വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ | Pope St. John Paul II

“ഭയപ്പെടേണ്ട, ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ…. എന്താണ് നമ്മിലുള്ളതെന്ന് ക്രിസ്‌തുവിനറിയാം. അവനു മാത്രമേ അതറിയാവൂ”…

22 ഒക്ടോബർ 1978 ൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ പോപ്പ് ആയതിനു ശേഷമുള്ള ഉദ്ഘാടനപ്രസംഗത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ പറഞ്ഞതാണിത്. പോളണ്ടിലെ കരിങ്കല്‍ ക്വാറിയിൽ പാറ പൊട്ടിച്ചിരുന്ന ആ കൈകൾ വത്തിക്കാനിൽ പത്രോസിന്റെ സിംഹാസനത്തിൽ നിന്ന് വിശ്വാസികളെ അനുഗ്രഹിക്കുന്നതിലേക്കും പിന്നീട് വിശുദ്ധ അൾത്താരയിൽ വണങ്ങുന്നതിലേക്കും എത്തിച്ച യാത്രയിലുടനീളം ദൈവപരിപാലനയുടെ അദൃശ്യകരങ്ങൾ പൊതിഞ്ഞുപിടിച്ചതായി കാണാം .

ലോലക് എന്നായിരുന്നു അവന്റെ ബാല്യകാലത്തെ വിളിപേര്. കരോൾ യോസഫ് വൊയ്റ്റീവക്ക് കേവലം 9 വയസ്സായിരിക്കെ അമ്മ എമിലിയ മരിച്ചു. പിന്നീട് ചേട്ടനും. കിടക്കുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അപ്പനെക്കണ്ടാണ് അവൻ വളർന്നത്. അപ്പനും മകനും ഒന്നിച്ചായിരുന്നു ബൈബിൾ വായന. ഒരു കൊന്തയിൽ പിടിച്ചുകൊണ്ടായിരുന്നു ജപമാല ചൊല്ലൽ.അമ്മ മരിച്ചതിൽ പിന്നെ അപ്പൻ ലോലകിനെ പരിശുദ്ധ ദൈവമാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ കൂടെക്കൂടെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ മാതൃവാത്സല്യത്തിന്റെ കുറവ് നികത്തി. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ നിർത്തി അപ്പൻ പറഞ്ഞിരുന്നു.”മകനെ, ഇതാണ് നിന്റെ സ്വർഗ്ഗീയ അമ്മ. ആവശ്യമുള്ളതെല്ലാം അമ്മയെ അറിയിക്കുക”. മാർപാപ്പ ആയതിനു ശേഷം ജോൺപോൾ രണ്ടാമൻ ഇങ്ങനെ പറഞ്ഞിരുന്നു, “അപ്പന്റെ ജീവിതമാതൃകയായിരുന്നു എന്റെ യഥാർത്ഥ സെമിനാരി പരിശീലനം”.

1938 ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സർവ്വകലാശാലയിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധം തുടങ്ങിയതോടെ സർവ്വകലാശാല അടച്ചുപൂട്ടി. നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപെടാൻ കരിങ്കല്‍ ക്വാറിയിലും കെമിക്കൽ ഫാക്ടറിയിലുമൊക്കെയായി ജോലി ചെയ്യണ്ടിവന്നു. ഉണക്കറൊട്ടിയുടെ ബലത്തിന്മേൽ പാറപൊട്ടിക്കുന്ന കഠിനാദ്ധ്വാനവും അപ്പനെ പരിചരിക്കലും അടുക്കളപ്പണിയും തുണിയലക്കും എല്ലാം.ജോലി കഴിഞ്ഞു മടങ്ങുമ്പോൾ ദിവ്യബലിയിൽ പങ്കെടുക്കും. ഇടവകപ്പള്ളിയിലെ യുവജനകൂട്ടായ്മയിലും അംഗമായി.

