എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ: വി. ജോസഫ് കലസാൻസ്

എല്ലാ ക്രിസ്ത്യൻ സ്‌കൂളുകളുടെയും സ്വർഗ്ഗീയ മധ്യസ്ഥൻ : വി. ജോസഫ് കലസാൻസ്

നല്ലൊരു വിഭാഗം വിദ്യാർത്ഥികൾ സ്വകാര്യസ്‌കൂളുകളെക്കാൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് പൊതുവിദ്യാലയങ്ങളെയാണ്. പക്ഷേ സൗജന്യമായി വിദ്യ അഭ്യസിക്കാൻ പറ്റുന്ന പൊതുവിദ്യാലയങ്ങൾ, എന്ന ആശയം ആദ്യമായി കൊണ്ടുവരുന്നതും അതുപോലുള്ള വിദ്യാലയങ്ങൾ ആദ്യമായി സ്ഥാപിച്ചതും ഒരു രാജ്യത്തിന്റെയും ഭരണകൂടമല്ല, ഒരു കത്തോലിക്കപുരോഹിതനാണ്. റോമിൽ അങ്ങനെയുള്ള വിദ്യാലയങ്ങൾ ആദ്യമായി സ്ഥാപിക്കുമ്പോൾ പരക്കെ പ്രതിഷേധമായിരുന്നു, കാരണം അന്ന്, പതിനാറാം നൂറ്റാണ്ടിൽ പോലും വിദ്യാഭ്യാസം വരേണ്യവർഗ്ഗത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. പാവങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചു കഴിഞ്ഞാൽ താഴ്ന്ന രീതിയിലുള്ള പണികൾക്ക് അവരെ ലഭിക്കില്ലെന്നാണ് സമ്പന്നരും ഒരു വിഭാഗം സഭാധികാരികളും വിശ്വസിച്ചിരുന്നത്. ആ വിശ്വാസം മാറ്റിമറിച്ചത് ഈ വിശുദ്ധനായിരുന്നു, അതിന്റെ പേരിൽ കുറെ സഹനങ്ങളെറ്റെടുക്കേണ്ടി വന്നെങ്കിലും.

സ്പെയിനിലെ ആരഗോണിലാണ് 1556ൽ വിശുദ്ധ ജോസഫ് കലസാൻസ് ജനിക്കുന്നത്. അവൻ വിവാഹം കഴിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹമെങ്കിലും അവന് പിടിപ്പെട്ട അസുഖം കുറേനാൾ നീണ്ടുനിന്നപ്പോൾ അവസാനം പിതാവ് പൗരോഹിത്യസ്വീകരണത്തിന് സമ്മതിച്ചു. നിയമവും തത്വശാസ്ത്രവും ദൈവശാസ്ത്രവും മികച്ച യൂണിവേഴ്സിറ്റികളിൽ പഠിച്ചതിന് ശേഷം 1583ൽ വൈദികനായി. 1592 ൽ തന്നോട് റോമിൽ പോകാൻ ദൈവം പറയുന്നതായി അനുഭവപ്പെട്ടു. എളുപ്പം തിരിച്ചുവരാമെന്നു സുഹൃത്തുക്കളോട് പറഞ്ഞ് റോമിലേക്ക് കപ്പൽ കയറുമ്പോൾ അദ്ദേഹം അറിഞ്ഞില്ല 92 വയസ്സിൽ മരിച്ചുകഴിയുമ്പോൾ പോലും തനിക്ക് ഇനി സ്പെയിനിലേക്ക് ഒരു തീരിച്ചു വരവില്ലെന്ന്.

റോമിൽ ചെന്നു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ, പകർച്ചവ്യാധികൾ അനാഥമാക്കിയവരും പാവപ്പെട്ടവരുമായ അനേകം കുഞ്ഞുങ്ങൾ വിദ്യാഭ്യാസം ലഭിക്കാൻ മാർഗ്ഗമൊന്നുമില്ലാതെ അവഗണിക്കപ്പെട്ട് അലഞ്ഞുതിരിയുന്നത് അദ്ദേഹം കണ്ടു. Confraternity of Christian Doctrine ൽ ചേർന്ന ജോസഫ് അലഞ്ഞുതിരിയുന്ന കുറെ കുട്ടികളെ പഠിപ്പിക്കായി വിളിച്ചുകൊണ്ടു വന്നെങ്കിലും അവിടെയുള്ള അധ്യാപകർക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ സുഹൃത്തായ സാന്താ ഡോറോത്തി പള്ളിവികാരി, പള്ളിയിലെ സാക്രിസ്റ്റിയോട് ചേർന്ന് രണ്ട് മുറി കലസാൻസിന് അനുവദിച്ചു കൊടുത്തു, രണ്ട് പേര് കൂടെ അദ്ദേഹത്തിന്റെ കൂടെ ചേർന്നു. അങ്ങനെ 1597 ൽ യൂറോപ്പിലെ ആദ്യത്തെ സൗജന്യ പൊതുവിദ്യാലയം സ്ഥാപിതമായി.സമ്പന്നമേധാവിത്വം കൊടികുത്തി വാണിരുന്ന ആ സമയത്ത് വിപ്ലവകരമായ ഒരു മാറ്റമായിരുന്നു പാവങ്ങൾക്കുവേണ്ടിയുള്ള ആ മുന്നേറ്റം.

