സകല മരിച്ചവരുടെയും ഓർമ്മ: ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥന ആവശ്യമുണ്ടോ?

നീതിയുടെ… ജീവന്റെ കിരീടം സമ്മാനിക്കപ്പെട്ട വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ 1 കഴിഞ്ഞു വരുന്ന ഈ ദിവസം, ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ ഓർക്കാനും അവർക്കായി പ്രാർത്ഥിക്കാനും, സഭാമാതാവ് സമരസഭയിലുള്ള നമ്മെയെല്ലാം വിളിക്കുന്നു. പുണ്യവാന്മാരുടെ ഐക്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്ന നമ്മൾ ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്നവരോട് ചെയ്യുന്ന ഈ സ്നേഹപ്രവൃത്തി തികച്ചും ഉചിതമാണ്. തന്റെ മക്കൾ മരിക്കുന്നതു വരെ മാത്രമല്ല, അത് കഴിഞ്ഞും നമ്മെ വഹിക്കുന്ന, ‘ജീവനെ നിത്യം പരിപാലിക്കുന്ന’ ദൈവം നമ്മളെയും വിളിക്കുകയാണ്‌ അവന്റെ അനന്തകാരുണ്യത്തിൽ പങ്കുചേരാനും മരണമടഞ്ഞവർക്ക് പ്രത്യാശയേകാനും.

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക് നമ്മുടെ പ്രാർത്ഥനയും പരിഹാരപ്രവൃത്തികളും ഉപകാരപ്പെടുമെന്നും ദൈവവുമായുള്ള അവരുടെ അകൽച്ചയുടെ തോത് അത് കുറക്കുമെന്നും ട്രെന്റ് സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “എന്നാൽ ഏറ്റവും പ്രധാനമായി അവർ സഹായിക്കപ്പെടുന്നത് അൾത്താരയിലെ സ്വീകാര്യമായ ബലി വഴിയാണെന്നും ഈ എക്യുമെനിക്കൽ സൂനഹദോസ് പ്രബോധനം നൽകുന്നു”. വിശുദ്ധ തോമസ് അക്വീനാസും അത് ആവർത്തിക്കുന്നു. “പരിശുദ്ധ കുർബ്ബാനയിലെ ബലിയേക്കാൾ കൂടുതലായി ശുദ്ധീകരണ സ്ഥലത്തുനിന്ന് ആത്മാക്കളെ മോചിപ്പിക്കാൻ ഉതകുന്നതായി മറ്റൊരു അർപ്പണവുമില്ല”.

അതിനുള്ള കാരണമിതാണ്. പരിശുദ്ധ കുർബ്ബാനയിൽ വൈദികനും വിശ്വാസികൾ മുഴുവനും തീക്ഷ്‌ണമായി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല ചെയ്യുന്നത്, ദൈവികനീതിയനുസരിച്ച് പരേതൻ വീട്ടേണ്ട കടങ്ങളുടെ അളവിന് തുല്യമായ ബലിയുടെ യോഗ്യത യേശുവിലൂടെ ദൈവപിതാവിന് അർപ്പിക്കുകയും അവിടുത്തെ നീതിയുക്തമായ ക്രോധത്തെ തണുപ്പിക്കുകയും ചെയ്യുന്നു. മരണവെപ്രാളത്തിൽ പിടയുന്ന ഒരാളുടെ ചുണ്ട് നനക്കുന്ന സ്നേഹപ്രവൃത്തിയേക്കാൾ വളരെ ശ്രേഷ്ഠമാണ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്ക് പരിശുദ്ധ കുർബാന വഴി ആത്മീയമായി അവരുടെ മേൽ വീഴുന്ന ക്രിസ്തുവിന്റെ വിലമതിക്കാനാവാത്ത രക്തം. അതവരെ തണുപ്പിക്കുന്നു, പുതുതാക്കുന്നു, മോചനദ്രവ്യമായി തീരുന്നു.

” സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർക്കാതെ നിങ്ങൾ അവിടെ നിന്ന് പുറത്തുവരികയില്ല”. യേശുവിന്റെ ഈ വാക്കുകളിൽ നിന്നും ശുദ്ധീകരണത്തിന്റെ കൃത്യത മനസ്സിലാക്കാം. ആത്മാക്കൾക്ക് വേണ്ടി പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്ത് പ്രത്യേക നിയോഗമായി ദൈവികനീതിക്ക് മുൻപിൽ സമർപ്പിക്കുമ്പോൾ അയാളുടെ കടത്തിന്റെ ഒരു ഭാഗം വീട്ടാൻ കഴിയുന്നു.

പക്ഷേ ജീവിച്ചിരിക്കുമ്പോൾ ഒരാൾ അർപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യുന്ന ബലി, മരിച്ചതിനു ശേഷം അയാൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന ബലിയേക്കാൾ കൂടുതൽ മൂല്യമുള്ളതാണ്. വിശുദ്ധ ആൻസലേം പറയുന്നത് ജീവിതകാലത്തെ ഒരു പരിശുദ്ധ കുർബ്ബാന മരണാനന്തരമുള്ള അനേകം പരിശുദ്ധ കുർബ്ബാനകൾക്ക് തുല്യമാണെന്നാണ്. അതും നമ്മൾ ഓർക്കേണ്ടതുണ്ട്. കാരണം ഇന്നേ ദിവസം നമ്മുടെ ആത്മാവിന്റെ അവസ്ഥയെക്കുറിച്ചും ശ്രദ്ധിക്കണമല്ലോ, മരണം എല്ലാവർക്കും സുനിശ്ചിതമാണല്ലോ.

