1912 ഏപ്രിൽ 10 ബുധനാഴ്ച, ടൈറ്റാനിക് അവളുടെ ‘മെയ്ഡൻ വോയേജ്’ നടത്തി. ആ കന്നിയാത്ര അവളുടെ ഒടുവിലെ യാത്ര കൂടിയായിരുന്നെന്ന് നമുക്കൊക്കെ അറിയാം. ഷിപ്പ്ബിൽഡർ തോമസ് ആൻഡ്രൂസിനോട് ടൈറ്റാനിക് എത്ര സുരക്ഷിതമാണെന്ന റിപ്പോർട്ടരുടെ ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞത് ‘ദൈവത്തിന് പോലും ഈ കപ്പൽ മുക്കാൻ കഴിയില്ല’ എന്നാണ് ! ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആ ആദ്യയാത്ര പോലും പൂർത്തിയാക്കാൻ കഴിയാതെ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അവൾ താണു.
ടൈറ്റാനിക്കിൽ യാത്ര ചെയ്യാനുള്ളവർക്കുള്ള ടിക്കറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ക്ലാർക്ക് എന്നുപേരുള്ള ഒരു സ്ക്കോട്ടിഷ് കർഷകൻ അതിൽ കുടുംബസമേതം പോകാൻ ആഗ്രഹിച്ചു. ധനികർക്ക് വേണ്ടിയുള്ള ആ ആഡംബരക്കപ്പലിൽ കുറച്ച് നാൾ കുടുംബസമേതം സുഖിക്കാൻ ആഗ്രഹിച്ച്, തന്റെ അന്നുവരെയുള്ള സമ്പാദ്യം മുഴുവനും ചെലവഴിച്ച്, തനിക്കും ഭാര്യക്കും അഞ്ചു മക്കൾക്കും വേണ്ടി ക്‌ളാർക്ക് ടിക്കറ്റ് എടുത്തു. നാട്ടുകാരോടും കൂട്ടുകാരോടും ഒക്കെ സന്തോഷവിവരം അറിയിച്ച് യാത്രക്കായി ഒരുങ്ങി.
പോകുന്നതിന് അഞ്ചുദിവസം മുൻപ് അവർ വീട്ടിൽ ഓമനിച്ചു വളർത്തുന്ന നായ കടിച്ച് ക്‌ളാർക്കിന്റെ ഒരു മകന് പരിക്കേറ്റു പോകാൻ കഴിയാതായി. ഭാര്യ പറഞ്ഞു, “ഞാനും മോനും ഇവിടെ നിന്നോളാം, നിങ്ങൾ പോയി വരൂ”. ക്‌ളാർക്ക് തീരുമാനമെടുക്കാൻ കഴിയാതെ ആകെ വിഷമത്തിലായി. അവസാനം ആരും പോകുന്നില്ലെന്നു തീരുമാനിച്ചു. ടിക്കറ്റിന്റെ പൈസ തിരിച്ചുകിട്ടാത്തതുകൊണ്ട് ഇരട്ടി സങ്കടം. ഏപ്രിൽ 10ന് ടൈറ്റാനിക് പുറപ്പെടുന്നത് മ്ലാനമായ മുഖത്തോടെ ക്‌ളാർക്ക് കണ്ടുനിന്നു.
അഞ്ചുദിവസം കഴിഞ്ഞ് ആ വാർത്തയെത്തി, ‘ദൈവത്തിന് പോലും മുക്കിക്കളയാൻ സാധിക്കാത്ത ‘ കപ്പൽ കടലിന്റെ അഗാധതയിലാണ്ടു പോയ വാർത്ത. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ ക്‌ളാർക്ക് അയാളുടെ വളർത്തുനായയെ വാരിപ്പുണർന്ന് എത്ര ഉമ്മകൾ നൽകിക്കാണുമെന്ന്? അഞ്ച് ദിവസം അത് കേട്ട തെറിക്കെല്ലാം പ്രായശ്ചിത്തം ചെയ്തു കാണും.
