. പക്ഷെ ആ വിത്തിൽ നിന്ന് മുളപൊട്ടിയത് ജനലക്ഷങ്ങളാണ്. നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തു ജീവിക്കാനാണ് തോമാശ്ലീഹാ ഇത്രയും കഷ്ടപ്പെട്ടത്. ‘എന്റെ കർത്താവേ , എന്റെ ദൈവമേ’ എന്ന ദൃഢമായ ബോധ്യം നമ്മളും മുറുകെപ്പിടിക്കാൻ .

നമുക്ക് വിശ്വാസം പകർന്നവന് നമ്മളിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കണ്ടേ ? ക്രിസ്ത്യാനിയാകുന്ന ഓരോരുത്തരുടെയും വിളിയാണ് നമ്മുടെ തോടുകൾ പൊട്ടിച്ച് വിശ്വാസവിത്തിനെ ചിതറിച്ച് മറ്റുള്ളവർക്ക് സാക്ഷ്യമേകുക എന്നുള്ളത് . ഭാരതത്തിന്റെ അപ്പസ്തോലന്റെ തല എന്നും ഉയർന്നുനിൽക്കട്ടെ. ആ പിതാവിന്റെ മക്കൾക്ക് ചേർന്ന വിധം നമുക്ക് പെരുമാറാം. ആരെയും ഒഴിവാക്കാതെ .. സ്നേഹത്തിൽ നിന്ന് മാറ്റിനിർത്താതെ നല്ല ഓട്ടം ഓടാം … ഓടടാ .. കേറിവാടാ … എന്നുള്ള പ്രോത്സാഹനം ഒന്ന് കാതോർത്താൽ കേൾക്കാം നമുക്കും …സാക്ഷികളുടെ വലിയൊരു സമൂഹമാണ് നമ്മളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഭാരതത്തിൽ വിശ്വാസദീപം കൊളുത്തിയ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മയ്ക്ക് മുൻപിൽ ദുക്റാന തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
St. Thomas
Advertisements

One thought on “ദുക്റാന തിരുനാൾ

Leave a comment