വിശുദ്ധ അൽഫോൻസ് ലിഗോരി: ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം

“ദൈവത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതിലല്ല, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മൾ ഇച്ഛിക്കാൻ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂർണ്ണത അടങ്ങിയിരിക്കുന്നത്”.

എല്ലാ മോഹങ്ങളെയും ബലിയാക്കി മാറ്റിയ മഹാവിശുദ്ധനായ അൽഫോൻസ് ലിഗോരി ഈ കാലഘട്ടത്തിന്റെ പ്രവാചകനാണ്. ദൈവഹിതത്തോടു സാരൂപ്യം നേടിയ ആ ജീവിതം മുഴുവൻ ദൈവത്തെ പ്രസാദിപ്പിച്ചു കൊണ്ടുള്ളതായിരുന്നു.

പതിനെട്ടാം നൂറ്റാണ്ട് യൂറോപ്പിലെ സഭയെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം നിറഞ്ഞതായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും അപകടകരമായ രീതിയിൽ ദൈവവിശ്വാസത്തെ ഞെരുക്കിക്കൊണ്ടിരുന്നു. ദോഷൈകദൃക്കുകളായ വോൾട്ടയറിനെപ്പോലുള്ളവർ കത്തോലിക്കാസഭക്കെതിരെ യുദ്ധകാഹളം മുഴക്കി.വിഷമയമായ അക്രമാസക്തമായ അന്തരീക്ഷത്തിൽ, അക്കാലത്ത് ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുഷിപ്പിക്കുന്ന സാഹചര്യങ്ങൾക്ക് വശംവദരായപ്പോൾ , അൽഫോൻസ് ലിഗോരി ഒരു വിശുദ്ധനായി.

1696ൽ നേപ്പിൾസിന് സമീപത്തായുള്ള പട്ടണത്തിൽ ജനിച്ച അൽഫോൻസ് ലിഗോരിയെ പഠിപ്പിക്കാനായുള്ള ഗുരുക്കന്മാരെ വളരെ നേരത്തെ തന്നെ മാതാപിതാക്കൾ കണ്ടെത്തി ഏൽപ്പിച്ചു. ഗ്രീക്ക് ഭാഷ മുതൽ ഗണിതം വരെ, സയൻസ് മുതൽ കവിത വരെ, ചിത്രരചന മുതൽ സംഗീതം വരെ അഭ്യസിച്ചു. പതിനാറ് വയസ്സായപ്പോഴേക്ക് സിവിൽ നിയമത്തിലും കാനോൻ നിയമത്തിലും ഡോക്ടറേറ്റ് എടുത്തു. 1715 ൽ വക്കീലായി പ്രാക്ടീസ് തുടങ്ങി.

അടുത്ത 8 കൊല്ലത്തേക്ക് നല്ല വക്കീലെന്ന നിലയിൽ അൽഫോൻസ് പേരെടുത്തു. അവന്റെ അറിവും വാക്ധോരണിയും പ്രശസ്തമായി. അങ്ങനെയിരിക്കെ ഞെട്ടിപ്പിക്കുന്ന ഒരു പരാജയം അവന് ഏറ്റുവാങ്ങേണ്ടി വന്നു. വളരെ നല്ല രീതിയിലുള്ള വാദത്തിന് ശേഷം കേസ് തന്റെ കക്ഷിക്ക് അനുകൂലമായിരിക്കും എന്ന് വിചാരിച്ചു പോയി ഇരുന്നപ്പോഴാണ് എതിർഭാഗം വക്കീൽ കോടതിയിൽ സമർപ്പിച്ച ഒരു രേഖ അൽഫോൻസിന്റെ വാദങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയത്.

തോൽവിയാൽ എളിമപ്പെട്ട അൽഫോൻസ് മനുഷ്യനീതിയുടെ അനിശ്ചിതത്വത്തെ പറ്റിയും ദൈവനീതിയെയും പറ്റി ചിന്തിച്ചു.

തന്റെ വക്കീൽ ഗൗണിനു പകരം പുരോഹിതന്റെ ളോഹ ആണ് നല്ലതെന്ന് അവൻ നിശ്ചയിച്ചു. ബന്ധുക്കൾ ആ തീരുമാനത്തെ നഖശിഖാന്തം എതിർത്തു. പിതാവ് കല്യാണലോചനകൾ നോക്കാൻ തുടങ്ങി.

