ദൈവം കയ്യൊപ്പ് ചാർത്തിയവർ

ദൈവം കയ്യൊപ്പ് ചാർത്തിയവർ

സ്‌പെയിനിലെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ഒരു ദേവാലയത്തിന്റെ മുറ്റത്തുള്ള സിക്കമൂർ മരച്ചുവട്ടിൽ കിടന്ന് സാന്തിയാഗോ എന്ന ഇടയബാലൻ സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകൾക്കിടയിലെവിടെയോ ഒരു നിധി ഒളിഞ്ഞുകിടപ്പുണ്ട് എന്നതാണ് സ്വപ്നം. വിശുദ്ധ ബൈബിളിലെ പൂർവപിതാവായ ജോസഫിനെപ്പോലെ രണ്ടുപേർ സ്വപ്നത്തിലെ സന്ദേശം വെളിപ്പെടുത്തിക്കൊണ്ട് സാന്തിയാഗോയുടെ ജീവിതത്തിലിടപെടുന്നു. ഒരു ജിപ്‌സി സ്ത്രീയും സാലെമിന്റെ രാജാവായ മെൽക്കീസെദേക്കും. ജിപ്‌സി സ്ത്രീ പറഞ്ഞുകൊടുക്കുന്ന പാഠം ഇതാണ്. ‘ജീവിതത്തിലെ സാധാരണമായ കാര്യങ്ങളാണ് അസാധാരണമായിട്ടുള്ളത്; ജ്ഞാനികൾക്കു മാത്രമേ അത് മനസ്സിലാവുകയുള്ളൂവെന്ന്.’ പുറമെ നിന്ന് ഒന്നിനും ഒരാളെ ജ്ഞാനിയാക്കാനാകില്ല, അതുപോലെതന്നെ അശുദ്ധനാക്കാനും എന്ന ക്രിസ്തുവചനം നാം ഓർക്കണം. മനസ്സിന്റെ പരിണാമത്തിലൂടെ ഒരാൾ രൂപപ്പെടുന്ന പ്രക്രിയയാണത്. ആൽക്കെമിസ്റ്റ് എന്ന നോവലിൽ സാന്തിയാഗോ എന്ന കഥാപാത്രം തന്റെ യാത്രയുടെ അവസാനത്തിലെത്തുമ്പോഴേയ്ക്കും ഈ പരിണാമത്തിന് വിധേയനാകുന്നുണ്ട്. സ്വപ്നത്തിൽ കണ്ട നിധി ഈജിപ്തിലെ പിരമിഡുകൾക്കിടയിലല്ല, താൻ സ്വപ്നം കണ്ടുറങ്ങിയ മണ്ണിനടിയിൽ തന്നെയാണെന്നും മറ്റെങ്ങുമല്ലെന്ന വ്യക്തമായ അറിവിലെത്തുന്നു. ഒരാളുടെ സാധ്യത അയാളുടെ ഉള്ളിൽ തന്നെയുണ്ട് എന്ന ശക്തമായ സന്ദേശം നൽകിയാണ് പൗലോ കൊയ്‌ലോ നോവലവസാനിപ്പിക്കുന്നത്.

ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നെയുണ്ട് എന്ന ലൂക്കാ 17/21 ൽ കാണുന്ന ക്രിസ്തുവചനം ഓരോ വ്യക്തിയിലും രൂപപ്പെടേണ്ട ഇത്തരമൊരു സത്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ആത്മീയത എന്നത് തന്നിലെ ഏറ്റവും നല്ല മനുഷ്യൻ എന്ന സാധ്യതയിലേയ്ക്ക് ഒരാൾ വളരുന്ന പ്രക്രിയയാണ്. അത്തരമൊരു ആത്മീയ സമ്പന്നത സ്വർഗീയാനുഭവത്തിലേക്ക് ഒരു വ്യക്തിയെ ചേർത്തുനിർത്തുന്നു. അവരാണ് ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യർ.ദൈവത്തിന്റെ പേരിൽ സ്വർഗം സ്വന്തമാക്കാൻ, സമ്പത്ത് കൂട്ടാൻ ആഭിചാരക്രിയകളും നരബലികളും ചെയ്യണമെന്ന് കൽപിക്കുന്നവരോട് എന്ത് പറയാൻ? അപരിഷ്‌കൃത ലോകത്തിന്റെ പ്രവാചകരെന്നും കൊന്നുതിന്നുന്ന കാട്ടുനീതിയുടെ വക്താക്കളെന്നും വിളിക്കാനാണെനിക്കിഷ്ടം. ലഹരിവസ്തുക്കളും മനുഷ്യന്റെ നാഡീഞരമ്പുകളിൽ മാസ്മരികതയുടെ ഭാവനാലോകം തീർക്കുന്നുണ്ട്. ആത്മാവ് നഷ്ടപ്പെട്ട അപരിഷ്‌കൃത ലോകത്തിന്റെ പ്രതിധ്വനി മുഴങ്ങുന്നുണ്ട് ചുറ്റിലും. മാറേണ്ടത് നാമോരോരുത്തരുമാണ്, തനിയെ മാറും സമൂഹവും.

