നാലാം ക്ലാസ് വരെ #സിറാജ് മദ്രസയില്‍പ്പോകുകയും മതപഠനം നടത്തുകയും ചെയ്തിരുന്നു. ആ കാലത്തും വല്ലപ്പോഴുമൊക്കെ അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ കത്തോലിക്ക ദൈവാലയത്തില്‍ പോകുക പതിവായിരുന്നു. ദൈവാലയത്തില്‍ പോകാന്‍ ചെറുപ്പം മുതല്‍ അവന് ഇഷ്ടമായിരുന്നു. മിശ്രമവിവാഹിതരായിരുന്നു അവന്റെ മാതാപിതാക്കള്‍. അമ്മ കത്തോലിക്കയും പിതാവ് ഇസ്ലാം മതവിശ്വാസിയും. അവന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പിതാവ് അവരുടെ കുടുംബത്തെ ഉപേക്ഷിച്ചു. അതേതുടര്‍ന്ന് അമ്മവീടായ ആലപ്പുഴ പൂങ്കാവിലേക്ക് അവര്‍ താമസം മാറി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍ മാമ്മോദീസ സ്വീകരിച്ചു. സിറാജ് അങ്ങനെ ജോസഫ് സിറാജ് ആയി.
വിശ്രമിക്കാന്‍ മറന്ന അമ്മ
അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വിശ്വാസത്തില്‍നിന്നാണ് തന്റെ പിറവി എന്നാണ് ജോസഫ് സിറാജ് പറയുന്നത്. അവന്‍ ഉദരത്തിലായിരുന്ന സമയത്ത് അബോര്‍ഷന്‍ ചെയ്യാന്‍ പിതാവ് നിര്‍ബന്ധിച്ചു. അതിനായി അമ്മ നിര്‍മല ചില മരുന്നുകള്‍ കഴിക്കുകയും ചെയ്തു. എങ്കിലും ഉദരത്തിലെ ജീവന്‍ നഷ്ടമായില്ല. മരുന്നിന്റെ അനന്തരഫലമായി അമ്മയ്ക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി. ഭയംതോന്നിയ അവര്‍ തന്റെ അമ്മയോട് ഈ വിവരം പറയുകയും അമ്മ ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിനുശേഷമായിരുന്നു അവന്റെ ജനനം.
അഞ്ചാം ക്ലാസില്‍ എത്തിയപ്പോള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു. അന്നു മുതല്‍ അള്‍ത്താരബാലനായി. കഠിനാധ്വാനം ചെയ്താണ് അമ്മ മക്കളെ വളര്‍ത്തിയത്. രാവിലെ ആറ് മണിക്കുമുമ്പ് മക്കള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കിവച്ചിട്ട് വീട്ടുജോലിക്ക് പോകുമായിരുന്നു. തിരിച്ചുവരുമ്പോള്‍ അടുത്തുള്ള കയര്‍ഫാക്ടറിയില്‍നിന്നും ചകിരി കൊണ്ടുവരും. രാത്രി 12 മണിവരെ കയറുപിരിക്കും. അക്കാലത്തൊന്നും അമ്മ വിശ്രമിക്കുന്നത് മക്കള്‍ കണ്ടിട്ടില്ല. മിഷന്‍ലീഗ്, ജീസസ് യൂത്ത് എന്നീ ആത്മീയ സംഘടനകളില്‍ ജോസഫ് സിറാജ് സജീവമായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരിച്ചു.
ഹോട്ടലില്‍നിന്നും മീഡിയയിലേക്ക്
പ്ലസ് ടുവിനുശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നു. പഠനത്തിനിടയില്‍ത്തന്നെ എറണാകുളത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ലഭിച്ചു. ആ സമയത്താണ് (2014ല്‍) സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അഭിഷേഗ്നി കണ്‍വന്‍ഷന്‍ പൂങ്കാവ് ഇടവകയില്‍ നടന്നത്. അത് ദൈവം ഒരുക്കിയ സമയമായിരുന്നു എന്ന് ജോസഫ് സിറാജ് തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു. അവിടെവച്ച് അച്ചനുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. ഹോട്ടലിലെ ജോലി ഉപേക്ഷിക്കാനായിരുന്നു അച്ചന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാന്‍ ഏറെ കാര്യങ്ങളുണ്ടെന്നായിരുന്നു അച്ചന്റെ വാക്കുകള്‍. അങ്ങനെ വട്ടായില്‍ അച്ചന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോസഫ് സിറാജ് മാധ്യമമേഖലയിലേക്ക് തിരിയുന്നത്.
