വിശുദ്ധ മാക്സ്മിലൻ മരിയ കോൾബെ

കുടുംബത്തിലെ ആഴമേറിയ വിശ്വാസം

മരിയ ഡബ്രോവ്സ്‌ക ഒരു സന്യാസിനിയാവാൻ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ അക്കാലത്ത് കോൺവെന്റിൽ ചേരാൻ അങ്ങോട്ട്‌ കൊടുക്കേണ്ടിയിരുന്ന തുക കയ്യിൽ ഇല്ലാഞ്ഞതുകൊണ്ട് മാത്രം അവൾക്കതിന് കഴിഞ്ഞില്ല. ദൈവേഷ്ടത്തിന് കീഴ്‌വഴങ്ങിക്കൊണ്ട് അവൾ പ്രാർത്ഥിച്ചു. ‘ദൈവമേ, ദൈവദൂഷണം പറയാത്ത, മദ്യപിക്കാത്ത ഒരു ഭർത്താവിനെ എനിക്ക് തരണേ ‘.

തികഞ്ഞ കത്തോലിക്കനും ഫ്രാൻസിസ്കൻ മൂന്നാം സഭയിലുള്ളവർക്കിടയിൽ നേതാവുമായിരുന്ന ജൂലിയസ് കോൾബെയിൽ അവൾ അതിനുള്ള ഉത്തരം കണ്ടെത്തി. വിവാഹത്തിനുശേഷം തങ്ങളുടെ ഒറ്റമുറി ഫ്ലാറ്റിൽ അവർ ഒരു ചെറിയ വർക്ക്ഷോപ്പ് ഇട്ടു. ഫ്രാൻസിസ്, റെയ്മണ്ട്, ജോസഫ് ( നാലാമത്തെ മകൻ ചെറുപ്പത്തിൽ മരിച്ചു ) എന്നീ മക്കളടങ്ങിയ കുടുംബം പുലർത്താൻ അവർ കഠിനമായി അദ്ധ്വാനിച്ചു. നോർത്ത് പോളണ്ടിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അവരപ്പോൾ താമസിച്ചിരുന്നത്. പ്രാർത്ഥനയും വിശുദ്ധ കുർബ്ബാനയും ആഴമേറിയ ആത്മീയജീവിതവും അവരുടെ കുടുംബാന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു.

രണ്ടാമത്തെ മകൻ, റെയ്മണ്ട് ജനിച്ചത് 1894 ജനുവരി 8ന് ആണ്. ശാന്തനും അനുസരണയുള്ളവനും ഒക്കെ ആയിരുന്നെങ്കിലും കുറച്ചു വികൃതി ആയിരുന്നു ചെറുപ്പത്തിൽ. പത്തുവയസ്സുള്ളപ്പോൾ അവന്റെ അമ്മ അവനോട് ഒരുദിവസം ചോദിച്ചു, “റെയ്മണ്ട്, നീ എന്തായിതീരും?” അടുത്ത ദിവസങ്ങളിൽ പ്രകടമായ ഒരു മാറ്റം അവനിൽ അവൾ ശ്രദ്ധിച്ചു. അവൻ കൂടുതൽ ശാന്തനും പ്രാർത്ഥിക്കുന്നവനും ചിന്തയിൽ മുഴുകിയവനും ആയിട്ടുണ്ട്. “റെയ്മണ്ട്, നീ ok അല്ലേ?” അവൾ ചോദിച്ചു.

അമ്മയുടെ ചീത്ത കേട്ടതിനുശേഷം താൻ പള്ളിയിൽ പോയി അതേ ചോദ്യം പരിശുദ്ധ അമ്മയോട് ചോദിച്ചെന്ന് അവൻ പറഞ്ഞു, ” അമ്മേ മാതാവേ, ഞാൻ എന്തായിതീരും?” അമ്മ അവനെ രണ്ട് കിരീടം കാണിച്ചു. വെളുത്തത് വിശുദ്ധിയുടെയും ചുവന്നതത് രക്തസാക്ഷിത്വത്തിന്റെയും. ‘ഏതാ നിനക്ക് വേണ്ടത്?’എന്ന് ചോദിക്കും പോലെ. അവൻ പറഞ്ഞു, എനിക്ക് രണ്ടും വേണം “!