ഒരു ദിവസം പട്ടാളമെത്തി കൂട്ടയ്മയിലെ അംഗങ്ങളെയെല്ലാം കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയി. 11 പേരെ വധിച്ചു. കരോൾ അന്നവിടെ ഇല്ലാതിരുന്നതിനാൽ രക്ഷപെട്ടു. നാടകങ്ങളിലൂടെയും ലഘുരേഖകളിൽ കൂടിയും യുദ്ധത്തിനെതിരെ ശബ്ദമുയർത്തി.

പകലത്തെ അദ്ധ്വാനം കഴിഞ്ഞെത്തിയ ഒരുദിവസം കരോൾ കണ്ടത് അപ്പന്റെ ശവശരീരമാണ് . തീർത്തും അനാഥനായി മാറിയ അവൻ വാവിട്ടു കരഞ്ഞു. പിന്നീട് 1942 ൽ ക്രാക്കോവിലെ ആർച്ചുബിഷപ്പിന്റെ അടുത്ത് പോയി തന്നെ സെമിനാരിയിൽ ചേർക്കാമോ എന്ന് ചോദിച്ചു. അന്നുമുതൽ രഹസ്യസെമിനാരി പഠനവും ഫാക്റ്ററി ജോലിക്കൊപ്പം കൊണ്ടുപോയി.

അങ്ങനിരിക്കെ ആണ് ഒരു ലക്ഷത്തോളം പോളണ്ടുകാർക്കു ജീവൻ നഷ്ടപെട്ട ‘ബ്ലാക്ക് സൺ‌ഡേ’ ഉണ്ടായത്. മെത്രാസനമന്ദിരത്തിനു സമീപം പട്ടാളക്കാർ എത്തിയപ്പോൾ തൻറെ സെമിനാരിക്കാർക്ക് ളോഹ നൽകിക്കൊണ്ട് , ആർച്ചുബിഷപ്പ് അവർ തൻറെ സഹപ്രവർത്തകരാണെന്നു പറഞ്ഞു അവരെ സംരക്ഷിച്ചു. പഠനകാര്യങ്ങളിൽ അതിസമർത്ഥനായിരുന്നു കരോൾ. 1944 സെപ്റ്റംബർ 9 നു കരോളിന് ആദ്യപട്ടം ലഭിച്ചു.

ഇതിനിടയിൽ കരോൾ ജോലിനോക്കിയിരുന്ന ഫാക്ടറിയിൽ പട്ടാളക്കാർ റെയ്ഡ് നടത്തി. എണ്ണിനോക്കിയപ്പോൾ ഒരുജോലിക്കാരന്റെ കുറവ് . കരോളിന്റെ ജീവനെടുക്കാൻ അത്രയും മതിയായിരുന്നു. പക്ഷെ ഫാക്ടറി ജീവക്കാരിലൊരാൾ ഭാഗ്യത്തിന് കരോളിന്റെ പേര് രെജിസ്റ്ററിൽ നിന്നുവെട്ടി. അതുകൊണ്ട് പട്ടാളക്കാർ അവനെ തിരഞ്ഞുവന്നില്ല. ഓരോ പ്രാവശ്യവും അവന്റെ കൂടെയുള്ളവർ കൊല്ലപെടുമ്പോഴും അവൻ മാത്രം സംരക്ഷിക്കപെട്ടുകൊണ്ടിരുന്നു. അതേക്കുറിച്ചു കരോൾ പറഞ്ഞതിങ്ങനെ ” അത് കേവലം യാദൃശ്ചികമായിരുന്നില്ല. യുദ്ധത്തിന്റെ ഭീകരതകളുടെ മധ്യേ വ്യക്തിജീവിതത്തിലെ സർവ്വവും എന്റെ ദൈവവിളിയുടെ നന്മയെ മാത്രം ലക്ഷ്യമാക്കി ദൈവം ക്രമീകരിച്ചിരുന്നു എന്നെനിക്കറിയാം “.

രണ്ടാം ലോകമഹായുദ്ധശേഷം വൈദികനായ കരോൾ വോയ്‌റ്റിവ ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. 1948ൽ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ വിശ്വാസദർശനത്തെ കുറിച്ചുള്ള പ്രബന്ധത്തിനു ഡോക്ടറേറ്റ് ലഭിച്ച കരോൾ 1954 ൽ മാക്സ്ഷെല്ലറുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കി തത്വശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.

