വിശുദ്ധ ഫ്രാൻസിസ്: അസ്സീസ്സിയിലെ സ്നേഹഗായകൻ

അസ്സീസ്സിയിലെ സ്നേഹഗായകനെക്കുറിച്ച് പറഞ്ഞാൽ തീരില്ലല്ലോ. പോപ്പ് ബെനെഡിക്റ്റ് പതിനഞ്ചാം പാപ്പ വിശുദ്ധ ഫ്രാൻസിസിനെ വിളിച്ചത്, ജീവിച്ചിരുന്നിട്ടുള്ളവരിൽ ക്രിസ്തുവിന്റെ ഏറ്റവും പൂർണ്ണതയേറിയ സാദൃശ്യമുള്ളവൻ എന്നാണ്. പതിനൊന്നാം പീയൂസ് പാപ്പ വിശുദ്ധന് പേരിട്ടത് alter Christus ( മറ്റൊരു ക്രിസ്തു). ഒരുപക്ഷെ ചരിത്രത്തിൽ മറ്റൊരാളും ഫ്രാൻസിസിനെപ്പോലെ ഇത്രയും നന്നായി ക്രിസ്തുവിന്റെ ജീവിതം അനുകരിക്കുകയോ അക്ഷരാർത്ഥത്തിൽ, ക്രിസ്തുവിന്റെ ദൗത്യം, ക്രിസ്തുവിന്റേതായ രീതിയിൽ തുടർന്നുകൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാവില്ലെന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും ( vol 4) പറയുന്നു.

ക്രിസ്മസ്സിന് പുൽക്കൂടുണ്ടാക്കുന്ന രീതി ആദ്യം തുടങ്ങിയത് ഫ്രാൻസിസ്സാണെന്നു നമുക്കറിയാം അല്ലേ? ജോൺ വെലീത്താ എന്ന ഭക്തനായ മനുഷ്യനോട്‌ ഗ്രേച്ചിയോ മലയിലെ ഗുഹ കാലിതൊഴുത്തുപോലെ സജ്ജമാക്കാനും ഒരു കാളയെയും കഴുതയെയുമൊക്കെ അവിടെ കൊണ്ടു കെട്ടാനും ഫ്രാൻസിസ് പറഞ്ഞിരുന്നു. ഫ്രാൻസിസും സഹോദരന്മാരും അങ്ങോട്ട്‌ ചെന്നു. ദൈവപുത്രൻറെ മനുഷ്യാവതാരത്തെകുറിച്ച് ഫ്രാൻസിസ് തീക്ഷ്‌ണതാപൂർവ്വം പ്രസംഗിച്ചു. ജോൺ വെലീത്തക്ക് ഒരു ദർശനമുണ്ടായി, കാളയുടെയും കഴുതയുടെയും മദ്ധ്യത്തിൽ ഈശോ ജീവനുള്ള ഉണ്ണിയായി കിടക്കുന്നു. ഫ്രാൻസിസ് ഉണ്ണീശോയെ ആലിംഗനം ചെയ്യുന്നു. ജോണിന്റെ ഉള്ളിൽ മാത്രമല്ല അവിടെ കൂടിയിരുന്ന എല്ലാവരുടെ മനസ്സിലും മനുഷ്യാവതാരം ചെയ്ത ഈശോയുടെ രൂപം പ്രകാശം ചൊരിഞ്ഞു നിറഞ്ഞു നിന്നു.