പിന്നീട് ഒരു ഫ്രാൻസിസ്കനായി മാക്സ്മിലൻ എന്ന് പേര് തിരഞ്ഞെടുത്ത റെയ്മണ്ടിന് രണ്ട് കിരീടവും ലഭിക്കുക തന്നെ ചെയ്തു. പോൾ ആറാമൻ പാപ്പയാൽ 1971 ഒക്ടോബർ 17ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ( as a confessor) അവൻ മറ്റൊരു പോളണ്ടുകാരനായ പോപ്പ് ജോൺപോൾ രണ്ടാമൻ പാപ്പയാൽ 1982 ഒക്ടോബർ 10ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു (as a martyr) !

പൗരോഹിത്യത്തിലേക്ക്

സ്ഥലത്തെ മരുന്നുകടക്കാരൻ, റെയ്മണ്ട് ലാറ്റിൻ ഭാഷയിൽ ഒരു മരുന്നിന്റെ പേര് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു. ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഇടവക വൈദികന്റെ അടുത്തുനിന്ന് അവൻ ലാറ്റിൻ പഠിക്കുന്നുണ്ടെന്ന്. അവന്റെ കുടുംബത്തിൽ ഒരു കുട്ടിയെ പഠിപ്പിക്കാനുള്ള പണമേ ഇപ്പോൾ ഉള്ളു. “ഫ്രാൻസിസ്, എന്റെ മൂത്ത സഹോദരൻ പഠിച്ച് വൈദികനാകും, ഞാൻ വീട്ടിൽ നിന്ന് അവരെ സഹായിക്കേണ്ടി വരും” ആ മരുന്നുകടക്കാരൻ അവന് പ്രൈവറ്റായി ട്യൂഷനെടുക്കാൻ തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസം കഴിയുന്ന സമയമാകുമ്പോൾ അപ്പോൾ അവന് സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിയും.ദൈവം കാലേക്കൂട്ടി അവന്റെ മക്കളെ പരിപാലിക്കുന്ന വഴികൾ! വഴിതിരിച്ചു വിടുന്ന കാഴ്ചകൾ! അവന്റെ ചിന്തകൾ നമ്മുടേത് പോലെയല്ലല്ലോ.

ഈ വിധത്തിൽ മുന്നോട്ടു പോയി ഫ്രാൻസിസും റെയ്മണ്ടും 1907 ൽ സ്കൂൾ ഓഫ് കോമേഴ്‌സിൽ നിന്ന് ബിരുദമെടുത്ത് മാതാപിതാക്കളോട് യാത്ര പറഞ്ഞ് ഫ്രാൻസിസ്കൻസ് തുടങ്ങിയിരുന്ന പുതിയ സെമിനാരിയിൽ ചേർന്നു. താഴെയുള്ള സഹോദരൻ അധികം വൈകാതെ തന്നെ അവരെ അനുഗമിച്ചു.

സെപ്റ്റംബർ 4 1910 ൽ റെയ്മണ്ട് ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിച്ച് മാക്സ്മിലൻ എന്ന സഹോദരനായി. അടുത്ത വർഷം സെപ്റ്റംബർ 5ന് പ്രഥമവ്രതവാഗ്ദാനം ചെയ്തു. പഠിക്കാനായി റോമിലേക്ക് അയക്കപ്പെട്ട അവന് ഇരുപത്തൊന്നാം വയസ്സിൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു, ശേഷം ദൈവശാസ്ത്രത്തിലും.

നിത്യവ്രതവാഗ്ദാനസമയത്ത് അവൻ തന്റെ പേരിന്റെ കൂടെ മരിയ എന്ന് കൂട്ടിച്ചേർത്തു. ഏപ്രിൽ 28, 1918ൽ പുരോഹിതനായി അഭിഷിക്തനായതും ആദ്യകുർബ്ബാന ചൊല്ലിയതും പരിശുദ്ധ അമ്മയുടെ അത്ഭുതമെഡലിലൂടെ ക്രിസ്തീയവിരുദ്ധൻ അൽഫോൻസ് റാറ്റിസ്ബൺ മാനസാന്തരപ്പെട്ട പള്ളിയായ സാന്താൻഡ്രിയ ഡെല്ല വാല്ലേയുടെ അൾത്താരയിലാണ്.