1958 സെപ്റ്റംബർ 28 നു ക്രാക്കോവ് കത്തീഡ്രലിൽ വെച്ച് മെത്രാനായി അവരോധിക്കപ്പെട്ടു. തോത്തൂസ് തുവൂസ് (Totus Tuus) – ഞാൻ മുഴുവനായും അങ്ങയുടേതാണ് എന്ന ആപ്തവാക്യം സ്വീകരിച്ചു. പരിശുദ്ധ കന്യകാമറിയത്തിനുള്ള ജീവിത സമർപ്പണമായിരുന്നു അത്. തൻറെ നയപരമായ സമീപനങ്ങൾ കൊണ്ട് കമ്യൂണിസ്റ് നേതാക്കളുടെ പോലും പ്രീതി നേടിയെടുക്കാൻ കരോൾ വൊയ്റ്റീവക്ക് കഴിഞ്ഞിരുന്നു. 1967 മെയ് 29 നു ആർച്ച് ബിഷപ്പ് ആയിക്കഴിഞ്ഞിരുന്ന കരോൾ വൊയ്റ്റീവയെ പോൾ ആറാമൻ പാപ്പ കർദ്ദിനാൾ ആക്കി ഉയർത്തി.

സ്ഥാനാരോഹണത്തിനു റോമിലേക്ക് പോകുമ്പോൾ പോളിഷ് കോളേജിൽ നിന്ന് കടം വാങ്ങിയ 200 ഡോളറിൽ 50 ഡോളർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു . കർദ്ദിനാളിന്റെ ഔദ്യോഗികവസ്ത്രത്തിന്റെ ഭാഗമായിരുന്ന ചുവന്ന സോക്സുപോലുമില്ലായിരുന്നു. പകരം കറുത്ത സോക്സ് ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. ആദ്യമായാണ് കുലീനവർഗ്ഗത്തിൽ പെടാത്ത ഒരു വ്യക്തി ക്രാക്കോവ് രൂപതയിൽ നിന്ന് കർദ്ദിനാൾ പദവിയിലെത്തുന്നത്.

പോൾ ആറാമൻ പാപ്പ ദിവംഗതനായപ്പോൾ 111 കർദ്ദിനാളന്മാർ ചേർന്നു ജോൺ പോൾ ഒന്നാമനെ അടുത്ത പാപ്പയായി തിരഞ്ഞെടുത്തു. പക്ഷെ വെറും 33 ദിവസത്തിനു ശേഷം ആ പാപ്പയും ഈ ലോകത്തോട് വിടപറഞ്ഞു. കരോൾ വൊയ്റ്റീവയടക്കമുള്ള കർദ്ദിനാളന്മാർ വീണ്ടും സമ്മേളിച്ചു. ഇറ്റലിയിൽ നിന്നുള്ള രണ്ടു പേർക്കാണ് ആദ്യഘട്ടത്തിൽ സാധ്യത കല്പിച്ചിരുന്നതെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. കോൺക്ലേവിനു മുൻപേ തന്നെ പിന്നീട് ബെനഡിക്ട് XVI പാപ്പ ആയി മാറിയ ജോസഫ് റാറ്റ്സിങ്ങർ പറഞ്ഞിരുന്നു, ” ദൈവനിശ്ചയപ്രകാരമാണ് നാം ജോൺപോൾ ഒന്നാമൻ പാപ്പയെ തിരഞ്ഞെടുത്തത്. എന്നാൽ ദൈവം അതിവേഗം അദ്ദേഹത്തെ വിളിച്ചിരിക്കുന്നു. ഈ കോൺക്ലേവിലൂടെ ദൈവം എന്തോ കാര്യമായി നമ്മോട്‌ പറയാൻ ഉദ്ദേശിക്കുന്നുണ്ട്”.