കുരിശിന്റെ വഴിയുടെ (സ്ലീവാപാത) ഉത്ഭവത്തിലും ഫ്രാൻസിസ്‌ക്കൻസ് തന്നെയാണ് പങ്ക് വഹിച്ചത്. യേശുവിന്റെ പീഡാനുഭവവഴി ജെറുസലേമിൽ പോയി കണ്ടുകൊണ്ടിരിക്കവേ ഫ്രാൻസിസ് ഇങ്ങനെ വിളിച്ചുപറഞ്ഞു. ” ദൈവമേ, അങ്ങ് പരിശുദ്ധനാകുന്നു, ബലവാനേ അങ്ങ് പരിശുദ്ധനാകുന്നു, മരണമില്ലാത്തവനെ അങ്ങ് പരിശുദ്ധനാകുന്നു ; ഞങ്ങൾക്ക് വേണ്ടി കുരിശിൽ തൂങ്ങി മരിച്ച ഈശോ ; ജീവിക്കുന്നവനായ ദൈവത്തിന്റെ പുത്രാ ; സകല ചരാചരങ്ങളുടെയും സൃഷ്ടാവേ ; ഞങ്ങളുടെ രക്ഷകാ ; രാജാവേ; ഗുരുവേ ; ഞങ്ങളുടെ നല്ല ഇടയാ ; സഹോദരാ ; സ്നേഹിതാ ; ഞങ്ങളുടെ വഴിയും വെളിച്ചവും സത്യവും ജീവനുമായുള്ളവനെ; ഞങ്ങളുടെ ഭക്ഷണമേ ; ഭാഗ്യമേ ; സർവ്വസ്വമേ ; ഞങ്ങൾ കുമ്പിട്ടു അങ്ങയെ സ്തുതിച്ചാരാധിക്കുന്നു ; എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു. സ്ത്രോത്രം ആയിരമായിരം സ്തോത്രം. അങ്ങ് സകലരാലും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുമാറാകട്ടെ”

ജെറുസലേമിലുള്ള പുണ്യസ്ഥലങ്ങളെ യഥായോഗ്യം സംരക്ഷിക്കുന്നതിനായി രണ്ട് സഹോദരന്മാരെ ഏൽപ്പിച്ച ശേഷമാണ് ഫ്രാൻസിസ് മടങ്ങിയത്. അന്നുമുതൽ ഇന്നുവരെ ഫ്രാൻസിസ്‌കൻ സഹോദരങ്ങൾ ജെറുസലേമിലെ പുണ്യസ്ഥലങ്ങളെ കാത്തുവരുന്നു. അത്‌ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ക്രിസ്തുവിന്റെ സ്നേഹം അവരെ നിർബന്ധിക്കുന്നു. 1368ൽ ജെറുസലേമിലുണ്ടായിരുന്ന സന്യാസികളെയെല്ലാം മുഹമ്മദീയർ വധിച്ചപ്പോൾ പോർസ്യൂങ്കുലായിൽ നിന്നു കൂടുതൽ സന്യാസികൾ ജെറുസലേം കാത്തുസൂക്ഷിക്കാൻ തയ്യാറായി അങ്ങോട്ട്‌ പുറപ്പെട്ടു. അവർക്ക് പിന്നീട് അവിടെ ആറ് സ്ഥാപനങ്ങളുണ്ടായി.

ജെറുസലേമിൽ പോയി അവിടെയുള്ള വിശുദ്ധസ്ഥലങ്ങൾ വണങ്ങാൻ കഴിയാത്ത ദൈവഭക്തരെ തൃപ്തിപ്പെടുത്താനും ഈശോയുടെ പീഡാസഹനങ്ങളോടുള്ള ഭക്തി ഉജ്ജീവിപ്പിക്കാനും കാലക്രമേണ ഫ്രാൻസിസ്കൻ സഭക്കാർ ‘ഇമിറ്റേഷൻ ജെറുസലേം ‘ യൂറോപ്പിൽ പണിതുണ്ടാക്കി. അവിടെപ്പോയി ധ്യാനിച്ചുപ്രാർത്ഥിക്കുന്നവർക്ക് മാർപാപ്പമാർ ദണ്ഡവിമോചനം പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രസ്ഥാനത്തെ വിശുദ്ധ ലെയോനാർഡ് പോർട്ട് മോറിസ് പ്രചരിപ്പിക്കുകയും പരിഷ്കരിക്കുകയും ചെയ്താണ് ഇന്നത്തെ രീതിയിലുള്ള സ്ലീവാപ്പാത ആരംഭിച്ചത്.