അമലോൽഭവമറിയത്തിന്റെ അപ്പസ്തോലൻ

പൗരോഹിത്യഅഭിഷേകത്തിന് മുൻപേ തന്നെ മാക്സ്മിലൻ, അമലോൽഭവമറിയത്തിന്റെ സംരക്ഷണത്തിൻ കീഴിലും ആത്മാക്കളുടെ രക്ഷക്കു വേണ്ടിയും വേലയെടുക്കാനായി അവളോട് പ്രതിജഞ ചെയ്യാൻ മറ്റ് സഹോദരരെ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ 1917ൽ ‘അമലോത്ഭവസൈന്യം’ രൂപീകരിച്ചു, അത് റാറ്റിസ്ബണിന്റെ മാനസാന്തരത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആയിരുന്നു. 1922 ജനുവരി 22ന് അതിന് പോപ്പിന്റെ അംഗീകാരം ലഭിക്കുകയും പീയൂസ് പതിനൊന്നാം പാപ്പയാൽ 1927ൽ Primary Pious Union എന്ന നിലയിലേക്ക് അത് ഉയർത്തപ്പെടുകയും ചെയ്തു.

അമലോത്ഭവസൈന്യത്തിന്റെ സന്ദേശങ്ങൾ എങ്ങനെയാണ് മാക്സ്മിലനും കൂട്ടുകാരും പ്രചരിപ്പിച്ചതും കൂടുതൽ പേരെ അതിലേക്ക് ആകർഷിച്ചതും? The knight of the Immaculata എന്ന പേരിൽ ഒരു മാഗസിൻ ഇറക്കാൻ അവർ തീരുമാനിച്ചു. പെട്ടെന്ന് തന്നെ അതിന്റെ കോപ്പികളുടെ അച്ചടി 60000 ലേക്കും അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേക്കും കടന്നു. പ്രസ്സിന് വേണ്ടി കുറച്ചുകൂടി വലിയ സ്ഥലം കണ്ടെത്തേണ്ടി വന്നു.

വാർസോക്ക് അടുത്ത് കുറച്ചു സ്ഥലമുണ്ടായിരുന്ന ഒരു രാജകുമാരൻ അമലോത്ഭവസൈന്യത്തിന്റെ അപ്പസ്തോലിക ആവശ്യങ്ങൾക്കായി അത് കൊടുക്കാമെന്നു സമ്മതിച്ചു. മാക്സ്മിലൻ ഉടൻ തന്നെ അമലോത്ഭവമാതാവിന്റെ ഒരു പ്രതിമ അവിടെ കൊണ്ടുവച്ചു, സ്ഥലമിടപാടിനെ അമ്മയുടെ മേൽനോട്ടത്തിലേക്ക് ഏൽപ്പിച്ചുകൊണ്ട്. പിന്നീട് ഈ രാജകുമാരൻ സ്ഥലം തരണമെങ്കിൽ അയാളുടെ നിയോഗങ്ങൾക്കായി കുർബ്ബാനകൾ ചൊല്ലണമെന്ന് വാശി പിടിച്ചു. മാക്സ്മിലന്റെ മേലധികാരികൾ ഈ ആവശ്യം അംഗീകരിച്ചില്ല. തന്റെ ഓഫർ പിൻവലിച്ച രാജകുമാരൻ മാതാവിന്റെ പ്രതിമ അവിടെനിന്നും എടുത്തുകൊണ്ടു പോകാൻ ആവശ്യപ്പെട്ടു. “ഇല്ല”, മാക്സ്മിലൻ പറഞ്ഞു, ‘എനിക്ക് പരിശുദ്ധ അമ്മ തന്ന വാഗ്ദാനം ആദ്യമായി അവൾക്ക് നിറവേറ്റാൻ കഴിയാതെ പോയി എന്നതിന്റെ ഓർമ്മക്കായി അതവിടെ ഇരിക്കട്ടെ’! ഒരു കുഞ്ഞിനെപ്പോലെ ദൃഢമായ അദ്ദേഹത്തിന്റെ വിശ്വാസം കണ്ട് രാജകുമാരൻ പറഞ്ഞു “എടുത്തോളൂ, ഈ ഭൂമി ഇനി നിങ്ങളുടേതാണ് “!

