ദിവ്യകാരുണ്യത്തിന്റെ പാപ്പ: വിശുദ്ധ പത്താം പീയൂസ്

ദിവ്യകാരുണ്യത്തിന്റെ പാപ്പ

വെനീസിലെ പാത്രിയർക്കീസ് തന്റെ രൂപതയിൽ പലയിടങ്ങളിലായി സന്ദർശനം നടത്തുക പതിവായിരുന്നു, പ്രത്യേകിച്ച്പാവപ്പെട്ടവരും രോഗികളും താമസിക്കുന്നയിടങ്ങളിൽ. അങ്ങനെയുള്ള ഒരുദിവസം, സുഖമില്ലാത്ത ഒരു മനുഷ്യൻ ചെറ്റപ്പുരയിൽ വെറും നിലത്ത് കിടക്കുന്നത് കണ്ടു.

ആ ദിവസം അദ്ദേഹത്തിനു ( His Eminence ), ഉറങ്ങാൻ കഴിഞ്ഞില്ല. ആ മനുഷ്യന്റെ ദുരവസ്ഥയായിരുന്നു ചിന്തകളിൽ മുഴുവൻ. അവസാനം സ്വസ്ഥതയില്ലാതെ അദ്ദേഹം കിടക്കയിൽ നിന്നെണീറ്റു. തന്റെ മെത്ത ചുരുട്ടിയെടുത്തു തോളിൽ വെച്ച് നിശാവസ്ത്രത്തിൽ തന്നെ വെനീസിന്റെ തെരുവിലൂടെ നടപ്പ് തുടങ്ങി. രാത്രിയായതു കൊണ്ട് ആരും ശ്രദ്ധിക്കില്ലെന്നാണ് അദ്ദേഹം വിചാരിച്ചത്. പക്ഷേ റോഡിൽ പട്രോളിംഗിന് നിയോഗിക്കപ്പെട്ടിരുന്ന പോലീസിന്റെ കണ്ണിൽപെട്ടപ്പോൾ അവർ കള്ളനാണെന്ന് കരുതി പിന്തുടർന്നു തടഞ്ഞുനിർത്തി. അദ്ദേഹം തിരിഞ്ഞപ്പോൾ അവർ നഗരത്തിന്റെ പാത്രിയർക്കീസിനെ തിരിച്ചറിഞ്ഞു. ഹൃദയംഗമമായി മാപ്പുചോദിച്ച അവർ മെത്ത ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സഹായിക്കുകയും ചെയ്തു.

താൻ കിടന്നിരുന്ന മെത്ത പോലും ദാനം ചെയ്യാതെ സമാധാനമില്ലാതിരുന്ന ആ പാത്രിയർക്കീസ് ആണ് പിന്നീട് പത്താം പീയൂസ് പാപ്പയായി അറിയപ്പെട്ടത്. ചരിത്രകാരനായിരുന്ന ബാരൺ വോൺ പാസ്റ്റർ പത്താം പീയൂസ് പാപ്പയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ് , “തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളായ, അദ്ദേഹത്തിന്റെ വ്യക്തിത്വം അത്യാകർഷകമായിരുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും മാലാഖക്കൊത്ത ദയാവായ്‌പ്പും എല്ലാവരെയും അമ്പരപ്പിച്ചു. എങ്കിലും അദ്ദേഹം എല്ലാ ഹൃദയങ്ങളിലും സ്വീകാര്യനാവാൻ കാരണമായ വേറൊന്നുണ്ടായിരുന്നു ; അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിച്ചവർക്കെല്ലാം തങ്ങൾ ഒരു വിശുദ്ധനെയാണ് മുഖാമുഖം കാണുന്നതെന്ന ആഴമുള്ള ബോധ്യമുണ്ടായിരുന്നു. ആരെങ്കിലും അദ്ദേഹത്തെ കൂടുതൽ അറിയാനിടവന്നാൽ ആ ബോധ്യം കൂടുതൽ ശക്തമാവുകയാനുണ്ടായത്”

