വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക

വിശുദ്ധരെ പകർത്തിയല്ല വിശുദ്ധരാവുക

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

നാം മറ്റുള്ളവരെ നമ്മിലേക്ക്‌ പകർത്തുമ്പോൾ നമ്മുടെ സ്വന്തം തനിമ നഷ്ടമാകുന്നു. ജീവിതത്തിൽ വിജയിക്കാൻ മറ്റുള്ളവരെ പകർത്തേണ്ട ആവശ്യമില്ല. നമ്മുടെ ഹൃദയത്തിന്റെ പാത പിന്തുടർന്നാൽ മാത്രം മതി. നമുക്കു നമ്മുടെ സ്വന്തം സ്വത്വം ഉണ്ടാക്കാൻ കഴിയണം. നാം മറ്റുള്ളവരെ പകർത്താൻ ശ്രമിക്കുമ്പോൾ നമ്മിലെ ഏറ്റവും ആകർഷകമായ ഗുണങ്ങൾ ഉപയോഗിക്കപെടാതെ പോകുന്നു.

മറ്റുള്ളവരെ പകർത്തിക്കൊണ്ട് ആരും വിശുദ്ധനാകരുതെന്ന് ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഈ ഖണ്ഡികയിൽ പാപ്പാ പ്രബോധിപ്പിക്കുന്നു. ദൈവം നമ്മെ സൃഷ്ടിച്ചത് തനതായ ഒരു തനിമയോടെയാണ്. നമ്മെ ഓരോരുത്തരെയും സൃഷ്ടിക്കുമ്പോൾ ദൈവം ഓരോരുത്തരിലും ഒരുപാട് വ്യത്യസ്തതകൾ നിറച്ചു കൊണ്ടാണ് സൃഷ്ടിച്ചത്. ഒരിക്കലും ഒരാളെപ്പോലെ മറ്റൊരാളെ ദൈവം സൃഷ്ടിച്ചിട്ടില്ല. ഒരേ അമ്മയുടെ ഉദരത്തിൽ ജനിക്കുന്ന മക്കൾക്ക് പോലും ആയിരമായിരം വ്യത്യാസങ്ങളാണുള്ളത്. അതേപോലെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ഇരട്ടക്കുട്ടികൾ പോലും എത്രയെത്ര വ്യത്യാസങ്ങളോടുകൂടിയും സ്വന്തം തനിമയോടും കൂടിയാണ് ജനിക്കുന്നത്. മനുഷ്യനെ ഇങ്ങനെ തന്നെയാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത്. പിന്നെ നമ്മൾ എന്തിന് മറ്റുള്ളവരെ പകർത്തിക്കൊണ്ട് വിശുദ്ധരാകാനും നല്ലവരാകാനും, സാമൂഹ്യ പ്രവർത്തകരാകാനും ഒക്കെ ശ്രമിക്കണം?

നമ്മുടെ മുന്നിൽ നന്മ ചെയ്ത് കടന്നുപോയവരും ഇപ്പോൾ നന്മ ചെയ്തു കൊണ്ടിരിക്കുന്നവരുമായ നിരവധി മാതൃകൾ നമുക്ക് നിരീക്ഷിക്കാം. പക്ഷേ അവരുടെ മാതൃകയിൽ തന്നെ അവർ സഞ്ചരിക്കുന്ന പാതയിലൂടെ തന്നെ, അവരുടെ സഞ്ചാരത്തിൽ അവർ നടന്ന രേഖയിലൂടെ മാത്രം നടന്നാലെ വിശുദ്ധി സാധ്യമാകയുള്ളൂ എന്നുള്ള ധാരണയിൽ അവരുടെ പകർപ്പാകാൻ പോന്ന വിധം അവരെ അനുകരിച്ചാണ് നാം ജീവിക്കുന്നതെങ്കിൽ നമ്മുടെ ജീവിതം ഒരു വലിയ പരാജയമായിത്തീരും. കാരണം ദൈവം നിന്നെ സൃഷ്ടിച്ച നിന്റെ തനിമ നഷ്ടമാക്കുകയാണ് ആ അനുകരണം വഴി.