പയസ് സ്കൂൾസ് ( pious schools)എന്നാണ് അദ്ദേഹം സ്ഥാപിക്കുന്ന സ്‌കൂളുകളെ വിളിച്ചിരുന്നത്. താമസിയാതെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ സ്‌കൂളുകളിലേക്കൊഴുകി. താല്പര്യപ്പെട്ടു വരുന്ന അധ്യാപകരുടെ എണ്ണവും സ്‌കൂളുകളുടെ എണ്ണവും വർദ്ധിച്ചു. ദൈവസ്നേഹത്തിലാണ് താൻ സ്കൂളുകൾ സ്ഥാപിക്കുന്നതെന്നാണ് ജോസഫ് കലസാൻസ് പറയാറുള്ളത്. ഓരോ ക്‌ളാസ്സും തുടങ്ങിയിരുന്നത് പ്രാർത്ഥനയോടെയായിരുന്നു. ഇടക്കിടക്ക് വിശ്വാസപ്രകരണങ്ങളും സ്നേഹപ്രകരണങ്ങളും. ‘ Piety and Letters’ ഇതായിരുന്നു മുദ്രാവാക്യം . അതിന്റെ ഇപ്പോഴത്തെ തർജ്ജമ വിശ്വാസവും സംസ്കാരവും എന്നാണ്.ഓരോ കുട്ടികളിലും യേശുവിന്റെ സാദൃശ്യമാണ് അദ്ദേഹം ദർശിച്ചത്. ക്ലെമെന്റ് എട്ടാമൻ പാപ്പയും പിന്നീട് വന്ന പോൾ ആറാമൻ പാപ്പയും സ്‌കൂളിന് ആവശ്യമായ സഹായങ്ങൾ ചെയ്തു.

സമൂഹമായി ജീവിച്ച വൈദികഅധ്യാപകരെയെല്ലാം ഒന്നാക്കികൊണ്ട് പിയറിസ്റ്റ്സ് എന്ന പേരിൽ ഒരു പുതിയ സഭാസമൂഹത്തിന് ജോസഫ് കലസാൻസ് രൂപം കൊടുത്തു. യൂറോപ്പിലും സ്പെയിനിലും ഇറ്റലിയിലുമൊക്കെയായി പാവങ്ങൾക്കായുള്ള മൂന്നൂറോളം സ്‌കൂളുകളും കോളേജുകളും ഇന്നവർക്കുണ്ട്.

ക്രിസ്ത്യാനിയായുള്ളവരെ മാത്രമല്ല ജൂതമതത്തിൽ നിന്നുള്ള കുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു. ആരെയും മാറ്റിനിറുത്തിയില്ല. ലാറ്റിൻ ഭാഷയിൽ മാത്രമാവണം അധ്യാപനം എന്ന് ശഠിച്ചിരുന്ന അക്കാലത്ത്, പ്രാദേശികഭാഷകളും ഈ സ്‌കൂളുകളിൽ പഠിപ്പിച്ചു. സയൻസ്, ഗണിതം എല്ലാം അതതിന്റെ പ്രാധാന്യത്തോടെ പഠിപ്പിച്ചു. മഹാനായ ജ്യോതിശാസ്ത്രജ്ഞൻ ഗലീലിയോ, ജോസഫ് കലൻസാൻസിന്റെ സുഹൃത്തായിരുന്നു. തന്റെ പിയറിസ്റ്റ്സ് സമൂഹത്തിലെ കുറച്ചുപേരെ ഗലീലിയോക്ക് കീഴിൽ പഠിക്കാനായി അയച്ച ജോസഫ്, ഗലീലിയൊക്കെതിരായി സഭയിൽ എല്ലാവരും തിരിഞ്ഞപ്പോഴും, അദ്ദേഹം അന്ധനായപ്പോഴും ഒന്നും കൈവിട്ടില്ല.

പാവങ്ങളെ പഠിപ്പിക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന നല്ലൊരു വിഭാഗം ആളുകൾ ജോസഫ് കലസാൻസിനെതിരായുള്ള ആരോപണങ്ങൾക്ക് ആയുധമാക്കിയതും ഗലീലിയോയോടുള്ള വിശുദ്ധന്റെ കൂട്ടുകെട്ട് ആയിരുന്നു. തെറ്റിദ്ധാരണ മൂലം സഭയുടെ ഭാഗത്തുനിന്നുണ്ടായ അനീതിപരമായ നടപടികൾ വളരെ വേദനിപ്പിച്ചെങ്കിലും അനുസരണ വിട്ട് ഒന്നും തന്നെ അദ്ദേഹം പ്രവർത്തിച്ചില്ല.