ഒരുദിവസം ബില്ലി ഗ്രഹാം പ്രസിദ്ധ നടി മെർലിൻ മൺറോയെ കാണാൻ പോയി. ഏറെ ബുദ്ധിമുട്ട് സഹിച്ച്, അവസാനം നടിയെ ഒന്ന് കാണാൻ പറ്റിയപ്പോൾ പറഞ്ഞു, “യേശുവിന്റെ സന്ദേശം ലഭിച്ചിട്ടാണ് ഞാൻ നിങ്ങളെ കാണാൻ വന്നത്”. നടിയുടെ ഉത്തരം വളരെ പെട്ടെന്നായിരുന്നു,” എനിക്ക് നിങ്ങളുടെ യേശുവിനെ ആവശ്യമില്ല”. പിന്നെ ഒന്നും കേൾക്കാൻ പോലും നിൽക്കാതെ അവർ പോയെന്ന് വേണം കരുതാൻ. ഒരാഴ്ച കഴിയുമ്പോഴേക്ക് വാർത്ത വന്നു. നടി മർലിൻ മൺറോ മുറിയിൽ മരിച്ചുകിടക്കുന്നു. ആത്മഹത്യ ആണെന്ന് കരുതപ്പെടുന്നു!
രക്ഷപ്പെടാനുള്ള അല്ലെങ്കിൽ, രക്ഷപ്പെടുത്താനുള്ള ദൈവത്തിന്റെ അവസാനശ്രമമായിരിക്കാം അവർ തട്ടി തെറിപ്പിച്ചത്. ജോലികളിൽ, ജീവിതത്തിൽ ഉയർന്നു പോകുമ്പോൾ ഇതെല്ലാം നമ്മുടെ കഴിവ് മാത്രം കൊണ്ടാണെന്നുള്ള അഹങ്കാരവും നമ്മൾ സ്വയം പര്യാപ്തമാണെന്നും ദൈവത്തിന്റെ സഹായമൊന്നും നമുക്കാവശ്യമില്ലെന്ന ചിന്തകളും ചിലപ്പോൾ നമ്മെ ഭരിക്കുന്നു. നമ്മുടെ സ്വയം സ്നേഹത്തിന്റെ ആദ്യഫലമായ ഈ രോഗം – നമ്മൾ പ്രധാനപ്പെട്ട ആരോ ആണെന്നചിന്ത – നമ്മുടെ വീഴ്ചയുടെ പ്രധാന കാരണമാണ്. ദൈവത്തിന് ഏറെ വെറുപ്പുളവാക്കുന്ന ഈ രോഗം ദൈവകൃപയുടെ വാതിൽ അടക്കുന്നു.
നമ്മുടെ നിസ്സാരതയെകുറിച്ചുള്ള ശരിയായ തിരിച്ചറിവും ദൈവത്തിൽ നിന്നല്ലാതെ നമ്മിൽ ഒരു നന്മയുമില്ലെന്ന ആഴത്തിലുള്ള ഉറച്ച ബോധ്യവും പോലെ ദൈവം നമ്മിൽ കാണാനാഗ്രഹിക്കുന്ന മറ്റൊന്നുമില്ല. പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും യുദ്ധഭീതിയുമൊക്കെ നമ്മെ മനസ്സിലാക്കിത്തരുന്നത് നമ്മുടെ നിസ്സാരതയാണ്. ദൈവമല്ലാതെ, എത്ര പ്രിയപ്പെട്ടവർക്കും നമ്മളെ സഹായിക്കാൻ പരിധിയുണ്ടെന്ന സത്യം അനുഭവങ്ങളിലൂടെ നമ്മളെ മനസിലാക്കി തരുന്നു. മാനസികവിഷമങ്ങളുടെ കാര്യത്തിലും അത് ശരിയാണ്.