നമ്മൾ എന്തിനാണ് മറ്റുള്ളവരുടെ കോപ്പിയായിട്ട് ജീവിക്കുന്നത്. ദൈവം നമുക്ക് ഒരു വ്യക്തിത്വം തന്നിട്ടുണ്ട്. നമ്മുടെ കരങ്ങൾക്ക് മാത്രം നിർവ്വഹിക്കാൻ പറ്റുന്ന കാര്യങ്ങൾ ഈ ഭൂമിയിലുണ്ട്. ആരെയും ദൈവം ഒരു ഉത്തരവാദിത്വവും നൽകാതെ ഈ ഭൂമിയിലേക്ക് പറഞ്ഞു വിടുന്നില്ല. ഇന്ന് പിറന്നുവീണ് നാളെ മരിക്കുന്ന കുഞ്ഞിനും ഉണ്ട് ഒരു ഉത്തരവാദിത്വം. ആ ഉത്തരവാദിത്വം പൂർത്തിയായി എന്ന് ദൈവം കണ്ടെത്തുന്ന സമയം ദൈവം അവരെ തന്നിലേക്ക് വിളിച്ചു ചേർക്കുന്നു.

ഇന്ന് ഏറ്റവും കൂടുതൽ യുവജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് അവരുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന വ്യക്തിത്വങ്ങളെ പോലെ ആകണം എന്നുള്ള ഒരു ധാരണയാണ്. ഈ ധാരണ അവരെ സാരമായി പിടിപെടുന്നത് നാം കാണുന്നു. പ്രത്യേകിച്ച് സിനിമ താരങ്ങളെയും പ്രശസ്തരായവരെയും പോലെയായിത്തീരണമെന്ന കടുത്ത ആഗ്രഹത്തെ നമുക്ക് എടുക്കാം. സിനിമയിലെ നടനും, നടിയും പറയുന്ന വാക്കുകൾ ഉപയോഗിക്കുകയും, അവർ ധരിക്കുന്ന വസ്ത്രം ധരിക്കുകയും, എന്തിന് സ്വന്തം മുടി ഒതുക്കുന്നതിൽ പോലും അവരെ അനുകരിച്ച് സ്വന്തം തനിമയെ ഇല്ലാതാക്കി ജീവിക്കുന്ന യുവജനങ്ങളെയും മറ്റും നാം കണ്ടുമുട്ടാറുണ്ട്. ചിലപ്പോൾ നമ്മിലും അങ്ങനെയുള്ള തോന്നലുകൾ തോന്നിയിട്ടുണ്ടാകാം. തോന്നലുകൾ തെറ്റല്ല. പക്ഷേ ആ തോന്നലുകളിൽ നമ്മുടെ തനിമ നഷ്ടപ്പെടുത്തുന്നതിലാണ് പ്രശ്നങ്ങൾ രൂപപ്പെടുന്നത്. ഇങ്ങനെ സിനിമക്കാരുടെ, കായിക താരങ്ങളുടെ, നേതാക്കളുടെ രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുകയും തങ്ങളുടെ തനിമയെ മറന്ന് ജീവിക്കുന്ന ഒരുപാട് യുവജനങ്ങൾ ഭൂമിയിൽ ഉണ്ട്.

മറ്റുള്ളവരെ അനുകരിച്ചു ജീവിക്കുമ്പോൾ നമുക്ക് നമ്മെ തന്നെ ഒന്ന് മനസ്സിലാക്കാനോ, നമ്മുടെ കണ്ണുകളിലൂടെ കാണാനോ, നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ തിരിച്ചറിയാനോ കഴിയാതെ പോകുന്നു. നാം മറ്റൊരു വിശുദ്ധ കൊച്ചുത്രേസ്യയായി, വിശുദ്ധ മദർ തെരേസായായി മാറാൻ ദൈവം ആഗ്രഹിക്കുന്നില്ല. മറിച്ച് ദൈവം എന്തിന് എന്നെ സൃഷ്ടിച്ചു? എങ്ങനെ സൃഷ്ടിച്ചു? അതേപോലെ ജീവിക്കാനും, സ്വയം സമർപ്പിക്കാനും സമൂഹത്തിന് നന്മ ചെയ്ത് കടന്നുപോകാനുമാണ് ദൈവം ആഗ്രഹിക്കുന്നത്.

