ആർസിലെ വികാരി, സകല വൈദികരുടെയും മധ്യസ്ഥൻ: വിശുദ്ധ ജോൺ മരിയ വിയാനി

ആർസിലെ വികാരി

1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൻസ് രൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല. ആ ഇടവകയിൽ ദൈവസ്നേഹം അത്രക്കില്ല. പോകൂ, അവിടെ ദൈവസ്നേഹത്താൽ എരിയിക്കൂ “

ഇങ്ങനെയായിരുന്നു ജോൺ മരിയ വിയാനിക്ക് ആർസിലെ വികാരിയായി നിയമനം കിട്ടിയത്.ഒരു ഭാണ്ഡക്കെട്ട് പുറത്തിട്ട്, പിന്നാലെയുള്ള ഉന്തുവണ്ടിയിൽ വളരെ കുറച്ച് സാധനങ്ങളുമായി ആ വൈദികൻ ആർസിലേക്ക് വേഗം നടന്നു. വഴിപറഞ്ഞു കൊടുത്ത ഇടയബാലനോട്, പകരമായി സ്വർഗ്ഗത്തിലേക്കുള്ള വഴി താൻ കാണിച്ചുതരാമെന്നു പറഞ്ഞതും ആർസിലെത്തിയപ്പോൾ കണ്ട വിജനമായ ദേവാലയത്തിന്റെ അവസ്ഥയും നമുക്കറിയാം.

ഇടവകജനത്തിന് മതകാര്യങ്ങളിൽ അങ്ങനെ താല്പര്യമൊന്നുമില്ല. ഞായറാഴ്ചകളും തിരുന്നാൾ ദിവസങ്ങളുമൊന്നും ആരും ഗൗനിക്കാറേയില്ല. മദ്യത്തിനും കുടിച്ചു കൂത്താടുന്നതിനും കയ്യും കണക്കുമില്ല. അവിടെയുണ്ടായിരുന്ന നാല് മദ്യശാലകളിൽ എപ്പോഴും തിരക്കായിരുന്നു.

പാവം വിയാനിയച്ചൻ. നല്ല പണിയാണ് കിട്ടിയതെന്ന് മനസ്സിലായി. സക്രാരിക്കരികിൽ മുട്ടിൽ വീഴാറുള്ള അച്ചൻ മണിക്കൂറുകൾ കഴിഞ്ഞാണ് എണീറ്റിരുന്നത്. വളരെ കുറച്ചു ഭക്ഷിച്ചു, വളരെ കുറച്ചുറങ്ങി. “ദൈവമേ “, അദ്ദേഹം വീണ്ടും വീണ്ടും പറയാറുള്ള പ്രാർത്ഥന ഇതാണ് : “എന്റെ ഇടവകയുടെ മാനസാന്തരം ഞാൻ യാചിക്കുന്നു. അതിനായി, എനിക്ക് ജീവനുള്ളിടത്തോളം കാലം നീയാഗ്രഹിക്കുന്ന എന്തും സഹിക്കാൻ ഞാനൊരുക്കമാണ്”.

ഗ്രാമവാസികൾക്ക് ആകാംക്ഷയേറി. പുതിയ വികാരിയുടെ നീക്കങ്ങൾ അവർ നിരീക്ഷിച്ചു. ഒരു വൃദ്ധ പള്ളിക്കുള്ളിൽ ചെന്നു നോക്കിയപ്പോൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന നിലയിൽ വിയനിയച്ചനെ കണ്ടു. വേറൊരാൾ അച്ചന്റെ താമസസ്ഥലം കയറികണ്ടു. അടുക്കളയിൽ പറയാനായി ഒന്നുമില്ല, സ്റ്റോർമുറി ശൂന്യം, കിടക്കയോ പുതപ്പോ ഇല്ല. “അച്ചാ” അവർ ചോദിച്ചു, അച്ചനെങ്ങനാണ് ജീവിക്കുന്നത്? “ഞാൻ ജീവിച്ചുപോകുന്നുണ്ട്” അതായിരുന്നു മറുപടി.

