വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, “ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനവും വലിയ ദാനമായി ചൊരിഞ്ഞു… പക്ഷെ വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഞങ്ങൾ പാവങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നത്?”
ബൊനവെഞ്ചറിന്റെ മറുപടി പെട്ടെന്നായിരുന്നു, ” ദൈവത്തെ സ്നേഹിക്കാനുള്ളത്രയും കൃപ അവൻ ഒരു വ്യക്തിക്ക് നൽകുകയാണെങ്കിൽ, അത് മാത്രം മതിയാകും”. “അങ്ങനെയാണെങ്കിൽ, അത്ര അറിവില്ലാത്തവർക്കും പണ്ഡിതരായ ആളുകളെപ്പോലെ ദൈവത്തെ സ്നേഹിക്കാൻ കഴിയുമെന്നോ?” സഹോദരൻ എജിഡിയൂസ് വീണ്ടും ചോദിച്ചു. “എന്ത് കൊണ്ട് പറ്റില്ല?” ബൊനവെഞ്ചർ തറപ്പിച്ചു പറഞ്ഞു, “അക്ഷരജ്ഞാനമില്ലാത്ത ഒരു പാവം അമ്മൂമ്മക്ക് പോലും ഒരു ദൈവശാസ്ത്രപണ്ഡിതനേക്കാൾ കൂടുതലായി ദൈവത്തെ സ്നേഹിക്കാൻ സാധിക്കും”.
എജിഡിയൂസ് സഹോദരൻ ആവേശഭരിതനായി പൂന്തോട്ടത്തിന്റെ അങ്ങേയറ്റം വരെ ഓടി ആർത്തുവിളിച്ചുകൊണ്ട് പറഞ്ഞു, ” ഇത് കേട്ടോ പഠിപ്പും വിദ്യാഭ്യാസോമില്ലാത്ത , നിഷ്കപടയായ പാവം അമ്മൂമ്മേ, ദൈവത്തെ സ്നേഹിച്ചാൽ മാത്രം മതിയെന്ന് , ദൈവശാസ്ത്രപണ്ഡിതനായ ബൊനവെഞ്ചറിനെക്കാളും വലിയവളാകാമെന്ന് ! “..
പേരിന്റെ മഹത്വം
1221ൽ ഇറ്റലിയിലെ ടസ്ക്കണിയിൽ വിറ്റേർബോക്ക് അടുത്തുള്ള ബാഞ്ഞോറെയ എന്ന സ്ഥലത്താണ് വിശുദ്ധ ബൊനവെഞ്ചർ ജനിച്ചത്. നാലുവയസ്സുള്ളപ്പോൾ വിശുദ്ധൻ ഒരു രോഗം ബാധിച്ചു മരിക്കാറായ സമയത്ത് വിശുദ്ധ ബൊനവെഞ്ചറിന്റെ അമ്മ സാക്ഷാൽ ഫ്രാൻസിസ് അസ്സീസ്സിയോട് കുഞ്ഞിന്റെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. കുഞ്ഞിന് സുഖമായെന്ന് മാത്രമല്ല, അവൻ ഭാവിയിൽ ആരായിതീരും എന്ന് മുന്നേകൂട്ടി കണ്ട വിശുദ്ധ ഫ്രാൻസിസ് “O buona Ventura” എന്ന് സന്തോഷത്തോടെ പറഞ്ഞു. അതിന്റെ അർത്ഥം ഓ മഹാഭാഗ്യം, നല്ല സൗഭാഗ്യം എന്നൊക്കെയാണ്. അങ്ങനെയാണ് വിശുദ്ധന് ബൊനവെന്തുര എന്ന് പേര് വന്നത്.
ഫ്രാൻസിസ് പിതാവിനെയും മറ്റു സഹോദരന്മാരെയും അനുഗമിച്ച് ബൊനവെഞ്ചറും ഫ്രാൻസിസ്കൻ സമൂഹത്തിൽ ചേർന്നു. പാരീസ് യൂണിവേഴ്സിറ്റിയിൽ ബിരുദമെടുത്തതിനു ശേഷം ദൈവശാസ്ത്രവും തിരുവചനവും പഠിക്കാൻ തുടങ്ങി. അവിടെ വെച്ച് വിശുദ്ധ തോമസ് അക്വീനാസുമായി സൗഹൃദത്തിലായി. ഇരുവരും ഒന്നിച്ചാണ് 1257 ൽ ഡോക്ടറേറ്റ് എടുത്തത്.
വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവചരിത്രം എഴുതുന്ന കർത്തവ്യം ഏറ്റെടുത്ത ബൊനവെഞ്ചറിനെ കണ്ട് തോമസ് അക്വീനാസ് പറഞ്ഞു, “ഒരു വിശുദ്ധനപ്പറ്റി എഴുതാൻ വേറൊരു വിശുദ്ധനെ വിടുന്നു നമ്മൾ ” എന്ന്. ഫ്രാൻസിസ്കൻ സമൂഹത്തിന്റെ രണ്ടാമത്തെ സ്ഥാപകൻ എന്ന് വിശുദ്ധ ബൊനവെഞ്ചറിനെ പറയാറുണ്ട്.
സെറാഫിനെ പോലെയൊരു വേദപാരംഗതൻ
ഒരു ദിവസം വിശുദ്ധ തോമസ് അക്വീനാസ് വിശുദ്ധ ബൊനവെഞ്ചറിനോട് ചോദിച്ചു എവിടെ നിന്നാണ് ഇത്രയും അറിവ് ലഭിച്ചതെന്ന്. അടുത്തിരുന്ന ക്രൂശിതരൂപം കാണിച്ചു കൊടുക്കുകയാണ് വിശുദ്ധൻ ചെയ്തത്. ബൊനവെഞ്ചറിന്റെ പുസ്തകങ്ങളിലെ ഊഷ്മളമായ ദൈവസ്നേഹം കൊണ്ട് ‘Seraphic Doctor’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകങ്ങളിൽ ചിലതാണ് Commentary on the Sentences of Peter Lombard, Concerning Perfection of Life തുടങ്ങിയവ. മിസ്റ്റിക്ക് വിഭാഗത്തിൽ പെട്ടവയാണ് Soliloquy and Concerning the Threefold Way. ദൈവത്തെ അന്വേഷിക്കുന്നവർ മൂന്നു സ്റ്റേജിലൂടെ അല്ലെങ്കിൽ വഴിയിലൂടെ കടന്നുപോകുന്നു എന്ന് വിശുദ്ധൻ പറയുന്നു. ആദ്യത്തേത് ‘സമാധാനത്തിന്റെ ശാന്തത’ ആണ്, അത് ലഭിക്കുന്നത് പാപത്തിൽനിന്നുള്ള ശുദ്ധീകരണം വഴിയായും ശുദ്ധമനസാക്ഷി സൂക്ഷിക്കുന്നത് കൊണ്ടുമാണ്. രണ്ടാമത്തേത് ‘സത്യത്തിന്റെ തേജസ്സ്’ , അത് ലഭിക്കുന്നത് ക്രിസ്തുവിനെ അനുകരിക്കുന്നത് വഴിയായി ആണ്. മൂന്നാമത്തേതാണ് ‘സ്നേഹത്തിന്റെ മാധുര്യം ‘ അത് കിട്ടുന്നത് ദൈവത്തോട് ചേർന്നിരിക്കുന്നത് വഴിയായും. ഈ മൂന്ന് വഴികളിലൂടെ വ്യക്തികൾക്കും സഭക്കും സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനം കരഗതമാകുന്നു.
അദ്ദേഹത്തിന്റെ കൃതികൾ മിസ്റ്റിക് വിഭാഗത്തിൽ പെട്ടതോ വ്യാഖ്യാനങ്ങളോ വിശ്വാസസത്യങ്ങളെപ്പറ്റിയോ എന്തും ആയിക്കോട്ടെ, അതിന്റെ വ്യക്തത ഒന്ന് വേറെ തന്നെയാണ്. ലിയോ പതിമൂന്നാമൻ പാപ്പ അദ്ദേഹത്തെ വിളിച്ചത് ‘മിസ്റ്റിക്കുകളുടെ രാജകുമാരൻ’ എന്നാണ്.
എഴുത്ത് മാത്രമല്ല, അദ്ദേഹം എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം ദൈവസ്നേഹത്താൽ പ്രചോദിതമായിട്ടായിരുന്നു. കേൾക്കുന്നവരുടെ ഹൃദയം എരിയുന്ന തരത്തിലുള്ള ഊർജ്ജമായിരുന്നു വിശുദ്ധനിൽ നിന്ന് പ്രസരിച്ചത്. ഫ്രാൻസിസ്കൻ സഹോദരങ്ങൾ,വൈദികർ, സാധാരണ ജനങ്ങൾ, പോപ്പ്, രാജാവ്….ആരുമായിക്കൊള്ളട്ടെ ദൈവവചനം പങ്കുവെക്കാനുള്ള ഒരവസരവും അദ്ദേഹം വിട്ടുകളഞ്ഞില്ല.
