മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാൾ

“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” … വിശുദ്ധ പീറ്റർ ഡാമിയൻ.

രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി ഇങ്ങനെ പറഞ്ഞു, “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോല്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ കൂടുതൽ അനുരൂപപ്പെടുന്നതിനു വേണ്ടിയാണത്”.

1950 നവംബർ ഒന്നാം തിയ്യതി പന്ത്രണ്ടാം പീയൂസ് പാപ്പയാണ് ‘അത്യുദാരനായ ദൈവം’ ( മൂണിഫിച്ചന്തിസീമൂസ് ദേവൂസ് ) എന്ന പ്രമാണരേഖയിലൂടെ മാതാവിന്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

പുത്രന്റെ കൂടെ സ്വർഗ്ഗത്തിലിരുന്നു കൊണ്ട്, ഭൂമിയിൽ ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാൾ കൂടുതലായി മനുഷ്യമക്കൾക്കായി മാധ്യസ്ഥം വഹിക്കുന്ന നമ്മുടെ നല്ല അമ്മ. ദൈവം കഴിഞ്ഞാൽ, ഏറ്റവും കൂടുതലായി നമ്മൾ ശരണപ്പെടേണ്ടത് അവളിലാണ്. ” മറിയത്തെ കണ്ടെത്തിയവൻ സകല നന്മയും കണ്ടെത്തിയിരിക്കുന്നു. അവൻ സകലകൃപകളും സകല പുണ്യങ്ങളും കണ്ടെത്തുന്നു”. കാരണം മറിയം തൻറെ ശക്തമായ മാധ്യസ്ഥത്തിലൂടെ ദൈവികവരപ്രസാദത്തിൽ അവനെ സമ്പന്നനാക്കാൻ വേണ്ടതെല്ലാം സമൃദ്ധമായി നേടിയെടുക്കുന്നു.

ഈ ലോകത്തിൽ ആയിരിക്കുമ്പോൾതന്നെ എന്തുമാത്രം അനുകമ്പ ബുദ്ധിമുട്ടുന്ന.. സഹിക്കുന്ന മനുഷ്യരോട് അവൾക്കുണ്ടായിരുന്നെന്നു മനസ്സിലാവാൻ കാനായിലെ കല്യാണവിരുന്ന് മാത്രം നോക്കിയാലും മതി. മറ്റുള്ളവർ ആവശ്യപ്പെടാൻ പോലും അവൾ കാത്തുനിന്നില്ല . പരിഹാരത്തിന് വേണ്ടി ആരോടുപറയണമെന്നും എപ്പോൾ, എങ്ങനെ പറയണമെന്നും അവൾക്കറിയാം.

വിശുദ്ധ ജെമ്മ ഗല്‍ഗാനി ഒരു കൊടിയപാപിയുടെ ആത്മരക്ഷക്കായി, മാനസാന്തരത്തിനായി വളരെ നേരം കേണിട്ടും ഈശോ വശംവദനായില്ല. അവസാനത്തെ ഓപ്ഷൻ ആയി അവൾ മാതാവിന്റെ മാധ്യസ്ഥത്തിലൂടെ അത് നേടിയെടുക്കുന്നത് നമ്മൾ കാണുന്നുണ്ട്.

“But look, I present Thee another advocate for my sinner; it is Thine own Mother who asks You to forgive him. See! Oh, imagine saying no to Thy Mother! Surely You cannot now say no to Her. And now answer me, Jesus, tell me me that You will save my sinner.” ആ പാപിയെ രക്ഷിക്കാൻ ഉടനെ അവിടുന്ന് തിരുവുള്ളമായി.

തൻറെ വത്സലമാതാവിന്റെ അപേക്ഷയും നിർദ്ദേശങ്ങളും ഈശോക്ക് തള്ളിക്കളയാൻ പറ്റുന്നതല്ല. ‘എന്റെ സമയം ഇനിയും ആയിട്ടില്ല’ എന്ന വാക്കുകളിലൂടെ, മറ്റൊരാൾ ആണ് ഈ അത്ഭുതം പ്രവർത്തിക്കാൻ അവിടുത്തോട് ആവശ്യപെട്ടിരുന്നതെങ്കിൽ അവിടുന്നത് മാറ്റിവെക്കുമായിരുന്നെന്നും എന്നാൽ തൻറെ മാതാവു അത് ആവശ്യപ്പെട്ടത് കൊണ്ടാണ് താൻ ഉടൻ പ്രവർത്തിച്ചത് എന്നും കാണിക്കാനാണ് യേശുക്രിസ്തു ആഗ്രഹിച്ചതെന്നു വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നു.