കൂടുതൽ ആളുകൾ പള്ളിയിലെത്താൻ തുടങ്ങി. വിയാനിയച്ചൻ മുട്ടുകുത്തി നിൽക്കുന്നത് കണ്ട് അവരും മുട്ടുകുത്തി, അദ്ദേഹം പ്രാർത്ഥിക്കുന്ന കണ്ട് അവരും പ്രാർത്ഥിച്ചു.ദൈവത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസവും അവരോടുള്ള സ്നേഹവും അവരെ വല്ലാതെ സ്പർശിച്ചു. വിയാനിയച്ചൻ ഇങ്ങനെ പറഞ്ഞു, “ഞാൻ ഒന്നുമല്ല, ദൈവമാണ് എല്ലാം. എനിക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല, ദൈവത്തിനേ സാധിക്കൂ. സ്ത്രീപുരുഷന്മാരുടെ ആത്മാവ് ദൈവത്തിന്റെതാണ്. അത് ദൈവത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ്. ഞാൻ ഈ ഭൂമിയിലേക്ക് വന്നതും ഇവിടേക്ക് അയക്കപ്പെട്ടതും അവരെ ദൈവത്തിന് കൊടുക്കാനായിട്ടാണ്”.

കുറച്ചു കൊല്ലങ്ങൾക്കുള്ളിൽ ലിയോൺസ് അതിരൂപതയിൽ വെച്ച് ഏറ്റവും തീക്ഷ്‌ണതയേറിയ ഇടവകയായി ആർസ് മാറി. വിശ്വാസികൾ അവിടേക്കൊഴുകി , ഞായറാഴ്ചകളിലും തിരുന്നാൾ ദിവസങ്ങളിലും പള്ളി നിറഞ്ഞുകവിഞ്ഞു. അവർ കൊന്ത ചൊല്ലി, സന്ധ്യാപ്രാർത്ഥനകൾ കൂടി, വിയാനിയച്ചന്റെ മതബോധനക്ലാസ്സുകളിൽ ഇരുന്നു, അസഭ്യഭാഷണത്തിന് പകരം സ്തോത്രഗീതം എങ്ങും മുഴങ്ങിക്കേട്ടു, ത്രിസന്ധ്യനാമജപത്തിന്റെ സമയം എല്ലാ പണികളും നിന്നു. ഘടികാരമടിക്കുമ്പോൾ ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലിക്കൊണ്ട് ഓരോ മണിക്കൂറിനെയും ആശീർവ്വദിക്കാൻ അച്ചൻ അവരെ പഠിപ്പിച്ചു. അവിടം സന്ദർശിച്ച ഒരു ബിഷപ്പ് പറഞ്ഞു, ” മറ്റെവിടെയും അതേ അളവിൽ ദർശിക്കാൻ കഴിയാത്ത വിശുദ്ധി അവരുടെ മുഖത്ത് പ്രതിഫലിച്ചു. ഒരു ശാന്തത, ആനന്ദം നിറഞ്ഞ പ്രകാശം, ആയിരങ്ങളിൽ നിന്ന് അവരെ വേറിട്ടുനിർത്തി”.

പൗരോഹിത്യവിളി

1786 മെയ്‌ 8 ന് ജോൺ മരിയ വിയാനി ഫ്രാൻസിലെ ചെറിയ ഒരു ഗ്രാമമായ ഡാർഡിലിയിൽ ജനിച്ചു. കർഷകരായിരുന്ന മാതാപിതാക്കളുടെ 6 മക്കളിൽ മൂന്നാമത്തവൻ ആയിരുന്നു അവൻ. ഭിക്ഷക്കാരോട് ദയ കാണിക്കുന്നതിന്റെ പേരിൽ പ്രസിദ്ധമായിരുന്നു അവന്റെ കുടുംബം. വാസ്തവത്തിൽ, അവന്റെ ജനനത്തിന് 16 വർഷങ്ങൾക്ക് മുൻപ്, ‘ഭിക്ഷക്കാരനായ വിശുദ്ധൻ’ എന്നറിയപ്പെടുന്ന സെന്റ് ബെനഡിക്റ്റ് ലാബ്റേ അവന്റെ കുടുംബം സന്ദർശിച്ച് അനുഗ്രഹിച്ചിരുന്നു.