പ്രഭുവും പട്ടാളക്യാപ്റ്റനുമായ ജോസഫ് ലിഗോരി തൻറെ മകൻ അൽഫോൻസ് കുടുംബത്തിന്റെ യശസ്സുയർത്തി പിടിക്കുന്ന ഒരു ന്യായാധിപനായി വളരാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ദൈവം അവനിൽ പുരോഹിതനാകാനുള്ള മോഹം അങ്കുരിപ്പിക്കുകയായിടുന്നു. നേപ്പിൾസിലെ തീരാരോഗികൾക്കായുള്ള ആശുപത്രിയിലേക്ക് കടന്നു ചെന്ന് ശുശ്രൂഷിക്കാൻ 1729 ഓഗസ്റ്റ് 28നു അവൻ തീരുമാനിച്ചു. അന്നൊരിക്കൽ രോഗികളെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുബോൾ ഒരത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്നതായി അനുഭവപെട്ടു. ഒരു സ്വരവും കേട്ടു,”ലോകത്തെ ഉപേക്ഷിക്കുക, നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക”. ഒരിക്കൽകൂടി ആ സ്വരം ആവർത്തിക്കപ്പെട്ടു.

അൽഫോൻസ് ഉടൻ ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി അടുത്തുള്ള ‘വീണ്ടെടുപ്പിന്റെ നാഥ’ യുടെ ദൈവാലയത്തിലേക്കു പോയി. അവിടെയെത്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു,”അമ്മെ, എന്റെ അവകാശങ്ങളും മോഹങ്ങളുമെല്ലാം ഞാൻ ഉപേക്ഷിക്കുന്നു. ലോകസുഖങ്ങളെല്ലാം ഈശോയെ പ്രതി ഞാനിതാ ത്യജിക്കുന്നു. ഒരു പുരോഹിതനായി ജീവിച്ചു കൊണ്ട് ശിഷ്ടകാലം മുഴുവൻ ഈശൊക്കായി അടിയറ വെക്കാം. എന്നെ അനുഗ്രഹിക്കേണമേ”. തുടർന്ന് അൾത്താരയിലേക്ക് ചെന്ന് താൻ ധരിച്ചിരുന്ന വാൾ ദൈവസന്നിധിയിൽ സമർപ്പിച്ചു. അങ്ങനെ സഭക്ക് ഒരു മഹാവിശുദ്ധനെ ലഭിച്ചു.

തനിക്കുള്ളതെല്ലാം വിറ്റ് നിധി കണ്ടെത്തിയ വയൽ വാങ്ങാൻ ധൈര്യപ്പെട്ട അൽഫോൻസിനു ഭ്രാന്ത് പിടിച്ചെന്ന് പലരും കരുതി. ദൈവത്തിനായി സർവ്വം സമർപ്പിച്ചവന് അവകാശവാദങ്ങളില്ല.അവന്റെ അവകാശം ദൈവം മാത്രമാണ് . അതിനാൽ മറ്റെല്ലാ അവകാശങ്ങളും നഷ്ടപെടുമ്പോഴും ഹൃദയശാന്തത നഷ്ടമാകാതെ ജീവിക്കാൻ കഴിയും. വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ പിൽക്കാല ജീവിതം ഇതിനുദാഹരണമാണ്.

1726 ഡിസംബർ 21 നു തൻറെ മുപ്പതാമത്തെ വയസ്സിൽ അൽഫോൻസ് വൈദികനായി അഭിഷിക്തനായി. പള്ളികളിൽ മാത്രമല്ല കവലകളിലും തെരുവുകളിലും പ്രസംഗിച്ചു അദ്ദേഹം. സമൂഹം തിരസ്കരിച്ചവരെയും അവഗണിച്ചവരെയും യേശുവിനായി നേടാൻ അദ്ദേഹം ഇറങ്ങിച്ചെന്നു.