ഒരു ദിവസം പിശാചിന്റെ ആവേശനമുണ്ടായിരുന്ന ഒരാളോട് ഭൂതോച്ചാടകൻ ചോദിച്ചു പരിശുദ്ധ മറിയം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നു. പിശാച് പറഞ്ഞു,” അവൾ ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്'” എന്നായിരുന്നു മറുപടി. എന്തിനാണത് ? സ്വർഗ്ഗത്തിലേക്ക് കരേറ്റപ്പെട്ട അമ്മ അവിടെ സ്വസ്ഥമായി രാജ്ഞിഭരണം ആസ്വദിച്ചു ഇരിക്കുകയല്ല, മനുഷ്യർക്ക് കൃപകൾ കൊണ്ടുവരുവാൻ ഭൂമിയിലേക്ക് ഇറങ്ങുകയും നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവാനുഗ്രഹം നേടിയെടുക്കുവാൻ സ്വർഗത്തിലേക്ക് കയറുകയുമാണ് അവൾ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ‘ സ്വർഗ്ഗത്തിന്റെ ഗോവണി’ എന്നാണു വിശുദ്ധ പീറ്റർ ഡാമിയൻ അവളെ വിളിച്ചത്. വിശുദ്ധ ബെർണാഡ് ‘ സ്വർഗ്ഗത്തിലേക്കുള്ള വാഹനം ‘ എന്നും. നമ്മുടെ രക്ഷയുടെ വഴി ആണവൾ … സ്വർഗ്ഗത്തിന്റെ കവാടം…സമുദ്രതാരം.

മറിയത്തോടൊത്ത് ആനന്ദിക്കുക

മറിയത്തോടൊത്ത് വിലപിക്കുക

മറിയത്തോടൊത്ത് പ്രാർത്ഥിക്കുക

മറിയത്തോടൊത്ത് നടക്കുക

മറിയത്തോടൊത്ത് ഈശോയെ തേടുക

( വിശുദ്ധ എവുപ്രാസ്യമ്മയുടെ പ്രാർത്ഥനപുസ്തകത്തിൽ നിന്ന് 👇)

പരിശുദ്ധ ദൈവമാതാവേ, സർവ്വേശ്വരൻ നിന്നെ മോക്ഷത്തിലേക്ക് വിളിച്ച നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ !

ദൈവപ്രസാദത്തിന്റെ മാതാവേ, നീ ദൈവദൂതരാൽ മോക്ഷത്തിലേക്ക് കരേറ്റപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

എത്രയും നിർമ്മലയായിരിക്കുന്ന മാതാവേ, മോക്ഷവാസികൾ സകലരും നിന്നെ എതിരേൽക്കാൻ വന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

അത്യന്തവിരക്തിയുള്ള മാതാവേ, സർവ്വേശ്വരൻ അത്യന്തം ബഹുമാനത്തോടെ നിന്നെ മോക്ഷത്തിൽ കൈക്കൊണ്ട നേരം സ്തുതിക്കപെട്ടതാകട്ടെ !

ഉത്തമകന്യകയായ മാതാവേ, സർവ്വേശ്വരൻ നിന്റെ ദിവ്യകുമാരന്റെ വലതുവശത്തു നിന്നെ ഇരുത്തിയ നാഴിക സ്തുതിക്കപ്പെട്ടതാകട്ടെ !

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ, നീ മോക്ഷത്തിൽ ആനന്ദമഹിമയോട് കൂടെ മുടി ധരിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാകട്ടെ !

സ്നേഹഗുണത്തിനു പാത്രമായ മാതാവേ, നീ മോക്ഷത്തിൽ ദൈവത്തിന്റെ മകളും മാതാവും മണവാട്ടിയുമെന്ന നാമധേയങ്ങളാൽ അലങ്കരിക്കപ്പെട്ട നാഴിക സ്തുതിക്കപെട്ടതാവട്ടെ !

അത്ഭുതത്തിനു വിഷയമായ മാതാവേ, നീ ത്രിലോകരാജ്ഞിയായി സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

സൃഷ്ടാവിന്റെ മാതാവേ , മോക്ഷവാസികൾ സാഷ്ടാംഗം വീണു നിന്നെ വണങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

രക്ഷകന്റെ മാതാവേ , ഞങ്ങളുടെ മധ്യസ്ഥയായി നീ സ്ഥാപിക്കപ്പെട്ട നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

വിവേകപൂർണ്ണയായ മാതാവേ, നീ മോക്ഷരാജ്യത്തിൽ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ തുടങ്ങിയ നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

വല്ലഭയായ കന്യകേ, മോക്ഷത്തിൽ ഞങ്ങളെ കൈക്കൊള്ളാൻ നീ തീരുമനസ്സാകുന്ന നാഴിക വാഴ്ത്തപ്പെട്ടതാവട്ടെ !

എല്ലാവർക്കും മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെയും സന്തോഷപൂർണ്ണമായ സ്വാതന്ത്ര്യദിനത്തിന്റെയും മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു

Maa Tujhe Salaam 🙏🙏 (രണ്ടിനും ചേർന്നുപോകുന്ന സുന്ദരമായ വരികൾ 🥰)

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s