ഒരുപാട് മൂല്യങ്ങളുള്ള ഈ ഭൂമിയിൽ മറ്റൊരാൾ അഭ്യസിച്ച പുണ്യം തന്നെ ജീവിക്കണമെന്ന് നിർബന്ധിക്കുന്നതും, അവരെ കോപ്പിയടിച്ചു ജീവിക്കുന്നതും, പകർപ്പായി മാറുന്നതും എന്തുകൊണ്ട്? ഈ ലോകത്തിന് നമുക്ക് മാത്രം നൽകാൻ കഴിയുന്ന ഒരു സന്ദേശമുണ്ട്. നമുക്കു മാത്രം മീട്ടാനുള്ള ഒരു സംഗീതം ഉണ്ട്. നമുക്ക് മാത്രം ജീവിക്കാനുള്ള ഒരു ജീവിതമുണ്ട്. ഇതൊക്കെ മാറ്റി വച്ചിട്ട് ആരോ ജീവിച്ച ജീവിതത്തെ നാം എന്തിന് കടം മേടിക്കണം. അപരരുടെ പാദങ്ങളിലൂടെ ജീവിക്കാൻ ഇഷ്ടപ്പെടുന്നത് ഏറ്റവും വലിയ അപരാധമാണ്.

ദൈവം തന്റെ ഓരോ സൃഷ്ടിയും പൂർത്തീകരിക്കുമ്പോൾ അത് നന്നായിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു. ഇത് ആദി യിലെ കഥമാത്രമല്ല. ദൈവം നമ്മെ സൃഷ്ടിച്ചപ്പോഴും നന്നായിരിക്കുന്നു എന്നു തന്നെയാണ് ആവർത്തിക്കുന്നതും. നമ്മെ സംബന്ധിച്ച് കർത്താവ് നിശ്ചയിച്ചിട്ടുള്ള സവിശേഷമായ പാതയിൽ നിന്ന് മറ്റുള്ളവരെ പകർത്തുന്ന നമ്മുടെ മനോഭാവം നമ്മെ നാമല്ലാതെയാക്കി കളയുമെന്ന് പാപ്പാ വ്യക്തമാക്കി തരുന്നുണ്ട്.

നാം മറ്റുള്ളവരെ പോലെ ജീവിക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നത് നമ്മിലെ നമ്മെ കണ്ടെത്താൻ നമുക്ക് കഴിയാതെ പോകുന്നു എന്നതാണ്. നമ്മുടെ സ്വന്തം കഴിവുകൾ തിരിച്ചറിയാതെയും വളർത്തിയെടുക്കാതെയും പോകുന്നു. നമ്മുടെ സാധ്യതകളെ അടക്കം ചെയ്ത് മറ്റുള്ളവരുടെ നേട്ടങ്ങളെ അനുകരിച്ചു ജീവിക്കുമ്പോൾ ഒറിജിനൽ നഷ്ടപ്പെട്ട് യഥാർത്ഥത്തിൽ നാം അവരുടെ കോപ്പി മാത്രമാകുകയാണ്.

