പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

പരിശുദ്ധ അമ്മയെ ജന്മദിനത്തിൽ ഓർക്കുമ്പോൾ

എല്ലാവർഷവും സെപ്റ്റംബർ മാസം എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുന്നാൽ സഭ ആഘോഷിക്കുന്നു. സാധാരണഗതിയിൽ വിശുദ്ധരുടെ മരണ ദിവസമാണ് തിരുനാളായി സഭ ആചരിക്കുന്നത്.മറിയം അമലോൽഭവ ജനനത്തിലൂടെ പാപരഹിതയായി ഈ ലോകത്തിലേക്ക് പ്രവേശിച്ചു വീണ്ടെടുക്കപ്പെട്ടവരുടെ ആദ്യജാതയായി.

1972 ൽ പോൾ ആറാമൻ മാർപാപ്പ മരിയാലിസ് കുൾത്തുസ് (മരിയ ഭക്തി) എന്ന തിരുവെഴുത്തിൽ മറിയത്തിന്റെ ജനനത്തെ നമ്മുടെ “രക്ഷയുടെ പ്രഭാതം “എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ അവളുടെ ജനനത്തിൽ അവരുടെ മക്കൾ വലിയ തോതിൽ സന്തോഷിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ പരാമർശങ്ങൾ ഇല്ല .എ ഡി 200 നു മുമ്പ് എഴുതപ്പെട്ട അപ്പോഫൽ ഗ്രന്ഥമായ പ്രോട്ടോ എവാങ്കേലിയും ഓഫ് ജെയിംസിൽ മറിയത്തിന്റെ ജനനത്തെക്കുറിച്ച് പരാമർശം ഉണ്ട്. ഈ ഗ്രന്ഥത്തിൻ്റെ അഞ്ചാം അധ്യായത്തിൽ മറിയത്തിന്റെ അമ്മയായ അന്നായും പരിചാരികയും തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട്

AD 431 ലെ എഫേസോസ് സൂനഹദോസിനു ശേഷമാണ് ദൈവമാതൃഭക്തി പ്രചരിപ്പിക്കുന്നതിൽ സഭ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിയത്തിന്റെ ജനന തിരുനാളുമായി ബന്ധപ്പെട്ട ഏറ്റവും പുരാതനമായ രേഖ ആറാം നൂറ്റാണ്ടിൽ നിന്നുള്ളതാണ്. പരമ്പരാഗതമായ വിശ്വാസമനുസരിച്ച് ഈ തിരുനാൾ ജെറുസലേമിൽ ആരംഭിച്ചു എന്നു കരുതപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ ബത്സെയ്ദാ കുളത്തിനടുത്ത് ജറുസലേം ദൈവാലയത്തിനു വടക്കുവശം വിശുദ്ധ അന്നാമ്മയുടെ നാമത്തിലുള്ള ഒരു ദേവാലയം സമർപ്പിക്കപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. AD 603 ജറുസലേം പാത്രിയർക്കീസായിരുന്ന സോഫ്രോനിയൂസ് (Sofronius) ഇതു മറിയത്തിൻ്റെ ജനന സ്ഥലമായി സ്ഥിരീകരിച്ചു.

അക്കാലത്ത് കോൺസ്റ്റാൻ്റിനോപ്പിളിൽ പുതുവർഷം ആരംഭിച്ചിരുന്നത് സെപ്റ്റംബർ ഒന്നാം തീയതിയായിരുന്നു, അതിനാൽ പുതുവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കാൻ സെപ്റ്റംബർ എട്ടാം തീയതി തിരഞ്ഞെടുത്തുവെന്നു വിശ്വസിക്കുന്നു. രക്ഷാകര പദ്ധതിയുടെ ആരംഭം പുതുവർഷത്തിൻ്റെ തുടക്കത്തിൽത്തന്നെ തെരഞ്ഞെടുത്തത് പ്രതീകാത്മകമാണന്നു പണ്ഡിതന്മാർ പറയുന്നു. പിന്നിട് ഒൻപതു മാസങ്ങൾക്കു മുൻപ് ഡിസംബർ എട്ടാം തീയതി മറിയത്തിൻ്റെ അമലോത്ഭവ ജനത്തിൻ്റെ തിരുനാൾ നിശ്ചയിച്ചു.