ജൂൺ 2, 1835ൽ ആണ് ഇറ്റലിയിലെ റീസിൽ ഒരു ദരിദ്രകുടുംബത്തിൽ ജ്യൂസെപ്പേ മെൽക്കിയോർ സാർത്തൊയുടെ ജനനം. പത്തുമക്കളിൽ രണ്ടാമത്തവൻ ആയ അവന്റെ മാമോദീസപ്പേരായിരുന്നു ജോസഫ്‌. രണ്ട് മക്കൾ ചെറുപ്പത്തിൽ തന്നെ മരിച്ചു. ജിയോവനി സാർത്തോയും മർഗ്ഗരീത്തയും തങ്ങളുടെ മക്കൾക്ക് ആശ്രയവും സങ്കേതവുമായി ചൂണ്ടി കാണിച്ചുകൊടുത്തത് ദിവ്യകാരുണ്യഈശോയെയാണ്. പോസ്റ്റുമാസ്റ്റർ ആയിരുന്ന അവന്റെ പിതാവും തയ്യൽക്കാരി ആയ മാതാവും പത്തുപേരെ പോറ്റാനും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും നന്നേ കഷ്ടപ്പെട്ടു. എല്ലാവരുടെ പാത്രത്തിലും ആവശ്യത്തിന് ഭക്ഷണം ഉണ്ടോ എന്ന് നോക്കി തന്റെ പാത്രത്തിൽ നിന്ന് അവർക്ക് കുറച്ചുകൂടി ഇട്ടുകൊടുത്തിട്ടേ ജോസഫ് കഴിച്ചിരുന്നുള്ളു.

ഉപയോഗിക്കുന്ന ഷൂ കേടായാൽ, വേറെ ഒരു ജോഡി ഷൂ വാങ്ങിക്കാനുള്ള കഴിവ് തങ്ങൾക്കില്ലെന്ന് അറിഞ്ഞിരുന്ന അവൻ ഷൂ തോളിൽ തൂക്കിയിട്ടുകൊണ്ട് മഞ്ഞു പെയ്യുന്ന നിരത്തിലൂടെ നഗ്നപാദനായി നടന്ന് സ്‌കൂളിലെത്തുമ്പോഴേക്കും കാലിൽ ചോര പൊടിഞ്ഞിരുന്നു. തിരിച്ചുപോകുമ്പോഴും അങ്ങനെ തന്നെ.എത്ര തിരക്കുണ്ടെങ്കിലും മാതാവിന്റെ കപ്പേളയിൽ കയറി രണ്ട് മിനിറ്റ് പ്രാർത്ഥിച്ചിരുന്നു.നന്നേ ബുദ്ധിമുട്ടിയിട്ടും അവന്റെ പഠിത്തം മാതാപിതാക്കൾ നിർത്താതിരുന്നത് അവൻ വൈദികനായി കാണുന്നതിന് വേണ്ടിയായിരുന്നു.

ദൈവകൃപയാൽ ഇടവകവികാരി ഇടപെട്ട് അവന് സെമിനാരി പഠനത്തിന് സ്ക്കോളർഷിപ്പ് ലഭിച്ചു. അവന്റെ ബാച്ചിൽ എല്ലാറ്റിലും ഒന്നാമതായിരുന്ന ജോസഫ് സാർത്തോ 1858 സെപ്റ്റംബർ 18ന് വൈദികനായി അഭിഷിക്തനായി. 1500 പേരുള്ള ടോംബോളോ ഇടവകയിലായിരുന്നു അസിസ്റ്റന്റ് വികാരി ആയുള്ള ആദ്യനിയമനം. ഒൻപത് വർഷത്തോളം അവിടത്തെ പാവങ്ങൾക്കിടയിൽ പ്രവർത്തിച്ചു. മുതിർന്നവരെ പഠിപ്പിക്കാനായി സായാഹ്നക്‌ളാസ്സുകൾ ആരംഭിച്ചു. യുവജനങ്ങളെ പരിശീലിപ്പിച്ചു. കുമ്പസാരക്കൂടിൽ ഏറെ നേരം ചിലവിട്ടു. നല്ലൊരു പ്രസംഗകനായും അദ്ദേഹം അറിയപ്പെട്ടു. ഭാരിച്ച തിരക്കുകൾക്കിടയിലും കാനോൻ നിയമത്തിലും വിശുദ്ധ തോമസ് അക്വീനാസിന്റെ ദർശനങ്ങളിലും ഡോക്ടറേറ്റ് നേടി.