പലവട്ടം നീണ്ട നറുക്കെടുപ്പിനൊടുവിൽ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നപ്പോൾ ഒരു തരിപോലും സാധ്യത കല്പിക്കാതിരുന്ന, പോളണ്ടിൽ നിന്നുള്ള കരോൾ വൊയ്റ്റീവ ആയിരുന്നു പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത് . ദൈവത്തിന്റെ പദ്ധതികൾ മനുഷ്യർക്ക് അഗ്രാഹ്യമാണ് . അവിടുത്തെ നിശ്ചയം മാറ്റാൻ ആർക്കു കഴിയും ?

മരിച്ചുപോയ ജോൺപോൾ ഒന്നാമനോടുള്ള ബഹുമാനത്തെപ്രതി ജോൺപോൾ രണ്ടാമൻ എന്ന പേരാണ് കരോൾവൊയ്റ്റീവ സ്വീകരിച്ചത്. പാറമടയിൽ പണിയെടുത്തു തഴമ്പിച്ച കരങ്ങളുയർത്തി പുതിയ പാപ്പ ജനങ്ങളെ ആശീർവദിച്ചു. കത്തോലിക്കാ സഭയുടെ 264-ആമത്തെ തലവൻ , പോളണ്ടിൽ നിന്നുള്ള ആദ്യ മാർപാപ്പ, 455 വർഷങ്ങൾക്കു ശേഷം വരുന്ന ഇറ്റലിക്കാരനല്ലാത്ത ആദ്യപാപ്പാ , എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയായിരുന്നു പാപ്പക്ക് .

സംഭവബഹുലമായ കാലഘട്ടമായിരുന്നു ആ 27 വർഷങ്ങൾ.. നാലരപ്പതിറ്റാണ്ട് നീണ്ടുനിന്ന ശീതയുദ്ധം അവസാനിച്ചതും, പാപ്പയുടെ ജന്മനാടായ പോളണ്ടിലും മറ്റും കമ്മ്യൂണിസം തകർന്നുവീണതുമെല്ലാം ഈ സമയത്താണ്. സോവിയറ്റ് യൂണിയന്റെ മാനസാന്തരത്തിനായി പാപ്പ അതിനെ പ്രത്യേകം മാതാവിന് പ്രതിഷ്ഠിച്ചു പ്രാർത്ഥിച്ചിരുന്നു. ഒരിക്കൽ പാപ്പ ഒരു പ്രത്യേക സന്ദേശകത്ത് കർദിനാൾ വശം ഗോർബച്ചേവിന് കൊടുത്തയച്ചു . സോവിയറ്റ് യൂണിയന് വേണ്ടി പ്രാർത്ഥിക്കുന്നു എന്ന സമാപന സന്ദേശമുൾക്കൊള്ളുമെന്ന ആ കത്തു വായിച്ചു ഗോർബച്ചേവ് അത് കൊണ്ടുവന്ന കർദ്ദിനാളിനോട് പറഞ്ഞു,” ആരുമറിയണ്ട, വീട്ടിലുള്ള ലെനിൻ സഖാവിന്റെ ചിത്രത്തിന് പിന്നിൽ മാതാവിന്റെ ഒരു ചിത്രവും ഞാൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്”. ആ കത്തിനുള്ള മറുപടിയായി ഗോർബച്ചേവ് ഇങ്ങനെ എഴുതി, “ആത്മീയത ഉദിക്കുന്ന ഒരു പ്രഭാതം ഞാനും സ്വപ്നം

കാണുന്നു“. ചരിത്രത്തിൽ അത് യാഥാർഥ്യമായി.

ജോൺപോൾ പാപ്പ ക്യൂബക്കായി എന്നും മധ്യസ്ഥ പ്രാർത്ഥന നടത്തിയിരുന്നു. പ്രഭാതത്തിൽ ദിവ്യബലി കഴിഞ്ഞാലുടൻ ഈ കമ്മ്യൂണിസ്റ് ദ്വീപിനെ സമർപ്പിച്ചുപ്രാർത്ഥിക്കുമായിരുന്നു. 1998 ജനുവരി 21 മുതൽ 4 ദിവസങ്ങൾ പാപ്പ ക്യൂബ സന്ദർശിക്കുന്ന വേളയിൽ ഫിഡൽ കാസ്ട്രോ തൻറെ രണ്ടു സഹോദരിമാർക്കൊപ്പം വന്നു മുട്ടുകുത്തി അനുഗ്രഹം യാചിച്ചു . അമേരിക്കക്കു മുൻപിൽ മുട്ടുമടക്കാതിരുന്ന ആമനുഷ്യൻ പാപ്പയുടെ വിശുദ്ധിക്ക് മുൻപിൽ മുട്ടുമടക്കി. പാപ്പയുടെ നിര്യാണത്തിൽ കാസ്ട്രോ ഇങ്ങനെ അനുശോചനമറിയിച്ചു , ” എന്റെ ഉറ്റസുഹൃത്തിനെ നഷ്ടമായ അനുഭവമാണിപ്പോൾ”.

