ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ Peace of Soul, Chapter: Is God hard to find?

തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ‘ ഭയപ്പെടേണ്ട’ എന്ന വാക്ക്. ബെത്ലഹേമിൽ ആട്ടിടയരോട് മാലാഖമാർ പറയുന്നു ‘ഭയപ്പെടേണ്ട ‘; ഈശോയുടെ പരസ്യജീവിതകാലത്ത് , ഭയചകിതരായ ശിഷ്യരോട് അവൻ പറയുന്നു ‘ഭയപ്പെടേണ്ട ‘ , അവന്റെ ഉയിർപ്പിനു ശേഷം ശിഷ്യർക്ക് സമാധാനം ആശംസിക്കുന്നതിനോടൊപ്പം അവരോട് പറയുന്നു ‘ഭയപ്പെടേണ്ട ‘.

ഭയപ്പെടരുതെന്ന് നമുക്ക് മുന്നറിയിപ്പ് തരേണ്ടത് ആവശ്യമായി നമ്മുടെ കർത്താവിന് തോന്നുന്നത്, മൂന്ന് തെറ്റായ പേടികൾ നമ്മളെ അവനിൽ നിന്ന് അകറ്റി നിർത്തും എന്നുള്ളത് കൊണ്ടാണ് :

1, നമുക്ക് രക്ഷപ്പെടണമെന്നുണ്ട് , പക്ഷെ നമ്മുടെ പാപങ്ങളിൽ നിന്ന് വേണ്ട,

2, നമുക്ക് രക്ഷപ്പെടണമെന്നുണ്ട് , പക്ഷെ അധികവില കൊടുത്തിട്ട് വേണ്ട,

3, നമുക്ക് രക്ഷപ്പെടണമെന്നുണ്ട്, പക്ഷെ നമ്മുടെ വഴിയിലൂടെ മാത്രം , ദൈവത്തിന്റെയല്ല.

ഒന്ന് , നമുക്ക് രക്ഷപ്പെടണമെന്നുണ്ട് , പക്ഷെ നമ്മുടെ പാപങ്ങളിൽ നിന്ന് വേണ്ട !!

നമ്മുടെ കർത്താവിനെ പ്രതി അനേകർക്കുള്ള പേടി എന്താണെന്ന് വെച്ചാൽ യേശു എന്ന പേര് സൂചിപ്പിക്കും പോലെ അവൻ നമ്മുടെ പാപങ്ങളിൽ നിന്നൊക്കെ നമ്മളെ മോചിപ്പിച്ചാലോ എന്നുള്ളതാണ്. ദാരിദ്ര്യം, യുദ്ധം , അജ്ഞത, രോഗം , സാമ്പത്തിക അരക്ഷിതാവസ്ഥ -ഇതിൽ നിന്നൊക്കെ നമുക്ക് രക്ഷപ്പെടണം; ഈ രക്ഷപ്പെടലുകൾ നമ്മളെന്ന വ്യക്തിയിലെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും വിഷയലമ്പടത്വത്തിനും ഒരു വിഘ്നവും വരുത്തുന്നില്ലല്ലോ. അതുകൊണ്ടു തന്നെ സാമൂഹ്യപരമായ ക്രിസ്തീയതക്ക് നല്ല പ്രചാരമാണ് . തെരുവിലുള്ളവരുടെ പുനരുദ്ധാരണം അല്ലെങ്കിൽ ആഗോളഐക്യത്തിന് ചുക്കാൻ പിടിക്കൽ അങ്ങനെയൊക്കെയുള്ള ഇടപാടാണ് ക്രിസ്തീയത, വേറൊന്നുമല്ല എന്ന് കുറേപേർ വാദിക്കുന്നു.