ഏഴാം നൂറ്റാണ്ടിൽ പൗരസ്ത്യ സഭയിൽ നിന്നാണ് ഈ തിരുനാൾ പാശ്ചാത്യ സഭയിൽ വന്നത്. 687 മുതൽ 701 വരെ സഭയെ നയിച്ചിരുന്ന സീറോ സി സീലയൻ മാർപാപ്പ വിശുദ്ധ സെർജിയൂസ് ഒന്നാമൻ ഈ തിരുനാൾ ആഘോഷത്തിൻ്റെ ഭാഗമായി ഒരു ലുത്തുനിയയും പ്രദിക്ഷണവും ആരാധനക്രമ ആഘോഷത്തിൽ ഉൾചേർത്തു.

മറിയത്തിൻ്റെ ജനന തിരുനാളിനെപ്പറ്റി സാർവ്വത്രിക സഭയിലുടനീളം പ്രസംഗം നടത്തിയിരുന്നതായി

ഒൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞനും ആബട്ടുമായിരുന്ന പാസ്കാസിയൂസ് റാഡ്ബെർത്തൂസ് (785-865) രേഖപ്പെടുത്തുന്നു. 1007ലോടെ പശ്ചാത്യ സഭയിൽ ഈ തിരുനാൾ കടമുള്ള ദിവസമായി മാറി.

പതിമൂന്നാം നൂറ്റാണ്ടു മുതൽ പാശ്ചാത്യ സഭയിൽ ഈ തിരുനാൾ എട്ടു ദിവസം (octave) നീണ്ടു നിൽക്കുന്ന ആഘോഷമാക്കുകയും അതിനു ലേന്ന് ഉപവാസത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തു. പത്താം പീയൂസ് മാർപാപ്പ ഈ തിരുനാൾ ഒറ്റ ദിവസം മാത്രമുള്ള ലളിത രൂപത്തിലാക്കി.1955 പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ ആരാധനക്രമ നവീകരണത്തിൽ ഈ തിരുനാൾ നിർത്തലാക്കിയെങ്കിലും .ഇപ്പോഴത്തെ ആരാധനക്രമ കലണ്ടറിൽ ഒരു തിരുനാളായി ആഘോഷിക്കുന്നു.

മറിയത്തിൻ്റെ ജനനത്തിൻ്റെ സുവിശേഷം എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിൻ്റെ ഒന്നാം അധ്യായത്തിൽ നാം ഇപ്രകാരം വായിക്കുന്നു : “അനുഗ്രഹീതയും മഹത്വപൂർണയും നിത്യകന്യകയുമായ മറിയം നസറത്ത് എന്ന നഗരത്തിൽ ദാവീദിൻ്റെ രാജകീയ വംശത്തിലും കുടുംബത്തിലും ഭൂജാതയാവുകയും കർത്താവിൻ്റെ ആലയം സ്ഥിതി ചെയ്യുന്ന ജെറുസലേമിൽ വളരുകയും ചെയ്തു. അവളുടെ പിതാവിൻ്റെ പേര് യോവാക്കിം എന്നും അമ്മയുടെ പേര് അന്നാ എന്നുമായിരുന്നു. അവളുടെ പിതാവിൻ്റെ ഭവനം നസറത്തിലെ ഗലീലിയായിരുന്നു. അമ്മയുടെ കുടുംബം ബേദ്ലേഹമിൽ നിന്നായിരുന്നു. കർത്താവിൻ്റെ മുമ്പാകെ നിഷ്കളങ്കവും നിതിയുക്തവും കുറ്റമറ്റതും ഭയഭക്തിയുള്ളതും ആയിരുന്നു.