സ്റ്റീഫൻ ചെറൂബിനി എന്നുപേരുള്ള പിയറിസ്റ്റ്സ് ഹെഡ്മാസ്റ്ററുടെ സ്വഭാവദൂഷ്യത്തിൽ ജോസഫ് നടപടിയെടുത്തതു മൂലം ഉണ്ടായ പ്രശ്നങ്ങളിൽ പിയറിസ്റ്റ്സ് സഭാസമൂഹം ആടിയുലഞ്ഞു. സഭയിൽ ഉന്നതപിടിപാടുള്ള ബന്ധുക്കൾ ഉണ്ടായിരുന്ന ചെറൂബിനി അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി, പെരുപ്പിച്ചത് മൂലം ജോസഫ് സ്ഥാപിച്ച സഭാസമൂഹത്തിന്റെ സുപ്പീരിയർ സ്ഥാനം പോലും ഒഴിഞ്ഞു അദ്ദേഹം എൺപത്തിയേഴാം വയസ്സിൽ ജയിലിൽ പോകേണ്ട അവസ്ഥയും സഭാസമൂഹത്തെ മാർപ്പാപ്പ വിലക്കുന്ന ഘട്ടവും വരെയുണ്ടായി. പക്ഷേ മറ്റൊരു ജോബ് എന്നുപോലും പേരുവീഴത്തക്ക വിധം അഭൂതപൂർവ്വകമായ സഹനശക്തിയോടെ എല്ലാം അദ്ദേഹം സഹിച്ചു. ദൈവം നയിച്ച സംരംഭം ആയതുകൊണ്ട് അതിന്റെ തുടർന്നുള്ള വളർച്ചയിൽ ദൈവം ഇടപെടുമെന്ന് അദ്ദേഹത്തിന് തീർച്ചയായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. പയസ് സ്കൂളുകൾ പിന്നെയും വ്യാപിച്ചു.

92 വയസ്സുവരെ സഭയോട് വിശ്വസ്തനായി ജീവിച്ച ജോസഫ് തന്റെ സ്വപ്നം നിന്നുപോകില്ല എന്ന സമാധാനത്തോടെ ഓഗസ്റ്റ് 25, 1648ൽ ജീവൻ വെടിഞ്ഞു. 1767ൽ വിശുദ്ധ വണക്കത്തിലേക്കുയർത്തപ്പെട്ടു. റോമിൽ സംസ്കരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹൃദയവും നാവും അഴുകാതെ പിയറിസ്റ്റ്സ് മദർഹൗസിൽ ഇപ്പോഴുമുണ്ട്. പീയൂസ് പന്ത്രണ്ടാം പാപ്പയാണ് ‘ ‘Heavenly Patron of all Christian Schools’ ആയി വിശുദ്ധ ജോസഫ് കലസാൻസിനെ പ്രഖ്യാപിച്ചത്.

1997ൽ വിശുദ്ധൻ സ്കൂളുകൾ സ്ഥാപിച്ചതിന്റെ നാലാം ശതാബ്‌ദി വേളയിൽ, വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ പിയറിസ്റ്റുകളുടെ സുപ്പീരിയർ ജനറലിനെഴുതിയ എഴുത്തിൽ ഇങ്ങനെ പറഞ്ഞു , “കലസാൻസിന് വരമായി ലഭിച്ച അവബോധം നിമിത്തം സമൂഹത്തിൽ വളക്കൂറുള്ള ചാലുകൾ ഉണ്ടായി, മറ്റ് സ്ഥാപകാംഗങ്ങൾ അത് ആഴത്തിൽ കീറി ” പാപ്പ പറഞ്ഞു. ” കാലത്തിന്റെ അടയാളങ്ങൾ ബുദ്ധിപരമായി വിവേച്ചിച്ചറിഞ്ഞ ജോസഫ് കലസാൻസ്, സംക്ഷിപ്തമായും ലളിതമായും ഫലപ്രദമായും കൊടുക്കുന്ന വിദ്യാഭ്യാസം, വിദ്യാർത്ഥികളുടെ ജീവിതവിജയം ഉറപ്പാക്കുകയും ഒപ്പം സമൂഹത്തിന്റെയും സഭയുടെയും നവീകരണത്തിനുതകുന്ന പുളിമാവാകുകയും ചെയ്യുമെന്ന് മനസ്സിലാക്കി “.

പുരോഹിതരും സന്യസ്തരും അൽമായരുമൊക്കെയായ ഓരോ ക്രിസ്ത്യാനിയുടെയും കടമയാണ് തങ്ങൾക്കുള്ള അറിവുകൾ മറ്റുള്ളവരുടെ ആത്മീയ, ഭൗതിക ഉൽബോധനത്തിനായും ഉന്നമനത്തിനായും നല്ലരീതിയിൽ പകർന്നുനൽകുക എന്നുള്ളത്. തന്റെ കർത്തവ്യം നല്ല രീതിയിൽ തന്നെ മരിക്കുവോളം നിർവ്വഹിച്ച വിശുദ്ധ ജോസഫ് കലസാൻസിന്റെ തിരുന്നാൾ ആശംസകൾ ..നമുക്കും നല്ല തീരുമാനങ്ങളെടുക്കാം.

“If in serving God you seek your own convenience, you are not serving God but yourself !” St. joseph Calasanz

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s