വിശുദ്ധ ജോൻ ജുഗാൻ

2009 ഒക്ടോബർ 11ന് വിശുദ്ധ ജോൻ ജുഗാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ബെന്ഡിക്റ്റ് പതിനാറാമൻ പാപ്പ പറഞ്ഞു, “തന്നെത്തന്നെ ദരിദ്രരിൽ ദരിദ്രയാക്കാൻ ആഗ്രഹിച്ചുകൊണ്ട് എളിമയോടും സൗമ്യതയോടും സന്തോഷത്തോടും കൂടെ വയോധികർക്ക് സേവനം ചെയ്യുമ്പോൾ അവളുടെ നോട്ടത്തിൽ ഉണ്ടായിരുന്ന കാരുണ്യം ദൈവവുമായുള്ള അവളുടെ ആഴമേറിയ കൂട്ടായ്മയിൽ നിന്ന് വന്നിരുന്നതാണ് “

ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ്‌ ദി പുവർ അംഗങ്ങളെ ഇന്ന് ലോകത്തിന്റെ മിക്കഭാഗങ്ങളിലും കാണാൻ സാധിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലടക്കം . വാർദ്ധക്യത്തിന്റെ വിഷമതകളാൽ ബുദ്ധിമുട്ടുന്നവരുള്ള മിക്കയിടങ്ങളിലും അവരുടെ സ്നേഹവും കരുതലും ആശ്വാസവും അവർ ഉറപ്പാക്കുന്നു. അത് ആദ്യമായി നിലവിൽ വന്ന ഫ്രാൻസിലെ ബ്രിറ്റണിയിൽ അവർ അറിയപ്പെടുന്നത് ജോൻ ജുഗൻസ് എന്നാണ്, അവരുടെ സ്ഥാപകയും മാതൃകയും പ്രചോദനവുമൊക്കെയായ വനിതയുടെ പേരിൽ നിന്നാണ് ആ പേര് വന്നത്.

സന്യാസിനിയായിരുന്ന ജോൻ ജുഗൻ, മേരി ഓഫ്‌ ക്രോസ്സ് എന്ന പേരാണ് സ്വീകരിച്ചത്. നമ്മെയൊക്കെ അത്ഭുതപരതന്ത്രരാക്കുന്ന അത്ര എളിമയിലും കഠിനമായ ദാരിദ്ര്യാരൂപിയിലും അപാരമായ ഉപവിയിലും ആണവൾ ജീവിച്ചത്. ദരിദ്രരിലും ഉപേക്ഷിക്കപ്പെട്ടവരിലും പ്രായമായവരിലും അവൾ തന്നെത്തന്നെ കണ്ടു, അവർക്ക് വേണ്ടി അവർക്ക് പകരം ഭിക്ഷ യാചിക്കാൻ പോലും അവൾ തയ്യാറായി.. അഷ്ടസൗഭാഗ്യങ്ങളിൽ മനസ്സുറപ്പിച്ച് അവൾ നിരത്തിലേക്കിറങ്ങി.

ദൈവപരിപാലനയിൽ പൂർണ്ണമായും ആശ്രയിച്ചു. “ദരിദ്രരാവുകയെന്നതും കയ്യിൽ ഒന്നും ഇല്ലാതിരിക്കുന്നതും ദൈവത്തിന്റെ ഔദാര്യത്തിൽ മാത്രം ആശ്രയം വെക്കുന്നതും മനോഹരമാണ്” അവൾ പറഞ്ഞു. എങ്കിലും ഈ ആത്മവിശ്വാസം, പ്രായമായവരെ കരുതുന്നതിൽ തന്റെ കഴിവുകൾ പ്രയോഗിക്കാതിരിക്കുന്നതിനോ നിശബ്ദപ്രാർത്ഥനയും അനുദിന ദിവ്യബലിയും ജപമാല ധ്യാനിക്കലും കുരിശിന്റെ വഴിയോടുള്ള ഇഷ്ടവുമൊക്കെ അടങ്ങിയ തന്റെ വിശ്വാസജീവിതത്തെ തകർക്കുന്നതിനോ അവൾ ഇടയാക്കിയില്ല.