അവിടത്തെ വികാരി ഫാദർ കോൺസ്റ്റാന്റിനി ദീർഘവീക്ഷണത്തോടെ ഇങ്ങനെ പറഞ്ഞു, “വികാരിയുടെ ചുമതലകൾ പഠിപ്പിക്കാൻ പറഞ്ഞ് അവർ ചെറുപ്പക്കാരനായ ഒരു അച്ചനെ ഇങ്ങോട്ട് അയച്ചിട്ടുണ്ട്. പക്ഷേ വൈരുധ്യമെന്താണെന്ന് വെച്ചാൽ ഇത്ര തീക്ഷ്‌ണതയും അറിവും വിശേഷകൃപകളുമുള്ള അവനിൽ നിന്ന് ഞാനാണ് പഠിക്കുന്നത്. ഒരു ദിവസം അവൻ മെത്രാന്റെ തൊപ്പി അണിയുമെന്ന് എനിക്ക് തീർച്ചയാണ്. അത് കഴിഞ്ഞാൽ – ആർക്കറിയാം?”

1869 ൽ സാൽസാനോ ഇടവകവികാരിയായി. പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണ വർദ്ധിച്ചതേയുള്ളു. അദ്ദേഹത്തിന്റെ വസ്ത്രവും ഭക്ഷണവും പോലും പാവങ്ങളുടെ കയ്യിലെത്തിയിരുന്നു. 1875ൽ സാർത്തോ ട്രെവിസോ കത്തീഡ്രൽ വികാരിയായി. ഉത്തരവാദിത്വങ്ങളുടെ ഒരു നിര തന്നെയായി പിന്നീടങ്ങോട്ട്. രൂപതാ ചാൻസലർ, സെമിനാരിയിലെ ആത്മീയോപദ്ദേഷ്ടാവ്, റെക്ടർ, വൈദികാർത്ഥികളുടെ പരിശീലകൻ, പിന്നീട് വികാരി ജനറാൾ, മോൺസിഞ്ഞോർ.പദവി…

യുവവൈദികരുടെ ഹൃദയത്തിൽ ക്രിസ്തുവിനെ രൂപപ്പെടുത്തുന്നതിൽ ജോസഫ് സാർത്തോ ബദ്ധശ്രദ്ധനായിരുന്നു. കുട്ടികൾക്ക് മതബോധനക്‌ളാസുകൾക്കായി സെമിനാരിയിൽ നിന്ന് നഗരത്തിലേക്ക് അദ്ദേഹം യാത്ര ചെയ്തു, മതപഠനക്‌ളാസ്സുകൾ നിരോധിച്ചിരിക്കുന്ന സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് കേറ്റക്കിസം ക്‌ളാസുകൾ എടുത്തുകൊടുത്തു. സെമിനാരി വിദ്യാർത്ഥികൾക്ക് അദ്ദേഹം സ്നേഹധനനായ പിതാവായിരുന്നു. ആദ്ധ്യാത്മികാവശ്യങ്ങളിൽ മാത്രമല്ല ഭൗതികാവശ്യങ്ങളിലും കഴിവുപോലെ സഹായിച്ചിരുന്നു. മഞ്ഞുകാലത്ത് ചൂടുവസ്ത്രങ്ങളില്ലാതെ വിഷമിച്ച വിദ്യാർത്ഥിക്ക് തന്റെ തന്നെ മേൽവസ്ത്രം അഴിച്ചുകൊടുത്തു. ഫീസ് അടക്കാൻ പണമില്ലാത്തവർക്ക് കടം മേടിച്ചു പോലും പണം സംഘടിപ്പിച്ചു കൊടുത്തു.

