ആരെയും, ഒന്നിനെയും ഒഴിവാക്കാത്ത ദൈവസ്നേഹം: ക്രിസ്തു ജീവിക്കുന്നു

“ക്രിസ്തു ജീവിക്കുന്നു”: പിതാവ് നട്ട സ്വപ്നത്തിന്റെ പേര് യേശു

“ക്രിസ്തു ജീവിക്കുന്നു”: പിതാവ് നട്ട സ്വപ്നത്തിന്റെ പേര് യേശു

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 157ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് “നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

157. പിതാവ് നട്ട സ്വപ്നത്തിന്റെ പേരാണ് യേശു

സഭയിലെ സകല യുവാക്കളെയും ഒന്നിച്ച് ഒറ്റ സ്വപ്നത്തിലേക്ക് കൊണ്ടുവരാൻ യേശുവിനു കഴിയും. അത് ഏവർക്കും സ്ഥാനമുള്ള മഹത്തായ ഒരു സ്വപ്നമാണ്. ആ സ്വപ്നത്തിനു വേണ്ടിയാണ് യേശു തന്റെ ജീവൻ കുരിശിൽ വെടിഞ്ഞത്. അതിനു വേണ്ടിയാണ് പന്തക്കുസ്താ ദിനത്തിൽ എല്ലാ സ്ത്രീ പുരുഷന്മാരുടെയും ഹൃദയത്തിലേക്ക് എന്റെയും നിന്റെയും ഹൃദയത്തിലേക്ക് പരിശുദ്ധാത്മാവ് അഗ്നിയായി ചൊരിയപ്പെട്ടത്. നിന്റെ ഹൃദയത്തിലേക്കും അവിടുന്ന് ആ അഗ്നി ചൊരിഞ്ഞത് അതിന് വളർന്ന് കത്തിപ്പടരാൻ ഇടം കിട്ടും എന്ന പ്രത്യാശയോടെയാണ്. ഓരോ ഹൃദയത്തിലും വളരുമെന്ന വിശ്വാസത്തോടെ പിതാവ് നട്ട ആ സ്വപ്നത്തിന്റെ പേര് യേശു എന്നാണ്. മൂർത്തമായ ഒരു സ്വപ്നം; ഒരു വ്യക്തിയാകുന്ന സ്വപ്നം; നമ്മുടെ ഞരമ്പുകളിലൂടെ ഒഴുകുന്നതും ഹൃദയങ്ങളെ ത്രസിപ്പിക്കുന്നതും, നൃത്തം ചെയ്യിപ്പിക്കുന്നതുമായ സ്വപ്നം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

പിതാവായ ദൈവത്തിന്റെ സ്വപ്നത്തെ കുറിച്ചാണ് പാപ്പാ ഈ ഖണ്ഡികയിൽ പറയുന്നത്. ആ സ്വപ്നം യേശുവാണെന്നും, യേശുവിന്റെ നാമത്തിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നതാണെന്നും പറയുന്ന പാപ്പാ യേശുവെന്ന സ്വപ്നത്തിൽ എല്ലാവർക്കും ഇടമുണ്ടെന്നും സൂചിപ്പിക്കുന്നു. പിതാവിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാനാണ് യേശു സ്വന്തം രക്തം ചിന്തി മരിച്ചത്. ജീവൻ നൽകിയും, പരിശുദ്ധാത്മാവെന്ന അഗ്നി നമ്മുടെ ഹൃദയത്തിലേകിയും ആ സ്വപ്നത്തിൽ ജീവിക്കുവാൻ പിതാവായ ദൈവം പുത്രനിലൂടെ നമ്മെ ക്ഷണിക്കുന്നു.

പിതാവ് നട്ട സ്വപ്നത്തിന്റെ പേര് യേശു

“അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന്‌ അങ്ങ്‌ എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും അവിടുന്ന്‌ എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ്‌ എന്നെ അയച്ചുവെന്നും അങ്ങ്‌ എന്നെ സ്നേഹിച്ചതുപോലെതന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ. പിതാവേ, ലോകസ്ഥാപനത്തിനുമുമ്പ്‌, എന്നോടുള്ള അവിടുത്തെ സ്നേഹത്താല്‍ അങ്ങ്‌ എനിക്കു മഹത്വം നല്‍കി. അങ്ങ്‌ എനിക്കു നല്‍കിയവരും അതു കാണാന്‍ ഞാന്‍ ആയിരിക്കുന്നിടത്ത്‌ എന്നോടുകൂടെ അവരും ആയിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. (യോഹന്നാന്‍ 17 : 20-24 ) എന്ന് ബൈബിളിൽ ഈശോ ഐക്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