തൻറെ ജീവിതവും ദൈവവിളിയും പൂർണ്ണമായി പരിശുദ്ധ അമ്മക്ക് സമർപ്പിച്ചു കൊണ്ട് കരോൾ ജോസഫ് വോയ്‌റ്റിവ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു, ” അമ്മെ ഞാൻ പൂർണ്ണമായും നിന്റേതാണ്. എന്റെ സമസ്തവും നിന്റേതാണ് എന്റെ സർവ്വതിലും ഞാൻ നിന്നെ സ്വീകരിക്കുന്നു. ” ഓ മറിയമേ നിന്റെ ഹൃദയം എനിക്ക് തരിക “. 1981 മെയ് 13 നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വെച്ചു പാപ്പ അലി അഗ്കയുടെ വെടിയേറ്റ് വീഴവേ ജനക്കൂട്ടത്തിൽ നിന്നു ഒരാൾ എടുത്ത ഫോട്ടോയിൽ പരിശുദ്ധ അമ്മ ജോൺപോൾ പാപ്പയെ താങ്ങിപിടിച്ചിരിക്കുന്നതിന്റെ അത്ഭുതചിത്രം തെളിഞ്ഞിരുന്നു. സുഖം പ്രാപിച്ച പരിശുദ്ധ പിതാവ് ശരീരത്തിലേറ്റ വെടിയുണ്ടകളുമായി ഫാത്തിമായിൽ തൻറെ പ്രിയമാതാവിന്റെ അടുത്തെത്തി , മാതാവിന്റെ കിരീടത്തിൽ അവ സമർപ്പിച്ചു. ഒരിക്കൽ കൂടി പറഞ്ഞു, “പരിശുദ്ധ അമ്മെ , ഞാൻ പൂർണ്ണമായും നിന്റേതാണ്”.

ഒരു കൊച്ചുകുട്ടിയെ എടുത്തു ഉമ്മവെച്ചു മാതാപിതാക്കൾക്ക് കൊടുത്തുകഴിഞ്ഞ ഉടനെയാണ് വെടിയേറ്റത് . പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും വെടിയേറ്റു. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും പാപ്പയുടെ രക്തത്തിന്റെ മുക്കാൽ ഭാഗവും ഒഴുകിപോയിരുന്നു. ആറുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ. ഇടയിൽ അൽപ്പനേരം ബോധം വന്നപ്പോൾ തൻറെ ശരീരത്തിലുള്ള മാതാവിന്റെ രൂപം മാറ്റരുതെന്നു ഡോക്ടർമാരോട് പറഞ്ഞു. തുടർന്ന് വിശ്രമത്തിലായിരുന്ന പാപ്പ തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു,” എന്നെ വെടിവെച്ച പ്രിയസഹോദരനോട് ഞാൻ ഹൃദയപൂർവ്വം ക്ഷമിക്കുന്നു. അവനു വേണ്ടി പ്രാർത്ഥിക്കുന്നു. നിത്യപുരോഹിതനും ബലിവസ്തുവുമായ മിശിഹായുടെ സഹനങ്ങളോട് ചേർത്ത് എന്റെ സഹനത്തെ സഭക്കും ലോകത്തിനും വേണ്ടി കാഴ്ച വെക്കുന്നു”.

