കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ / ഈഡിത് സ്റ്റെയിൻ

ആദിമക്രൈസ്തവ പീഡനം നടക്കുന്ന കാലത്ത് കുടുംബിനികളായ ചില സ്ത്രീകൾ അടുപ്പിൽ കത്തുന്ന തീക്കട്ടകൾ വെറും കൈ കൊണ്ടെടുത്ത് പരിശീലിക്കുമായിരുന്നു എന്ന് വായിച്ചിട്ടുണ്ട് . ഒരുനാൾ തീപന്തമായി തങ്ങൾ എരിയേണ്ടിവരുമെന്ന് മുന്നിൽക്കണ്ടുകൊണ്ട് നിശ്ചയദാർഢ്യത്തോടെ, ആവേശത്തോടെയുള്ള പരിശീലനം. അതുപോലെ, ഒരുനാൾ ഔഷ്വിറ്റ്സ് കോൺസെന്ട്രേഷൻ ക്യാമ്പിലെ ദുരിതങ്ങൾ താൻ നേരിടേണ്ടിവരുമെന്നറിയാമായിരുന്ന ഈഡിത് സ്റ്റെയിൻ, പട്ടിണിയും രക്തമുറയുന്ന തണുപ്പും ശീലിച്ചുകൊണ്ടായിരുന്നു അതിനൊരുങ്ങിയത്. ഒരിക്കൽ യഹൂദയായിരുന്നവൾ , എഴുത്തുകാരി, തത്വചിന്തക, പ്രാസംഗിക, ക്രിസ്ത്യാനി, നിഷ്പാദുക കർമ്മലീത്ത സന്യാസിനി, ദൈവശാസ്ത്രജ്‌ഞ, രക്തസാക്ഷി, വിശുദ്ധ ….തീരുന്നില്ല വിശേഷണങ്ങൾ.

ഒക്ടോബർ 11, 1998. റോമിൽ സെന്റ്പീറ്റേഴ്സ് സ്‌ക്വയറിൽ വച്ചു നടന്ന വിശുദ്ധീകരണനടപടികൾ പൂർത്തിയാക്കിയതിന് ശേഷം ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞു, ” ഇസ്രായേലിന്റെ ഈ ശ്രേഷ്ഠപുത്രിയെ , സഭയുടെ ഈ വിശ്വസ്‌തസന്താനത്തെ, സാർവ്വത്രിക ലോകത്തിനുള്ള വിശുദ്ധയായി നൽകാൻ എനിക്കിന്ന് സാധിച്ചിരിക്കുന്നു. തന്റെ ജീവിതം വഴിയായും പ്രത്യേകിച്ച് മരണത്തിൽ കൂടിയും അചഞ്ചലമായി അവൾ നൽകിയ സാക്ഷ്യത്തെ പ്രഘോഷിച്ചുകൊണ്ട്, അപ്പൊഴെന്ന പോലെ ഇന്നും ഈഡിത് സ്റ്റെയിന്റെ ഓർമകൾക്ക് മുന്നിൽ നമ്മൾ തലകുനിക്കുന്നു”.

കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്റ്റ എന്ന ഈഡിത് സ്റ്റെയിൻ 1891 ഒക്ടോബർ 12 ന് ജർമ്മനിയിലെ ബ്രെസ്ലൗവിൽ ഒരു ഇസ്രയേലി കുടുംബത്തിൽ ജനിച്ചു. അവളുടെ അമ്മക്ക് അവൾ പൊന്നോമനയാകാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു, ഒന്ന് അവൾ അവരുടെ പതിനൊന്ന് മക്കളിൽ ഏറ്റവും താഴെയായിരുന്നു. മറ്റൊന്ന്, ഇസ്രായേല്യരുടെ ഒരു പ്രധാനപ്പെട്ട ദിവസമായ യോം കിപ്പുർ ( പാപപരിഹാരദിനം )ന്റെ അന്ന് തന്നെയായിരുന്നു അവളുടെ ജനനം എന്നതാണ്.

