വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ പഠനങ്ങൾ

രണ്ടായിരാമാണ്ടിലെ ജൂബിലിയാഘോഷം ഔദ്യോഗികമായി പ്രഖ്യാപിച്ച വേളയിൽ ജോൺപോൾ രണ്ടാമൻ പാപ്പ സുപ്രധാനമായ ഒരു പ്രസ്താവന നടത്തി, “ഓരോ വ്യക്തിയെയും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വിധേയരാകാൻ ഒരുക്കുകയെന്ന ഏകലക്ഷ്യത്തോടെ ഈ അവസരത്തിനായി ” സഭയുടെ പരമോന്നതപദവിയുടെ ആരംഭം മുതൽ

താൻ ” കാത്തിരിക്കുകയായിരുന്നു” എന്നതായിരുന്നു ആ പ്രസ്താവന.

” ഇന്ന് ഇവിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സമ്മേളിച്ചിരിക്കുന്ന നിങ്ങളോടും എല്ലാ ക്രിസ്ത്യാനികളോടും ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവിന്റെ ദാനങ്ങൾക്കായി വിധേയത്വത്തോടെ നിങ്ങളെ തന്നെ തുറക്കുവിൻ ! പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ ഒരിക്കലും നിർത്താതെ ചൊരിയുന്ന ദാനങ്ങൾ നന്ദിയോടും അനുസരണയോടും കൂടി സ്വീകരിക്കുവിൻ “.

ദൈവവുമായുള്ള ഐക്യം വഴി ഉണ്ടാവുന്ന ആന്തരിക സന്തോഷം നിറഞ്ഞ ജീവിതത്തെ, പരിശുദ്ധാത്മാവ് സഭയെ കൊണ്ടുപോകുന്ന യഥാർത്ഥനവീകരണത്തിന്റെ ഭാഗമാക്കാൻ പാപ്പ നമ്മോട് ആഹ്വാനം ചെയ്തു. മറ്റുള്ളവർ ഈ സന്തോഷത്തിൽ പങ്കുചേരാനുള്ള ഒരു ക്ഷണമായി ഈ സന്തോഷം ആന്തരികമായും ബാഹ്യമായും പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

“ജൂബിലിയെന്ന വാക്ക് സന്തോഷത്തെ പറ്റി പറയുന്നു. ആന്തരികമായ സന്തോഷത്തെ കുറിച്ച് മാത്രമല്ല ബാഹ്യമായി പ്രകടിപ്പിക്കപ്പെടുന്ന ആഹ്ലാദത്തെ കുറിച്ചും അത് പറയുന്നു. എന്തെന്നാൽ വിശുദ്ധ യോഹന്നാൻ ശ്ലീഹ വ്യക്തമാക്കുന്നത് പോലെ ( 1 യോഹ 1:1) ദൈവത്തിന്റെ ആഗമനവും, ബാഹ്യവും ദൃശ്യവും ശ്രവ്യവും സ്പർശനീയവുമായ സംഭവമാണ്. അതുകൊണ്ട് ഈ ആഗമനത്തിൽ സന്തോഷത്തിന്റെ ഓരോ അടയാളവും അതിന്റേതായ ബാഹ്യ പ്രകടനത്തോട് കൂടിയതായിരിക്കുകയെന്നത് സമൂചിതമാണ്. സഭ രക്ഷയിൽ ആഹ്ലാദിക്കുന്നുവെന്ന് അത് തെളിയിക്കും. അവൾ എല്ലാവരെയും സന്തോഷിക്കാൻ ക്ഷണിക്കുന്നു. രക്ഷയുടെ ശക്തിയിൽ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കാൻ അവൾ പരിശ്രമിക്കുകയും ചെയ്യുന്നു.”.

ജോൺപോൾ രണ്ടാമൻ പാപ്പ സഭയുടെ വേദപാരംഗതരിൽ ഒരാളായി പോലും അംഗീകരിക്കപ്പെടാവുന്ന വ്യക്തിയാണ്. “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂർണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ”(മത്താ.5:48). യേശുവിന്റെ ഈ വാക്കുകൾ ഒരാളെയും ഒഴിവാക്കാതെ നമ്മെ ഓരോരുത്തരെയും ഉദ്ദേശിച്ചുകൊണ്ടാണെന്നുള്ള അവബോധം പരിശുദ്ധാത്മാവ് ഒരിക്കൽ കൂടി സഭയുടെ മനസാക്ഷിയിലേക്ക് കൊണ്ടുവന്നെന്ന് “നവസഹസ്രാബ്ദത്തിലേക്ക് “എന്ന അപ്പസ്തോലിക ലേഖനത്തിൽ അദ്ദേഹം പറയുന്നു. 1965ൽ അവസാനിച്ച രണ്ടാം വത്തിക്കാൻ സൂനഹ്ദോസോടെ ചില കാര്യങ്ങൾ വീണ്ടും കണ്ടെത്താൻ പരിശുദ്ധാത്മാവ് സഭയെ പ്രേരിപ്പിച്ചെന്ന് ജോൺ പോൾ രണ്ടാമൻ പാപ്പ ആ ലേഖനത്തിൽ പറയുന്നു. അതിൽ ഒന്ന് “വിശുദ്ധിയിലേക്കുള്ള സാർവ്വത്രിക വിളി” ആണ്.

