വിശുദ്ധ മത്തായി ശ്ലീഹ

ചുങ്കം പിരിക്കുന്നവനായി, ചുറ്റുമുള്ളവരുടെ വെറുപ്പിനോട് തികച്ചും നിസംഗനായി, തന്റെ മനസ്സിലെ കരുണാഭാവം തരി പോലും പുറത്തേക്കൊഴുകാൻ സമ്മതിക്കാതെ, തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ചു ജീവിച്ചുപോന്നിരുന്ന ലേവി. തങ്ങളുടെ ജോലിയുടെ ഭാഗമായി ജപ്തിനോട്ടീസ് പതിച്ചുപോരുന്ന ഉദ്യോഗസ്ഥർ ചില ആത്മഹത്യയുടെ പേരിൽ ഇക്കാലത്തും എല്ലാവരാലും ശപിക്കപ്പെടുമ്പോൾ, ആലോചിക്കുപോവുകയാണ് ഹേറോദേസ് അന്തിപ്പാസിനു വേണ്ടി കഫർണാമിൽ ആളുകളെ പിഴിഞ്ഞ് ചുങ്കം പിരിച്ചിരുന്ന ലേവിയോട് ആളുകൾക്കുണ്ടായിരുന്ന മനോഭാവം എങ്ങനെയായിരിക്കുമെന്ന്.

പക്ഷേ വിശുദ്ധ മത്തായിയുടെ തിരുന്നാളായ ഇന്ന്, ഈ ചുങ്കക്കാരനോട്‌ ആളുകൾക്കുണ്ടായിരുന്ന വെറുപ്പിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയെങ്കിലും താമസിയാതെ അത് ചെന്നുനിന്നത് ഈശോയുടെ പരിധിയില്ലാത്ത കരുണയിലാണ്. മനുഷ്യന്റെ ബാഹ്യഭാവമോ അവസ്ഥകളോ നോക്കാതെ ഹൃദയത്തിനുള്ളിലേക്ക് നോക്കുന്നവൻ, തങ്ങളാണ് സമൂഹത്തിൽ വലിയവരും മാനിക്കപ്പെടേണ്ടവരും എന്ന് ഊറ്റം കൊണ്ട് നടക്കുന്നവരുടെ അടുത്തേക്ക് പോകാതെ മറ്റുള്ളവരുടെ വെറുപ്പിനും അവഗണനക്കും പാത്രമായവരുടെ അടുത്തേക്ക് നടന്നടുക്കുന്നവൻ. ആരും സ്നേഹിക്കാനില്ലാത്തവരുടെ സ്നേഹമാകുന്നവൻ.

‘എന്നെ അനുഗമിക്കുക’ എന്ന സ്നേഹപൂർണ്ണമായ ആജ്ഞ കേട്ടതും, ഏറെനാളായി അതിനെപ്പറ്റി കൂലങ്കഷമായി ചിന്തിച്ചു തീരുമാനിച്ചിരുന്ന പോലെ, എല്ലാം വിട്ട് ഒറ്റപോക്കാണ്‌ ലേവി ഈശോയുടെ പിന്നാലെ. സ്നേഹത്തോടെ ആകർഷിക്കുന്ന ആ കണ്ണുകളും ആർദ്രതയുള്ള സ്വരവും അത്രമേൽ അവനെ കീഴ്പ്പെടുത്തി. ഇത്രയും നാളും ആളുകളുടെ ആട്ടും തുപ്പും കല്ലേറും കൊണ്ടിട്ടും തോന്നാത്തത് അപ്പോൾ തോന്നി, തന്റെ പണി വിടാൻ. ഒരു വിരുന്നിനുള്ള പണം മാത്രം കയ്യിൽ വെച്ച് ബാക്കിയെല്ലാം പാവങ്ങൾക്ക് കൊടുത്തിരിക്കണം. ആ വിരുന്നിൽ പങ്കെടുത്തതിന് പക്ഷേ, താൻ കാരണം ഈശോ ഫരിസേയരുടെ പഴികേട്ടപ്പോൾ ഈശോയെ വിരുന്നിന് ക്ഷണിച്ച് വിഷമത്തിലാക്കണ്ടായിരുന്നു എന്ന് തോന്നി അവന്. ദേഷ്യവും അപമാനവും ഗുരു തന്നോട് ഇനി എന്തുപറയുമെന്ന ഭയവുമായി നിന്ന ലേവിക്ക് ഒരിക്കലും മറക്കാനാവാത്ത വാക്കുകൾ പറഞ്ഞാണ് ഗുരു അവനെ പ്രതിരോധിച്ചത്. “ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്!”