തടി വ്യവസായി ആയിരുന്ന ഈഡിത് സ്റ്റെയിന്റെ പിതാവ് അവൾക്ക് രണ്ട് വയസ്സുള്ളപ്പോൾ, മരിച്ചുപോയി. നല്ല ഭക്തിയുള്ള, കഠിനാദ്ധ്വാനിയായ, നിശ്ചയദാർഢ്യമുള്ള സ്ത്രീയായിരുന്ന അവളുടെ അമ്മയുടെ തലയിലായി കുടുംബഭാരവും അവരുടെ ബിസിനസ്സുമെല്ലാം. പക്ഷേ ഈഡിത് സ്റ്റെയിനിൽ ദൈവവിശ്വാസം വളർത്തുന്നതിൽ മാത്രം അവളുടെ അമ്മ പരാജയപ്പെട്ടു. പതിനാല് വയസ്സാകുമ്പോഴേക്ക് നല്ലൊരു നിരീശ്വരവാദിയായി കഴിഞ്ഞിരുന്നു അവൾ. ” ഞാൻ മനഃപൂർവ്വം, കരുതിക്കൂട്ടി തന്നെ പ്രാർത്ഥിക്കുന്നത് നിർത്തി ” അവൾ പറഞ്ഞു പിന്നീട്. അവളുടെ ജീവിതത്തിന്റെതായ തീരുമാനങ്ങളെടുക്കുന്നതിന് സ്വാതന്ത്ര്യം വേണമെന്നും മറ്റാരിലും ആശ്രയിക്കാതിരിക്കാനും അവൾ ആഗ്രഹിച്ചു. പക്ഷേ സത്യത്തെ അന്വേഷിക്കുന്നതിൽ നിന്ന് ഒരിക്കലും പിന്മാറിയില്ല.

ജീവിതത്തിലുടനീളം മിടുമിടുക്കിയായ ഒരു പണ്ഡിതയായിരുന്നു ഈഡിത് സ്റ്റെയിൻ. നാല് വയസ്സുള്ളപ്പോഴേ അധ്യാപികയെ ചോദ്യങ്ങൾ കൊണ്ടവൾ വീർപ്പുമുട്ടിച്ചിരുന്നു. നിവൃത്തികേട് കൊണ്ടല്ല, പഠനത്തോടുള്ള അദമ്യമായ താല്പര്യം കൊണ്ടാണ് അവൾ പഠിച്ചു മുന്നേറിയത്. അവൾക്ക് ഏറ്റവും ഇഷ്ടം തത്വശാസ്ത്രമായിരുന്നു. 1913 ൽ, ഗോട്ടിംഗൻ യൂണിവേഴ്സിറ്റിയിൽ ഫിനോമെനോളജി ഭാഗത്തിൽ, പ്രസിദ്ധനായ എഡ്മണ്ട് ഹസ്സലിന്റെ കീഴിൽ പഠിക്കാൻ അവസരം ലഭിച്ച ആദ്യകാലവനിതകളിൽ ഒരാളായി ഈഡിത് സ്റ്റെയിൻ.

ഈഡിത്തിന്റെ മിടുക്ക് കണ്ട് മതിപ്പ് തോന്നിയ ഹസ്സൽ യൂണിവേഴ്സിറ്റി ഓഫ് ഫ്രയ്ബർഗിലേക്ക് തന്റെ സഹായി ആവാൻ അവളെ വിളിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിന് കീഴിൽ 1917)ൽ

ഇരുപത്തിയാറാം വയസ്സിൽ ഈഡിത് ഡോക്ടറേറ്റ് (Summa cum laude) നേടി.