ആ സ്ഥലത്ത് The city of Immaculata എന്ന പേരിൽ ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ ഒരു നഗരം തന്നെ രൂപമെടുത്തു. ഒരു കോളേജ്, നോവിഷ്യെറ്റ്, സഹോദരന്മാരുടെ ഭവനം, 100 കിടക്കയുള്ള ആശുപത്രി, വൈദ്യുതിക്കായി പവർപ്ലാന്റ്, റേഡിയോ സ്റ്റേഷൻ, എയർപോർട്ട് ഇതൊക്കെയായി, സുപ്പീരിയറിന്റെ കീഴിൽ 800 സഹോദരർ ഒന്നിച്ചു വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സന്യാസസമൂഹമായി അത് അന്ന് മാറി. മാഗസിൻ കോപ്പികൾ വിറ്റഴിഞ്ഞിരുന്നത് ഒരു മില്യൺ ആയിരുന്നു അപ്പോഴേക്കും. അതുകൂടാതെ ജപ്പാനിലും ഇതുപോലുള്ള ഒരു നഗരത്തിന് The Garden of Mary Immaculate എന്ന പേരിൽ മാക്സ്മിലൻ മരിയ കോൾബെ രൂപം കൊടുത്തു.

16670 നമ്പറുള്ള തടവുകാരൻ

1939 ൽ അമലോത്ഭവനഗരത്തിന്റെ തലവൻ ആയി മാക്സ്മിലൻ വീണ്ടും പോളണ്ടിലേക്ക് വന്നു.

സെപ്റ്റംബർ 1, 1939. ഹിറ്റ്ലർ പോളണ്ട് ആക്രമിച്ചു, രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. അമലോത്ഭവനഗരം കിടക്കുന്നത് ജർമൻ സൈന്യം ആക്രമണത്തിന് വരുന്ന വഴിയിൽ തന്നെയാണ്. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സഹോദരർക്ക് നിർദ്ദേശം ലഭിച്ചു. മാക്സ്മിലന്റെ വിടവാങ്ങൽ സംസാരം ഇതായിരുന്നു, “അമലോത്ഭവനഗരം ഈ സ്ഥലത്ത് മാത്രമല്ല, ഇതിലെ അംഗങ്ങൾ താമസിക്കുന്നത് എവിടെയൊക്കെയോ അവിടെയുണ്ട് അത് നിങ്ങളുടെ ആത്മാവിലും ഹൃദയത്തിലും ആവാം”.

55 ധീരരായ സഹോദരർ മാക്സ്മിലനോടൊപ്പം അവിടെത്തന്നെ താമസിച്ചു. സെപ്റ്റംബർ പകുതി ആയപ്പോൾ പട്ടാളക്കാർ ഓടിക്കയറി, കണ്ണിൽക്കാണുന്നതെല്ലാം നശിപ്പിച്ചു. സഹോദരരെ കോൺസെന്ട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയി മൂന്നുമാസത്തിനു ശേഷം വിട്ടയച്ചു..

ഫെബ്രുവരി 17, 1941. അമലോത്ഭവനഗരത്തിലേക്ക് രണ്ട് കാറുകൾ എത്തി, അഞ്ച് ഗെസ്റ്റപ്പോ ഓഫീസർമാർ അതിൽ നിന്നിറങ്ങി. അവൻ മാക്സ്മിലനേയും വേറെ അഞ്ച് പുരോഹിതരെയും അറസ്റ്റ് ചെയ്ത് വാർസോവിലെ ഒരു ജയിലിലിട്ടു.

ജയിലിൽ ഒരു പട്ടാളക്കാരൻ കോൾബെ ധരിച്ചിരുന്ന കുരിശിൽ കടന്നു പിടിച്ചുകൊണ്ട് ചോദിച്ചു. “നീ ഇതിൽ വിശ്വസിക്കുന്നുവോ? “കോൾബെ ശാന്തനായി മറുപടി പറഞ്ഞു,” ഉവ്വ്, ഞാൻ വിശ്വസിക്കുന്നു”. ആ പട്ടാളക്കാരൻ മുഖമടച്ചു ശക്തിയായി അടിച്ചു. വീണ്ടും ചോദ്യം ആവർത്തിച്ചു. ശാന്തമായ ഉത്തരവും അടിയും തുടർന്നു.മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു. സ്നേഹം കൊണ്ട് ക്രൂരതയെ അഭിമുഖീകരിക്കാൻ കോൾബെ പഠിച്ചുകഴിഞ്ഞിരുന്നു.

