Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ

Gijo Vellakkizhangil MSJ

മിശിഹായില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന വികാരിയച്ചാ, സിസ്റ്റേഴ്‌സ്, ടീച്ചേഴ്‌സ്, പ്രിയ മാതാപിതാക്കളെ, സഹോദരങ്ങളെ,
ഏലിയാ-സ്ലീവാ-മൂശാ കാലത്തിന്റെ ഒന്നാം ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിച്ചിരിക്കുകയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനെയും അന്ത്യവിധിയെയും ധ്യാനവിഷയമാക്കുന്ന ഈ കാലത്തില്‍ തിന്മയില്‍നിന്നും പാപത്തില്‍നിന്നും അകന്ന് പ്രലോഭനങ്ങളില്‍ വീഴാതെ ക്രിസ്തുവിനെ വരവേല്‍ക്കാന്‍ ആത്മീയമായി ഒരുങ്ങാനുള്ള ആഹ്വാനമാണ് നമുക്ക് തിരുസഭ നല്‍കുക. ഇന്ന് നാം വായിച്ചുകേട്ട- വി. മര്‍ക്കോസിന്റെ സുവിശേഷം 9-ാം അദ്ധ്യായം 2 മുതലുള്ള വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇതുതന്നെയാണ്: ക്രിസ്തുവിനെപ്പോലെ ഒരു രൂപാന്തരീകരണം, ഒരു താബോര്‍ അനുഭവം നമുക്കോരോര്‍ത്തര്‍ക്കും ആവശ്യമാണ് എന്ന്. സുവിശേഷത്തില്‍ നാം വായിച്ചുകേട്ടു: ‘ആറു ദിവസം കഴിഞ്ഞ്, പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടിക്കൊണ്ടു യേശു ഉയര്‍ന്ന മലയിലേക്ക് പോയി. അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു.’
സുവിശേഷങ്ങളില്‍ പലയിടങ്ങളിലായി രാത്രിയുടെ യാമങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന ഈശോയെ നാം കാണുന്നുണ്ട്. അവിടെ തന്റെ പിതാവുമായുള്ള സംഭാഷണത്തിനു ശേഷമാണ് ഈശോ തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ഇന്നത്തെ സുവിശേഷം നമ്മോട് ആഹ്വാനം ചെയ്യുന്നതും ഇതുതന്നെയാണ്. നമ്മുടെ ജീവിതങ്ങളെ ക്രിസ്തുകേന്ദ്രീകൃതമാക്കുന്ന ചില രൂപാന്തരീകരണങ്ങളും അതിനാവശ്യമായ ചില ‘താബോര്‍-അനുഭവങ്ങളും’ നാം കണ്ടെത്തേണ്ടതുണ്ട്. അത് ചിലപ്പോള്‍, പ്രാര്‍ത്ഥിക്കാനായി നാം തിരഞ്ഞെടുക്കുന്ന ചില സമയങ്ങളാവാം; നമ്മെത്തന്നെ നവീകരിക്കാനായി നാം നടത്തുന്ന ചില ഒരുക്കങ്ങളാകാം, നമ്മുടെ ജീവിതത്തിലെ പോരായ്മകളും വീഴ്ചകളും കണ്ടെത്തി പരിശോധിക്കുന്ന ചില നിമിഷങ്ങളാവാം, എന്തുമാവാം. അതൊക്കെ ക്രിസ്തുവിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുന്ന ചില താബോര്‍ അനുഭവങ്ങളാണ്. ആ രൂപാന്തരീകരണവേളയില്‍ ക്രിസ്തു തൂമഞ്ഞുപോലെ വെളുത്തു എന്ന് സുവിശേഷകന്‍ സൂചിപ്പിക്കുന്നത് നാം നേടിയെടുക്കേണ്ട, എത്തിച്ചേരേണ്ട വിശുദ്ധിയുടെ നൈര്‍മ്മല്ല്യതയെക്കുറിച്ചാണ് പറഞ്ഞുവയ്ക്കുക.