ഹസ്സലിന്റെ മറ്റൊരു അസിസ്റ്റന്റ് ആയ അഡോൾഫ് റെയ്നാഹ് 1917 നവംബറിൽ മരണമടഞ്ഞപ്പോൾ ഈഡിത് അദ്ദേഹത്തിന്റെ ഭാര്യ അന്നയെ സന്ദർശിക്കാനും ആശ്വസിപ്പിക്കാനുമായി അവരെ കാണാൻ പോയി. ആ ദമ്പതികൾ അവളുടെ സുഹൃത്തുക്കളായിരുന്നു. അന്ന തകർന്നിരിക്കുകയാവും എന്ന് വിചാരിച്ച ഈഡിത്തിനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വിശ്വാസത്തിൽ വളരെ ആഴപ്പെട്ട, സമചിത്തതയോടെ കാര്യങ്ങൾ നേരിടുന്ന അന്നയെയാണ് അവളവിടെ കണ്ടത്.

“അതായിരുന്നു കുരിശുമായും അതെടുക്കുന്നവർക്ക് അത് പകരുന്ന ദൈവികശക്തിയുമായുമുള്ള എന്റെ ആദ്യ കണ്ടുമുട്ടൽ… ആ നിമിഷത്തിലാണ് എന്റെ അവിശ്വാസം തകർന്നടിഞ്ഞതും ക്രിസ്തു അവന്റെ പ്രകാശം എന്നിൽ ചൊരിയാൻ തുടങ്ങിയതും, കുരിശിന്റെ രഹസ്യത്തിലുള്ള ക്രിസ്തു”.

1921 ലെ വേനൽക്കാലത്ത് ഈഡിത്, ഹെഡ്‌വിഗ് കോൺറേഡ് മാർഷ്യസ് എന്ന്‌ പേരുള്ള ഹസ്സലിന്റെ ഒരു ശിഷ്യയുടെ കൂടെ കുറച്ചു ആഴ്ചകൾ താമസിച്ചു. ഒരു വൈകുന്നേരം ഈഡിത് ആവിലായിലെ അമ്മത്രേസ്സ്യയുടെ ആത്മകഥ എടുത്ത് ഒറ്റ രാത്രി കൊണ്ട് മുഴുവൻ വായിച്ചു. “അത് വായിച്ചുകഴിഞ്ഞപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു: ഇതാണ് സത്യം!”

1922 പുതുവത്സരദിനം ഈഡിത് മാമോദീസ സ്വീകരിച്ചു. ഫെബ്രുവരി 2ന് ഈശോയെ ദേവലയത്തിൽ സമർപ്പിക്കുന്ന തിരുന്നാളിന്റെ അന്ന് സ്ഥൈര്യലേപനവും. കൂദാശസ്വീകരണത്തിന് ശേഷം അവൾക്ക് താൻ ക്രിസ്തുവിന്റെ സ്വന്തമാണെന്ന ബോധ്യമുണ്ടായി, ആത്മാവിൽ മാത്രമല്ല രക്തം വഴിയായും.പരിവർത്തനത്തിന് ശേഷം അവൾ തന്റെ അമ്മയുടെ അടുത്തേക്ക് ബ്രെസ്ലൗവിലേക്ക് പോയി. “അമ്മേ, ഞാനിപ്പോൾ ഒരു കത്തോലിക്കയാണ്” എന്ന് പറഞ്ഞു. അവളുടെ അമ്മയ്ക്കും ബന്ധുക്കൾക്കും അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ബന്ധുക്കൾ അവജ്‌ഞയോടെ അവളെ നോക്കി. അമ്മ പൊട്ടിക്കരഞ്ഞു. “നോക്കു, വഞ്ചനയില്ലാത്ത രണ്ട് ഇസ്രായേല്യർ” ഹെഡ്‌വിഗ് എഴുതി.