1884 സെപ്റ്റംബർ മാസം ട്രെവിസോയിലെ മെത്രാൻ സാർത്തോയെ വിളിപ്പിച്ച് ദിവ്യകാരുണ്യസന്നിധിയിൽ മുട്ടുകുത്തി നിൽക്കാൻ പറഞ്ഞു. മാന്തുവാ രൂപതയുടെ മെത്രാനാക്കികൊണ്ടുള്ള ഉത്തരവ് കയ്യിൽ കൊടുത്തത് വായിച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു, ” താൻ അയോഗ്യനാണെന്നും മാത്രമല്ല വിനീതവൈദികനായി തുടരാനാണ് തനിക്കിഷ്ടമെന്നും ഇനിയും കുറെ ചെയ്യാനുണ്ടെന്നും ഒക്കെ പറഞ്ഞെങ്കിലും അധികാരികളെ അനുസരിക്കുന്നതിൽ നിന്ന് അണുവിട മാറാത്ത അദ്ദേഹം, അത് ദൈവഹിതമാണെന്ന് വിചാരിച്ചു അംഗീകരിക്കാൻ മെത്രാൻ പറഞ്ഞപ്പോൾ അദ്ദേഹം അത് സ്വീകരിച്ചു.വിശുദ്ധനും കഠിനാദ്ധ്വാനിയും ആടുകളെ സ്നേഹിക്കുന്ന നല്ലിടയനുമാകുമെന്ന് തീരുമാനമെടുത്തു

മാന്തുവാ പലവിധത്തിലും കുഴപ്പം പിടിച്ച രൂപത ആയിരുന്നു. മതാനുഷ്ഠാനങ്ങളോടുള്ള നിസ്സംഗതയും മതനിരപേക്ഷതയും എല്ലാം കൂടിക്കുഴഞ്ഞ അവസ്ഥ. സന്യാസാശ്രമങ്ങൾ അടിച്ചമർത്തപ്പെട്ടും സഭാസ്ഥാപനങ്ങൾ ഗവണ്മെന്റ് കയ്യേറിയും ഇരുന്നിരുന്നു. സെമിനാരികൾ മിക്കവാറും കാലിയായിരുന്നു. അച്ചന്മാരില്ലാത്ത ഇടവകകൾ.മതവിരുദ്ധത നിറഞ്ഞു നിന്നു. സെമിനാരികൾക്കാണ് സാർത്തോ പിതാവ് ആദ്യം ശ്രദ്ധ കൊടുത്തത്. അദ്ദേഹത്തിന്റെ മാതൃക കൊണ്ടും പഠിപ്പിക്കലുകൾ കൊണ്ടും വൈദികരെ വീണ്ടും സേവനത്തിലേക്ക് എത്തിച്ചു. ഒരു വർഷത്തിലുള്ളിൽ തന്നെ നൂറോളം പുതിയ സന്യാസാർത്ഥികളുണ്ടായി. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി.