1732 നവംബർ ഒന്നിന് ദിവ്യരക്ഷകസഭ രൂപീകരിച്ചു. സഭക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായി. ഒരാളൊഴികെ ബാക്കി എല്ലാവരും സഭ വിട്ടുപോയി പുതിയ സഭ രൂപീകരിച്ചു. എല്ലാം തകർന്നപ്പോൾ ലിഗോരി ഇങ്ങനെ പ്രതികരിച്ചു, “പിശാച് എന്റെ വഴികളിൽ എത്രമാത്രം തടസ്സങ്ങൾ ഉയർത്തിയാലും ഞാൻ എന്റെ ദൗത്യം ഉപേക്ഷിച്ചെന്ന് ആരും പറയാതിരിക്കട്ടെ. ഉപേക്ഷിച്ചുപോയവരുടെ സ്ഥാനത്തു തീക്ഷ്ണമതികളെ തരാൻ ദൈവത്തിനു കഴിയും. ഇനിയും ആരും എന്നെ സഹായിക്കാൻ എത്തിയില്ലെങ്കിലും പാപത്തിൽ ആമഗ്നരായ എല്ലാ ആത്മാക്കൾക്കും വേണ്ടി ഞാൻ എന്നെത്തന്നെ ബലിയർപ്പിക്കും”.

വിശുദ്ധ അൽഫോൻസ് ലിഗോരി പറയുന്നു, ” നാം ഈ ലോകത്തിലായിരിക്കുന്നത് പുണ്യയോഗ്യത നേടിയെടുക്കുന്നതിന് വേണ്ടിയാണ്. അതിനാൽ ഈ ഭൂമി വിശ്രമത്തിന്റെ ഇടമല്ല, മറിച്ചു് ജോലിയുടെയും സഹനത്തിന്റെയും ഇടമാണ്. നാം യോഗ്യതകൾ നേടേണ്ടത് വിശ്രമവും ഉറക്കവും വഴി അല്ല, അദ്ധ്വാനവും നിരന്തരമായ പ്രയത്നവും വഴിയാണ്. സകല മനുഷ്യരും-നീതിമാനും പാപിയും സഹിക്കണം”.

കഠിനാദ്ധ്വാനം മൂലം അൻപത്തി രണ്ടാം വയസ്സിൽ ലിഗോരി രോഗബാധിതനായി. ശ്വാസതടസ്സം മൂലം കിടക്കാൻ വയ്യാതായി. രാത്രി മുഴുവൻ കസേരയിൽ ഇരിക്കേണ്ടി വന്നു. എഴുപത്തിരണ്ടാം വയസ്സിൽ ഒരു വശം തളർന്നുപോയി. കഴുത്തിലെ കശേരുക്കൾ വളഞ്ഞു തല കുമ്പിട്ടു പോയി. മുഖമുയർത്താൻ കഴിഞ്ഞില്ല. താടി നെഞ്ചിൽ മുട്ടി ഉരഞ്ഞു വ്രണങ്ങൾ രൂപപ്പെട്ടു . അപ്പോഴും അദ്ദേഹം പറഞ്ഞു, ”ദൈവത്തിന്റെ തിരുമനസ്സാണെങ്കിൽ ഈ അവസ്ഥയിൽ തുടരാൻ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടിനടന്നു അധ്വാനിക്കുന്നതിനേക്കാൾ ദൈവേഷ്ടം നിറവേറ്റുന്നതാണ് എന്റെ സന്തോഷം”.

ആസ്ത്‌മയും തലവേദനയും കൊണ്ട് ആരോഗ്യം ക്ഷയിച്ചിരുന്നെങ്കിലും അറുപത്തഞ്ചാം വയസ്സിൽ അഗാത്താ രൂപതയുടെ ബിഷപ്പാകേണ്ടി വന്നു.ഭൂരിഭാഗവും ദരിദ്രരായിരുന്നു. ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണം നൽകിയും അറിവില്ലാത്തവരെ പഠിപ്പിച്ചും സെമിനാരി പരിശീലനം നൽകിയും അൽഫോൻസ് ദൗത്യം ആരംഭിച്ചു. വൈദികർക്ക് ദിശാബോധം നൽകാനും സന്യാസ സമൂഹങ്ങളെ നവീകരിക്കാനും അദ്ദേഹത്തിനായി. ക്ഷാമകാലത്ത് ബിഷപ്‌സ് ഹൗസിലെയും കത്തീഡ്രലിലേയും വസ്തുവകകൾ വിറ്റുപോലും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി. തൻറെ വണ്ടിയും കോവർകഴുതകളെപോലും വിറ്റു. സെന്റ് അഗാത്തയോട് വിടപറഞ്ഞു വാഹനത്തിൽ കയറുമ്പോൾ സ്വന്തമായി ഉണ്ടായിരുന്നത് ഒരു മരക്കുരിശും തിരിക്കാലും ചെമ്പുവിളക്കും മാത്രമായിരുന്നു.