എളിമയും ലാളിത്യവും
അഗാധമായ പാണ്ഡിത്യം ആഴമുള്ള എളിമയോട് ചേർന്നാൽ എങ്ങനിരിക്കും? അതായിരുന്നു വിശുദ്ധ ബൊനവെഞ്ചർ. അദ്ദേഹത്തോട് അടുത്തുപെരുമാറുന്നവരൊക്കെ വിശുദ്ധന്റെ ലാളിത്യം കണ്ട് അമ്പരന്ന് പോയിട്ടുണ്ട്.
1265ൽ ക്ലമെന്റ് നാലാമൻ പാപ്പ വിശുദ്ധ ബൊനവെഞ്ചറിനെ ആർച്ചുബിഷപ്പാക്കാൻ നിർദ്ദേശിച്ചെങ്കിലും അത് തനിക്ക് താല്പര്യമില്ലെന്ന് പോപ്പിനെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. പക്ഷെ 1273ൽ ഗ്രിഗറി പത്താമൻ പാപ്പ അദ്ദേഹത്തെ അൽബാനോയുടെ കർദ്ദിനാൾ ആയി പ്രഖ്യാപിക്കുക തന്നെ ചെയ്തു. അതറിയിക്കാനും അധികാരചിഹ്നം കൈമാറാനുമായി പേപ്പൽ പ്രതിനിധികൾ ആശ്രമത്തിൽ എത്തിയപ്പോൾ വിശുദ്ധ ബൊനവെഞ്ചർ പാത്രങ്ങൾ കഴുകുകയായിരുന്നു. കർദ്ദിനാളിന്റെ തൊപ്പി അടുത്തുള്ള മരത്തിൽ തൂക്കിയിട്ടേക്കാനും തന്റെ പണി കഴിയുമ്പോൾ താൻ അതെടുത്തോളാമെന്നും വിശുദ്ധൻ അവരോട് പറഞ്ഞു.
പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥമുള്ള, പരമ്പരാഗതമായി സഭയിൽ നിലനിൽക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് റോമിൽ വെച്ച് തുടക്കമിട്ടത് വിശുദ്ധ ബൊനവെഞ്ചർ ആണ്. 1263ൽ, രാത്രിയാകുമ്പോൾ മംഗളവാർത്തയുടെ അനുസ്മരണാർത്ഥം ഒരു മണിയടിച്ച് നന്മനിറഞ്ഞ മറിയമേ ചൊല്ലുന്ന പതിവ് ഏർപ്പെടുത്തി. ഇതാണ് പിന്നീട് പള്ളികളിലും കപ്പേളകളിലും വീടുകളിലുമൊക്കെ ഏഴുമണിക്ക് കുരിശുമണിയടിക്കുമ്പോൾ ത്രിസന്ധ്യാജപം ചൊല്ലുന്ന പതിവായി തീർന്നത്.
ലിയോൺസിലെ ജനറൽ കൗൺസിൽ
1274ൽ ഗ്രിഗറി പത്താമൻ പാപ്പ ഗ്രീക്കുകാരുമായുള്ള പുനസമാഗമം ലക്ഷ്യമാക്കി പൊതുവായ ഒരു സഭായോഗം ലിയോൺസിൽ വിളിച്ചു കൂട്ടി. വിദഗ്ധരായ ദൈവശാസ്ത്രജ്ഞർ എല്ലാം അങ്ങോട്ടേക്ക് വിളിക്കപ്പെട്ടിരുന്നു. തോമസ് അക്വീനാസ് മാർഗ്ഗമദ്ധ്യേ മരണപ്പെട്ടു. പൊതുയോഗത്തിൽ വളരെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു ബൊനവെഞ്ചർ. ഗ്രീക്ക് പ്രതിനിധികളോട് അദ്ദേഹം സംസാരിച്ചു. ഉദ്ദേശിച്ച കാര്യം സാധിച്ചതിനു നന്ദിയായി വി. പൗലോസ്, വി. പത്രോസ് അപ്പസ്തോലന്മാരുടെ തിരുന്നാളിന് പോപ്പ് കുർബ്ബാനയർപ്പിച്ചു. ബൊനവെഞ്ചർ പ്രസംഗിച്ചു. പക്ഷെ ഈ സന്തോഷങ്ങൾക്കിടയിൽ ജൂലൈ 15, 1274 ന് അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി. ലിയോൺസിൽ തന്നെ അദ്ദേഹത്തെ അടക്കി. 1482ൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ബൊനവെഞ്ചർ 1588ൽ സഭയുടെ വേദപാരംഗതരിൽ ഒരാളായി എണ്ണപ്പെട്ടു.
അജ്ഞാതനായ ഒരു ചരിത്രകാരൻ വിശുദ്ധ ബൊനവെഞ്ചറിനെ പറ്റി പറഞ്ഞത് ഇങ്ങനെ :
“അപാരമായ അറിവും സംഭാഷണചാതുര്യവുമുള്ള ഒരു മനുഷ്യൻ ; അനിതരസാധാരണമായ വിശുദ്ധി, കാരുണ്യത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നവൻ ,ആർക്കും എപ്പോഴും സമീപിക്കാവുന്ന, സൗമ്യതയും ദയയും കൈമുതലായുള്ള ആൾ. നന്മയുടെ പേരിൽ ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവൻ. അദ്ദേഹത്തിന് അന്ത്യോപചാരമായി അർപ്പിച്ച കുർബാനയിൽ അനേകർ കണ്ണീർ വാർത്തു, കാരണം അദ്ദേഹത്തെ അറിയാനിട വന്നവരെല്ലാം അദ്ദേഹത്തെ ആഴമായി സ്നേഹിക്കുന്നവരായി മാറും എന്ന കൃപ അദ്ദേഹത്തിന് ദൈവത്തിൽ നിന്ന് ദാനമായി ലഭിച്ചിരുന്നു”.
പരിശുദ്ധ അമ്മയുടെ വലിയ ഭക്തനായിരുന്ന വിശുദ്ധ ബൊനവെഞ്ചർ അമ്മയെ പറ്റി പറഞ്ഞിട്ടുള്ള വാക്യങ്ങൾ പ്രസിദ്ധങ്ങളാണല്ലോ : “ദൈവത്തിനു കുറേക്കൂടി പരിപൂര്‍ണമായ മാലാഖമാരേയോ മഹത്തരമായ പ്രപഞ്ചത്തെയോ കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗത്തെ തന്നെയുമോ സൃഷ്ടിക്കുവാന്‍ കഴിയും. എന്നാല്‍ ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണയായ ഒരു അമ്മയെ സൃഷ്ടിക്കുക സാധ്യമല്ല.”.. ഇത് അതിലൊന്ന് മാത്രം.
തിരുഹൃദയത്തെ പറ്റി മനോഹരമായ വാക്യങ്ങളുണ്ട് അദ്ദേഹത്തിന്റെതായി :
“ഓ എത്രയും മാധുര്യമുള്ള ഈശോയെ, അങ്ങയുടെ ഹൃദയത്തിൽ ഞാൻ ഒരു രാജാവിന്റെ, സഹോദരന്റെ, സുഹൃത്തിന്റെ ഹൃദയം കണ്ടെത്തി”.
“എന്നെ പൂർണ്ണമായി അങ്ങയുടെ ഹൃദയത്തിലേക്കെടുക്കണമേ, കാരണം ഞങ്ങളെ സ്വീകരിക്കാനും ഞങ്ങൾക്ക് അങ്ങയിലേക്ക് പ്രവേശിക്കാനായും ആണല്ലോ അങ്ങയുടെ പാർശ്വം പിളർക്കപ്പെട്ടത്. ഞങ്ങൾ അതിനുള്ളിൽ വസിക്കാൻ വേണ്ടിയാണല്ലോ, ഓരോ പ്രതികൂലങ്ങളിലും അങ്ങയെ കൂടാതെ ഒരാശ്വാസവും കണ്ടെത്താതിരിക്കാനാണല്ലോ അങ്ങയുടെ ഹൃദയം മുറിവേൽക്കപ്പെട്ടത്..”
വിശുദ്ധ ബൊനവെഞ്ചർ പറഞ്ഞത് പോലെ, ദൈവത്തെ സ്നേഹിക്കാം നമുക്ക്. സാധാരണക്കാരെ പോലും പണ്ഡിതരെക്കാൾ വലിയവരാക്കുന്ന, വിശുദ്ധിയുള്ളവരാക്കുന്ന, ആത്മാക്കളെ രക്ഷപ്പെടുത്തുന്ന ആ സ്നേഹം…
ജിൽസ ജോയ്