ഇങ്ങനെയാവുമ്പോൾ മതം വളരെ സൗകര്യപ്രദമാണ് കാരണം അത് വ്യക്തികളുടെ മനസാക്ഷിയെ അതിന്റെ പാട്ടിന് വിടുന്നു. ചില വ്യക്തികൾ അവരുടെ മാനസിക പിരിമുറുക്കങ്ങങ്ങളാലും മനഃസാക്ഷികുത്തിനാലും സാമൂഹിക അസമത്വങ്ങൾക്കെതിരെ, അനീതിക്കെതിരെ നവീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാൻ പോലും സാധ്യതയുണ്ട് ; അവരുടെ ഉള്ള് അത്ര ശരിയല്ലെന്ന് അവർക്കറിയാവുന്നതുകൊണ്ട് അവർ പുറത്തുള്ളതിനെ ശരിയാക്കിക്കൊണ്ട് അത് നികത്താൻ ശ്രമിക്കുന്നതാണ്. സമ്പത്ത് അനേകമുള്ള ചിലർ വിപ്ലവകരമായ സംരംഭങ്ങളിലൂടെ സഹായം കൊടുത്തുകൊണ്ട് അവരുടെ മനസാക്ഷിയെ ശാന്തമാക്കാൻ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ ഇതേ കാരണം കൊണ്ടാണ്.

നമ്മുടെ കർത്താവിന്റെ ആദ്യത്തെ പ്രലോഭനം, ആത്മാക്കളുടെ രക്ഷ എന്ന ഉദ്യമം ഉപേക്ഷിച്ച്, കല്ലുകളെ അപ്പമാക്കിക്കൊണ്ട് സാമൂഹികരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞുകൊണ്ടായിരുന്നു- അസന്തുഷ്ടരായ ജനതയെ സൃഷ്ടിക്കുന്നത് മലിനമായ ഹൃദയങ്ങളല്ല , വിശക്കുന്ന വയറുകളാണെന്ന തെറ്റായ അനുമാനത്തിൽ ഊന്നിക്കൊണ്ടായിരുന്നു അത്. കാരണം , കുറേപേർ ചിന്തിക്കുന്നത് ദൈവം ചെയ്യേണ്ട ആദ്യത്തെ പണി സാമ്പത്തിക അരാജകത്വം ഇല്ലാതാക്കുക എന്നതാണെന്നാണ്. കഷ്ടതകളുടെ സമയത്ത് അവർ ദൈവസന്നിധിയിലേക്ക്‌ പോകുന്നു , അവരുടെ പണസഞ്ചി നിറഞ്ഞില്ലെങ്കിൽ അവർ ദൈവത്തോട് കലഹിക്കുന്നു.

മതം കൂടുതൽ വിസ്തൃതമാക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞ് ചിലർ സാമൂഹികോന്നമനത്തിനും കഷ്ടതയുടെ ഉന്മൂലനത്തിനുമൊക്കെ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ക്രിസ്ത്യൻ ഉപവിഭാഗങ്ങളിൽ ചേരാൻ സന്നദ്ധരാണ് – പക്ഷെ അവനവന്റെ പാപങ്ങൾക്ക് പരിഹാരം, പ്രായശ്ചിത്തം ഇതെക്കുറിച്ചൊന്നും പറയരുതെന്ന് മാത്രം. പാപത്തിൽ നിന്നുള്ള ശുദ്ധീകരണത്തെ പറ്റി മിണ്ടില്ലെങ്കിൽ, ഭക്ഷണമേശകളിലെ സംഭാഷണങ്ങളിൽ മതം കയറിവരുന്നതിനോട് ആളുകൾക്ക് എതിർപ്പൊന്നുമില്ല. അങ്ങനെ എണ്ണമറ്റ ഭയചകിതരായ ആത്മാവുകൾ ഉള്ളിലേക്ക് കടക്കാൻ തുനിയാതെ ആനന്ദത്തിന്റെ ഗേറ്റിൽ വന്ന് വിഷമിച്ചുനിൽക്കുന്നു – ഫ്രാൻസിസ് തോംസണിന്റെ’ The hound of Heaven’ എന്ന കവിതയിലെപോലെ തൻറെ തെറ്റായ ശീലങ്ങൾ തരുന്ന സന്തോഷങ്ങൾ നിലനിർത്താനായി ദൈവത്തിൽ നിന്ന് ഓടിയൊളിക്കാനാഗ്രഹിക്കുന്നവനെപ്പോലെ ….

തുടരും…

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ – Peace of Soul ( Chapter: Is God hard to find ?)

വിവർത്തനം: ജിൽസ ജോയ്

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s