നീ ആരാണെന്ന് തിരിച്ചറിയുക

നാം നമ്മെ കണ്ടെത്തണം. ഈ കണ്ടെത്തൽ നമ്മളിൽ നടക്കാത്തിടത്തോളം കാലം നാം ഈ ലോകത്ത് ഒരു പരാജയമായി തീരുന്നു. എന്നിലെ എന്നെ കണ്ടെത്തുമ്പോഴെ എനിക്കുള്ള ലോകം എനിക്ക് തിരഞ്ഞെടുക്കാൻ കഴിയൂ. എനിക്ക് എല്ലാവരെയും പോലെ ശരീരവും, മനസ്സും, ആത്മാവും, അന്തസ്സും ഇച്ഛാശക്തിയും, സാധ്യതകളും ദൈവം നൽകിയിട്ടുണ്ട്. ഇതൊക്കെ മറന്ന് മറ്റുള്ളവരെപോലെ ആകാൻ ശ്രമിക്കുമ്പോൾ നാം നമ്മിൽ തന്നെ നഷ്ടപ്പെടുകയാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തിൽ ആകൃഷ്ടനാകുന്നവർക്ക് എന്തുകൊണ്ടാണ് സ്വയം ആരാണെന്ന് തിരിച്ചറിയാനും സ്വന്തമഹത്വം മനസ്സിലാക്കാനും കഴിയാതെ പോകുന്നത്?

ദൈവത്തിന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനെയും ദൈവം വെറും കൈയ്യോടെ ചമച്ചുവിടുന്നില്ല. അതിനാൽ ദൈവത്തിന്റെ മുന്നിലിരുന്ന് എന്നെ ദൈവം സൃഷ്ടിച്ചതെന്തിനാണെന്നും ഞാൻ ആരാണെന്നും കണ്ടുപിടിച്ചാൽ മാത്രമേ ദൈവം നമുക്ക് നൽകിയിരിക്കുന്ന നമ്മുടെ കഴിവുകളെ നമുക്ക് നമ്മിൽ നിന്നും പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ. മറ്റുള്ളവർക്കല്ല നമ്മുടെ ജീവിതത്തെക്കുറിച്ച് അല്ലെങ്കിൽ നമ്മെക്കുറിച്ച് തിരിച്ചറിവുണ്ടാകേണ്ടത്. നാമാണ് നമ്മെ തിരിച്ചറിയേണ്ടത്. എന്നെ ഞാൻ കണ്ടെത്തിയാൽ മാത്രമേ എനിക്ക് എന്റെ സ്രഷ്ടാവിനോടും ഈ സമൂഹത്തോടുമുള്ള ഉത്തരവാദിത്വം പൂർത്തീകരിക്കാൻ കഴിയൂ.

നമ്മുടെ ജീവിതത്തിൽ പലപ്പോഴും നാം ചിന്തിക്കുന്നത് മറ്റുള്ളവർ എന്നെക്കുറിച്ച് എന്ത് വിചാരിക്കും, എന്ത് പറയുമെന്നാണ്. പലപ്പോഴും മറ്റുള്ളവരുടെ വാക്കുകളിലാണ് നാം നമ്മുടെ ജീവിതത്തിന്റെ ഗ്രാഫ് വരയ്ക്കാൻ വിട്ടുകൊടുക്കുന്നത്. അവരുടെ കൈകളിലൂടെ അsയാളപ്പെടുത്തപ്പെടാനും അല്ലെങ്കിൽ അവരുടെ തൂലിക കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ചിത്രം വരയ്ക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. അപ്പോൾ അവർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഇഷ്ടമുള്ള ചായങ്ങൾ പൂശി ഒരു രൂപത്തിൽ നമ്മെ മെനഞ്ഞെടുക്കും. അങ്ങനെ നാം സമ്മതിച്ചു കൊടുത്താൽ പിന്നെ നാം അവരുടെ ഭാവനയിലെ നാമാവുകയാണ്. അപ്പോൾ. ലോകത്തിൽ നാം ആരാണ്? എന്തിനാണ് നാം ഈ ഭൂമിയിൽ ജനിച്ചു വീണത്? ഞാൻ പൂർത്തികരിക്കേണ്ട എന്റെ കർമ്മം എന്താണ്? ഇങ്ങനെയുള്ള ചോദ്യങ്ങൾ അപ്രസക്തമാകും. നമ്മുടെ ജീവിതത്തിന്റെ ഉത്തര കടലാസ് മറ്റുള്ളവരുടെ കൈകളിലല്ല കൊടുക്കേണ്ടത്. സ്വയം പൂരിപ്പിച്ച് വിജയിക്കേണ്ട പരീക്ഷയാണ് നമ്മുടെ ജീവിതം. അവിടെ നാം പല പാഠങ്ങളും പഠിക്കേണ്ടതായിട്ടുണ്ട്. ഈ ലോകത്തിൽ നാം അഭ്യസിക്കാൻ, ജീവിക്കാൻ നമ്മുടെ ജീവിതശൈലികളെ ഒക്കെ നിയന്ത്രിക്കാൻ, ക്രമപ്പെടുത്താൻ അനേകം മാർഗ്ഗങ്ങളുണ്ട്. നമ്മെ സ്വയം കണ്ടെത്താൻ നമ്മെ സഹായിക്കുന്ന മാർഗ്ഗങ്ങൾ മാത്രമാണവ. മാർഗ്ഗങ്ങൾ നമ്മുടെ മനുഷ്യത്വമായോ അല്ലെങ്കിൽ വ്യക്തിത്വമായോ മാറരുത്. അതുകൊണ്ട് നാം ആരാണെന്ന് നാം തന്നെയാണ് കണ്ടുപിടിക്കേണ്ടത്.