മധ്യവയസ്സിനു ശേഷം മാത്രമാണ് അദ്ദേഹം പുസ്തകങ്ങളെഴുതാൻ തുടങ്ങിയത്. അദ്ദേഹമെഴുതിയ പുസ്തകങ്ങളുടെ ആഴവും പരപ്പും നമ്മെ അത്ഭുതപ്പെടുത്തും. രോഗങ്ങൾ യാത്രകളെയും പ്രസംഗങ്ങളെയും തടയാൻ ശ്രമിച്ചപ്പോഴാണ് വെറുതെയിരിക്കാൻ ഇഷ്ടമില്ലാതിരുന്ന വിശുദ്ധൻ എഴുത്തു തുടങ്ങിയത് . “പുസ്തകമെഴുതി സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല ” എന്നൊക്കെ വിമർശിച്ചു കൊണ്ട് ശത്രുക്കൾ വീണ്ടും തളർത്താൻ ശ്രമിച്ചു. പക്ഷെ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമർശനങ്ങളെ അതിജീവിക്കാൻ കരുത്തു നൽകി.

എതിർപ്പുകളും വിമർശനങ്ങളും വഴി നിഷ്ക്രിയരായി പോകുന്നവർക്ക് അൽഫോൻസ് ലിഗോരി ഒരു പാഠമാണ് . അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ തെറ്റിദ്ധാരണകളാലും വിമര്ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. ആത്മാർത്ഥതക്ക് പ്രതിഫലമായി ലോകം തിരിച്ചു നൽകിയത് നൊമ്പരങ്ങൾ മാത്രമായിരുന്നു. എന്നിട്ടും അദ്ദേഹം തളർന്നില്ല. കാരണം ക്രിസ്തുവുനോടുള്ള തീക്ഷ്ണമായ സ്നേഹത്തിലാണ് അദ്ദേഹം നയിക്കപ്പെട്ടത്.

അദ്ദേഹത്തിന്റെ സഭാസമൂഹത്തിനു രാജാവിന്റെ അനുമതി ലഭിക്കാനായി നിയമാവലി സമർപ്പിക്കാനിരിക്കവേ വിശുദ്ധന്റെ കൂടെനിന്നവർ ചതിപ്രയോഗത്തിൽ നിയമാവലിയുടെ അടിസ്ഥാനസ്വഭാവങ്ങൾ മാറ്റിയെഴുതി അദ്ദേഹത്തിന്റെ ഒപ്പ് മേടിച്ചു. കാഴ്ചക്കുറവും കേൾവിക്കുറവുമുണ്ടായിരുന്ന ലിഗോരി അത് വായിച്ചു നോക്കിയിരുന്നില്ല .സഭാചൈതന്യവുമായി ചേർന്നു പോകാത്തത് കൊണ്ട് താമസിയാതെ തന്നെ നിയമാവലി മാറ്റിയവരെ റോം പുറത്താക്കി. പുതിയ സുപ്പീരിയർ ജനറാളിനെയും നിയമിച്ചു. അതോടെ അൽഫോൻസ് ലിഗോരി താൻ സ്ഥാപിച്ച സഭയിൽ നിന്നും പുറത്താക്കപ്പെട്ടു. ‘സ്വന്തം സഭയെ തകർത്തവൻ’ എന്ന കുറ്റാരോപണവും കൂടെ. ഏഴു വർഷം അദ്ദേഹം പുറത്താക്കപ്പെട്ടവനായി ജീവിച്ചു. ചതിയിൽ പെട്ടതാണെങ്കിലും അമർഷമോ വെറുപ്പോ അദ്ദേഹം പ്രകടിപ്പിച്ചില്ല.ഹൃദയം നീറി പൊട്ടിക്കരഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,”അത് നല്ലതാണെന്നു മാർപാപ്പ കരുതിക്കാണും. ദൈവത്തിനു സ്തുതി. മാർപാപ്പയുടെ നിശ്ചയം ദൈവനിശ്ചയം തന്നെ”.

അദ്ദേഹം ഒരിക്കൽ പറഞ്ഞ വാക്കുകൾ അന്വർത്ഥമായി: “സമൃദ്ധിയിൽ പാപികൾ പോലും ദൈവേച്ഛയോട് ചേർന്നു പോകും. എന്നാൽ കാര്യങ്ങൾ കുഴപ്പത്തിലാവുകയും സ്വാർത്ഥ സ്നേഹം നൊമ്പരപ്പെടുകയും ചെയ്യുമ്പോൾ ദൈവേഷ്ടം അംഗീകരിക്കണമെങ്കിൽ വിശുദ്ധർക്കെ കഴിയൂ”.