സ്നേഹബഹുമാനത്തിന് വേണ്ടിയുള്ള വൃദ്ധരുടെ ആഗ്രഹവും, ആർക്കെങ്കിലുമൊക്കെ വേണ്ടപ്പെട്ടവരാകണം എന്ന അവരുടെ ഉള്ളിന്റെയുള്ളിലെ ആവശ്യവും തനിച്ചിരിക്കാനും സ്വാതന്ത്ര്യത്തിനുമൊക്കെ വേണ്ടിയുള്ള അവരുടെ അഭിവാഞ്ജയും എല്ലാം അവൾക്ക് നന്നായറിയാമായിരുന്നു. അന്നുണ്ടായിരുന്ന അഗതിമന്ദിരങ്ങളോ , ഇന്നുള്ള ചില വൃദ്ധമന്ദിരങ്ങളോ പോലെയല്ലാതെ, കുടുംബങ്ങളിലുള്ള പോലുള്ള ഭൗതിക, വൈകാരിക, ആത്മീയ പിൻബലം അവർക്ക് നൽകാൻ അവളുടെ കഴിവിന്റെ പരമാവധി അവൾ ശ്രമിച്ചു.

അവൾ മരിക്കുമ്പോൾ 177 ഭവനങ്ങളിലായി 2400 ൽ അധികം സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. ഇപ്പോൾ അവരുടെ എണ്ണം പതിമൂവായിരത്തിലധികമാണ്. ഭൂരിഭാഗം ആളുകൾക്കും കഴിയാത്ത വലിയൊരു ത്യാഗത്തിന്റെ പിൻബലമുണ്ട് അവളുടെ വിശുദ്ധിക്ക്.അതെന്താണെന്ന് നോക്കാം

ഒക്ടോബർ 25, 1792 ൽ ആണ് അവൾ ഏഴു മക്കളിൽ അഞ്ചാമത്തവൾ ആയി ബ്രിറ്റണിയിൽ ജനിച്ചത്., നാവികനായിരുന്ന അവളുടെ പിതാവ് അവൾക്ക് മൂന്നര വയസ്സുള്ളപ്പോൾ കടലിൽ പോയിട്ട് പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. ഫ്രഞ്ച് വിപ്ലവം നടന്നുകൊണ്ടിരുന്ന ആ സമയത്തു കുഞ്ഞുങ്ങളെ വളർത്താൻ അവളുടെ അമ്മ ഏറെ ബുദ്ധിമുട്ടി. നന്നേ ചെറുപ്പത്തിൽ തന്നെ വീട്ടുപണിയെടുക്കാണും കന്നുകാലികളെ നോക്കാനും നന്നായി പ്രാർത്ഥിക്കാനും അവൾ പഠിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് പള്ളികൾ അടച്ചിട്ടിരുന്നു. രഹസ്യത്തിലാണ് മതബോധനക്‌ളാസ്സുകൾ നടന്നിരുന്നത്. 1803ൽ ആദ്യകുർബ്ബാനസ്വീകരണത്തിന് ശേഷം അവൾ കൂടുതൽ അനുസരണയുള്ളവളും കൂടുതൽ പ്രാർത്ഥിക്കുന്നവളും പണിയെടുക്കുന്നവളും ആയി. അവൾ വേലക്കാരി ആയി നിൽക്കാൻ പോയ വീട്ടിലെ പ്രഭ്വി വളറെ കരുണയുള്ളവളും പാവങ്ങളെ പുറത്തുപോയി സഹായിച്ചിരുന്നവളും ആയിരുന്നു. ജോൻ ജുഗനും യജമാനത്തിയെ കാരുണ്യപ്രവൃത്തികളിൽ സഹായിച്ചു.