ഓരോ പാഠങ്ങളും നാം നമ്മെ ആരാണെന്ന് കണ്ടുപിടിക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. ആ അനുഭവങ്ങളെ സ്വന്തമാക്കി എന്നിലെ ഞാൻ ആരാണെന്നും എന്നിലെ കഴിവുകൾ എന്താണെന്നും എന്നിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ഇച്ഛാശക്തി കൊണ്ട് ഈ ഭൂമിക്ക് എന്തൊക്കെ നൽകാൻ കഴിയും എന്നും നാം കണ്ടു പിടിച്ചാൽ മാത്രമേ നമ്മുടെ ജീവിതം സഫലീകരിക്കയുള്ളൂ.

വിശുദ്ധനായി തീരുക എന്നാൽ നീ നീയായിരിക്കുക എന്നതാണ്

വിശുദ്ധനായി തീരുക എന്നതിന്റെ അർത്ഥം നീ നീ ആയി തീരുകയാണ് എന്ന് പാപ്പാ ഇവിടെ പങ്കുവെക്കുന്നു. ഇന്ന് പലരും പല മുഖങ്ങളിൽ മുഖംമൂടിയോടെ പ്രത്യക്ഷപ്പെടുന്നവരാണ്. അങ്ങനെ നാമും മറ്റൊരു വ്യക്തിയായി, വേറൊരു വ്യക്തിത്വമായി, പല പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ നമ്മെ നാം പ്രദർശിപ്പിച്ചാൽ മാത്രമേ മനുഷ്യർ നമ്മളെ സ്വീകരിക്കുകയുള്ളൂ എന്ന ധാരണയിൽ നാം നാമല്ലാതായി തീർന്ന് ആരൊക്കെയോ ആണെന്ന് ഭാവിക്കുകയും ചെയുന്നു. നാമല്ലാത്ത നമ്മെ പ്രദർശിപ്പിക്കാൻ നാം ആഗ്രഹിക്കുന്നു. അതിനുവേണ്ടി പലപ്പോഴും നാം നിയമപാലകരാണെന്നും, വിശ്വാസികളാണെന്നും, സുകൃതങ്ങൾ ഉള്ളവരാണെന്നും, വിനയമുള്ളവരാണെന്നും, പാണ്ഡിത്യം ഉള്ളവരാണെന്നും കുലീനത്വം ഉള്ളവരാണെന്നു മൊക്കെ ഈ ലോകത്തെ തെറ്റിദ്ധരിപ്പിച്ച് നാം നല്ലവരാണെന്ന് വിശുദ്ധരാണെന്ന് കാണിക്കുവാൻ പരിശ്രമിക്കുമ്പോൾ ലോകത്തെ കബളിപ്പിക്കുക മാത്രമല്ല നാം നമ്മോടു തന്നെ കപടത പുലർത്തുകയാണ് ചെയ്യുന്നത്. നാം നമ്മെ തന്നെ കബളിപ്പിച്ച് ജീവിക്കുന്നു എന്ന സത്യം നാം വിസ്മരിച്ചു പോകുന്നു.