1983 ഡിസംബർ 27 നു റബിബിയ ജയിലിൽ ചെന്ന് പാപ്പ അലിയെ കണ്ടു. പരസ്പരം മുഖാഭിമുഖം ഇരുന്ന് അലിയുടെ കാൽമുട്ടുകളിൽ തൻറെ കൈ വെച്ചു ക്ഷമ നൽകി. പാപ്പ മരിച്ചപ്പോൾ അലി അഗ്കയുടെ പ്രതികരണം ഇങ്ങനെ ,”എന്റെ വലിയ കൂട്ടുകാരന്റെ വേർപാടിൽ എനിക്ക് അതിയായ ദുഖമുണ്ട്”.

1994 ൽ ഐക്യരാഷ്ട്രസംഘടനയുടെ കെയ്‌റോ സമ്മേളനത്തിൽ ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും വാദിച്ചു. മറ്റു രാഷ്ട്രങ്ങൾ പിന്താങ്ങി. ഇതിനെതിരെ ഉയർന്ന ഏകസ്വരം വത്തിക്കാന്റെതായിരുന്നു.

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇങ്ങനെ ചോദിച്ചു .” നിസ്സഹായരായ കുഞ്ഞുങ്ങളുടെ ജീവൻ നശിപ്പിക്കാൻ ആര് നിങ്ങൾക്ക് അധികാരം തന്നു?ഇതിന്റെ മാനദണ്ഡമെന്ത് ?പാപ്പ അന്ന് പറഞ്ഞു: “ഞാനൊരു യുദ്ധം നയിക്കാൻ പോകുന്നു. ജീവന് വേണ്ടി, മരണസംസ്കാരത്തിനെതിരെയുള്ള യുദ്ധം”. അദ്ദേഹം പരിശുദ്ധ അമ്മക്ക് വിഷയം സമർപ്പിച്ച് ജപമാല കൈകളിലെടുത്തു. ലോകത്തിലെ മുഴുവൻ കത്തോലിക്ക വിശ്വാസികളോടും പരിശുദ്ധ കന്യാമറിയത്തെ വിളിച്ചപേക്ഷിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് “ജീവന്റെ സുവിശേഷം” ” കുടുംബങ്ങൾക്ക് ഒരെഴുത്ത്” എന്നിവ പ്രസിദ്ധീകരിച്ചു.

കേരളം സന്ദർശിച്ചിട്ടുള്ള ഏകമാർപ്പാപ്പയാണ് ജോൺപോൾ രണ്ടാമൻ പാപ്പ. 104 ലോകപര്യടനങ്ങളിലൂടെ 129 രാജ്യങ്ങൾ പാപ്പ സന്ദർശിച്ചു. പതിമൂന്നിലധികം ഭാഷകൾ പാപ്പ സംസാരിക്കുമായിരുന്നു . 483 പേരെ വിശുദ്ധരുടെ ഗണത്തിലേക്കും 1340 പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയർത്തി. ദിവ്യബലിക്ക് ലത്തീൻ ഭാഷക്കുപകരം പ്രാദേശികഭാഷകൾ ആക്കാൻ തീരുമാനമെടുത്തത് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാണ്.

ഡിവൈന്‍ മേഴ്സി ഞായര്‍, വേള്‍ഡ് യൂത്ത് ഡേ, മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന വേള്‍ഡ് മീറ്റിങ്ങ് ഓഫ് ഫാമിലീസ്, വേള്‍ഡ് ഡേ ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് – ഫെബ്രുവരി 2, ഫെബ്രുവരി 11 നു ദി വേള്‍ഡ് ഡേ ഓഫ് ദി സിക്ക്, തിയോളജി ഓഫ് ദി ബോഡി ശരീരത്തിന്‍റെ ദൈവശാസ്ത്രം, ഈയര്‍ ഓഫ് ദി റോസറി, പ്രകാശത്തിന്‍റെ ജപമാല രഹസ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്.

ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ പാപ്പക്ക്‌ കഴിഞ്ഞു. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്.