1887 ൽ തന്റെ രൂപതയിൽ സിനഡ് വിളിച്ചു ചേർത്തു. ആത്മീയമന്ദതയുടെ കാരണം മതബോധനം പഠിപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയാണെന്ന് വിലയിരുത്തി. വൈദികർക്കും സന്യസ്തർക്കും അൽമായർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ക്രിസ്തീയ പഠനങ്ങൾക്കുള്ള സഹോദര്യസംഘടനകൾ ഇടവകകളിൽ രൂപീകരിച്ചു. അദ്ദേഹത്തിന്റെ തീക്ഷ്‌ണത മൂലം രൂപത നവീകരിക്കപ്പെട്ടു. ഇറ്റാലിയൻ ഓർഗനൈസേഷൻ ‘തീക്ഷ്‌ണമതിയായ സുവിശേഷകൻ’ എന്ന പദവി നൽകി ആദരിച്ചു.

ആളുകൾക്ക് ആദ്ധ്യാത്മിക ജീവിതത്തോടുള്ള വിരക്തിക്കും എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരവുമായി ഒറ്റമാർഗ്ഗമാണ് അദ്ദേഹം കണ്ടെത്തിയത്, ‘ വൈദികരെ വിശുദ്ധരാക്കുക’. വൈദികരുടെ സമ്മേളനം വിളിച്ചുകൂട്ടി ജോസഫ് സാർത്തോ പറഞ്ഞു, ” ഒരു വൈദികൻ അദ്ദേഹത്തിന്റെ സർവ്വപ്രവൃത്തികളും സർവ്വ കാൽവയ്പ്പുകളും തന്റെ വിളിക്ക് അനുഗുണമാക്കണം. വിശുദ്ധമായ അൾത്താരയിൽ ബലിയർപ്പിക്കുമ്പോൾ മാത്രമല്ല, എവിടെയായിരുന്നാലും എന്ത് ജോലി ചെയ്താലും വൈദികൻ വിളിക്കപ്പെട്ടവനാണ്. വിശുദ്ധനുമാണ്.വിശുദ്ധിയുടെ മഹത്വവും സ്വഭാവവും പ്രകടമാക്കുന്നതായിരിക്കണം വൈദികന്റെ പ്രവൃത്തികൾ “.വാക്കുകൾ മാത്രം പോരാ,മാറ്റത്തിന് പ്രവൃത്തിയും കൂടി ചേരണമെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.

ജൂൺ 12,1893 ൽ പോപ്പ് ജോസഫ് സാർത്തോയെ കർദ്ദിനാൾ ആക്കി ഉയർത്തി. മൂന്ന് ദിവസത്തിന് ശേഷം വെനീസിന്റെ പാത്രിയർക്കീസും.

ഒരു സായാഹ്നത്തിൽ മോൺ.കാർലോ ആഗ്നൊലേറ്റി, ട്രെവിസോയിലെ സെമിനാരിയിലെ പ്രൊഫസർ, ബിഷപ്പ് ജ്യൂസെപ്പെ സാർത്തോയെ കാണാൻ മാന്തുവയിൽ വന്നു. മോൺ. ആഗ്നൊലേറ്റിക്ക് പിറ്റേ ദിവസം നേരത്തെ പോകേണ്ടിയിരുന്നതിനാൽ പുലർച്ചക്ക് ചാപ്പലിൽ കുർബ്ബാന ചൊല്ലാൻ സാധിക്കുമോ എന്ന് സാർത്തോയോട് ചോദിച്ചു. ” എപ്പോഴാണ് വേണ്ടതെന്നു പറഞ്ഞോളൂ, എല്ലാം തയ്യാറായിരിക്കും ” എന്ന് പിതാവ് പറഞ്ഞു. പിറ്റേ ദിവസം പുലർച്ചക്ക് ചാപ്പലിൽ എത്തിയ മോൺ ആഗ്നൊലേറ്റിക്ക് കാണാൻ സാധിച്ചത് അവിടെയുള്ള സഹായിയെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ സാർത്തോ പിതാവ് തന്നെ എല്ലാ ഒരുക്കവും ചെയ്തിരിക്കുന്നതാണ്. മോൺ.ആഗ്നൊലേറ്റിയുടെ കുർബ്ബാനക്ക്

കർദ്ദിനാൾ അൾത്താര ശുശ്രൂഷിയായി!