പാലാക്കാട് സ്വകാര്യ സ്ഥാപനത്തില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമാ കോഴ്‌സിന് ചേര്‍ന്നു. അതിനുശേഷം സെഹിയോന്‍ ധ്യാനകേന്ദ്രത്തോട് ചേര്‍ന്ന് സഭയ്ക്കുവേണ്ടി നിലകൊള്ളുന്ന ചില ന്യൂസ്‌പോര്‍ട്ടലുകളോടൊപ്പമായിരുന്നു പ്രവര്‍ത്തനങ്ങള്‍. സഭയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനു സോഷ്യല്‍ മീഡിയകള്‍വഴി മറുപടി നല്‍കാന്‍ ആരംഭിച്ചു. അതു കാണുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചപ്പോള്‍ ഒരു കാര്യം ബോധ്യമായി, സത്യം പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടാകും. സാമൂഹ്യമാധ്യമങ്ങളില്‍ ക്രൈസ്തവര്‍ സംസാരിക്കേണ്ടത്, സത്യം തുറന്നുപറയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നുള്ള തിരിച്ചറിവ് അക്കാലത്ത് ശക്തമായി.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായപ്പോള്‍ വധഭീഷണികള്‍ വരെ ഉയര്‍ന്നു. അതിനൊന്നും പ്രാധാന്യം കൊടുക്കാതെ അഞ്ച് വര്‍ഷം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ മീഡിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. പൂങ്കാവിലെ കുടുംബകൂട്ടായ്മകളില്‍ പരിശുദ്ധ മാതാവിനെക്കുറിച്ച് പ്രസംഗിച്ചുവളര്‍ന്ന ജോസഫ് സിറാജ് യുവജനങ്ങള്‍ക്ക് ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങി. എല്ലാത്തിന്റെയും പിന്നില്‍ ആത്മീയപിതാവായ വട്ടായിലച്ചന്റെ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു.
വിളിയിലെ സന്ദേഹങ്ങള്‍
വൈദികനാകണമെന്ന ചിന്ത ഈ കാലയളവില്‍ ശക്തമായി. ചെറുപ്പം മുതല്‍ ഈ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്ക് വന്നതുകൊണ്ട് അതിന് കഴിയുമോ എന്ന സംശയം ഉണ്ടായിരുന്നതിനാല്‍ ആഗ്രഹം മനസില്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ദൈവവിളിയെ സംബന്ധിച്ച് അതൊരു ഘടകമല്ലെന്ന് പിന്നീടാണ് മനസിലായത്. സെമിനാരിയില്‍ ചേരാനുള്ള ആഗ്രഹം അറിയിച്ച് 2020 മെയ് മാസത്തില്‍ സെഹിയോനില്‍നിന്നും പോന്നു, ജൂണ്‍ മാസത്തില്‍ സെമിനാരിയില്‍ ചേരണമെന്ന ചിന്തയോടെ. ”വിശുദ്ധരെ അതിവിശുദ്ധ മാര്‍ഗം കാണിച്ച് സാത്താന്‍ തട്ടിക്കും. അതുകൊണ്ട് ഇത് യഥാര്‍ത്ഥ വിളിയാണോ എന്ന് ഉറപ്പിച്ചതിനുശേഷമേ സെമിനാരിയില്‍ ചേരാവൂ” എന്ന് ഗുരുതുല്യനായ ഒരാള്‍ പറഞ്ഞു.
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ചില കാരണങ്ങളാല്‍ സെമിനാരിയില്‍ പോകാന്‍ പറ്റിയില്ല, തിരിച്ച് സെഹിയോനിലേക്കും. കുറച്ചുകാലം ഇനി നാട്ടില്‍ നില്ക്കാം എന്നു വിചാരിച്ച് സുഹൃത്തിനൊപ്പം കൊല്ലം ജില്ലയില്‍ ഒരു മിക്‌സഡ് ഫാം തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചവറ ഗ്രാമപഞ്ചായത്ത് മാതൃകാ കൃഷിത്തോട്ടമായി അംഗീകരിച്ചു. ലോക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഫാം നഷ്ടമായി. താമസിയാതെ സുഹൃത്തിന് വിദേശത്ത് ജോലി ലഭിച്ചു. അങ്ങനെ ഫാം നിര്‍ത്തി.