ഈ പ്രാർത്ഥനയ്ക്ക് പിതാവായ ദൈവം ഉത്തരം നൽകുന്നതും ബൈബിളിൽ നമുക്ക് കാണുവാൻ കഴിയും. ഇടയൻ അടിക്കപ്പെടുമ്പോൾ ആടുകൾ ചിതറിക്കപ്പെടുന്നു. എന്നിട്ടും ചിതറിക്കപ്പെട്ട ആടുകളെ ഒരേ ആലയിൽ എത്തിക്കാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും ഐക്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു. സഹനങ്ങളെ കുറിച്ച് പങ്കുവെക്കുമ്പോൾ തന്റെ ശിഷ്യന്മാർ സ്ഥാനമാനങ്ങളെക്കുറിച്ചു പറഞ്ഞ് വലിയവരാകാ൯ ആഗ്രഹിക്കുന്നതിനെ വലിയ നെടുവീർപ്പോടെ കണ്ട യേശു പിതാവിനോടു അവരുടെയും, തന്നെ ഭരമേൽപ്പിച്ച ലോക ജനത്തിന്റെ മുഴുവനും ഐക്യത്തിനായി പ്രാർത്ഥിക്കുന്നു. ഉന്നതത്തിൽ നിന്നും അത്യുന്നതന്റെ ശക്തി ലഭിക്കുന്നത് വരെ ജെറുസലേം വിട്ടു പോകരുതെന്ന് പറഞ്ഞു കൊണ്ട് ഈശോ പ്രലോഭനങ്ങളുടെ നേരത്തും ഒരുമിച്ചു മുന്നേറാനാണ് ആഹ്വാനം ചെയ്യുന്നത്.

ഈ ഖണ്ഡികയുടെ ആദ്യഭാഗത്ത് സഭയിലെ സകല യുവാക്കളെയും ഒന്നിച്ച് ഒറ്റ സ്വപ്നത്തിലേക്ക് കൊണ്ടുവരാൻ യേശുവിനു കഴിയും എന്ന് പാപ്പാ പറയുന്നതും ശിഷ്യരുടെ ജീവിതവും കൂട്ടി ചേർത്ത് വായിക്കുമ്പോൾ നമുക്ക് ഈശോയുടെ പ്രാർത്ഥനയുടെ അർത്ഥം ഗ്രഹിക്കാനാവും.

ഐക്യമുണ്ടാകണമെങ്കിൽ സ്നേഹം വേണം. സ്നേഹം ഐക്യപ്പെടുത്തുന്നു. എല്ലാവരെയും ഒരേ പോലെ സ്നേഹിച്ച ക്രിസ്തു നമ്മോടു എല്ലാവരെയും ഒരേ പോലെ സ്നേഹിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ അവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവന്റെ ശിഷ്യന്മാരുടെ ഇടയിൽ അധികാര സ്ഥാനങ്ങളുടെ പേരിൽ വലിയവനാകുന്നതിന്റെ പേരിൽ ഭിന്നതകൾ നിലനിന്നിരുന്നു. ഇത് നന്നായി അറിഞ്ഞ ഗുരുവായ അവൻ ശിഷ്യപാദം കഴുകിയാണ് അവരുടെ മനസ്സിലിരുപ്പുകൾക്ക് ഉത്തരം നൽകുന്നത്. ഭിന്നതകൾ പരത്തുന്ന അധികാര ഭ്രമത്തേക്കാൾ തന്റെ വഴി സ്നേഹത്തിന്റെ സേവനമാണെന്ന് ശിഷ്യരെ പഠിപ്പിക്കുകയായിരുന്നു. തന്നെ ഒറ്റിയവനും തള്ളിപ്പറഞ്ഞവനും തന്റെ വക്ഷസ്സിൽ ചാരിക്കിടന്നവനും ഒരു പോലെ അനുഭവിക്കുന്ന സ്നേഹം. ആരെയും ഒന്നിനെയും ഒഴിവാക്കാത്ത സ്നേഹം. അവന്റെ മരണശേഷം തന്റെ ശിഷ്യനായ പത്രോസിന് അത് വ്യക്തമായി ബോധ്യപ്പെടുത്തിയും കൊടുക്കുന്നുണ്ട്. അതിനെ കുറിച്ച് നാം വായിക്കുന്നത് ഇങ്ങനെയാണ്.