ക്രിസ്തീയ ജീവിതം നൽകുന്ന ദൈവസങ്കൽപ്പവും സ്വർഗസങ്കൽപ്പവും ഭൗമിക ജീവിതത്തിന്റെ മഹത്വീകൃതമായ ശ്രേണിയായിട്ടാണ്. കാഴ്ചവട്ടങ്ങൾക്കും സ്പർശന പരിധികൾക്കുമൊക്കെയപ്പുറത്ത് യാഥാർഥ്യങ്ങളുണ്ടെന്ന തിരിച്ചറിവാണ്. അത്തരമൊരു ചിന്തയാണ് ‘മരണത്തെ എന്റെ സഹോദരി’ എന്നൊക്കെ വിളിക്കാൻ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ പ്രേരിപ്പിച്ചതും. മരണം ഒരു കടന്നുപോകലാണെന്നും മരണത്തിനപ്പുറം വിധിയും സ്വർഗവും നരകവും ഉണ്ടെന്ന വിശ്വാസങ്ങളും ശക്തിപ്പെടേണ്ടിയിരിക്കുന്നു. ബിജു മഠത്തിക്കുന്നേലച്ചൻ എഴുതിയതുപോലെ ഒരു സൃഷ്ടിയുടെമേൽ കലാകാരന്റെ അവസാനത്തെ സ്പർശനമോ ഇടപെടലോ പോലെ മനുഷ്യജീവിതത്തിന്റെ പാകമാകൽ ദൈവം അറിയിക്കുന്നതാണ് മരണം.’ ദൈവം കയ്യൊപ്പ് ചാർത്തിയ മനുഷ്യരാണ് അവർ.

ഇതൊക്കെയാണെങ്കിലും ചില മരണങ്ങൾ ജീവിതത്തിൽ നൊമ്പരപ്പാടുകൾ തീർത്തേ പോകൂ. ഒരു ജീവിതം എന്നന്നേയ്ക്കുമായി മറയുന്നത് ജീവിതത്തിൽ എന്നന്നേയ്ക്കുമായി ശൂന്യത നിറച്ചുകൊണ്ടാണെന്ന് മനസ്സിലായത് ഏറ്റവും പ്രിയപ്പെട്ട എന്റെ ചേട്ടന്റെ മരണത്തോടെയാണ്. ഭൗമികമായ സാന്നിധ്യത്തിന്റെ നഷ്ടം അത് തീർത്തെങ്കിലും സമയമെന്ന പ്രതിഭാസത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് പുതിയ ജീവിതത്തിന്റെ ആശംസകളുമായി മുമ്പേ പോയവർ ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. നവംബർ പ്രതീക്ഷയുടെ മാസമാണ്. കാരുണ്യവാനായ ദൈവത്തിന്റെ ചിറകിൻ കീഴിലാണെന്ന എളിയ ബോധ്യം ഭയത്തെ അകറ്റുന്നുമുണ്ട്… നരകത്തീയിൽ തള്ളില്ലെന്ന ആത്മവിശ്വാസവും… ക്രിസ്തു മരിച്ചത് എനിക്കും നിനക്കും വേണ്ടിയാണെന്ന വിശ്വാസം വേണം.

നവംബർ 4 വിശ്വാസ പരിശീലകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോയുടെ തിരുനാൾ ദിനം… ക്രിസ്തുവിനെ പ്രഘോഷിക്കലാണ് വിശ്വാസമെന്ന് ജീവിതംകൊണ്ട് തെളിയിക്കുന്നവർ… ക്രിസ്തുവിന്റെ ജീവിതവും പഠനങ്ങളും ജീവിതശൈലിയാക്കിയവർ… ജീവിതത്തിൽ നല്ലവഴി ജീവിതശൈലിയാക്കിയവർ… സർവോപരി ഇടവകയോട് ചേർന്ന് പുതുതലമുറയെ സമഗ്രമായി വളർത്തുന്നവർ മതാദ്ധ്യാപകർ… നന്ദിയോടെ…

ഫാ. റിജോയ് പഴയാറ്റിൽ

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s