കഠിനമായ തപസ്സിന്റെയും പ്രായച്ഛിത്തത്തിന്റെയും മനുഷ്യനായിരുന്നു അൽഫോൻസ് ലിഗോരി. വൈക്കോൽ മെത്തയിലും ചിലപ്പോൾ പലകപ്പുറത്തുമാണ് കിടന്നുറങ്ങിയിരുന്നത്. കാല്നടയായോ കഴുതപ്പുറത്തോ ആയിരുന്നു യാത്ര. ഷൂസിനുള്ളിൽ കല്ലുകൾ ഇട്ടും ചാട്ട കൊണ്ടടിച്ചും ശരീരത്തെ വേദനിപ്പിച്ചിരുന്നു. ശനിയാഴ്ചകളിൽ റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം. മറ്റു ദിവസങ്ങളിൽ രുചികരമായ ഭക്ഷണമാണെങ്കിൽ ചവർപ്പുള്ള ഇലകളിടും. ഇതിനൊക്കെ ഉപരിയായ ആധ്യാത്മികതക്ക് ഉടമയായിരുന്നു. എല്ലാറ്റിലും ദൈവഹിതം തേടുക. ദൈവഹിതമനുസരിച്ചല്ല എങ്കിൽ പ്രാർത്ഥനയും അനുഷ്ഠാനങ്ങളും ഫലരഹിതമാണ്. സ്വന്തം ഇഷ്ടങ്ങളെ ബലികഴിക്കാത്തവർക്ക് ദൈവഹിതമനുസരിച്ചു ജീവിക്കുക സാധ്യമല്ല. ഇതൊക്കെയാണ് വിശുദ്ധൻ ലോകത്തെ പഠിപ്പിച്ചത്.

ഒരേ സമയത്തു ഒന്നിലധികം സ്ഥലത്തു പ്രത്യക്ഷപ്പെടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1774 സെപ്റ്റംബർ 21നു ദിവ്യബലിക്ക് ശേഷം അൽഫോൻസ് തൻറെ ചാരുകസേരയിൽ കിടന്നു. രണ്ടു ദിവസത്തോളം ജീവന്റെ ഒരു ലക്ഷണവും ഇല്ലാതെ നിദ്രയിലെന്നോണം ആയിരുന്നു . അതുകഴിഞ്ഞു എണീറ്റപ്പോൾ കാര്യം തിരക്കിയ ആശ്രമാംഗങ്ങളോട് അദ്ദേഹം ചിരിയോടെ പറഞ്ഞു, ‘ഇപ്പോൾ ദിവംഗതനായ പാപ്പയെ ഞാൻ മരണത്തിനൊരുക്കുകയായിരുന്നു’. അപ്പോൾ സമയം ഏഴുമണി. അതേ സമയത്തായിരുന്നു ക്ലമന്റ് പതിനാലാമൻ മാർപാപ്പ ഇഹലോകവാസം വെടിഞ്ഞത്.

പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തനായിരുന്നു വിശുദ്ധ അൽഫോൻസ് ലിഗോരി. നിരവധി പ്രാവശ്യം മാതാവ് അദ്ദേഹത്തിന് പ്രത്യക്ഷയാകുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് . അന്ത്യശ്വാസം വലിക്കുന്നതിനു മുൻപും അദ്ദേഹത്തിന്റെ കണ്ണുകൾ മാതാവിന്റെ ചിത്രത്തിലായിരുന്നു.

1787 ഓഗസ്റ് ഒന്നിന് തൻറെ തൊണ്ണൂറ്റിയൊന്നാം വയസ്സിൽ ആ ധന്യാത്മാവ് സ്വർഗ്ഗത്തിലേക്ക് സ്വർഗ്ഗീയ രാജ്ഞിയുടെ അകമ്പടിയോടെ പറന്നു. 1839 ൽ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപെട്ടു. 1871ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ അദ്ദേഹത്തെ വേദപാരംഗതൻ ആയി പ്രഖ്യാപിച്ചു. ഓരോ ദിവസവും രക്തസാക്ഷിത്വത്തിന്റെ അനുഭവത്തിലൂടെ ജീവിച്ച,നിരന്തര ദഹനബലിയായി തൻറെ ജീവിതം അർപ്പിച്ച ആ വിശുദ്ധനെ നമുക്ക് ആദരവോടെ ഓർക്കാം.

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s