1816 ന്റെ അവസാനത്തിൽ അവളുടെ സ്ഥലത്ത് ഇരുപത് വൈദികർ ചേർന്ന് നടത്തിയ ഒരു മിഷനിൽ മതബോധനം, ജപമാല, കുമ്പസാരം, ഭവനസന്ദർശനം ഇതൊക്കെ വലിയ തോതിലുണ്ടായി, കൃപ ഒഴുകുന്ന ദിനങ്ങൾ. ഇരുന്നു പ്രാർത്ഥിച്ചുകൊണ്ടിരുന്ന ജോൻ ജുഗന് ദൈവസ്നേഹത്തെ പ്രതി പാവങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാനുള്ള പ്രേരണയുണ്ടായി, ഒരു മാനുഷിക പ്രതിഫലവും ഇച്ഛിക്കാതെ. ഒരു കല്യാണലോചന അവൾ നിരസിച്ചതെന്തിന് എന്ന് ചോദിച്ച അമ്മയോട് അവൾ പറഞ്ഞു,

“ദൈവത്തിന് എന്നെ അവനായി ആവശ്യമുണ്ട്, ഇതുവരെ തുടങ്ങാത്ത ഏതോ വേലക്കായി അവൻ എന്നെ സൂക്ഷിക്കുകയാണ് !”

അടുത്ത കൊല്ലം ജോൻ ജുഗൻ ഒരു ആശുപത്രിയിൽ നഴ്സ് ആയി ചേർന്നു അതിനൊപ്പം വിശുദ്ധ ജോൺ യൂഡ്സ് സ്ഥാപിച്ച Heart of the Admirable Mother എന്ന മൂന്നാം സഭയിലും. 1823ൽ ക്ഷീണം കൊണ്ട് രോഗബാധിതയായ അവൾ മാഡംമോയ്സൽ ലുക്കോക് എന്ന സ്ത്രീയുടെ വീട്ടിൽ വിശുദ്ധ ബലിയും പാവങ്ങളെ സന്ദർശിക്കലും കുട്ടികൾക്ക് മതബോധനക്ലാസ്സുകളുമൊക്കെയായി കൂടി.

അവരുടെ മരണശേഷം ജോൻ ജുഗൻ ഒരു സുഹൃത്തുമൊത്ത് ഒരു ഭവനം വാടകക്കെടുത്തു.ജോൻ പുറത്തുള്ളവരെ ചെറിയ ശുശ്രൂഷിക്കൽ ഒക്കെയായി കഴിയവേ 1839ൽ അവൾ, ശരീരം പകുതി തളർന്ന നിലയിൽ, അന്ധയും വൃദ്ധയുമായ ആൻ ഷോവിൻ എന്ന വിധവ തനിയെ ഒരു ചെറ്റപ്പുരയിൽ കഴിയുന്ന കണ്ടു. ആ സ്ത്രീയെ എടുത്തുകൊണ്ടുവന്ന് തന്റെ കിടക്കയിൽ കിടത്തി അവൾ തട്ടിൻപുറത്തുപോയ്‌ കിടന്നു. അടുത്ത റൗണ്ടിൽ ഇസബെൽ എന്ന സ്ത്രീയെ കിട്ടി. ഇങ്ങനെ ആരും നോക്കാനില്ലാതെ എടുത്തുകൊണ്ടുവരുന്ന വയോധികരുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ സഹായത്തിനായി രണ്ട് പെൺകുട്ടികൾ കൂടി വന്നു. ഒക്ടോബർ 15ന് ജോൻ ജുഗനും വേർജീനി, മേരി ജോമറ്റ് എന്ന ആ പെൺകുട്ടികളും ചേർന്ന് അതൊരു സമൂഹമാക്കി തീർത്ത് നിയമാവലിയുമുണ്ടാക്കി.