നമുക്ക് എപ്പോഴും മറ്റുള്ളവരുടെ ഫോട്ടോ കോപ്പി ആയിത്തീരാനാണ് ആഗ്രഹം. വിശുദ്ധരായിരിക്കുക എന്നത് ദൈവം നമുക്ക് നൽകിയിരിക്കുന്ന സാധ്യതകളെ ഈ നിസ്സാരമായ ജീവിതത്തിൽ വിരിയിച്ചെടുത്തുകൊണ്ട് ജീവിക്കുക എന്നതാണ്. അഭിനയം നിർത്തി ആത്മാർത്ഥതയോടെ ജീവിക്കാൻ നമുക്ക് കഴിയുമെങ്കിൽ അത് തന്നെയാണ് വിശുദ്ധിക്ക് ഏറ്റവും നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ഉപകരണം. കപടതകളുടെ ലോകത്തിൽ നിന്നും, അവയുടെ കൂട്ടിൽ നിന്നും, ആ മറയിൽ നിന്നും, പുറത്തിറങ്ങി യാഥാർത്ഥ്യങ്ങളിലേക്കും, സത്യത്തിലേക്കും ഉള്ള ഒരു ചുവടുവയ്പ്പിലേക്ക് നടന്നാൽ മാത്രമേ യഥാർത്ഥത്തിൽ നമുക്ക് വിശുദ്ധമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. അതിന് അനേകം ഉദാഹരണങ്ങൾ തിരുസഭയിൽ ഉണ്ട്.

തങ്ങളായിരിക്കുന്ന അവസ്ഥയെ മറച്ചു പിടിക്കാതെ പരസ്യമായി ഏറ്റുപറഞ്ഞ് വിശുദ്ധരിൽ വിശുദ്ധരായി തീർന്ന ഒരുപാട് വ്യക്തികളെക്കുറിച്ച് നമുക്ക് കാണാൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി വിശുദ്ധ അഗസ്റ്റിനാണ്. കുത്തഴിഞ്ഞ ജീവിതവും വിവാഹം കഴിക്കുന്നതിന് മുൻപ് ജനിപ്പിച്ച കുഞ്ഞും അദ്ദേഹത്തിന്റെ കറ പുരണ്ട വ്യക്തിത്വം ഈ ലോകത്തിന്റെ മുന്നിൽ വെളിച്ചത്തു കൊണ്ടുവന്നുവെങ്കിൽ, അതിനെ മറച്ചു പിടിക്കാതെ ആ യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ഈശ്വരന്റെ വെട്ടം സ്വീകരിച്ച ആ നിമിഷം മുതൽ നല്ല വഴിയിലേക്ക് തന്നെ തിരിച്ച് വിട്ട് വിശുദ്ധനായി തീരുകയാണ്. വിശുദ്ധ അമ്മ ത്രേസ്യയുടെയും കൊച്ചുത്രേസ്യയുടെയും ആത്മകഥകളിലൂടെ കടന്നുപോകുമ്പോൾ അവരുടെ ജീവിതങ്ങൾ ഒന്നും മറച്ചു വെച്ചില്ല എന്ന് കാണാൻ കഴിയും. അവരുടെ ബലഹീനതകളെ അവർ അംഗീകരിച്ചു. ആ ബലഹീനതകളിൽ ദൈവത്തിന്റെ കൃപ നിറയ്ക്കാൻ വേണ്ടി അവർ പരിശ്രമിച്ചു. അങ്ങനെ അവർ ദൈവകൃപയോടു സഹകരിച്ച് വിശുദ്ധരായി.