വനത്തിലൂടെ യാത്ര ചെയ്തിരുന്നവരുടെ പണവും പണ്ടവും പിടിച്ചുപറിച്ച് അതില്‍നിന്ന് കിട്ടുന്നതുകൊണ്ടാണ് ഒരു കാട്ടാളന്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ആ കാട്ടാളന്റെ കയ്യില്‍പെട്ടത് കുറച്ച് സന്ന്യാസികളായിരുന്നു. ആക്രമിക്കാനൊരുങ്ങിയ കാട്ടാളനോട് ആ സന്ന്യാസികള്‍ ഇപ്രകാരം ചോദിച്ചു: ‘നീ എന്തിനീ പാപകര്‍മ്മം ചെയ്യുന്നു?’ അതിനയാളുടെ മറുപടി ഇതായിരുന്നു: ‘എന്റെ ഭാര്യയെയും കുട്ടികളെയും പോറ്റാന്‍’. അപ്പോള്‍ സന്ന്യാസികള്‍ വീണ്ടും ചോദിച്ചു: ‘നീ ഈ ചെയ്യുന്ന പാപത്തിന്റെ കര്‍മ്മഫലത്തില്‍ നിന്റെ ഭാര്യയും കുട്ടികളും പങ്കാളികളാകുമോ?’ ‘അതെനിക്കറിഞ്ഞുകൂടാ’ എന്ന് അയാള്‍ മറുപടി പറഞ്ഞു. ‘എങ്കില്‍ നീ പോയി അക്കാര്യം അവരോട് ചോദിച്ചിട്ട് വരൂ. അതുവരെ ഞങ്ങള്‍ ഇവിടെതന്നെ കാത്തുനില്‍ക്കാം’ എന്ന് സന്ന്യാസികള്‍ പറഞ്ഞു.. കാട്ടാളന്‍ ഉടനെ വീട്ടില്‍ ചെന്ന് ഭാര്യയോടും മക്കളോടും ഇക്കാര്യം ചോദിച്ചു. പക്ഷെ, അവരുടെ മറുപടി അയാളെ ഞെട്ടിച്ചു. ‘ഞങ്ങളെ പോറ്റേണ്ടത് നിങ്ങളുടെ കടമയാണ്. പക്ഷെ, നിങ്ങളുടെ കര്‍മ്മഫലത്തില്‍ ഞങ്ങള്‍ പങ്കുചേരില്ല. നിങ്ങളുടെ കര്‍മ്മഫലം നിങ്ങള്‍തന്നെ അനുഭവിക്കണം’.
ദുഃഖിതനായി തിരിച്ചുവന്ന അയാളെ ആശ്വസിപ്പിച്ചുകൊണ്ട് സന്ന്യാസികള്‍ അവനെ ഒരു മരച്ചുവട്ടിലിരുത്തി. ചുറ്റും മരങ്ങള്‍ നിറഞ്ഞ ആ വന്‍കാട്ടില്‍ തീര്‍ത്തും വിദ്യാഭ്യാസമില്ലാതിരുന്ന ആ കാട്ടാളന് ആ സന്ന്യാസികള്‍ അയാളുടെ അടുത്തുനിന്ന രണ്ട് മരങ്ങളെ ചൂണ്ടിക്കാട്ടി ‘ആ മര ഈ മര’ എന്ന് തന്നാലാകുംവിധം ഉച്ചരിക്കുവാന്‍ ആവശ്യപ്പെട്ടു. ഊണും ഉറക്കവുമുപേക്ഷിച്ച് മാസങ്ങളും വര്‍ഷങ്ങളും കടന്ന് അയാള്‍ ആ വാക്കുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. അയാളറിയാതെതന്നെ ‘ആ മര ഈ മര’ എന്ന ആ മന്ത്രം രാമ രാമ എന്നായി മാറിയിരുന്നു. കാലങ്ങള്‍ക്ക് ശേഷം ആ സന്ന്യാസിമാര്‍ വീണ്ടും അതുവഴി വന്നു. മരച്ചുവട്ടിലെ ചിതല്‍പുറ്റില്‍നിന്ന് രാമ-മന്ത്രം കേട്ട് ആ ചിതല്‍പുറ്റ് അവര്‍ പൊളിച്ചുനോക്കി. അന്ന് അതിന്റെ ഉള്ളില്‍നിന്ന് പുറത്തുവന്ന ആ മനുഷ്യനോട് അവര്‍ പറഞ്ഞു: ‘വാല്‍മീകത്തില്‍നിന്നും പുറത്തുവന്ന നീ ഇന്നുമുതല്‍ വാല്‍മീകി എന്നറിയപ്പെടും’. ‘The Great Indian Epic’ എന്നറിയപ്പെടുന്ന ‘രാമായണം’ എഴുതിയ വാല്‍മീകിയെക്കുറിച്ചുള്ള കഥയാണിത്. അങ്ങനെ ചിതല്‍പുറ്റിനടിയില്‍നിന്നും രൂപാന്തരീകരണം സംഭവിച്ച വാല്‍മീകിയാണ് രാമായണം രചിച്ച് ആദി കവിയെന്ന പേരിന് അര്‍ഹനായത്.