“പത്രോസിന് വിശന്നു. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അവന്‌ ഒരു ദിവ്യാനുഭൂതി ഉണ്ടായി. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച്‌ ഭൂമിയിലേക്ക്‌ ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു. ഒരു സ്വരവും അവന്‍ കേട്ടു: പത്രോസേ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. പത്രോസ്‌ പറഞ്ഞു: കര്‍ത്താവേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്‌. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക്‌ എടുക്കപ്പെടുകയും ചെയ്‌തു.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 10-16). ദൈവം സൃഷ്ടിച്ച എല്ലാം വിശുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് എല്ലാവരും സ്നേഹത്തിൽ ഒന്നാണെന്ന് പഠിപ്പിക്കുന്നു.

ഇന്ന് ദൈവത്തെയും, ദേവാലയങ്ങളെയും, മനുഷ്യരെയും ജാതിയുടെ പേരിൽ, മതത്തിന്റെ പേരിൽ, ധനത്തിന്റെ പേരിൽ വേർതിരിച്ച് അതിർത്തി തീർക്കുന്ന ലോകത്തിൽ എല്ലാവരും ദൈവത്തിന്റെ മക്കളാണെന്ന ഏക വിശ്വാസത്തിൽ ഒന്നിക്കാൻ പാപ്പായുടെ ഈ പ്രബോധനം ക്ഷണിക്കുകയാണ്. എല്ലാവരുടെയും സ്വന്തമാണ് ദൈവം. എല്ലാവർക്കും അവകാശപ്പെട്ടതുമാണവൻ. അതിനെ ഓർമ്മിപ്പിക്കുന്ന ദൈവവചനം അപ്പോസ്തല പ്രവർത്തനങ്ങളിൽ കാണാം.

“പത്രോസ്‌ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതീയരുടെമേല്‍പോലും പരിശുദ്‌ധാത്‌മാവിന്റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്ഛേദിതരായ വിശ്വാസികള്‍ വിസ്‌മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും അവര്‍ കേട്ടു.” (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10 : 44-46)

ചിന്തകളിലും പ്രവർത്തികളിലും വിജാതീയർ, യഹൂദർ, ഗ്രീക്കുകാർ പരിച്ഛേദനം ചെയ്തവർ, അപരിച്ഛേദിതർ എന്നിങ്ങനെ നിരവധി വ്യത്യാസങ്ങൾ നിലനിന്ന ആദിമ സഭയിൽ ഐക്യത്തിന്റെ നാഥനായ യേശു തന്റെ ശിഷ്യരുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത് വിജാതിയ സഹോദരങ്ങളുടെ മേലും ആത്മാവിനെ വർഷിച്ചു കൊണ്ടാണ്. പാപ്പാ പറയാറുള്ളത് പോലെ ദൈവത്തിൽ നാം എല്ലാവരും ഒന്നാണ്. ദൈവകരുണയെ നമ്മുടെ പരിമിതമായ ഹൃദയം കൊണ്ട് അളക്കരുത്. ഒരേ ദൈവത്തിന്റെ മക്കൾ എന്ന നിലയിലുള്ള ഐക്യമാണ് ദൈവം ആഗ്രഹിച്ചത്. ക്രിസ്തുവും അതിന് വേണ്ടി ജീവിച്ചു. എവിടെയൊക്കെ ഭിന്നതകളും അസമത്വവും നിറഞ്ഞിരുന്നോ അവിടെയൊക്കെ അവൻ തന്റെ ശബ്ദമുയർത്തി. ഈ വിളിയാണ് യുവജനങ്ങളെ പ്രചോദിപ്പിക്കേണ്ടത്. ക്രിസ്തുവിന്റെ ഈ മനോഭാവം സ്വീകരിച്ച് ദൈവ സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ക്രിസ്തുവിൽ ഒന്നാകാൻ നമുക്കും പരിശ്രമിക്കാം.

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s