രാത്രിയുടെ യാമങ്ങളിൽ നഗരവീഥികളിൽ തന്റെ കൂട്ടുകാരുമൊത്ത് മദ്യപിച്ചും മറ്റുള്ളവരുടെ ഉറക്കം കെടുത്തിയും കഴിഞ്ഞിരുന്ന ഫ്രാൻസിസ് അസീസി നഗരത്തിൽ നിന്നും പറുദീസയിൽ ചേക്കേറാൻ ദൈവത്തിന്റെ മുന്നിലും, തന്റെ ഹൃദയത്തിന്റെ മുന്നിലും ലോകത്തിന്റെ മുന്നിലും അയാൾ ഏറ്റുപറഞ്ഞത് താൻ വലിയൊരു പാപി എന്നാണ്. താൻ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചത് കൊണ്ടാണ് അദ്ദേഹം രണ്ടാം ക്രിസ്തുവെന്ന് ലോകത്തിൽ അറിയപ്പെടുന്നത്. സന്യാസ സമൂഹങ്ങളിലും കുടുംബജീവിതത്തിലും, സമൂഹ ജീവിതത്തിലും, പൊതുജീവിതത്തിലും ഒക്കെ നാം അഭിനയിച്ചു ജീവിക്കുമ്പോൾ, നമുക്ക് നഷ്ടപ്പെടുന്നത് നമ്മെ തന്നെയാണ്. വിശുദ്ധിക്ക് വേണ്ടിയുള്ള നമ്മുടെ യാത്രയിൽ നാം കരുതേണ്ട മൂല്യങ്ങളാണ് വിശ്വാസവും, വിശ്വസ്തതയും. ആത്മാർത്ഥമായി നമ്മുടെ ജീവിതത്തെ ജീവിക്കാൻ പരിശ്രമിക്കുക. നമ്മോടു തന്നെ നാം സത്യസന്ധത പുലർത്തുക. ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുന്ന എളിമയിൽ ദൈവം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരും. അങ്ങനെയാണ് സക്കേവൂസിന്റെ ജീവിതത്തിലും, ചുങ്കക്കാരന്റെ ജീവിതത്തിലും, പാപിനിയായ സ്ത്രീയുടെ ജീവിതത്തിലും ദൈവത്തിന് മനോഹരമായി ഇടപെടാൻ സാധിച്ചത്. കപട ഭക്തരാകാതെ, നിയമത്തിനു വേണ്ടി കരുണയില്ലാത്ത കടുംപിടുത്തക്കാരാവാതെ, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി നിയമം പാലിക്കാതെ നാം ചെയ്യുന്ന പ്രവർത്തിയിലും ഏർപ്പെടുന്ന തൊഴിലിലും സമീപിക്കുന്ന എല്ലായിടങ്ങളിലും വ്യക്തികളിലും ഇടപാടുകളിലും ഒക്കെ നാം ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ച് ജീവിക്കാൻ പരിശ്രമിക്കാം.

ഫോട്ടോകോപ്പി ആയിത്തീരരുത്

ആരുടേയും ഫോട്ടോ കോപ്പി ആയിത്തീരരുതെന്നും പാപ്പാ പറയുന്നു. നാം എന്തിനാണ് മറ്റുള്ളവരുടെ അച്ചടിയന്ത്രമായി തീരുന്നത്. നമുക്ക് നമ്മുടേതായിട്ടുള്ള വ്യക്തിത്വം ഇല്ലേ. ഒരാൾ പ്രാർത്ഥിക്കുന്നത് പോലെ തന്നെ നമുക്കും പ്രാർത്ഥിക്കണം എന്ന് എന്താണ് നമുക്ക് ഇത്രയും നിർബന്ധം. മറ്റുള്ളവർ ജീവിക്കുന്നത് പോലെ ഞാൻ ജീവിക്കണമെന്ന് എന്തിനാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർ പ്രവർത്തിക്കുന്നത് പോലെ മാത്രം ഞാനും പ്രവർത്തിക്കണമെന്ന കടുംപിടുത്തമെന്തിന്. ഈ ലോകത്തിൽ നന്മ ചെയ്യാൻ അനേകം മാർഗ്ഗങ്ങൾ ഉള്ളപ്പോൾ ഒരാൾ സ്വീകരിച്ച ആ മാർഗ്ഗത്തെ മാത്രം മാതൃകയാക്കി അയാളുടെ പാതകളെ മാത്രം പിന്തുടരുന്ന് അയാളുടെ ഫോട്ടോ കോപ്പി ആകാൻ ദൈവം പോലും ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കിൽ ദൈവത്തിന് ഒരാളെപ്പോലെ എല്ലാവരെയും സൃഷ്ടിച്ചാൽ മതിയായിരുന്നു. ദൈവം അത് ആഗ്രഹിക്കാത്തത് കൊണ്ടാണ് ഓരോ കുഞ്ഞിനെയും ജനിപ്പിക്കുമ്പോൾ വ്യത്യസ്തതയോടു കൂടി തന്നെ ഈ ലോകത്തേക്ക് പറഞ്ഞുവിടുന്നത്. ഇങ്ങനെ മറ്റുള്ളവരുടെ ഫോട്ടോ കോപ്പി ആയിത്തീരാതിരിക്കാൻ നാം നിലപാടുകൾ ഉള്ളവരായിരിക്കണം. നമ്മുടെ വാക്കുകൾ എപ്പോഴും നമ്മുടേതായിരിക്കണം. നമ്മുടെ കർമ്മങ്ങളുടെ ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. മറ്റുള്ളവരുടെ പുറത്തുവച്ച് നാം മാറിനിൽക്കരുത്.