നവംബർ 24, 1894 ൽ കർദ്ദിനാൾ സാർത്തോ പാത്രിയാർക്കീസ് സ്ഥാനം ഏറ്റെടുത്തു. തദ്ദേശ സെമിനാരിയുടെ പുനക്രമീകരണം, വൈദികർക്കുള്ള നിർദ്ദേശങ്ങൾ, ലാളിത്യത്തോടെയും വളച്ചുകെട്ടാതെയുമുള്ള പ്രസംഗങ്ങൾ.. ഇതിനെല്ലാം നടപടിയാക്കി. സഭാസ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ രാഷ്ട്രീയഇടപെടലുകൾ ഇല്ലാതാക്കി. സാമൂഹ്യസേവനത്തിനും സാധുജനസേവനത്തിനും ഊന്നൽ നൽകി. എല്ലാവർക്കും അദ്ദേഹം സുസമ്മതനായി.

ജൂലൈ 20, 1903 ൽ ലിയോ പതിമൂന്നാമൻ പാപ്പ ദിവംഗതനായി. ജൂലൈ 31 ന് കർദ്ദിനാളുമാർ സമ്മേളിച്ചു അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ. ഉദാരമായ ദാനധർമ്മത്തിന് കുറവൊന്നും ഇല്ലാത്തതുകൊണ്ട് ബിഷപ്പ് സാർത്തോയുടെ കയ്യിൽ ആവശ്യത്തിന് പണം ഇല്ലായിരുന്നു. റോമിലേക്ക് പോകാനും തിരിച്ചുവരാനും വിലകുറഞ്ഞ ടിക്കറ്റ് എടുക്കുന്നത് കണ്ട് ആരോ ചോദിച്ചു. ” താങ്കൾ പോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടാലോ?” “അങ്ങനൊരു തെറ്റ് പറ്റാൻ പരിശുദ്ധാത്മാവ് ഇടയാക്കുമെന്ന് ഞാൻ കരുതുന്നില്ല ” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വോട്ടെടുപ്പ് നടക്കവേ അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിക്കുന്നത് കണ്ടപ്പോൾ ബിഷപ്പ് സാർത്തോ കൺസിസ്റ്ററിയിലെ ഓരോ അംഗങ്ങളോടും പറഞ്ഞു, ആ പദവിക്ക് അദ്ദേഹം യോഗ്യനല്ലെന്ന്. ഏഴാമത്തെ വോട്ടെടുപ്പിൽ വളരെ ഭൂരിപക്ഷത്തോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സാർത്തോ പിതാവ് തലകുനിച്ച്, കണ്ണ് നിറഞ്ഞ് മന്ത്രിച്ചു, ‘Fiat Voluntas tua’ ( Thy Will be Done- അങ്ങയുടെ ഹിതം പോലെയാകട്ടെ ). പീയൂസ് പത്താമൻ എന്ന പേര് അദ്ദേഹം സ്വീകരിച്ചു. വിശുദ്ധ പത്രോസിന്റെ 258 ആം പിൻഗാമിയായി.