2018 ൽ നാട്ടിലുണ്ടായ വെള്ളപ്പൊക്കസമയത്ത് ഞങ്ങളുടെ സ്ഥലത്തിന് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച ബോധ്യം തകർന്ന് സുരക്ഷിതസ്ഥാനത്തേക്ക് പോകുമ്പോൾ വെള്ളക്കെട്ടിലേക്ക് കാർ നീങ്ങിപോകുമെന്ന അവസ്ഥ വന്നപ്പോൾ, ദുബായിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തിരുന്ന മണി എക്സ്ചേഞ്ചിൽ മാരകായുധങ്ങളുമായി ഓടിക്കയറിയ മുഖമൂടിയിട്ട ആഫ്രിക്കക്കാർ ഓങ്ങിയ വാളിനു കീഴെ ഇരിക്കുമ്പോൾ, മരണഭീതിയിൽ ഹൃദയം പെരുമ്പറ കൊട്ടുന്നതിനൊപ്പം നമ്മുടെ നിസ്സാരതയും ദൈവമല്ലാതെ നമുക്ക് ആശ്രയം ആരുമില്ലെന്ന സത്യവും ഏറ്റവും നന്നായി മനസ്സിലായി. ‘ഞങ്ങൾ മരണശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾക്ക് തോന്നി. എന്നാൽ ഇത് ഞങ്ങളിൽ തന്നെ ആശ്രയിക്കാതെ മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നതിനു വേണ്ടി ആയിരുന്നു’ ( 2 കോറി 1:9)
അതുപോലെത്തന്നെ നമ്മുടെ വഴികളിലുണ്ടാവുന്ന പ്രതിബന്ധങ്ങളിലും മനസ്സ് തളരാതിരിക്കാം. ഒരുപക്ഷെ ദൈവം പലതിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതായിരിക്കാം. ആർക്കറിയാം? ഭാവി അറിയാവുന്നത് ദൈവത്തിന് മാത്രമല്ലെ? നമ്മുടെ കഷ്ടതകളും രോഗങ്ങളും പോലും ചിലപ്പോൾ ദൈവകരുണയുടെ അടയാളങ്ങൾ ആകാം.
സെന്റ് അഗസ്റ്റിൻ പറഞ്ഞല്ലോ, “ഓ നാഥാ, ഈ ജീവിതത്തിൽ എന്റെയുള്ളിൽ ജ്വലിച്ചുനിന്ന് അങ്ങേക്കിഷ്ടപ്പെട്ട വിധം എന്നെ വെട്ടി ശരിപ്പെടുത്തുക. നിത്യത്വത്തിൽ എന്നെ തുണക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കിൽ, ഇവിടെ എന്നോട് കരുണ കാട്ടേണ്ട”.
ഓരോ പ്രാവശ്യവും നമ്മളെ വെട്ടി ശരിപ്പെടുത്തി ചീളുകൾ കളഞ്ഞുകൊണ്ടിരിക്കുമ്പോൾ ദൈവത്തിന്റെ തന്നെ സാദൃശ്യമാണ് അവന്റെ മനസ്സിൽ ഉള്ള രൂപം.അതിലേക്കുള്ള രൂപാന്തരമാണല്ലോ നമ്മുടെയെല്ലാം വിളിയും. അത് മനസ്സിലാകുമ്പോൾ നമുക്ക് സഹനങ്ങളെ അംഗീകരിക്കാനും ദൈവഹിതത്തിന് കീഴടങ്ങാനും സാധിക്കും എന്ന് തോന്നുന്നു. ഓരോ തിക്താനുഭവങ്ങളും നമ്മളെ പലതും പഠിപ്പിക്കുന്നു.
നമ്മുടെ ആഗ്രഹങ്ങൾ, പ്രയത്നങ്ങൾ എപ്പോഴും ദൈവത്തിന് സമർപ്പിക്കാം. അവന്റെയാണ് അന്തിമ തീരുമാനം.ദൈവാനുഗ്രഹമില്ലെങ്കിൽ പ്രയത്നമെല്ലാം നിഷ്ഫലമല്ലേ.
ജിൽസ ജോയ്