എനിക്കിഷ്ടപ്പെട്ട രീതിയിൽ വസ്ത്രം ധരിക്കാനും, എനിക്കിഷ്ടപ്പെട്ട സുകൃതം ചെയ്യുവാനും, എനിക്കിഷ്ടപ്പെട്ട പ്രവർത്തികളിൽ വ്യാപൃതനാകാനും സമൂഹത്തിനും, സഭയ്ക്കും, മറ്റുള്ളവർക്കും നന്മ ചെയ്തു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിൽ നമ്മുടെ കഴിവുകളെയും, സ്വപ്നങ്ങളെയും, തീരുമാനങ്ങളെയും, ആഗ്രഹങ്ങളെയും, അധ്വാനങ്ങളെയും ബലികഴിക്കരുത്. നമ്മുടെ സ്വപ്നങ്ങളെ മറ്റുള്ളവരുടെ കണ്ണുകണ്ണിലൂടെ കാണരരുത്. നമ്മുടെ സ്വപ്നങ്ങൾ ഈ ലോകത്തിന് പ്രകാശം പരത്തുന്ന സ്വപ്നങ്ങൾ ആയിരിക്കണം. മറ്റുള്ളവരുടെ സ്വപ്നങ്ങളെ കട്ടെടുത്ത് നമ്മുടെ ജീവിതത്തെ സാഫല്യമാക്കാനും പരിശ്രമിക്കരുത്. കാരണം നമുക്ക് ഒരു ജീവിതം ദൈവം തന്നിട്ടുണ്ട്. നമ്മുടെ സ്വന്തം കണ്ണുകളിലൂടെ കാഴ്ചകൾ കാണാൻ അനുവദിക്കുക. നമ്മുടെ ഉൾക്കാഴ്ചകൾ നമ്മെ തന്നെ നമുക്ക് വെളിപ്പെടുത്തട്ടെ. നമ്മുടെ ഉൾക്കാഴ്ചകൾക്ക് പ്രകാശമുണ്ടെങ്കിൽ നമ്മുടെ കാഴ്ചകൾക്ക് കൂടുതൽ വ്യക്തത പകരാൻ കഴിയും. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മറ്റുള്ളവർ ചെയ്യുന്നതുപോലെ ചെയ്തു ജീവിക്കാതെ ദൈവം നമുക്ക് നൽകിയിരിക്കുന്ന അമൂല്യമായ ദാനത്തെ മനസ്സിലാക്കി, മറ്റുള്ളവരുടെ മൂല്യത്തോടു നമ്മെ താരതമ്യപ്പെടുത്താതെ നമ്മുടെ അമൂല്യത തിരിച്ചറിഞ്ഞ് നമുക്ക് നാമായി ജീവിക്കാൻ കഴിയട്ടെ

Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s