പിതാവിന്റെ ആദ്യത്തെ ചാക്രികലേഖനത്തിൽ തന്റെ ലക്ഷ്യം അദ്ദേഹം പ്രസ്താവിച്ചു, ‘Instaurare omnia in Christo ‘ (എഫേ 1:10) – എല്ലാം ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിന്. ഇത് നേടിയെടുക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഏറ്റവും നല്ല പരിശീലനം കൊടുക്കുന്നതായിരുന്നു. ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും വിശ്വാസപരിശീലനം കൊടുക്കുന്നത് രണ്ടാമത്തെ മാർഗ്ഗം. ‘On the Teaching of Christian Doctrine ‘ എന്ന അപ്പസ്തോലിക ലേഖനത്തിൽ അദ്ദേഹം പറയുന്നു, ദൈവത്തെക്കുറിച്ചുള്ള അജ്ഞത കൊണ്ടാണ് ലോകത്തിലെ തിന്മകൾ ഉണ്ടാകുന്നതെന്ന്. അതുകൊണ്ടുതന്നെ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പുരോഹിതർ നിത്യസത്യങ്ങൾ എല്ലാവരെയും അറിയിക്കേണ്ടത് ആവശ്യമാണ്‌. വത്തിക്കാന്റെ മുറ്റത്ത് ഒന്നിച്ചുകൂടിയ ജനങ്ങൾക്ക് ഞായറാഴ്ചയിലെ പ്രഭാഷണം നൽകിക്കൊണ്ട് അദ്ദേഹം തന്നെ അതിന് മാതൃകയായി. ലിബറലിസവും മോഡേണിസവും കൊണ്ടുവന്ന തെറ്റുകൾക്കെതിരെ പാപ്പ നന്നായി തന്നെ പൊരുതി.

അനേകം നവീകരണങ്ങളാണ് പീയൂസ് പത്താമൻ പാപ്പ കൊണ്ടുവന്നത്. ബൈബിൾ പഠനങ്ങൾക്ക് പ്രചാരം കൊടുക്കാൻ ഒരു കമ്മീഷനെ നിയമിച്ചു ദിവസേനയുള്ള തിരുവചനപാരായണം പ്രോത്സാഹിപ്പിച്ചു. യാമപ്രാർത്ഥന നവീകരിച്ചു. ദേവാലയഗീതങ്ങൾക്ക് പ്രാധാന്യം കൂട്ടാനും ആരാധനകൾ സംഗീതസാന്ദ്രവും ഭക്തിനിർഭരവുമാക്കാൻ നിർദ്ദേശം കൊടുത്തു.മരിയഭക്തി പാപ്പയുടെ ചൈതന്യമായിരുന്നു. ക്രിസ്തുവിലൂടെ എല്ലാം നവീകരിക്കപ്പെടേണ്ടതിന് ഉത്തമമാർഗ്ഗം മാതാവിലൂടെയാണെന്ന് അദ്ദേഹം വിശ്വസിച്ചു.

എല്ലാറ്റിലുമുപരിയായി ദിവ്യകാരുണ്യസ്വീകരണത്തോട് ബന്ധപ്പെട്ട തീരുമാനങ്ങളാണ് പിതാവിന് ദിവ്യകാരുണ്യത്തിന്റെ പാപ്പ എന്ന വിശേഷണം നേടിക്കൊടുത്തത്. “സ്വർഗ്ഗത്തിലേക്കുള്ള സുഗമവും സുനിശ്ചിതവുമായ വഴി വിശുദ്ധ കുർബ്ബാനയാണ്” അദ്ദേഹം പഠിപ്പിച്ചു.

അക്കാലത്ത് 12 വയസ്സ് തികയുമ്പോഴാണ് ദിവ്യകാരുണ്യസ്വീകരണം നടത്തിയിരുന്നത്. പാപ്പ അത് എഴുവയസ്സ് ആക്കി ഉത്തരവിറക്കി.

ഒരിക്കൽ തന്റെ ആശിർവ്വാദം സ്വീകരിക്കാനെത്തിയ സ്ത്രീയോടൊപ്പമുള്ള കുട്ടിയോട് പാപ്പ ചോദിച്ചു, ” മോനെ നിനക്കെത്ര വയസ്സായി?”

“നാല് ” അവൻ പറഞ്ഞു.

“രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ അവൻ വിശുദ്ധ കുർബ്ബാന സ്വീകരിക്കും” കുട്ടിയുടെ അമ്മ പറഞ്ഞു.

പാപ്പ ചോദിച്ചു, “മോനെ, വിശുദ്ധ കുർബ്ബാനയിൽ നീ ആരെയാണ് സ്വീകരിക്കുന്നത്?’