1789 ൽ ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ പുരോഹിതരും കന്യാസ്ത്രീകളും വ്യാപകമായി തടവിലാക്കപ്പെടുകയും ശിരഛേദം ചെയ്യപ്പെടുകയും ചെയ്തതുകൊണ്ട് ഒരു പാചകക്കാരന്റെ വേഷത്തിൽ വന്ന പുരോഹിതന്റെ അടുത്തായിരുന്നു അവന്റെ ആദ്യകുമ്പസാരം. സാധാരണ സ്ത്രീകളെ പോലെ വേഷമിട്ട കന്യാസ്ത്രീകൾ അവനെ ആദ്യകുർബ്ബാന സ്വീകരണത്തിനൊരുക്കി. പുരോഹിതനാവാൻ ആഗ്രഹിച്ച ജോൺ സെമിനാരിയിൽ പഠിക്കുമ്പോൾ ദൈവശാസ്ത്ര, തത്വശാസ്ത്ര പരീക്ഷകൾ അവന് വളരെ ബുദ്ധിമുട്ടായതുകൊണ്ട് പരിഹാസങ്ങളും അധിക്ഷേപവും ഏറെ അനുഭവിച്ചു. പരിശുദ്ധ അമ്മയോടുള്ള അവന്റെ അഗാധമായ ഭക്തിയുടെ പേരിൽ, വികാരി ജനറൽ പുരോഹിതനാകാൻ അവന് അനുവാദം നൽകി .

ആർസിലെ വികാരിയുടെ ഒരു ദിവസം

പ്രഭാതത്തിൽ ഒരു മണിക്ക് എഴുന്നേൽക്കും. ഒരു മെഴുകുതിരിയുടെ വെട്ടത്തിൽ പള്ളിയിലേക്ക് നടക്കും. അവിടെ ജനങ്ങൾ കാത്തു നിൽക്കുന്നുണ്ടാവും. അൾത്താരയുടെ ഒരുവശത്ത് ഒന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചതിനു ശേഷം കുമ്പസാരകൂട്ടിലേക്ക് പോവും. കുർബ്ബാനയുടെ സമയം ആകുന്ന വരെ അവിടെ. കുർബ്ബാനക്ക് ശേഷം വീണ്ടും 11 മണി വരെ കുമ്പസാരകൂട്ടിൽ. പിന്നെ 45 മിനിറ്റ് നേരത്തേക്ക് മതബോധന ക്ലാസ്സ്‌. ദിവസേന ചൊല്ലേണ്ട പ്രാർത്ഥനകൾക്കായി ( breviary) കുറച്ചുനേരത്തേക്ക്, കുമ്പസാരിക്കാൻ വന്നിരിക്കുന്ന ആളോട് നിശബ്ദനാകാൻ പറയും. അതായിരുന്നു പ്രാർത്ഥന ചൊല്ലാനുള്ള വഴി. ഉച്ചയാവുമ്പോൾ അകത്തേക്ക് പോയി, നിന്നുകൊണ്ട് തന്നെ എന്തേലും ഒന്ന് കഴിക്കും. ഒരു തണുത്ത പുഴുങ്ങിയ ഉരുളക്കിഴങ്ങും ഒരു ഗ്ലാസ്‌ പാലും ആയിരിക്കും മിക്കവാറും. കുറച്ചു മിനിറ്റുകൾ മാത്രമുള്ള ചെറിയ ഒരു വിശ്രമത്തിന് ശേഷം വീണ്ടും കുമ്പസാരക്കൂട്ടിലേക്ക്. അത് പാതിരാ വരെ നീളും. അതിനുള്ളിൽ രോഗീലേപനം പോലുള്ള ശുശ്രൂഷകൾ. അങ്ങനെ 24 മണിക്കൂറിനടുത്ത് വേല ചെയ്ത് (അതിൽ 17-18 മണിക്കൂറുകൾ കുമ്പസാരക്കൂട്ടിൽ )വിയാനിയച്ചൻ ഉറങ്ങാൻ പോകും.