പാപ്പയുടെ അവസാന യാത്ര നടത്തിയത് ലൂർദിലേക്കായിരുന്നു , ദൈവമാതാവിനുള്ള നന്ദിപ്രകാശനമെന്ന പോലെ. ലോകത്തെയും സഭയേയും മുഴുവൻ അമ്മയുടെ വിമലഹൃദയത്തിലേക്ക് പാപ്പ സമർപ്പിച്ചു.ദിവ്യകാരുണ്യവും ജപമാലയും രൂപപ്പെടുത്തിയ ജീവിതമായിരുന്നു പോപ്പിന്റെത്.

അവസാനനാളുകൾ ആശുപത്രിയിൽ ചിലവഴിക്കാതെ വത്തിക്കാനിൽ തന്നെ ആയിരിക്കാനാണ് പാപ്പ ആഗ്രഹിച്ചത് .2005 ഏപ്രിൽ 2 നു വൈകീട്ട് 3.30 നു പാപ്പ തൻറെ അവസാനവാക്കുകൾ ഉരുവിട്ടു. “ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേക്ക് പോകുന്നു” എന്നതായിരുന്നു അവസാന വാക്കുകൾ .തുടർന്ന് അബോധാവസ്ഥയിലായ പാപ്പ 6 മണിക്കൂറിനു ശേഷം എണ്പത്തിനാലാം വയസ്സിൽ കാലം ചെയ്തു. ലക്ഷക്കണക്കിന് ജനങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ st പീറ്റേഴ്സ് ദേവാലയത്തിലെത്തിചേർന്നത്. സാന്തോ സുബിത്തോ (അദ്ദേഹത്തെ വിശുദ്ധനാക്കുക ) എന്ന മുറവിളി എല്ലാവരുടെയും ചുണ്ടിൽ തങ്ങി നിന്നു.

വിശുദ്ധ പദവിയിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2009 ഡിസംബർ 19 – ന് ധന്യപദവിയിലേക്ക്‌ ഉയർത്തി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മാധ്യസ്ഥതയാൽ ഫ്രഞ്ച്‌ സന്യാസിനി മരിയേ സൈമണ് പാർക്കിൻസൺസ് രോഗം സുഖപ്പെട്ട സംഭവം സഭാകോടതിയിൽ തെളിയിക്കപ്പെട്ടതിനാൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ 2011 മേയ് 1 നു വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് പാപ്പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വിശുദ്ധ കുർബ്ബാനയോടും ദിവ്യകാരുണ്യത്തോടും അതീവഭക്തിയുണ്ടായിരുന്ന പാപ്പയുടെ വാക്കുകൾ ഇങ്ങനെ,

“നിങ്ങൾ സന്തോഷം സ്വപ്നം കാണുമ്പോൾ നിങ്ങൾ യേശുവിനെയാണ് അന്വേഷിക്കുന്നത്. നിങ്ങൾ കണ്ടെത്തുന്നതൊന്നും നിങ്ങളെ തൃപ്തരാക്കാത്തപ്പോൾ അവൻ നിങ്ങളെ കാത്തിരിക്കുകയാണ്. നിങ്ങൾ ആകര്ഷിക്കപ്പെടേണ്ട സൗന്ദര്യം അവനാണ്. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത പൂർണ്ണതക്കു വേണ്ടി ദാഹിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നത് അവനാണ് . ശരിയല്ലാത്ത ജീവിതത്തിന്റെ മുഖംമൂടികൾ എറിഞ്ഞുകളയാൻ തോന്നിപ്പിക്കുന്നത് അവനാണ്. നിങ്ങളുടെ ജീവിതം വഴി മഹത്തായതെന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം നിങ്ങളിൽ ഉദിപ്പിക്കുന്നതും അവനാണ്”.

“ക്രിസ്തുവിൽ മാത്രമേ നമ്മൾ ശരിയായ സ്നേഹവും ജീവിതത്തിന്റെ പൂർണ്ണതയും കണ്ടെത്തുന്നുള്ളു. അതുകൊണ്ട് ക്രിസ്തുവിലേക്ക് നോക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു”

എല്ലാവർക്കും വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements

വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു’.

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യം ആണ് പ്രാർത്ഥന എന്നറിയാവുന്നത് കൊണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ആരും ശല്യപ്പെടുത്തരുതെന്നൊരു നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശക്തി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറ്വ്വഹിക്കാൻ ആവശ്യമാണെന്ന് പാപ്പക്ക് നല്ല ധാരണയുണ്ടായിരുന്നതുകൊണ്ടാണത് .

