ജോവാക്കിമും അന്നയും: അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ

“ജോവാക്കിമും അന്നയും, എത്ര അനുഗ്രഹിക്കപ്പെട്ട ദമ്പതികൾ ! എല്ലാ സൃഷ്ടികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം അവന്റെ അമ്മയാകാൻ യോഗ്യതയുള്ള ഒരേയൊരു കന്യക എന്ന, സൃഷ്ടാവിന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ പാരിതോഷികം നിങ്ങളുടെ കൈകളിൽകൂടിയാണ് നല്കപ്പെട്ടത് ” വിശുദ്ധ ജോൺ ഡമഷീന്റെ വാക്കുകൾ.

സുവിശേഷങ്ങളിൽ പരിശുദ്ധ അമ്മയുടെ മാതാപിതാക്കളെപ്പറ്റി പറയുന്നില്ലെങ്കിലും രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലായി ആദിമകാലത്ത് രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളിലാണ് അതിനെപ്പറ്റി സൂചനയുള്ളത്. അന്ന എന്ന വാക്കിനർത്ഥം ‘കൃപ, വരപ്രസാദം’ എന്നൊക്കെയാണ്, അതുപോലെ ജോവാക്കിം എന്ന വാക്കിനർത്ഥം ‘ദൈവം രക്ഷിക്കുന്നു’ എന്നും.

അബ്രാഹത്തിന്റെ വിശ്വാസത്തിൽ നിന്നുയിർകൊണ്ട, മോശയെ അനുഗമിച്ച , ദൈവത്തിന്റെ മുഖം കാണാൻ ദാഹിച്ചിരുന്നെന്നു പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ജനതതിയിൽ നിന്നാണ് ജോവാക്കിമും അന്നയും വരുന്നത്. വിശുദ്ധരിൽ വെച്ച് സമുന്നതമായ സ്ഥാനമാണ് അന്നക്ക് , കാരണം അമലോൽഭവയായ പരിശുദ്ധ അമ്മ അവളുടെ ഉദരത്തിൽ ജന്മമെടുത്തതു വഴി അവൾ ദൈവമാതാവിന്റെ അമ്മയും സാക്ഷാൽ മിശിഹായുടെ മുത്തശ്ശിയുമായി.

വാർദ്ധക്യത്തിലെ ആനന്ദമായി ജനിച്ച മകളെ, നേർന്നിരുന്നത് പോലെ , കുഞ്ഞായിരിക്കവേ തന്നെ ജെറുസലേം ദേവാലയത്തിൽ ദൈവത്തിനായി സമർപ്പിച്ച് എല്ലാ കാലത്തുമുള്ള ക്രിസ്ത്യൻ മാതാപിതാക്കൾക്ക് അവർ മാതൃകയായി- വിശ്വസ്തതക്കും ശുഷ്‌കാന്തിക്കും, ഭക്തിക്കും ലാളിത്യത്തിനും…1585 ആയപ്പോഴേക്ക് സിക്സ്റ്റസ് അഞ്ചാമൻ പാപ്പ, പരിശുദ്ധ അമ്മ ദേവാലയത്തിൽ സമർപ്പിക്കപ്പെട്ടതിന്റെ ഓർമ്മതിരുന്നാൾ പാശ്ചാത്യസഭാകലണ്ടറിൽ ഉൾപ്പെടുത്തുന്ന അത്രക്കും പ്രാധാന്യം അതിനുണ്ടായി വന്നു.

ശക്തമായ തീരുമാനമെടുക്കുന്നതിൽ പരിശുദ്ധ അമ്മ കാണിച്ച ഉറപ്പ്, വലിയ പ്രതിസന്ധികളുടെ മദ്ധ്യേ പോലും അവൾ കാണിച്ച സ്ഥിരത, നിരന്തരമായ അവളുടെ പ്രാർത്ഥന, യഹൂദനിയമങ്ങളോടുള്ള അവളുടെ വിധേയത്വം, ബന്ധുജനങ്ങളെ സഹായിക്കാനുള്ള ഉൽക്കടമായ താല്പര്യം…ഇതെല്ലാം അവൾ നല്ല മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്നതിന്റെ നന്മകളായി പ്രതിഫലിക്കപ്പെടുന്നു.

വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും തിരുന്നാൾ പൗരസ്ത്യസഭകളിൽ പുരാതനകാലം മുതൽക്കേ നിലവിലുണ്ടെങ്കിലും ആഗോളതലത്തിൽ ആചരിച്ചുതുടങ്ങിയത് പതിനഞ്ചാമത്തെയോ പതിനാറാമത്തെയോ നൂറ്റാണ്ടിലാണ്. ഈ തിരുന്നാൾ, പാരമ്പര്യമായ മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിക്കേണ്ടതിന്റെയും ഭാവിതലമുറകൾക്ക് പ്രത്യാശയുടെ വാഗ്ദാനമായി അത് പകർന്നുനൽകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് മാതാപിതാക്കളെയും മുത്തശ്ശിമുത്തശ്ശന്മാരെയും ഓർമ്മിപ്പിക്കുന്നു. പഴയതലമുറയുടെ അനുഭവസമ്പത്തിനെയും ജീവിതതാളലയങ്ങൾ അവർക്ക് പകർന്നുനൽകിയ ജ്ഞാനത്തേയും നിസ്സാരമാക്കരുതെന്നും വിലമതിക്കണമെന്നും യുവജനതയെയും ഈ തിരുന്നാൾ ഓർമ്മിപ്പിക്കുന്നു.

ദൈവവുമായി ചെയ്ത ഉടമ്പടിയോട് വിശ്വസ്തത കാണിച്ചതിന്റെ ഫലമായി , ഇസ്രായേലിനോടും ഇസ്രായേൽ വഴിയായി എല്ലാ ജനതകൾക്കും ദൈവം നൽകിയ വാഗ്ദാനത്തിന് അന്നയും ജോവാക്കിമും അർഹരായി. ഒരേസമയം ദൈവാനുഗ്രഹത്തിന്റെ അനന്തരാവകാശികളും അതിന്റെ സന്ദേശവാഹകരുമായിക്കൊണ്ട് യേശു പറഞ്ഞ പോലെ ‘ഭാഗ്യവാന്മാർ’ ആയിതീരും നമ്മളും, നമ്മുടെ ഉത്തരവാദിത്വങ്ങൾ കുറവേതുമില്ലാതെ നിറവേറ്റുകയാണെങ്കിൽ.

വിശുദ്ധ അന്നയുടെയും വിശുദ്ധ ജോവാക്കിമിന്റെയും തിരുന്നാൾ മംഗളങ്ങൾ നേരുന്നു…

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s