മതപരിവർത്തനം കഴിഞ്ഞ ഉടനെതന്നെ ഈഡിത് കർമ്മലീത്തസഭയിൽ ചേരാൻ ആഗ്രഹിച്ചു. പക്ഷേ അതിനായി 12 വർഷങ്ങൾ അവൾ കാത്തിരിക്കേണ്ടി വന്നു. പഠിപ്പിക്കാനും എഴുതാനുമൊക്കെയുള്ള അവളുടെ കഴിവുകൾ ആ കാലയളവിൽ ഉപയോഗപ്പെടുത്താൻ നിർദ്ദേശം ലഭിച്ചു. ഒരു ഡൊമിനിക്കൻ സ്കൂളിൽ ജർമൻ ഭാഷയും ചരിത്രവും പഠിപ്പിച്ചു തുടങ്ങി. കാർഡിനൽ ന്യൂമാന്റെയും വിശുദ്ധ തോമസ് അക്വീനാസിന്റെയും എഴുത്തുകളും ഡയറിയും അവൾ വിവർത്തനം ചെയ്തു. ഒരു പ്രൊഫസർ ആകാൻ അവൾ ആഗ്രഹിച്ചെങ്കിലും, അവൾ സ്ത്രീയാണ് എന്നതും യഹൂദയാണ് എന്നതും ആ സ്വപ്നത്തിന് തടസ്സമായി, ഡോക്ടറേറ്റും ഉന്നതവിദ്യാഭ്യാസവും ഉണ്ടായിരുന്നിട്ടു പോലും. 1933ൽ നാസിസത്തിന്റെ ഇരുട്ട് ജർമനിയെ വലയം ചെയ്തു. ആര്യൻ നിയമങ്ങളുടെ നൂലാമാലകൾ അധ്യാപനം തുടരുന്നതിൽ നിന്നവളെ തടഞ്ഞു. കർമ്മലീത്ത മഠത്തിൽ ചേരാൻ അവൾ വീണ്ടും ആഗ്രഹിച്ചു.

ബ്രെസ്ലൗവിൽ ചെന്ന് അമ്മയോടും മറ്റു പ്രിയപ്പെട്ടവരോടും അവൾ യാത്ര ചോദിച്ചു. അവൾ ജനിച്ചു വളർന്ന വീട്ടിലെ അവസാന ദിനവും അവളുടെ ജന്മദിനവും അന്ന് തന്നെ ആയിരുന്നു, ഒക്ടോബർ 12. സിനഗോഗിലേക്ക് ഈഡിത്തിന്റെ അമ്മയെ അവൾ അനുഗമിച്ചു. അമ്മ ഹൃദയം പൊട്ടി കരഞ്ഞു.

രണ്ട് ദിവസങ്ങൾക്ക് ശേഷം, 1933 ഒക്ടോബർ 14 ന് ഈഡിത് കൊളോണിലെ കർമ്മലീത്താമഠത്തിൽ ചേർന്നു. 1934 ഏപ്രിൽ 15 ന് സഭാവസ്ത്രം സ്വീകരിച്ചു. കുരിശിന്റെ തെരേസ ബെനെഡിക്റ്റ എന്ന പേര് സ്വീകരിച്ചു. അവളുടെ എഴുത്ത് തുടരാൻ മേലധികാരികൾ നിർബന്ധിച്ചു. അവളുടെ ജീവചരിത്രം, പിന്നീട് അവളുടെ പ്രധാനപ്പെട്ട കൃതിയായ Finite and Eternal Being.. 1938 ഏപ്രിൽ 21ന് നിത്യവ്രതവാഗ്ദാനം ചെയ്യവേ വിശുദ്ധ ജോൺ ഓഫ് ദി ക്രോസിന്റെ വാക്കുകൾ അവൾ സോവനീർ പടത്തിൽ എഴുതി വെയ്പ്പിച്ചു, ‘ ഇനിയങ്ങോട്ട് എനിക്കുള്ള വിളി സ്നേഹിക്കാൻ മാത്രമാണ് “.