ആ നിമിഷത്തിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും അഭിമാനവുമാണ് ലേവിക്കുണ്ടായത്. തന്നോടൊപ്പം നിന്ന ഗുരുവിന് വേണ്ടി, മത്തായി ആയി മാറിയ ലേവിക്ക് ജീവൻ വരെ വെടിയാനും പ്രയാസമുണ്ടായില്ല. അവന്റെ സ്നേഹം രുചിച്ചറിഞ്ഞവർക്ക് അവന് വേണ്ടി എന്തൊക്കെ ഉപേക്ഷിച്ചാലും മതിയാവില്ല. പ്രിയ അപ്പസ്തോലനും സുവിശേഷകനും രക്തസാക്ഷിയുമൊക്കെയായി സഭയുടെ നെടുംതൂൺ ആയി മാറിയ വിശുദ്ധ മത്തായി സുവിശേഷത്തിലൂടെ കാണിച്ചത് പ്രവചനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണമായ രക്ഷകനായ യേശുവിനെയാണ്. യേശുവിന്റെ ജീവചരിത്രം മുഴുവനായി അവതരിപ്പിക്കുക എന്നതായിരുന്നില്ല ലക്ഷ്യം, ജൂതന്മാരുടെ പാരമ്പര്യങ്ങളിലും സ്വാധീനത്തിലും പെട്ടുകിടന്ന ക്രിസ്ത്യാനികളെ അതിൽനിന്നും മോചിപ്പിച്ച് ഏകീകരിക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു.

ഞാൻ വന്നത് പാപികളെ വിളിക്കാനാണെന്ന് വ്യക്തമായി പറഞ്ഞ ഈശോ അവന്റെ സന്നിധിയിലേക്ക് ചെല്ലാൻ, സഹായത്തിനായി അവനെ ഒന്ന് വിളിക്കാൻ, നമുക്ക് എത്ര വലിയ ആത്മവിശ്വാസമാണ് തരുന്നത്. ഇനിയും എന്തിന് നിങ്ങൾ മടിക്കുന്നു എന്നെ സമീപിക്കാൻ എന്നല്ലേ അവൻ ചോദിക്കുന്നത്. പക്ഷേ നമ്മളിൽ ഏറെപേർക്കും, നമ്മൾ പാപികളാണെന്ന് അംഗീകരിച്ച് അവന്റെ കരുണയെ സമീപിക്കാനല്ല… മറ്റുള്ളവരെ വിധിക്കുന്നവർ ആകാൻ, എല്ലാ മനുഷ്യരെയും ജാതിമതവർണ്ണവിവേചനമില്ലാതെ പാപിയെന്ന മുദ്രകുത്തലില്ലാതെ സ്നേഹിക്കുന്ന ഈശോയുടെ സ്വഭാവത്തെ പോലും തള്ളിപ്പറയുന്നവർ ആകാൻ, എന്തുകൊണ്ടാണ് വെള്ളയടിച്ച കുഴിമാടങ്ങൾ എന്ന് അവൻ നമ്മെ വിളിച്ചത് എന്ന് ചിന്തിക്കാതെ, വിളിച്ചവനെ ക്രൂശിക്കുന്നവർ ആകാൻ ആണ് താല്പര്യം എന്ന് തോന്നിപ്പോവുന്നു. (ക്ഷമിക്കണം)

വിശുദ്ധ മത്തായിയോട് ഈശോ കാണിച്ച അനുഭാവം, നമ്മുടെ മനോഭാവങ്ങളെ വിലയിരുത്തട്ടെ.. നേരായ പാതയിൽ നയിക്കട്ടെ….

Happy Feast of St. Matthew, the Apostle and Evangelist

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment