ഓർക്കുന്നു ഞാനിപ്പോഴും
അമ്മതൻ വിരൽ മുറുക്കിപ്പിടിച്ചൊരു
നാലുവയസ്സുകാരിയെ.
തുണിക്കടയിൽ നിന്നിറങ്ങി
വായെന്ന് പറഞ്ഞു വലിച്ചെന്നെയമ്മ
പള്ളിയിലേക്ക് കേറ്റി പറഞ്ഞു,
‘ഒരു മിനിറ്റ്’
കുട്ടി വളർന്നു,
പുസ്തകസഞ്ചിയോടെ
മുട്ടുകുത്തി ഈശോയ്ക്ക് ചാരെ.
പറഞ്ഞിരുന്നെന്നോടെന്നമ്മ,
വീട്ടിലേക്ക് വരും നേരം
ഈശോയ്ക്കരികിൽ ചെല്ലാൻ,
കൊച്ചുവർത്താനം ചൊല്ലാൻ,
‘ഒരു മിനിറ്റ്’.
പിന്നെയത് ശീലമായ്.
കോളേജിൽ പോയി വരുമ്പോൾ
കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും
ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും
പള്ളിയിലേക്കോടാൻ നേരം
പതിയെ മൊഴിയും അവരോട്
‘ഒരു മിനിറ്റ് ‘.
നല്ലതും ചീത്തയും ഉണ്ടെന്നിലായ്
നേരായ എന്നെയറിയുന്നതവൻ മാത്രം.
ഇഷ്ടമാണെനിക്കേറെ,
അവനോടൊത്തുള്ള നേരം.
അവനെന്റെ പരിഹാരമായ്
നീറുന്ന പ്രശ്നങ്ങളിൽ.
സമാധാനം നിറയുന്ന
‘ഒരു മിനിറ്റ്’.
അവനവിടെ തനിച്ചാകും മണിക്കൂറുകളെത്രയെത്ര,
നമുക്കായവൻ കാത്തിരിക്കും നേരമെത്രയെത്ര,
ആരെങ്കിലുമൊന്നു നിന്നാൽ,
അവനോടൊന്നു മിണ്ടിയാൽ
അവനേറെ സന്തോഷിക്കുമാ
‘ഒരു മിനിറ്റ് ‘.
ഒരിക്കൽ ഞാനും മരിക്കും
എനിക്കതറിയാമെന്നാലും
ഭീതിയശേഷമില്ലയെന്നിൽ
അറിയണോ അതിൻ പൊരുൾ കൂട്ടരേ?
വിധിയാളനായി മുന്നിൽ വരുന്നേരം
ഓർക്കുകില്ലേ എൻ നാഥൻ
ഞാനെന്നും പോയി മുട്ടിൽ നിന്ന ആ
‘ഒരു മിനിറ്റ് ‘
ജിൽസ ജോയ്
(anonymous ആയ, ഇംഗ്ലീഷിലുള്ള ആശയം എന്റേതായ രീതിയിൽ എഴുതിയതാണ് )