അവരുടെ വസ്തുവകളെല്ലാം മൂന്നു ഭാഗങ്ങളായി തരം തിരിച്ചിരുന്നു. ഒരു ഭാഗം ദൈവാലയത്തിനും ദൈവാലയ ശുശ്രൂഷകർക്കുമായി നീക്കിവച്ചത്തിൽ മറ്റൊരു ഭാഗം അപരിചിതർക്കും ദരിദ്രർക്കുമായി കരുതിയിരുന്നു. മൂന്നാമത്തെ ഭാഗം തങ്ങൾക്കും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കുമായി അവർ മാറ്റി വച്ചിരുന്നു. ദൈവ തിരുമുമ്പിൽ പ്രീതികരമായ ജീവിതം നയിച്ച അവർ മനഷ്യരോടു ദയയുള്ളവരായിരുന്നു. ഏകദേശം ഇരുപതു വർഷത്തോളം ആ ദമ്പതികൾ വിരക്ത ദാമ്പത്യമാണ് നയിച്ചിരുന്നത്. കർത്താവ് അവർക്കു സന്താനങ്ങളെ നൽകുകയാണങ്കിൽ അവർ അതിനെ കർത്താവിൻ്റെ ശുശ്രൂഷയ്ക്കു ഏല്പിക്കുമെന്നു പ്രതിജ്ഞ ചെയ്തിരുന്നു, ഈ കാരണത്താൽ വർഷത്തിലെ ഓരോ തിരുനാളുകളിലും അവർ കർത്താവിൻ്റെ ആലയം സന്ദർശിക്കാറുണ്ടായിരുന്നു.”

സീയോൻ്റെ പുത്രിയും ഇസ്രായേലിൻ്റെ ഉത്തമ പുത്രിയുമായ മറിയം, പഴയ ഉടമ്പടിയിലെ ജനങ്ങളുടെ അവസാനവും ഏറ്റവും യോഗ്യതയുമുള്ള പ്രതിനിധിയുമാണ്. അതോടൊപ്പം അവൾ ലോകത്തിൻ്റെ മുഴുവൻ പ്രത്യാശയും പ്രഭാതവുമാണ്. ഉയർത്തപ്പെട്ട സീയോൻ പുത്രിയായ അവളോടൊപ്പം വാഗ്ദാനങ്ങളുടെ നീണ്ട പ്രതീക്ഷയ്ക്കു ശേഷം സമയം പൂർത്തീകരിക്കപ്പെടുകയും നവ രക്ഷാകര പദ്ധതി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു: ( LG 55)

മറിയത്തിൻ്റെ ജനനം രക്ഷകൻ്റെ മാതാവ് എന്ന അവളുടെ സവിശേഷമായ ദൗത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അവളുടെ അസ്തിത്വം ക്രിസ്തുവിൻ്റേതുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവപുത്രൻ്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള നിഗൂഢമായ പദ്ധതി അവൻ്റെ അമ്മയായ കന്യകാമറിയത്തെയും ഉൾകൊള്ളുന്നതാണ്. ഈ അർത്ഥത്തിൽ മറിയത്തിൻ്റെ ജനനം രക്ഷാകര ചരിത്രത്തിൻ്റെ ഹൃദയത്തിൽ തന്നെ അങ്കൂരമുറപ്പിക്കുന്നു.

എട്ടുനോമ്പനുഷ്ഠാനത്തിലേക്കു നയിക്കുന്ന ചരിത്ര സംഭവമായി മിക്ക പാരമ്പര്യങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ആറാം നൂറ്റാണ്ടിൽ ബസ്രയ്ക്ക് സമീപം ഹീര എന്നൊരു പട്ടണം ഉണ്ടായിരുന്നു, അത് പ്രധാനമായും ക്രിസ്ത്യൻ പട്ടണമായിരുന്നു. ബാഗ്ദാദിലെ ഖലീഫ ഈ പട്ടണം പിടിച്ചടക്കുകയും ഒരു മതഭ്രാന്തനായ ഒരു മുസ്ലീം ഗവർണറെ നിയമിക്കുകയും ചെയ്തു, അദ്ദേഹം ഖലീഫയുടെ എല്ലാ നിർദ്ദേശങ്ങളും ഉത്സാഹത്തോടെ നടപ്പിലാക്കി.