അത്യഗാധമായ എളിമ വിയാനിയച്ചന്റെ പ്രത്യേകതയായിരുന്നു. ദൂരദേശത്തുനിന്ന് പോലും ജനം ആർസിലേക്ക് ഒഴുകിയെത്തിയത് മറ്റു പുരോഹിതരെ അസൂയാലുക്കളാക്കി. ഇത്രയും കുറഞ്ഞ ദൈവശാസ്ത്രപരിജ്ഞാനമുള്ളവർ കുമ്പസാരക്കൂട്ടിലിരിക്കരുതെന്ന് പറഞ്ഞ യുവവൈദികനോട് ജോൺ മരിയ വിയാനി കത്തിലൂടെ പറഞ്ഞു,” ഏറ്റവും പ്രിയപ്പെട്ട അച്ചാ, താങ്കളോടെനിക്കിപ്പോൾ വളരെ സ്നേഹമുണ്ട്. അങ്ങ് യഥാർത്ഥത്തിൽ എന്നെ മനസ്സിലാക്കിയിരിക്കുന്നു. എന്റെ ആത്മാവിന്റെ കാര്യം ശ്രദ്ധിക്കാൻ ദയ കാണിച്ചതിൽ നന്ദിയുണ്ട്. ഒരു കാര്യം ഞാൻ അപേക്ഷിക്കട്ടെ അറിവില്ലായ്മ മൂലം ഈ സ്ഥാനത്തിന് ഞാൻ അയോഗ്യനാണ്. ഏകാന്തജീവിതം നയിച്ച് എന്റെ ജീവിതത്തെ ഓർത്ത് കണ്ണീർ പൊഴിക്കാനാണ് എനിക്കിഷ്ടം. ഞാൻ എത്രയധികമായി ഇനിയും പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട് ” ആ വൈദികൻ ആർസിൽ വന്ന് ക്ഷമ യാചിച്ചപ്പോൾ ഇരുകയ്യും നീട്ടിൽ വിയാനിയച്ചൻ സ്വീകരിച്ചു.ആ വൈദികനുണ്ടോ അറിയുന്നു സകല വൈദികരുടെയും മധ്യസ്ഥനാകാൻ പോകുന്ന വിശുദ്ധനാണ് ഇതെന്ന്.

പരഹൃദയജ്‌ഞാനമുണ്ടായിരുന്ന വിയാനിയച്ചൻ ആളുകൾ മറക്കുന്ന പാപങ്ങൾ അങ്ങോട്ട് ഓർമിപ്പിച്ചും അത്ഭുതസൗഖ്യങ്ങൾ കൊടുത്തും ആളുകളെ അമ്പരപ്പിച്ചിരുന്നു.കൗതുകം കൊണ്ടും കുമ്പസാരിക്കാനായും വിയാനിയച്ചന്റെ കയ്യിൽ നിന്ന് കുർബ്ബാന സ്വീകരിക്കാനായും ആയിരക്കണക്കിനാളുകൾ ആർസിലെ വികാരിയെ കാണാനെത്തി. 1830നും 1859നും ഇടക്ക് നാനൂറോളം ആളുകൾ ഓരോ ദിവസവും ആർസിലേക്കെത്തി. 8 ദിവസത്തേക്ക് ഉപയോഗിക്കാൻ പറ്റുന്ന പോലെ റെയിൽവേ വിലകുറച്ച് ടിക്കറ്റിറക്കി. കാരണം എത്ര ദിവസം കാത്തുനിന്നാൽ ആണ് കുമ്പസാരിക്കാൻ പറ്റുന്നതെന്നു അറിയില്ലാരുന്നല്ലോ.

ബഹുമതികൾ എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും സ്വീകരിക്കേണ്ടി വന്നു. നെപ്പോളിയൻ മൂന്നാമൻ കൊടുത്ത ക്രോസ്സ് ഓഫ് ലീജിയൻ അംഗീകാരം അച്ചൻ സ്വീകരിച്ചില്ല. അദ്ദേഹത്തിന്റെ ശവസംസ്കാരത്തിനിടയിൽ ആണ് അത് ആദ്യമായി അണിയിച്ചത്.