മെയ്‌ 28, 1941. 320 തടവുകാർക്കൊപ്പം മാക്സ്മിലൻ കോൾബെയെ ഔഷ്വിറ്റ്സിലെ കുപ്രസിദ്ധ ക്യാമ്പിലെത്തിച്ചു. കോൾബെക്ക് തടവുകാരന്റെ വസ്ത്രവും നമ്പറും ലഭിച്ചു; 16670. പുരോഹിതനായതുകൊണ്ട് മറ്റുള്ളവരെക്കാൾ ക്രൂരമായാണ് അദ്ദേഹത്തോട് പെരുമാറിയത്. ക്ഷയരോഗബാധിതനായത്കൊണ്ട് ജീവിതത്തിലെ കുറെയധികം ദിനങ്ങൾ ആശുപത്രിയിൽ ചിലവഴിച്ചിട്ടുള്ള മാക്സ്മിലന്റെ ക്ഷീണിച്ച ശരീരത്തോട് ഒരു ദാക്ഷിണ്യവും അവർ കാണിച്ചില്ല. ലഭിക്കാറുള്ള കഠിനജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുമ്പോൾ ഗാർഡുകൾ അദ്ദേഹത്തെ തള്ളി, അടിച്ചു, ചവിട്ടി.

മർദ്ദനം കൊണ്ട് മരിക്കാത്തവർ പട്ടിണി കൊണ്ട് മരിച്ചു. ഒരു കഷ്ണം റൊട്ടിക്കു വേണ്ടി തടവുകാർ പരസ്പരം ആക്രമിച്ചു കൊന്നു. വിശുദ്ധൻ തനിക്ക് കിട്ടുന്ന റൊട്ടിക്കഷ്ണം പോലും പലപ്പോഴും മറ്റുള്ളവർക്ക് കൊടുത്തിരുന്നു. മർദ്ദനമേറ്റു അവശരായവരുടെ പാത്രങ്ങൾ കഴുകികൊടുത്തു. ശവശരീരങ്ങൾ നീക്കം ചെയ്യാൻ സഹായിച്ചു. മർദ്ദനം കൊണ്ടവശനായി പണി എടുക്കാൻ വയ്യാത്തപ്പോൾ തടവുകാരെ കുമ്പസാരിപ്പിച്ചു.

അദ്ദേഹത്തിന്റെ ആത്മാവിനെ പരീക്ഷീണിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. ലോകത്തിൽ തൻറെ വൈദിക ധർമ്മം ഇത്രയേറെ ആവശ്യമുള്ള മറ്റൊരിടമില്ല എന്ന് കോൾബെക്ക് തോന്നി. തടവുകാരെ ഇങ്ങനെ പറഞ്ഞ് മാക്സ്മിലൻ പ്രോത്സാഹിപ്പിച്ചു, ” ഈ നാസികൾക്ക് നമ്മുടെ ശരീരത്തെ ഉപദ്രവിക്കാൻ കഴിഞ്ഞേക്കും, പക്ഷേ നമ്മുടെ ആത്മാവിനെ കൊല്ലാൻ കഴിയില്ല. നമ്മുടെ വിശ്വാസത്തിന്റെ മഹത്വം നമ്മളിൽ നിന്ന് എടുത്തുകളയാൻ അവർക്ക് ഒരിക്കലും കഴിയില്ല. നമ്മൾ തളരില്ല. പിന്നെ നമ്മൾ മരിക്കുമ്പോൾ, വിശുദ്ധിയിലും ശാന്തമായും നമ്മുടെ ഹൃദയത്തിലെ ദൈവത്തിന് വിധേയരായി നമ്മൾ മരിക്കും”.

അദ്ദേഹത്തിന്റെ കണ്ണുകൾ താഴ്ത്താൻ ഗാർഡുകൾ എപ്പോഴും പറഞ്ഞിരുന്നു, കാരണം അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കാനുള്ള ചങ്കുറപ്പ്‌ അവർക്കില്ലായിരുന്നു. എത്രയൊക്കെ ക്രൂരമായി അദ്ദേഹത്തോട് പെരുമാറിയാലും, കോപത്തോടെ അലറിയാലും, ദയയില്ലാതെ ചാട്ട കൊണ്ടടിച്ചാലും, ബൂട്ടിട്ട് ചവിട്ടിയാലും..അദ്ദേഹത്തിന്റെ കണ്ണുകളിൽ എപ്പോഴും നിറഞ്ഞു നിന്നത് സ്നേഹമായിരുന്നു!

ജീവാർപ്പണം

ജൂലൈ 31, 1941. ബ്ലോക്ക്‌ 14ൽ നിന്ന് ഒരു തടവുകാരൻ രക്ഷപ്പെട്ടു. എത്ര തിരഞ്ഞിട്ടും കണ്ടുകിട്ടിയില്ല.