ക്രൂരനായ ഖലീഫ ഒരു സ്ത്രീലമ്പടനായിരുന്നു

ഹീരയിലെ സ്ത്രീകളുടെ സൗന്ദര്യത്തിലും മനോഹാരിതയിലും ആകൃഷ്ടനായ അദ്ദേഹം മൂന്ന് ദിവസത്തിനുള്ളിൽ അവിടെയെത്താൻ തീരുമാനിച്ചു. നഗരം മുഴുവൻ പേടിച്ചു വിറച്ചു . ഹീരയിലെ സ്ത്രീ ജനങ്ങളുടെ ചാരിത്ര്യവും വിശുദ്ധിയും അപകടത്തിലായിരുന്നു. നിസ്സഹായരും നിർഭാഗ്യരുമായ ആളുകൾ ഈ അഗ്നിപരീക്ഷണത്തെ എങ്ങനെ മറികടക്കും എന്നറിയാതെ ആശയക്കുഴപ്പത്തിലായി.

അവസാനം അവർ ദൈവമാതാവിൻ്റെ പക്കൽ അഭയം കണ്ടെത്തി. ഹീരയിലുള്ള ദൈവമാതാവിൻ്റെ ദൈവാലയത്തിൽ അമ്മ മറിയത്തിൻ്റെ മാധ്യസ്ഥ്യം തേടി പുരോഹിതൻ 3 ദിവസത്തേക്ക് നോമ്പ് പ്രഖ്യാപിച്ചു. മൂന്നാം നാൾ , വിശുദ്ധ കുർബാനയുടെ മധ്യത്തിൽ മുകളിൽ നിന്ന് ഒരു സ്വർണ്ണ പ്രകാശകിരണം മിന്നിമറയുകയും വിശുദ്ധ മന്ദിരത്തെ പ്രകാശിപ്പിക്കുകയും തുടർന്ന് പള്ളി മുഴുവൻ വ്യാപിക്കുകയും ചെയ്തു.

പുരോഹിതന് ദൈവമാതാവിൻ്റെ ദർശനം ഉണ്ടായതായും അവൾ പറയുന്നത് കേട്ടതായും പാരമ്പര്യം പറയുന്നു., “ഭയപ്പെടേണ്ട; നിങ്ങൾക്ക് സമാധാനം – സന്തോഷിക്കൂ. ഖലീഫ ജീവനോടെയില്ല. കഷ്ടതകൾ അവസാനിച്ചു.”

പുരോഹിതൻ പിന്നീട് ജനത്തിനു നേരെ തിരിഞ്ഞു, മാതാവിന്റെ സന്ദേശം ഉച്ചരിക്കുമ്പോൾ പുരോഹിതൻ്റെ മുഖത്തിന് ചുറ്റും ഒരു പ്രഭാവലയം ജനങ്ങൾ ദർശിച്ചു. അവിടെ തിങ്ങി നിറഞ്ഞവർ എല്ലാവരും കർത്താവിനെ സ്തുതിക്കുകയും അമ്മയുടെ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നന്ദി പറയുകയും ചെയ്തു.

ഈ സംഭവത്തിന്റെ സ്മരണയ്ക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ നോമ്പ് ആചരിക്കാൻ സ്ത്രീകൾ തീരുമാനിച്ചു. തങ്ങളുടെ പവിത്രതയും അന്തസ്സും സംരക്ഷിക്കാൻ ദൈവമാതാവ് സഹായിച്ചതായി അവർ വിശ്വസിച്ചു.

ഫാ.ജയ്സൺ കുന്നേൽ mcbs

Advertisements
Advertisements

Leave a comment