ദര്‍ശനക്കാലത്തെ ദര്‍ശനങ്ങള്‍
വീണ്ടും ഒരു പരിവര്‍ത്തനം ജോസഫ് സിറാജിന്റെ ജീവിതത്തില്‍ ഉണ്ടായി. സിഎംഐ വൈദികരുടെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ദര്‍ശന അക്കാദമിയില്‍ നല്ല ശമ്പളത്തോടെ ജോലി ലഭിച്ചു. അതേസമയം ജോസഫ് സിറാജിന്റെ മനസില്‍ പൗരോഹിത്യത്തിലേക്കാണോ വിവാഹ ജീവിതത്തിലേക്കാണോ ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്ന ചോദ്യം മുഴങ്ങാന്‍ തുടങ്ങി. ഒരു രാത്രിയില്‍ ഏറെ ഹൃദയഭാരത്തോടെ ദര്‍ശന അക്കാദമിയുടെ ചാപ്പലില്‍ പോയി ഒറ്റക്കിരുന്നു പ്രാര്‍ത്ഥിച്ചു. തന്റെ ജീവിതാന്തസിനെക്കുറിള്ള ദൈവിക പദ്ധതി വെളിപ്പെടുത്തി തരണമേ എന്നായിരുന്നു പ്രാര്‍ത്ഥന.
വചനത്തിലൂടെ കര്‍ത്താവ് കൃത്യമായ മറുപടി നല്‍കിയപ്പോള്‍ രണ്ട് മാസത്തിനുള്ളില്‍ പ്രകടമായൊരു തെളിവ് ആവശ്യപ്പെട്ടു. വീട്ടിലെ കാര്യങ്ങള്‍ ക്രമപ്പെടുത്തണമെന്നതായിരുന്നു നിയോഗം. വളരെ വേഗമായിരുന്നു മറുപടി ലഭിച്ചത്. മൂത്ത സഹോദരി അമലയുടെ വിവാഹം നടന്നു. അതിന് ഒരുവര്‍ഷം മുമ്പ് സഹോദരിക്ക് ജര്‍മനിയില്‍ ജോലി ലഭിച്ചിരുന്നു. ഇളയ സഹോദരിക്ക്, സുറുമി എന്ന കൊച്ചുത്രേസ്യക്ക് യുകെയില്‍ ഫിസിയോതെറാപ്പി കോഴ്‌സിന് പ്രവേശനം ലഭിച്ചു. തന്റെ വഴി ഏതാണെന്ന് ഉറപ്പിക്കാന്‍ ആ രണ്ട് അടയാളങ്ങള്‍ ധാരാളമായിരുന്നു.
ദൈവം അമ്മയോട് സംസാരിച്ചോ?
എല്ലാക്കാര്യങ്ങളും ക്രമപ്പെട്ടതിനുശേഷം പിഎംഐ സഭയില്‍ ചേരാന്‍ തീരുമാനിച്ചു. അതേ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ദര്‍ശന അക്കാദമിയിലെ ജോലി രാജിവച്ചു. സെമിനാരിയില്‍ ചേരാനുള്ള തീരുമാനത്തെക്കുറിച്ചറിഞ്ഞ പലരും നിരുത്സാഹപ്പെടുത്തി. ജോസഫ് സിറാജിന് അതിന് ഒരു മറുപടിയെ ഉണ്ടായിരുന്നുള്ളൂ. ”വിശുദ്ധ കുര്‍ബാന എല്ലാത്തിനും ഉപരിയാണ്. ദൈവത്തിന്റെ പ്രതിപുരുഷനായി അക്കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം വിളിച്ചാല്‍ അതിലും വലുത് എന്താണുള്ളത്? അമ്മ സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ പോകും. അമ്മ വേണ്ടെന്ന് പറഞ്ഞാല്‍ ഞാനത് ദൈവത്തിന്റെ വാക്കായി കേള്‍ക്കും.” പലരും പോകരുതെന്ന് പറയാന്‍ അമ്മയോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഒരു ദിവസം മകന്‍ അമ്മയോട് പറഞ്ഞു. ഞാന്‍ മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനയ്ക്ക് പോകുകയാണ്. ഈ ദിവസങ്ങളില്‍ കുര്‍ബാനയ്ക്കുപോയി പ്രാര്‍ത്ഥിച്ചിട്ട് അമ്മ എന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണം. സെമിനാരിയില്‍ ചേരേണ്ടെന്ന് അമ്മ പറഞ്ഞാല്‍ ഞാന്‍ പോകില്ല.
