ജപമാല ധ്യാനം 30

ജപമാല ധ്യാനം – 30

ഇന്നലെ ഫേസ്ബുക്കിൽ കാണാനിട വന്ന വീഡിയോ ആ കഥ പറഞ്ഞു. പാഞ്ഞു പോകുന്ന തീവണ്ടിയുടെ ജനാലയിലേക്ക് തല ചായ്ച്ച് കിടക്കുന്ന ഒരു മനുഷ്യൻ. പെട്ടെന്ന് ഒരു ബോധോദയമുണ്ടായത് പോലെ ചാടിയെണീറ്റ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഓടിയെത്തിയവരോട് പറഞ്ഞുവത്രേ ട്രാക്കിലെവിടെയോ വിള്ളൽ വീണിട്ടുണ്ട് എന്ന്. അയാളുടെ നിർബന്ധം മൂലം അവർ ഇറങ്ങി പരിശോധിച്ചപ്പോൾ കാര്യം ശരിയായിരുന്നുവത്രേ. മാജിക്ക് ഒന്നുമല്ല. ജനാലയിൽ തല വച്ച് കാതോർത്ത് കിടന്നപ്പോഴുള്ള ശബ്ദ വ്യതിയാനത്തിൽ നിന്നും മനസിലാക്കിയതാണത്രേ..! കഥ ശരിയാണ്. 1861 ൽ ജനിച്ച് 100 വയസു വരെ ജീവിച്ച, ജോർജ് അഞ്ചാമൻ രാജാവിൽ നിന്നു പ്രഭു പദവി വാങ്ങിയ, 1955 ൽ ഭാരതരത്ന വാങ്ങിയ എം.വിശ്വേശ്വരയ്യ എന്ന പ്രഗൽഭനായ എഞ്ചിനീയറെക്കുറിച്ച് വിക്കിപീഡിയ പറഞ്ഞു തന്നു. അദ്ദേഹമാണ് കഥാപാത്രം.

എനിക്കു തോന്നുന്നു, ഒരു ജപമാല വെറുതെ നീട്ടി പിടിച്ചാൽ, സമാന്തരമായി പോകുന്ന റെയിൽവേ ട്രാക്കിനെ അനുസ്മരിപ്പിക്കുമെന്ന്. അതിലേക്ക് ചെവി ചായ്ച്ച് കിടക്കുന്ന ആർക്കും അടുത്തു വരുന്ന അപകടങ്ങളെ തിരിച്ചറിയാനും ഒഴിവാക്കാനും കഴിയുമെന്ന്. അപകടത്തിൽ നിന്ന് കരകയറാനാകുമെന്ന്. 

പത്രങ്ങളുടെ ചെറിയ കോളത്തിന്റെ മൂലയ്ക്ക് ഒതുങ്ങിപ്പോയൊരു വാർത്തയുണ്ട്. ആറേഴ് വർഷം മുമ്പ്. നമ്മുടെ കൊച്ചു കേരളത്തിൽ നിന്നു തന്നെ. ഒരു അക്രൈസ്തവ പെൺകുട്ടി. പ്ലസ് ടു അഡ്മിഷന് അപേക്ഷിക്കേണ്ട അവസാന തീയതിയിൽ എടുക്കാൻ മറന്നു പോയ കടലാസിനു വേണ്ടി അക്ഷയ കേന്ദ്രത്തിൽ നിന്ന് വീട്ടിലേക്ക് പോകും വഴി തെരുവുനായ്ക്കൾ ഓടിച്ചു. നായ്ക്കളിൽ നിന്ന് രക്ഷപെടാൻ വഴിതെറ്റി ഓടിയ കുട്ടി ആൾപാർപ്പില്ലാത്ത പുരയിടത്തിലെ കിണറ്റിൽ വീണു. ആഴ്ന്ന് പോകുമ്പോൾ ഒരു വേരിൽ പിടുത്തം കിട്ടി. വേരിൽ തൂങ്ങി ഒരു ചെറിയ കല്ലിൽ ചവിട്ടി അരയൊപ്പം വെള്ളത്തിൽ പിടിച്ചു നിന്നു. നിലവിളികളും മറ്റും കേൾക്കാനാരുമില്ലാതെ വന്നപ്പോൾ, മനസിലേക്കോടി വന്നത് നേരത്തെ പഠിച്ച ബോർഡിംഗ് സ്കൂളിൽ കൂട്ടുകാർ ചൊല്ലി കേട്ടിരുന്ന നന്മ നിറഞ്ഞ മറിയമേ എന്ന ജപമാണ്. രാത്രിയും ഇരുട്ടും വന്നപ്പോഴും, പിറ്റേന്ന് പ്രഭാതമായപ്പോഴും 24 മണിക്കൂറിനു ശേഷം ആൾക്കാർ അവളെ കണ്ടെത്തി രക്ഷിക്കുവോളവും തുണയായത് അതേ ജപം തന്നെ. കാലുകൾ മരവിക്കാതെ, കൈകളുടെ പിടുത്തം അയഞ്ഞു പോകാതെ, മനസ് ഭയന്നു തകരാതെ പിടിച്ചു നിർത്തിയ അൽഭുതകരമായ ജപം.

വെറുതെ അൽപ്പനേരമെങ്കിലും ഈ പച്ചമണ്ണിലേക്ക് മുഖം ചേർക്കുക. ചെവി ചായ്ക്കുക. മുന്നേ നടന്നു പോയവരുടെ, ഭൂമിയുടെ ഗർഭഗ്രഹങ്ങളിൽ അന്ത്യനിദ്ര കൊള്ളുന്നവരുടെ കഥകളിൽ നമുക്കതു കേൾക്കാനാവും. ഒരു ദുർബലമായ ജപമാലയുടെ ചരട് കൊണ്ട് ജീവിതം തന്നെ കരുപിടിപ്പിച്ചവർ. അമേരിക്കയുടെ തീരങ്ങളെ തകർത്തെറിഞ്ഞ കത്രീന എന്ന ചുഴലിക്കൊടുങ്കാറ്റിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കൊച്ചു വീടു മാത്രം തല ഉയർത്തി നിന്നിരുന്നു. ക്ഷതങ്ങളൊന്നുമില്ലാതെ. വർഷങ്ങൾ സ്വപ്നം കണ്ട് ആഗ്രഹിച്ച് പണം സ്വരുക്കൂട്ടി ആ കുടുംബം പരി. കന്യകാമറിയം പ്രത്യക്ഷപ്പെട്ട മെഡ്ജുഗോറിയ സന്ദർശിക്കാൻ പോയിരിക്കുമ്പോഴാണ് കൊടുങ്കാറ്റ് ആ പ്രദേശത്തെ തകർത്തെറിഞ്ഞത്. പോകാനിറങ്ങുമ്പോ വീടുപൂട്ടി മാതാവിന്റെ ഉത്തരീയം കൊണ്ടു ബന്ധിച്ചു. മടങ്ങി വരുമ്പോ മനസിലാകുന്നു ആ ദുർബലമായ ചരട് ആ വീടിനെ കാത്തുവെന്ന്. ഏതു യുക്തിക്ക് മനസിലാകുമത്..! ഇന്റർനെറ്റിൽ ചിത്രങ്ങൾ സഹിതം അവരത് പങ്കുവച്ചിരുന്നു.

ജീവിതത്തിന്റെ കൊടുങ്കാറ്റുകളിൽ ആ ജപമണികൾ ശരണമാകട്ടെ.

Source: WhatsApp

Author: Bro. Arun SDV

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s