‘കുരിശിന്റെ ശാസ്ത്രം’ എന്ന അവളുടെ അവസാനരചന കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ പഠനങ്ങളെ ആസ്‌പദമാക്കിയായിരുന്നു ആ കൃതി. അദ്ദേഹത്തിന്റെ 400th ചരമാവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു ലക്ഷ്യം.താൻ അഭിമുഖീകരിക്കാനിരിക്കുന്ന സഹനത്തെ മുന്നിൽ കണ്ടുകൂടെ ആയിരുന്നു അതെഴുതിയത്. കോൺസെന്ട്രേഷൻ ക്യാമ്പിൽ ഇന്നല്ലെങ്കിൽ നാളെ താൻ പോവേണ്ടി വരും എന്നറിയാമായിരുന്ന അവൾ തണുപ്പും വിശപ്പും അനുഭവിച്ച് പരിശീലിക്കാൻ തുടങ്ങിയിട്ട് കുറച്ചായിരുന്നു. “ഞാൻ എല്ലാ വിധത്തിലും സന്തുഷ്ടയാണ്. കുരിശിന്റെ ശാസ്ത്രം സ്വായത്തമാക്കാൻ ഒരുവന് കഴിയണമെങ്കിൽ കുരിശിന്റെ മധുരിമ സ്വന്തം ജീവിതത്തിൽ അനുവഭവിച്ചേ മതിയാകൂ”. അവൾ പറഞ്ഞു.

മനുഷ്യന്റെ പൂർണ്ണ അസ്തിത്വവും ജീവിതവും ക്രിസ്തുവിനോടൊത്ത് സഹിക്കാനുള്ളതാണെന്നും വേദനകൾ ദൈവത്തെ കണ്ടുമുട്ടാനുള്ള മാർഗ്ഗമാക്കി തീർക്കാമെന്നും അവൾ തന്റെ കൃതിയിൽ എഴുതിവെക്കുകയും ജീവിതത്തിലൂടെ കാണിക്കുകയും ചെയ്തു.സഹനത്തെ ദൈവശാസ്ത്രത്തിന്റെയും പ്രതിഭ ശാസ്ത്രത്തിന്റെയും ( phenomenology) വെളിച്ചത്തിൽ അവൾ കുരിശിന്റെ ശാസ്ത്രമാക്കി രൂപാന്തരപ്പെടുത്തി.

നവംബർ 9, 1938 ൽ യഹൂദപീഡനം നാസിപടയാളികൾ അഴിച്ചുവിട്ടു. സിനഗോഗുകൾ കത്തിയെരിഞ്ഞു, യഹൂദരെ കൂട്ടത്തോടെ തടവിലാക്കി, കൊന്നൊടുക്കിക്കൊണ്ടിരുന്നു. മറ്റു കന്യാസ്ത്രീകളുടെ സുരക്ഷയെ ലക്ഷ്യമാക്കി ഈഡിത് ഹോളണ്ടിലെ മഠത്തിലേക്ക് പോയി. കത്തോലിക്കയായ അവളുടെ സഹോദരി റോസയും അവിടേക്ക് വന്നു.

ഈഡിത് പരിശുദ്ധ അമ്മയെ പറ്റി എഴുതി, “ദൈവത്തിന് മുൻപിൽ പ്രാർത്ഥിക്കുക, പൂർണ്ണഹൃദയത്തോടെ അവനെ സ്നേഹിക്കുക, പാപികൾക്കു വേണ്ടി തന്നെത്തന്നെ പരിഹാരമായി അർപ്പിച്ച് അവർക്ക് വേണ്ടി അവന്റെ കൃപ യാചിക്കുക, ഒരു ദാസിയെപ്പോലെ,അവന്റെ എല്ലാ അടയാളങ്ങളും തുറവിയോടെ വീക്ഷിക്കുക..ഇതായിരുന്നു അവളുടെ ജീവിതം”. തന്റെ തന്നെ ജീവിതമായിരുന്നു ഇതെന്ന് അവൾ പക്ഷേ ഇതെഴുതുമ്പോൾ ഓർത്തില്ല. ദൈവം മറ്റു യഹൂദരെയെല്ലാം അവരുടെ സഹനങ്ങളിൽ ആശ്വസിപ്പിക്കാനും അവരെ കത്തോലിക്കാസഭയിലേക്ക് നയിക്കാനുമായി അവൾ തന്റെ ജീവിതം തന്നെ അവന് സമർപ്പിച്ചു.