” എല്ലാ ക്രൈസ്തവവിശ്വാസികളും അവർ ഏത് നിലയിലും പദവിയിലും ഉള്ളവരായാലും ക്രൈസ്തവജീവിതത്തിന്റെ പൂർണ്ണതയിലേക്കും സ്നേഹത്തിന്റെ പൂർണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്നു” (നവസഹസ്രാബ്ദത്തിലേക്ക് -30 ജനതകളുടെ പ്രകാശം -40)

വിശുദ്ധിയുടെ പൂർണ്ണതയിലേക്കുള്ള വിളി ക്രൈസ്തവനായിരിക്കുകയെന്നതിന്റെ ഒരു അടിസ്ഥാനഭാഗമാണെന്ന് പാപ്പ ഊന്നി പറയുന്നു.

” ജ്ഞാനസ്നാനം സ്വീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ” എന്ന് സ്നാനാർത്ഥികളോട് ചോദിക്കുന്നത് വിശുദ്ധരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ” എന്ന് ചോദിക്കുന്നതിന് തുല്യമാണ്. ഗിരിപ്രഭാഷണത്തിന്റെ മൗലികസ്വഭാവം അവരുടെ മുൻപിൽ സ്ഥാപിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. “സ്വർഗ്ഗസ്ഥനായ…. പരിപൂർണ്ണരായിരിക്കുവിൻ “( മത്താ 5:48) സാധാരണ ക്രൈസ്തവജീവിതത്തിന്റെ ഈ ഉന്നതനിലവാരം, മുഴുവൻ ഹൃദയത്തോടെ ഓരോ ക്രൈസ്തവനും വീണ്ടും നിർദ്ദേശിച്ചു കൊടുക്കേണ്ട സമയമായി. ക്രൈസ്തവസമൂഹത്തിന്റെയും ക്രൈസ്തവകുടുംബങ്ങളുടെയും ജീവിതമെല്ലാം ഈ ദിശയിലേക്ക് നയിക്കുന്നതാവണം (നവസഹസ്രാബ്ദത്തിലേക്ക് 30,31 )

പ്രാർത്ഥനയുടെ പാഠശാലകളായിരിക്കാൻ, വിശുദ്ധിക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ ആയിരിക്കാൻ, മൂന്നാം സഹസ്രാബ്ദത്തിലെ ഇടവകകളെ പാപ്പ ആഹ്വാനം ചെയ്തു.

” നമ്മുടെ സമൂഹങ്ങൾ പ്രാർത്ഥനയുടെ യഥാർത്ഥ “പാഠശാലകൾ ‘ ആയി തീരണം. അവിടെ ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ സഹായാഭ്യർത്ഥനയിൽ മാത്രം പ്രകാശിപ്പിക്കപ്പെട്ടാൽ പോരാ. പിന്നെയോ, ഹൃദയം ‘ യഥാർത്ഥ സ്നേഹബന്ധത്തിൽ ‘ ഏർപ്പെടുന്നതുവരെയുള്ള കൃതജ്ഞതാപ്രകടനത്തിലും സ്തുതിയിലും ആരാധനയിലും ശ്രവനത്തിലും തീക്ഷ്‌ണതയാർന്ന ഭക്തിയിലും പ്രകാശിക്കപ്പെടണം…ജീവിതം മുഴുവൻ നിറക്കാൻ കഴിയാത്ത ആഴമില്ലാത്ത പ്രാർത്ഥന കൊണ്ട് സാധാരണ ക്രൈസ്തവർക്ക് തൃപ്തരാകാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്” (നവ സഹസ്രാബ്ദത്തിലേക്ക് 33,34)