തന്റെ ജീവിതത്തില്‍ താന്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി ഒരു കാട്ടാളന് വാല്‍മീകിയായി രൂപാന്തരപ്പെടാന്‍ ചിതല്‍പുറ്റിനുള്ളിലെ ദീര്‍ഘനാളത്തെ ധ്യാനവും മനനവും വേണ്ടിവന്നു. ഒരു കാട്ടാളിനില്‍നിന്നും വാല്‍മീകിയിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട ഒരു യാത്രതന്നെയായിരുന്നു അത്. പഴയനിയമത്തില്‍ പുറപ്പാടിന്റെ പുസ്തകത്തില്‍ നാല്പതു രാവും നാല്പതു പകലും ദൈവത്തിന്റെ കൂടെ സീനായ് മലമുകളിലിരുന്ന് അവിടുത്തെ മഹത്വം ദര്‍ശിച്ച് ദൈവത്തിന്റെ തേജസ്സ് സ്വന്തമാക്കുന്ന മോശയെ നമുക്ക് കാണാം. തുടര്‍ന്ന് വരുന്ന ഭാഗങ്ങളില്‍ സീനായ് മലയില്‍നിന്ന് ഇറങ്ങിവരുന്ന മോശയെ കണ്ണുകളുയര്‍ത്താന്‍ സാധിക്കാതെ ഭയത്തോടെ നോക്കുന്ന ഇസ്രായേല്‍ജനത്തെ നമുക്ക് കാണാനാകും. ദൈവത്തിന്റെ കൂടെ ആയിരിക്കുന്നവന് ദൈവം കൊടുക്കുന്ന കൃപയാണ് രൂപാന്തരീകരണം.
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ പ്രാര്‍ത്ഥനകളെല്ലാംതന്നെ ഒരു രൂപാന്തരീകരണത്തിനുവേണ്ടിയാണ്. ദൈവമേ, എന്റെ ജീവിതത്തെ നന്മയുള്ളതാക്കി, ഒരു അനുഗ്രഹമാക്കി മാറ്റണേ എന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കാറുണ്ട്. കര്‍ത്താവേ, എന്റെ കുഞ്ഞിനെ നേര്‍വഴിക്ക് നയിക്കണേ/ നടത്തണേ എന്ന് എല്ലാ മാതാപിതാക്കളും പ്രാര്‍ത്ഥിക്കാറുണ്ട്; നന്മയുള്ള ജീവിതം നയിക്കാന്‍ നമ്മളോരൊരുത്തരും പ്രാര്‍ത്ഥിക്കാറുണ്ട്. ഇതെല്ലാം ഒരു രൂപാന്തരീകരണത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളല്ലെ! തന്റെ ചുറ്റുമുള്ളവര്‍ക്ക് നന്മയും അനുഗ്രഹവും സൗഖ്യവും പകര്‍ന്നുകൊടുത്തുകൊണ്ട് കടന്നുപോയവനാണ് ക്രിസ്തു. ക്രിസ്തുശിഷ്യനായ പത്രോസും ക്രിസ്തുവിനോടൊപ്പമിരുന്ന് രൂപാന്തരീകരണവും താബോര്‍ അനുഭവവും സ്വന്തമാക്കിയവനാണ്. അപ്പസ്‌തോലപ്രവര്‍ത്തനത്തിന്റെ 3-ാം അദ്ധ്യായത്തില്‍ പത്രോസ് ഒരു മുടന്തനെ സുഖപ്പെടുത്തുന്ന സംഭവം നാം കാണുന്നുണ്ട്. ജന്മനാ മുടന്തനായിരുന്ന ആ വ്യക്തിയെ സുഖപ്പെടുത്തിക്കൊണ്ട് പത്രോസ് പറയുന്ന വചനം ശ്രദ്ധേയമാണ്: ‘പൊന്നോ വെള്ളിയോ എന്റെ കയ്യിലില്ല. എനിക്കുള്ളത് നിനക്ക് ഞാന്‍ തരുന്നു’. ‘എന്റെ കയ്യിലുള്ളത്’ എന്ന് പറഞ്ഞ് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സൗഖ്യവരം പത്രോസിനു കിട്ടിയത് ക്രിസ്തുവിന്റെ കൂടെയിരുന്ന് അവന്‍ സ്വന്തമാക്കിയ താബോര്‍ അനുഭവത്തിലൂടെയാണ്. ഇവിടെ പത്രോസ് മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുകയാണ് ചെയ്യുക. ദൈവത്തോടൊത്തുള്ള സ്വകാര്യതയില്‍നിന്ന് നാം ആര്‍ജ്ജിച്ചെടുക്കേണ്ട ശക്തിയും കൃപയുമാണ് ഈ രൂപാന്തരീകരണം.