അധ്വാനവും പ്രായശ്ചിത്തവും കൊണ്ട് ക്ഷീണിതനായ വിയാനിയച്ചൻ കുമ്പസാരക്കുടിൽ തളർന്നു വീഴാൻ തുടങ്ങി. ശബ്ദം നേർത്തു നേർത്തു വന്നു.1859 ജൂലൈ 30ന് പുലർച്ച ഒരു മണിക്ക് കുമ്പസാരിച്ചു അന്ത്യകൂദാശകൾ സ്വീകരിച്ചു. ഉച്ചക്ക് ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ അദ്ദേഹം വിതുമ്പി. “കർത്താവിനെ അവസാനമായി സ്വീകരിക്കുന്നത് എത്ര വിഷമകരമാണ് “, അദ്ദേഹം പറഞ്ഞു. ” ദൈവം എത്ര നല്ലവനാണ്, നമുക്ക് അവനെ പോയി കാണാൻ സാധിക്കാത്തപ്പോൾ അവൻ നമ്മളിലേക്ക് വരുന്നു!” ഓഗസ്റ് 4, 1859,ജോൺ മരിയ വിയാനി കുരിശുരൂപം ചുബിച്ചു. ആർസിന്റെ വികാരി നാല്പത്തിയൊന്നാം വയസ്സിൽ നിത്യതയിലേക്ക് പ്രവേശിച്ചു.

1905 ജനുവരി 8 ന് പീയൂസ് പത്താമൻ പാപ്പയാൽ വാഴ്ത്തിപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വിയാനിയച്ചൻ 1925 മെയ്‌ 31ന് പീയൂസ് പതിനൊന്നാം പാപ്പയാൽ വിശുദ്ധവണക്കത്തിലേക്കുയർത്തപ്പെട്ടു. 1929 ൽ വിശുദ്ധ ജോൺ മരിയ വിയാനിയെ സകല വൈദികരുടെയും മധ്യസ്ഥനായി കത്തോലിക്കസഭ ഉയർത്തി.

“എന്റെ കുഞ്ഞുങ്ങളെ, നിർമ്മലതയുള്ള ആത്മാവ് ദൈവത്തിന്റെ മേൽ ചെലുത്തുന്ന പ്രേരണാശക്തി അത്ഭുതകരമാണ്. അത് ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയല്ല, മറിച്ച് ദൈവം അതിന്റെ ഇഷ്ടം ചെയ്യുകയാണ്” .മോശയുടെ ഇഷ്ടത്തിനനുസരിച്ച് ദൈവം തീരുമാനം മാറ്റുന്നതാണ് ഉദാഹരണമായി പറഞ്ഞത്.

” മൂന്ന് സംഗതികളാണ് വിശുദ്ധി സംരക്ഷിക്കാൻ ആവശ്യം. ദൈവസാന്നിധ്യസ്മരണ, പ്രാർത്ഥന, കൂദാശകൾ. വേറൊന്ന് ആദ്ധ്യാത്മികഗ്രന്ഥ പാരായണമാണ്”

” ദിവ്യകാരുണ്യം ഇല്ലായിരുന്നെങ്കിൽ യാതൊരു സൗഭാഗ്യവും ലോകത്തിലുണ്ടാകുമായിരുന്നില്ല. ജീവിതം ഭാരമാകുമായിരുന്നു. ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ വാസ്തവത്തിൽ നാം നമ്മുടെ ആനന്ദവും ഭാഗ്യവുമാണ് ഉൾകൊള്ളുന്നത് “.

ആർസിലെ വികാരി, സകല വൈദികരുടെയും മധ്യസ്ഥൻ, വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുന്നാൾ മംഗളങ്ങൾ.

ജിൽസ ജോയ് ✍️

Advertisements
വിശുദ്ധ ജോൺ മരിയ വിയാനി
Advertisements
വി. ജോൺ മരിയ വിയാനി
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s