ഒരിക്കൽ പാപ്പ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ വത്തിക്കാനിലെ അഡ്മിനിസ്ട്രേഷൻ ന്റെ ചുമതലയുള്ള കർദ്ദിനാൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. പാപ്പയുടെ സെക്രട്ടറിയോട് പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ചും അത് തിടുക്കത്തിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കർദ്ദിനാൾ വിശദീകരിച്ചു. സെക്രട്ടറി പറഞ്ഞു, “ഇല്ല, പാപ്പ പ്രാർത്ഥനയിലാണ് . ഇപ്പോൾ ശല്യപ്പെടുത്താൻ പറ്റില്ല”. പക്ഷെ എത്ര പറഞ്ഞിട്ടും കർദ്ദിനാൾ കാര്യം വളരെ ഗൗരവമുള്ളതാണെന്നും പിതാവിനോട് എത്രയും പെട്ടെന്ന് അത് അറിയിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടിരുന്നു.

അവസാനം സെക്രട്ടറി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ആൾ പോയി ജോൺപോൾ രണ്ടാമൻ പാപ്പയോട് പറഞ്ഞു, “പരിശുദ്ധ പിതാവേ, കർദ്ദിനാൾ അങ്ങയെ കാണാൻ കാത്തുനിൽക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ടതും അടിയന്തിരമായി അങ്ങ് അറിയേണ്ടതുമായ എന്തോ കാര്യം അദ്ദേഹത്തിന് പറയാനുണ്ട്. അങ്ങയെ ഈ സമയത്ത് ശല്യപ്പെടുത്താൻ പാടില്ലെന്ന് എനിക്കറിയാമെങ്കിലും ഇപ്പോഴിത് വേണ്ടിവന്നു. അങ്ങയുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ആവശ്യമുള്ള കാര്യമായത്‌ കൊണ്ടാണ്”.

ശാന്തനായി പാപ്പ സെക്രട്ടറിയോട് ചോദിച്ചു, “അത്യാവശ്യകാര്യമാണെന്നും വളരെ പ്രധാനപ്പെട്ടതാണെന്നും കർദ്ദിനാൾ പറഞ്ഞോ?” അങ്ങനെയാണ് കർദ്ദിനാൾ പറഞ്ഞതെന്ന് സെക്രട്ടറി പറഞ്ഞപ്പോൾ പാപ്പ പറഞ്ഞു, “അദ്ദേഹത്തോട് പറയൂ (Tell his eminence), കാര്യം ഇത്ര ഗൗരവമുള്ളതും അടിയന്തിരമായി നടത്തേണ്ടതും ആണെങ്കിൽ, അത്ര പ്രധാനപ്പെട്ട വിഷയത്തിൽ ശരിയായ ഒരു തീരുമാനമെടുക്കാൻ വേണ്ടി എനിക്കിന്ന് കുറച്ച് നേരം കൂടുതൽ പ്രാർത്ഥിക്കണമെന്ന് പറയൂ. എന്റെ തീരുമാനം ദൈവഹിതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുവരുത്തണം”!!

“കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട് . അവിടുന്ന് എന്റെ വലതുഭാഗത്തുള്ളതു കൊണ്ട് , ഞാൻ കുലുങ്ങുകയില്ല. അതിനാൽ എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു”. ( സങ്കീ 16:8-9)

ജിൽസ ജോയ് ✍️

Pope John Paul II waves to well-wishers in St. Peter’s Square at the Vatican in 1978, the year his was elected the 263rd successor to St. Peter. Blessed John Paul, known as a globetrotter who made 104 trips outside Italy, served as pope from 1978 to 2005 and was beatified by Pope Benedict XVI May 1, 2011. He will be canonized April 27 with Blessed John XXIII. (CNS photo/Arturo Mari, L’Osservatore Romano) (March 23, 2014) See stories SAINTS- March 19, 2014, March 21, 2014 and to come.
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s