ലോകത്തിൽ സെക്യുലറിസത്തിന്റെ വ്യാപനപ്രക്രിയക്കിടയിൽ ജീവിതത്തിന്റെ അർത്ഥത്തിനും ആദ്ധ്യാത്മികതക്കും വേണ്ടിയുള്ള വിശപ്പുണ്ടെന്നും അതിനെ തൃപ്തിപ്പെടുത്താൻ അക്രൈസ്തവമതങ്ങളിലേക്കും ആളുകൾ തിരിയുന്നുണ്ടെന്നും പാപ്പ പറയുന്നു.ഈ വിശപ്പ് ശമിപ്പിക്കാനും “ക്രിസ്തുവിനോടുള്ള ബന്ധത്തിന് എത്ര ആഴത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുക്കാനും” ക്രൈസ്തവവിശ്വാസികൾക്ക് സാധിക്കുകയെന്നത് ഇന്ന് പ്രാധാന്യമർഹിക്കുന്ന കാര്യമാണ്”.

ഈ വിളി എത്ര പ്രാധാന്യമുള്ളതാണെന്ന് പാപ്പ മനസ്സിലാക്കിയിരുന്നു. ത്രിത്വവുമായുള്ള ഐക്യത്തിന് മിസ്റ്റിക്കൽ പാരമ്പര്യം പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘അസാധാരണക്കാരായ’കുറച്ചു വ്യക്തികളെ, മിസ്റ്റിക്കുകളെ,സംബന്ധിച്ച് മാത്രമുള്ളതല്ല ഈ ഐക്യത്തിന്റെ ആഴമെന്ന് പാപ്പ പറയുന്നു. ഓരോ ക്രൈസ്തവനും യേശു ക്രിസ്തുവിൽ നിന്ന് തന്നെ സ്വീകരിക്കുന്ന ഒരു വിളി ആണിത്. ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ ജീവനുള്ള അനുഭവമാണിത്. തന്നെ സ്നേഹിക്കുന്നവൻ തന്റെ പിതാവിനാൽ സ്നേഹിക്കപ്പെടും, അവർ വന്ന് അവനിൽ വാസമുറപ്പിക്കുമെന്ന വാഗ്ദാനം.

ആദ്ധ്യാത്മിക യാത്രയെ ശരിയായി മനസ്സിലാക്കാൻ നാല് കാര്യങ്ങൾ വേണമെന്നും പാപ്പ പറഞ്ഞു.

1, ദൈവവുമായുള്ള അഗാധമായ ഐക്യം നമ്മുടെ പരിശ്രമങ്ങൾ കൊണ്ട് ഒരിക്കലും പ്രാപിക്കാൻ പറ്റില്ല. അത് ദൈവത്തിന് നൽകാൻ കഴിയുന്ന ദാനമാണ്.

2, അതേസമയം നമ്മുടെ പരിശ്രമവും അനുപേക്ഷണീയമാണ്. തീവ്രമായ ഐക്യത്തിനായി നമ്മെത്തന്നെ ഒരുക്കണം.

3, നമ്മൾ രൂപാന്തരപ്പെടണം, വേദന നിറഞ്ഞ ‘ ഇരുണ്ട രാത്രികളിലൂടെ പരിവർത്തനവിധേയരാവണം.

4, ഓരോ വേദനക്കും പരിശ്രമത്തിനും അനന്തമൂല്യമുണ്ട്. നമ്മൾ എത്തിച്ചേരുന്ന മഹത്വവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രയുടെ വേദന ലഘുവായി തോന്നും.

സുവിശേഷസാക്ഷ്യത്തിന് യോജിച്ച വിധം തന്റെ ജീവിതം മുഴുവൻ ജീവിച്ചുകാണിച്ച മഹാനായ, വിശുദ്ധനായ ആ പാപ്പയെ നമ്മൾ ഇന്ന് ഓർക്കുന്നു. വീരോചിതമായി സഹനങ്ങൾ ഏറ്റെടുത്തു ജീവിച്ചെന്നു മാത്രമല്ല, അവസാനവർഷങ്ങളിൽ അസുഖത്തിന്റെ കയ്പ്പുനീർ ഏറെ കുടിച്ചെങ്കിലും, തന്റെ നാഥൻ തന്നെ വിളിച്ചു ആക്കിയിടത്ത് മരണം വരെ വിശ്വസ്തതയോടെ പാപ്പ ഉണ്ടായി. എത്രയോ പേരുടെ ജീവിതങ്ങൾ വിശുദ്ധനായ ആ പാപ്പ സ്വാധീനിച്ചു!

ജിൽസ ജോയ് ✍️

(Ref: സർവ്വാഭിലാഷസിദ്ധി )

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s