ദരിദ്രരായ വൃദ്ധജനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നപ്പോൾ കുറേക്കൂടി വലിയ കെട്ടിടത്തിലേക്ക് മാറി. പണം തീരെ തികയാതെ വന്നു. ഭിക്ഷ യാചിച്ചിരുന്ന വൃദ്ധകൾ പറഞ്ഞു, “ഞങ്ങൾക്ക് പകരം നിങ്ങൾ പോയി ഭിക്ഷ യാചിക്കു “. ജോൻ ജുഗന്റെ അഭിമാനം അതിന് സമ്മതിക്കുന്നുണ്ടായില്ലെങ്കിലും അവസാനം അവൾ അത് തന്നെ ചെയ്തു. “എന്റെ കുഞ്ഞുമക്കളെ,അവർ നിങ്ങളെ പണം പിരിക്കാനായി അയക്കും “, അവൾ അവിടെയുള്ള നോവിസുകളോട് പറഞ്ഞു, ” നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. ഞാനും എന്റെ പാത്രം കൊണ്ട് പോയിരുന്നു. വില കൊടുക്കേണ്ടിയും വന്നു, പക്ഷേ നല്ല ദൈവത്തിനും പാവങ്ങൾക്കും വേണ്ടി ഞാനത് ചെയ്തു”. ഇതാണ് Little Sisters of the poor പണം ശേഖരിക്കാൻ ഇറങ്ങിയതിന്റെ തുടക്കം.

1843 ഡിസംബർ 8 ന് ജോൻ സുപ്പീരിയർ ആയി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവരുടെ ആത്മീയോപദേഷ്ടാവായിരുന്ന ഫാദർ ലാ പയ്യർ തന്റെ സ്വന്തം അധികാരത്താൽ അത് അസാധുവാക്കി പ്രഖ്യാപിച്ച് മേരി ജമെറ്റിനെ സുപ്പീരിയർ ആക്കി. ജോൻ ചുമരിൽ തൂങ്ങിയിരുന്ന കുരിശുരൂപത്തെയും പരിശുദ്ധ അമ്മയുടെ രൂപത്തെയും മാറി മാറി നോക്കി. ഒരു അവകാശവാദത്തിനും നിക്കാതെ അനുസരണത്തിന്റെ പ്രതീകമായി പുതിയ സുപ്പീരിയറിനു മുന്നിൽ മുട്ടുകുത്തി. പിന്നീട് അവളുടെ റോൾ ഭിക്ഷ യാചിക്കുന്നത് മാത്രമായിരുന്നു. തന്റെ പാത്രവുമായി തെരുവിൽ കറങ്ങി കറങ്ങി, ടൂർസിലും പാരീസിലും റെന്നിലും നാന്റെസിലും അങ്ങനെ കുറെ ഭവനങ്ങൾ സ്ഥാപിക്കാനുള്ള പണം അവൾ സ്വരൂപിച്ചു കൊടുത്തു.

മെയ്‌ 1852 ൽ സിസ്റ്റേഴ്സിന്റെ മാതൃഭവനം ആയിരുന്നിടത്തുള്ള, റെന്നിന്റെ ആർച്ച് ബിഷപ്പ്, ഇവരുടെ സമൂഹത്തെ അംഗീകരിച്ച് Family of the Little Sisters of the Poor എന്ന പേര് നൽകി. അതേ വർഷം, സുപ്പീരിയർ ജനറൽ ആയി സ്വയം അവരോധിച്ചിരുന്ന ഫാദർ ലാ പയ്യർ ജോൻ ജുഗനോട് വിരമിച്ചു മാതൃഭവനത്തിൽ പോകാൻ ആവശ്യപ്പെട്ടു. പിന്നീട് അവൾക്ക് സഭയുടെ അഭ്യൂദയകാംക്ഷികളുമായി ഒരു തരത്തിലുള്ള ബന്ധമോ അവൾ തന്നെ സ്ഥാപിച്ച സഭയിൽ ഒരു സ്ഥാനമോ ഉണ്ടായില്ല. പിന്നീടുള്ള 27 വർഷങ്ങൾ ചെറിയ വീട്ടുജോലികളൊക്കെയായി ലോകത്തിന്റെ കണ്ണിൽ നിന്നു മറഞ്ഞ് ഒരു ന്യായവാദത്തിനുമില്ലാതെ അവൾ ജീവിച്ചു. അവിടെയുണ്ടായിരുന്ന നോവിസുകളിൽ തന്റെ തന്നെ എളിയമാതൃകയിലൂടെ, വിലപിടിച്ച ഉപദേശങ്ങളിലൂടെ, പ്രചോദനങ്ങളിലൂടെ മായാത്ത മുദ്ര അവൾ പതിപ്പിച്ചു.

ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ അവൾ പ്രശാന്തമായ മരണത്തെ പറ്റി കൂടെക്കൂടെ സംസാരിച്ചു.പക്ഷേ ഈ ലോകം വിട്ടുപോകുന്നതിനു മുൻപ് അവൾക്ക് അവസാനമായി ഒരു സന്തോഷം ലഭിച്ചു. മാർച്ച്‌ 1, 1879ൽ ലിയോ പതിമൂന്നാമൻ പാപ്പ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ്‌ പുവറിന്റെ രൂപവത്കരണത്തിന് അവസാന അംഗീകാരം നൽകി. പിന്നീട് വന്ന ഓഗസ്റ് 29ന് ഇങ്ങനെ പറഞ്ഞുകൊണ്ട് അവൾ ശാന്തമായി ഈ ലോകം വിട്ടുപോയി. ‘ഓ മാതാവേ, എന്റെ നല്ല അമ്മേ, എന്റെ അടുത്തേക്ക് വരൂ. ഞാൻ നിന്നെ സ്നേഹിക്കുന്നെന്നും നിന്നെ കാണാൻ എത്ര ആഗ്രഹിക്കുന്നെന്നും നിനക്കറിയാം “.

അവളുടെ മരണസമയത്ത് ഭൂരിഭാഗം സന്യാസിനിമാർക്കും അവളാണ് ആ സഭാസമൂഹത്തിന്റെ സ്ഥാപക എന്നറിയില്ലാരുന്നു. അവൾ ആരോടും പറയാനും പോയില്ലാരുന്നു. എത്ര വലിയ ത്യാഗം. എന്നിരുന്നാലും മരണശേഷം അവൾക്ക് നീതി കിട്ടി. 1890 വിശദമായ അന്വേഷണത്തിന് ശേഷം ഫാദർ ലാ പയ്യർ പുറത്താക്കപ്പെട്ടു. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ്‌ ദി പുവറിന്റെ സ്ഥാപകയായി ജോൻ ജുഗൻ അറിയപ്പെട്ടു.

1982 ൽ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ വിശുദ്ധ ജോൺ പോൾ പാപ്പ പറഞ്ഞു,,”ബ്രിറ്റണിയുടെ മണ്ണിൽ , ഈലോക സമ്പത്തിൽ ദരിദ്രയാണെങ്കിലും വിശ്വാസത്തിൽ സമ്പന്നയായ ഈ എളിയ സ്ത്രീ പാകിയ സുവിശേഷവിത്തിന്റെ അത്യത്ഭുതകരമായ വളർച്ചയിൽ ആഗോള സഭക്കും സമൂഹങ്ങൾക്കും കയ്യടിക്കാതെ വയ്യ”

“ചെറുതാവൂ, വളരെ ചെറുതാവൂ, എളിമയുടെയും ലാളിത്യത്തിന്റെയും ആത്മാവ് കാത്തുസൂക്ഷിക്കൂ. നമ്മൾ എന്തൊക്കെയോ ആണെന്ന് നമ്മൾ വിചാരിച്ചാൽ നമ്മുടെ സഭ പിന്നെ ദൈവത്തെ മഹത്വപ്പെടുത്തില്ല. നമ്മൾ വീണുപോകും ” അവൾ പറയാറുണ്ടായിരുന്നു.

Happy Feast of St. Jeanne Jugan

ജിൽസ ജോയ് ✍️

Advertisements
St. Jeanne Jugan
Advertisements

Leave a comment