“ഈശോയെ” കുട്ടി മറുപടി പറഞ്ഞു.

“ആരാണ് ഈശോ?”

“നമ്മുടെ ദൈവം “

“നാളെ ഈ കുട്ടിയെ എന്റെ കുർബ്ബാനക്ക് കൊണ്ടുവരൂ. ഞാനവന് ദിവ്യകാരുണ്യം കൊടുക്കാം” പിതാവ് പറഞ്ഞു

ഈശോ ദൈവമാണെന്നറിയുക, ആ ദൈവമാണ് വിശുദ്ധ കുർബ്ബാനയിലെന്നറിയുക..കുർബ്ബാന സ്വീകരണത്തിന് വേണ്ട ഏറ്റവും വലിയ യോഗ്യതയായി പരിശുദ്ധ പിതാവ് കണ്ടത് ഇതായിരുന്നു.

അതുപോലെതന്നെ കൊല്ലത്തിൽ ഒന്നോ രണ്ടോ വട്ടമാണ് മുതിർന്ന ആളുകൾ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത്. അനുദിനം സ്വീകരിക്കാവുന്ന തരത്തിൽ അത് ആക്കിയതും പത്താം പീയൂസ് പാപ്പ തന്നെ.

6-7 വയസ്സുകഴിഞ്ഞാൽ വിശുദ്ധ കുർബ്ബാന സ്വീകരിക്കാമെന്ന പാപ്പയുടെ പ്രഖ്യാപനത്തിന് നന്ദി പറയാൻ ആ വർഷം ആയിരക്കണക്കിന് ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾ റോമിലെത്തി. അവരെ അഭിസംബോധന ചെയ്തപ്പോൾ പാപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

തന്റെ ജീവിതാവസാനഘട്ടം വരെ പാപ്പ വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. 79 വയസ്സുവരെ ആരോഗ്യപൂർണ്ണനായിരുന്ന അദ്ദേഹത്തിന്റെ ഹൃദയം തകർത്തത് ഒന്നാം ലോകമഹായുദ്ധം ആയിരുന്നു. തടയാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. 1914 ൽ ഭീകരമായ യുദ്ധം പൊട്ടിപുറപ്പെട്ടുകഴിഞ്ഞു രണ്ടാഴ്ച കഴിയുമ്പോഴേക്കും പാപ്പ ശയ്യാവലംബിയായി. ഓഗസ്റ് 20 1914 ൽ പത്താം പീയൂസ് പാപ്പ ഇഹലോകവാസം വെടിഞ്ഞു. ക്രിസ്തു സദൃശനായ, സൗമ്യനും എളിമയുള്ളവനുമായ ഈ പാപ്പ മരിച്ചത് ലോകത്തെ ഒന്ന് നിശ്ചലമാക്കി.

1943 ൽ കല്ലറ തുറന്നു പരിശോധിച്ചപ്പോൾ, യാതൊരു മുൻകരുതലും എടുക്കാതിരുന്നിട്ടും പാപ്പയുടെ ശരീരം അഴുകാത്തതായി കാണപ്പെട്ടു. May 29, 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ, റോമിലെ ബസിലിക്കകളിലെ പരമ്പരാഗത മണിയടി നാദങ്ങൾക്കിടയിൽകൂടി പത്താം പീയൂസ് പാപ്പയെ വീശുദ്ധനെന്ന് നാമകരണം ചെയ്തു.

“ഞാൻ ദരിദ്രനായി ജനിച്ചു. ദാരിദ്രനായി തന്നെ ജീവിച്ചു. ദരിദ്രനായി തന്നെ മരിക്കാനും ആഗ്രഹിക്കുന്നു”

വിശുദ്ധ പത്താം പീയൂസ് പാപ്പയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Pope St Pius X
Advertisements
Pope St. Pius X
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s