അടുത്ത ദിവസം കമാൻഡർ ഫ്രിറ്റ്സ് , അവരുടെ ക്യാമ്പിൽ നിലനിന്നിരുന്ന കാടൻ നിയമപ്രകാരം, രക്ഷപ്പെട്ട ആൾക്ക് പകരം പട്ടിണി കിടത്തി കൊല്ലാൻ പതിനാലാം ബ്ലോക്കിലെ 10 തടവുകാരെ തിരഞ്ഞെടുത്തു. സെർജന്റ് ഫ്രാൻസിസ് ഗായോവ്നിഷെക്, മരിക്കാനുള്ളവരിൽ തന്റെ നമ്പർ വിളിച്ചതുകേട്ടപ്പോൾ അലറിക്കരഞ്ഞു,”അയ്യോ, എന്റെ ഭാര്യയുടെ ഗതിയെന്താകും, എന്റെ മക്കളുടെ ഗതിയെന്താകും? “

അതുകേട്ടപ്പോൾ, 16670 നമ്പറുള്ള, ക്ഷീണിച്ച ശരീരമുള്ള ഒരു തടവുകാരൻ വരിയിൽ നിന്ന് കമാൻഡറുടെ അടുത്തേക്ക് വന്നു. “ഞാൻ പോളണ്ടിൽ നിന്നുള്ള ഒരു കത്തോലിക്കപുരോഹിതനാണ് “, ആൾ പറഞ്ഞു, “ഈ മനുഷ്യന് പകരം നിൽക്കാൻ എനിക്ക് സമ്മതമാണ് കാരണം അയാൾക്ക് ഭാര്യയും കുട്ടികളുമുണ്ട് “. അത് മാക്സ്മിലൻ മരിയ കോൾബെ ആയിരുന്നു. അദ്ദേഹത്തെയും മറ്റ് പതിമൂന്ന് പേരെയും പട്ടിണി കിടത്തി കൊല്ലാനായി പതിമൂന്നാമത്തെ ബങ്കറിലേക്ക് കൊണ്ടുപോയി.

സാധാരണയായി ശാപവാക്കുകളും കരച്ചിലും മാത്രം ഉയർന്നിരുന്ന ആ അറയിൽ നിന്ന് പ്രാർത്ഥനകൾ ഉയരാൻ തുടങ്ങി.അവർ ഉറക്കെ ജപമാല ചൊല്ലി. ദൈവസ്തുതി പാടി. കോൾബെ ആഗ്രഹിച്ചു പ്രാർത്ഥിച്ചിരുന്നു താനായിരിക്കണം ഈ പത്തുപേരിൽ അവസാനം മരിക്കുന്നത്. കൂടുതൽ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, മറിച്ചു് മറ്റു ഒൻപതു പേരെയും മരണത്തിനു ഒരുക്കി അയക്കാൻ ഒരു പുരോഹിതൻ ഉണ്ടായിരിക്കണമെന്ന് ആത്മാക്കളുടെ രക്ഷയെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന തീക്ഷ്ണത നിമിത്തമായിരുന്നു.

ഓഗസ്റ് 14, 1941. ഫാദർ മാക്സ്മിലനും മൂന്നുപേർക്കും അപ്പോഴും ജീവനുണ്ട്. തടവുകാരുടെ അടുത്ത ഗ്രൂപ്പിനായി ബങ്കർ ആവശ്യമുണ്ട്. നാലുപേരെയും പെട്ടെന്ന് കൊല്ലാനായി കാർബോളിക് ആസിഡ് ഇടതുകയ്യിൽ കുത്തിവെച്ചു. അവരുടെ ശരീരങ്ങൾ ചൂളയിലിട്ട് ഭസ്മമാക്കി.

‘സ്നേഹിതർക്കു വേണ്ടി ജീവനർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല’ (യോഹ 15:13)…

“സ്നേഹിക്കുക, ചുമ്മാ സ്നേഹിക്കുക, പൂർണ്ണമായി സ്നേഹിക്കുക, നിബന്ധനകളില്ലാതെ സ്നേഹിക്കുക, ഇതായിരിക്കണം ജീവിതം.” എന്ന് പറഞ്ഞ, ജീവിതം കൊണ്ട് കാണിച്ചു തന്ന ഒരു വലിയ ദൈവ, മനുഷ്യസ്നേഹിയുടെ ഓർമ്മപ്പൂക്കൾക്ക് മുൻപിൽ, വിശുദ്ധ മാക്സ്മിലൻ മരിയ കോൾബെയുടെ, തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s