പ്രിയമുള്ളവരെ, നമ്മുടെ ഈലോകജീവിതത്തിലും ഒരു മലകയറ്റവും ഉയര്‍ന്ന ചില മലകളും ആവശ്യമാണ്; നമ്മുടെ തെറ്റുകളും പോരായ്മകളും കുറവുകളും ദൈവസാന്നിദ്ധ്യത്തിലിരുന്ന് പരിശോധിച്ച്, കണ്ടെത്തി, അത് തിരുത്താനുള്ള ചില താബോര്‍ അനുഭവങ്ങള്‍. അവിടെ, ആ മലമുകളില്‍ ദൈവത്തോടൊത്ത് ആയിരിക്കുവാനും അവനോടൊത്ത് പ്രാര്‍ത്ഥിക്കുവാനും നമുക്ക് സമയം കണ്ടെത്താം. നാം പങ്കെടുക്കുന്ന ഓരോ വി. കുര്‍ബാനയും, ധ്യാനങ്ങളും, ജീവിതത്തില്‍ വന്നുപോയ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് നന്മയുള്ള ജീവിതം നയിക്കാന്‍ നാം ആശ്രയിക്കുന്ന കുമ്പസാരക്കൂടുമെല്ലാം ക്രിസ്തു രൂപാന്തരീകരണം പ്രാപിച്ച താബോറിന്റെ പ്രതീകങ്ങളാണ്. അങ്ങനെ പ്രാര്‍ത്ഥിക്കാനും കൂടെയായിരിക്കാനും നാം സമയം കണ്ടെത്തിയാല്‍ സര്‍വ്വശക്തനായവന്‍ അവിടുത്തേക്ക് ആവശ്യമുള്ളതുപോലെ നമ്മെ രൂപപ്പെടുത്തും. നമുക്കീ മലമുകളില്‍, ഇവിടെതന്നെ 3 കൂടാരങ്ങളും പണിത് കഴിഞ്ഞുകൂടാം എന്ന് പത്രോസ് പറയുമ്പോള്‍ മലമുകളില്‍നിന്നും തങ്ങള്‍ അനുഭവിച്ച ആ രൂപാന്തരീകരണത്തിന്റെ അനുഭവം, താഴെ ഭൂമിയുടെ താഴ് വാരങ്ങളില്‍ നമ്മെ കാത്തിരിക്കുന്ന ജനത്തിന് നല്‍കാനാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. കര്‍മ്മങ്ങളില്‍നിന്ന് ഒളിച്ചോടുന്നവന്റെ അഭയകേന്ദ്രമല്ല പ്രാര്‍ത്ഥന, മറിച്ച്, കര്‍മ്മങ്ങള്‍ ചെയ്യുന്നവന്റെ കരുത്താണ് പ്രാര്‍ത്ഥന. ഈ ദിവ്യബലിക്കായ് നാം ഇവിടെ ആയിരിക്കുമ്പോള്‍ ഈശോ നമ്മില്‍ രൂപപ്പെടുന്നതിനും അങ്ങനെ ഒരു രൂപാന്തരീകരണം നമ്മില്‍ സാദ്ധ്യമാകുന്നതിനും അങ്ങനെ നമുക്ക് ലഭിച്ച ക്രിസ്തു-അനുഭവം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിനും ആവശ്യമായ കൃപ ലഭിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അപ്രകാരം ഒരു രൂപാന്തരീകരണം നമ്മില്‍ സംഭവിച്ചാല്‍ ‘ഇവന്‍ എന്റെപ്രിയപുത്രനാണ് / പ്രിയപുത്രിയാണ്’ എന്ന് കര്‍ത്താവ് നമ്മളെക്കുറിച്ച് പറയും. ഈയൊരു കൃപയ്ക്കായ് നമുക്ക് ഈ ദിവ്യബലിയില്‍ പ്രാര്‍ത്ഥിക്കാം.
+++സര്‍വ്വശക്തനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ+++

Bro. Gijo Vellakkizhangil MSJ
Advertisements

>>> Eliya Sleeva 1st Sunday | ഏലിയാ-സ്ലീവാ-മൂശാ കാലം ഒന്നാം ഞായർ PDF

https://drive.google.com/file/d/108a01lTJW3FqCmTCkvF_mPHcOrKkt85u/view?usp=sharing

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s