ഓഗസ്റ് 2, 1942 ഹിറ്റ്ലറുടെ രഹസ്യപ്പോലീസ് ഈഡിത്തിനെയും റോസയെയും അറസ്റ്റ് ചെയ്തു.അനേകം യഹൂദരുടെ കൂടെ ഔഷ്വിറ്റ്സിലേക്ക് കയറ്റി അയച്ചു. ജീവിക്കാനുള്ളവരുടെ കൂട്ടത്തിലേക്കായിരുന്നില്ല അവളെ തിരഞ്ഞെടുത്തത്. കരച്ചിലും ആക്രോശങ്ങളും നിറഞ്ഞ, നിൽക്കാനിടമില്ലാത്ത വണ്ണം ആളുകളെ കുത്തിനിറച്ച ഒരു ഗ്യാസ് ചേമ്പറിൽ അവൾ ശാന്തതയോടെ മരണത്തെ പുൽകി.

“ഈ നൂറ്റാണ്ടിനെ ഗ്രസിച്ച് ദുഷിപ്പിക്കുന്ന കട്ടപ്പിടിച്ച ഇരുളിന് നടുവിൽ ഈഡിത് സ്റ്റെയിൻ പ്രകാശം പരത്തുന്ന ദീപസ്തംഭമായി ഉയർന്നു നിൽക്കുന്നു. കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റ എന്ന രക്തസാക്ഷിയിൽ അനേകം വ്യത്യാസങ്ങൾ സമന്വയിച്ച് സമാധാനമായി പരിഹരിക്കപ്പെടുന്നു”.അവളെ വിശുദ്ധപദവിയിലേക്ക് ഉയർത്തവെ പോപ്പ് ജോൺപോൾ രണ്ടാമൻ പറഞ്ഞു, എന്നിട്ട് കൂട്ടിച്ചേർത്തു : “നീതിക്കും മാനുഷിക പരിഗണനക്കും വേണ്ടി സഹിക്കുന്നവരെ ദൈവത്തിന് മുൻപിലുള്ള അവളുടെ പ്രാർത്ഥനയിലേക്ക് ഞാൻ സമർപ്പിക്കുന്നു”.

വിശുദ്ധീകരണനടപടികൾ കഴിഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും ഒക്ടോബർ 1, 1999 ജോൺപോൾ പാപ്പ ഈഡിത് സ്റ്റെയിനെ യൂറോപ്പിന്റെ സഹമധ്യസ്ഥയായി പ്രഖ്യാപിച്ചു. തന്റെ അപ്പസ്തോലിക എഴുത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി : “ഈഡിത് സ്റ്റെയിനെ യൂറോപ്പിന്റെ സഹമധ്യസ്ഥയാക്കിക്കൊണ്ടുള്ള ഇന്നത്തെ പ്രഖ്യാപനം, എല്ലാ സ്ത്രീപുരുഷന്മാരും യഥാർത്ഥത്തിലുള്ള ഒരു സഹോദര്യസമൂഹം കെട്ടിപ്പടുക്കാനായി അവരുടെ വംശീയ, സാംസ്കാരിക, മതപരമായ വ്യത്യാസങ്ങളെ മറികടന്ന്, പരസ്പരം മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന, സഹിഷ്ണുതയുടെ അടയാളമായി ഈ ഭൂഖന്ധം ഉയർന്നുവരാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് “

കരകവിഞ്ഞൊഴുകുന്ന മനുഷ്യവേദനയുടെയും മുഗീയതയുടെയും ഈലോകത്തിൽ സഹനത്തിന് ആദ്ധ്യാത്മികമായൊരു ലക്ഷ്യവും രക്ഷാകരമൂല്യവുമുണ്ടെന്ന് പറഞ്ഞുവെച്ച ഈഡിത് സ്റ്റെയിന്റെ, കുരിശിന്റെ വിശുദ്ധ തെരേസ ബെനെഡിക്റ്റയുടെ, തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ / ഈഡിത് സ്റ്റെയിൻ
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s