വിശുദ്ധ കുർബ്ബാന ഗാഗുൽത്തായിലെ പരമബലിയുടെ ആവർത്തനമാകയാൽ, ക്രൂശിതനെപ്പറ്റിയുള്ള ചിന്ത എളുപ്പത്തിൽ ഉണ്ടാകാൻ വേണ്ടി, ബലിപീഠത്തിൽ ക്രൂശിതരൂപം വെക്കണമെന്ന് നിഷ്കർഷിച്ചത് വിശുദ്ധ ഫ്രാൻസിസാണ്. അതുവരെ അങ്ങനെയൊരു പതിവില്ലായിരുന്നു. അന്നുമുതൽ ക്രൂശിതനോടുള്ള ഭക്തി കത്തോലിക്കാതിരുസഭയിൽ വർദ്ധിച്ചു വന്നു.

സമ്പത്തും ബന്ധുക്കളെയും വിട്ടിറങ്ങുന്നതിന് മുൻപേ, ‘ഭൃത്യനെയല്ല സേവിക്കേണ്ടത് യജമാനനെയാണെന്ന’ വെളിപാട് ലഭിച്ചതിനു ശേഷം, ഫ്രാൻസിസ് ആകാശത്തേക്ക് നോക്കി ഏറെ നേരം ഇരിക്കുന്ന കാണുമ്പോൾ സുഹൃത്തുക്കൾ ചോദിക്കും ഏതെങ്കിലും പെൺകുട്ടിയെപ്പറ്റിയാണോ ആലോചിക്കുന്നതെന്ന്. ഫ്രാൻസിസ് പറഞ്ഞതിങ്ങനെ, “അതേ, വളരെ സമ്പന്നയായ, ശ്രേഷ്ഠയായ, ആർക്കും അവളോട് മത്സരിക്കാനാവാത്ത വിധം അത്ര ആകർഷകയായ ഒരുവളെ ഞാൻ സ്വപ്നം കാണുകയാണ്”. ദാരിദ്യമണവാട്ടിയെകുറിച്ചാണ് ഫ്രാൻസിസ് പറയുന്നതെന്ന് അവർക്ക് മനസ്സിലായില്ല.

അവളോടുള്ള ബഹുമാനസൂചകമായാണ് അദ്ദേഹം ഇതെഴുതിയത്, “കർത്താവായ യേശുവേ, അങ്ങയുടെ പരിശുദ്ധ മണവാട്ടിയായ ദാരിദ്യത്തോട്, അവളിൽ അലിഞ്ഞു ചേരും വിധം, അവളിൽ ഒന്നാകത്തക്ക വിധം, വർദ്ധിച്ച സ്നേഹം എനിക്ക് തരണമേ, ബേദ്ലഹേമിൽ അവൾ അങ്ങയോടുകൂടെ ഉണ്ടായിരുന്നു ; ഈജിപ്തിലേക്ക് അവൾ അങ്ങയെ അനുഗമിച്ചു ; നസറത്തിലേക്ക് അങ്ങയുടെ ഒപ്പം വന്നു. ദൗത്യത്തിനായുള്ള യാത്രകളിലെല്ലാം അങ്ങയെ അനുധാവനം ചെയ്തു ; കാൽവരി മലമുകളിലേക്ക് കൂടെ വന്നു. അങ്ങേ മാതാവ് പോലും കുരിശിന്റെ ചുവട്ടിൽ നിന്നപ്പോൾ അങ്ങേ ദാരിദ്യമണവാട്ടി അങ്ങയോടൊപ്പം കുരിശിലേറി. അവസാനം ശവക്കല്ലറയിലേക്കും കൂട്ടുവന്നു, അത്‌ അങ്ങേക്ക് വേണ്ടി പണിതത് അല്ലായിരുന്നല്ലോ. ഈ പരിശുദ്ധ മണവാട്ടിക്കായുള്ള തീക്ഷ്‌ണമായ, വറ്റാത്ത സ്നേഹത്താൽ എന്നെ നിറക്കൂ കർത്താവേ “…

അസ്സീസ്സിയിലെ സ്നേഹഗാഥകൾ തീരുന്നില്ല എത്ര പറഞ്ഞാലും …..

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s