തിരിച്ചുവരുമ്പോള്‍ അമ്മയില്‍ വലിയൊരു പരിവര്‍ത്തനം നടന്നിരുന്നു. ”നീ ദൈവത്തിന്റെ മകനാണ്. നിന്നെ ദൈവം വിളിക്കുന്നുണ്ടെങ്കില്‍ ആ വഴി തിരഞ്ഞെടുക്കുക. അമ്മയുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. കര്‍ത്താവ് നോക്കിക്കൊള്ളും.” മനസുനിറഞ്ഞായിരുന്നു അമ്മ പറഞ്ഞത്. ദൈവം ആ ദിവസങ്ങളില്‍ അമ്മയോട് സംസാരിച്ചിരുന്നിരിക്കാം. അങ്ങനെ കഴിഞ്ഞ ജൂണ്‍ 26 ന് ജോസഫ് സിറാജ് പിഎംഐ സഭയില്‍ ചേര്‍ന്നു.
ചേട്ടനച്ചന്‍ അമ്മയുടെ തീരുമാനത്തിനു പിന്നില്‍ വലിയ ത്യാഗമുണ്ട്. ചെറുപ്പത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ദിവസങ്ങള്‍ക്കുമുമ്പ് യുകെയിലുള്ള സഹോദരി കൊച്ചുത്രേസ്യ സഹോദരന്റെ അക്കൗണ്ടില്‍ 15,000 രൂപയിട്ടു. അവള്‍ മിച്ചംപിടിച്ച പണമാണ്. 5,000 രൂപ വീട്ടിലെ കാര്യങ്ങള്‍ക്ക് എടുക്കണം. 10,000 രൂപ സെമിനാരിയില്‍ പോകാനുള്ള ചെലവുകള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. യുകെയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ് ഫീസിനും താമസത്തിനുമുള്ള ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. അതില്‍നിന്നും അരിച്ചുപിടിച്ച് മിച്ചംവച്ച സമ്പാദ്യമാണ് അയച്ചതെന്ന് സഹോദരനറിയാം.
സഹോദരിയുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. അമ്മയുടെ കാര്യം നോക്കണം. വിദ്യാഭ്യാസ ലോണ്‍ എടുത്തത് ഇപ്പോഴും ബാക്കിയാണ്. അമ്മയുടെ കാര്യമോര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ലെന്നായിരുന്നു അപ്പോഴും സഹോദരിയുടെ വാക്കുകള്‍. അതേസമയം ദൈവം മറ്റൊരു വിധത്തില്‍ ഈ ദിവസങ്ങളില്‍ കൊച്ചുത്രേസ്യയെ അനുഗ്രഹിച്ചു. പരീക്ഷയുടെ റിസല്‍ട്ട് വന്നു. നല്ലനിലയില്‍ പാസായി. ഇനി, രണ്ടു വര്‍ഷം അവിടെ ജോലി ചെയ്യാനുള്ള അനുവാദമുണ്ട്.
ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്വയം ത്യാഗങ്ങള്‍ ഏറ്റെടുക്കുന്നവരെ അനുഗ്രഹിക്കാതിരിക്കാന്‍ അല്ലെങ്കിലും അവിടുത്തേക്ക് കഴിയുമോ?
ചേട്ടനച്ചന്‍ എന്നാണ് അനുജത്തി വിളിക്കുന്നത്. പിതാവ് ചെറുപ്പത്തിലെ നഷ്ടപ്പെട്ടതുകൊണ്ടാണ് അങ്ങനെ വിളിച്ചുതുടങ്ങിയത്. ഇനി ജീവിതാവസാനംവരെ അങ്ങനെ വിളിക്കാനുള്ള ഭാഗ്യമാണ് സെമിനാരിയില്‍ ചേരുന്നതിലൂടെ ലഭിക്കുന്നത്. സെമിനാരിയില്‍ ചേരുന്നതിന് ജോസഫ് സിറാജ് എന്ന ചെറുപ്പക്കാരന് ഒറ്റലക്ഷ്യമേ ഉള്ളൂ. ഈശോക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ-അതെല്ലാം ചെയ്യുക
Source: Sunday Shalom