“എന്നെ അയച്ചവന്റെ പ്രവൃത്തികൾ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആർക്കും ജോലി ചെയ്യാൻ കഴിയാത്ത രാത്രി വരുന്നു”. ഒരു മനുഷ്യന് തൻറെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനും യോഗ്യതകൾ സമ്പാദിക്കാനും സ്വർഗ്ഗീയ കിരീടം നേടുന്നതിനായി പ്രവർത്തിക്കാനുമുള്ള കഴിവ് മരണത്തോടെ അവസാനിക്കുന്നു. മറുലോകത്തിൽ പ്രവേശിക്കുന്ന ആ നിമിഷം ഓരോ മനുഷ്യവ്യക്തിയും തൻറെ നിത്യവിധിയുടെ ഉത്തരവ് സ്വീകരിക്കുന്നു (തനതുവിധി ).

ശുദ്ധീകരണാത്മാക്കളെ, നമ്മുടെ അടുത്ത ബന്ധുക്കളെ പോലും, നമ്മൾ മറക്കുന്നു എന്നത് സങ്കടമുള്ള കാര്യമാണ്. അവർ നമ്മളിൽ നിന്ന് പ്രതീക്ഷിക്കുന്ന ആശ്വാസം കൊടുക്കാൻ നമ്മൾ കൊടുക്കാൻ മടി കാണിക്കുന്നു. നമ്മുടെ കണ്ണീർ വേഗം തോരും. ഓർമ്മകൾ മാഞ്ഞുപോകും. മരിച്ചാത്മാക്കൾ തിരുരക്തം തളിക്കപ്പെടാനായി കാത്തിരിക്കുന്നു. അവർക്ക് അതിന്റെ ഫലങ്ങൾ സ്വയം സ്വീകരിക്കാൻ കഴിവില്ല. ഓരോ ദിവ്യബലിയിലും നമ്മുടെ ബന്ധുക്കളും അല്ലാത്തവരും ദയനീയമായി നമ്മളോട് പ്രാർത്ഥനകൾ യാചിക്കുന്നുണ്ട്. തിരുരക്തം അവരുടെ മേൽ വീഴ്ത്താൻ പറഞ്ഞു കരയുന്നുണ്ട്. നമ്മൾ അത് കേൾക്കുന്നുണ്ടോ?

മരിച്ചവരെ പ്രത്യേകമായി ഓർമ്മിക്കുന്ന ഈ മാസത്തിലും തുടർന്നും അവർക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട് അവരോടുള്ള കർത്തവ്യം നമുക്ക് നിർവഹിക്കാം. നമ്മുടെ യോഗ്യതകളും പ്രാർത്ഥനകളും പരിഹാരപ്രവൃത്തികളും ദാനധർമ്മങ്ങളും ദണ്ഡവിമോചനങ്ങളും ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി വിശുദ്ധ ജെർത്രൂതിനു നൽകപ്പെട്ട പ്രാർത്ഥനയിലൂടെയും എല്ലാറ്റിനും ഉപരിയായി അവരുടെ ആത്മശാന്തിക്കായി അർപ്പിക്കുന്ന ദിവ്യബലിയും വഴി അവരെ നമുക്ക് സഹായിക്കാം. ഇതിനു തിരുസ്സഭ തന്നെ മാതൃക നൽകുന്നു. ഓരോ പരിശുദ്ധ കുർബ്ബാനയിലും യാമപ്രാർത്ഥനകളിലും മരിച്ചവരെ സഭ അനുസ്മരിക്കുന്നു. ദണ്ഡവിമോചനത്തിന്റെ പ്രഥമഫലം അത് സമ്പാദിക്കുന്ന ആളിന് തന്നെ ആണെങ്കിലും അത് കഴിഞ്ഞുള്ള ഫലം മരിച്ചാത്മാക്കൾക്കു ലഭിക്കും. ദിവ്യബലിയുടെ ഫലദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ മരണസമയത്തുണ്ടായ മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും.

രക്ഷിക്കപെടാൻ നാം സഹായിക്കുന്ന ആത്മാക്കൾ നമുക്ക് വേണ്ടി ദൈവത്തിന്റെ വിധി സിംഹാസനത്തിനു മുൻപിൽ താണുകേണപേക്ഷിക്കും. അവർ നന്ദിയുള്ളവരാണ്.

മരണാസന്നർക്കു വേണ്ടിയും മധ്യസ്ഥ പ്രാർത്ഥന നടത്തുന്നത് ഒരു പുണ്യപ്രവൃത്തിയാണ്. കരുണക്കൊന്തകൾ അവർക്കുവേണ്ടി ചൊല്ലി പ്രാർത്ഥിക്കാം.

വിശുദ്ധർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു, നാം ഭൂമിയുടെ സ്വന്തമല്ല, സ്വർഗ്ഗത്തിന്റേതാണെന്ന്. ഈലോകജീവിതം മുഴുവൻ സ്വർഗ്ഗത്തിലേക്കുള്ള ചുവടുവെപ്പാണെന്ന സത്യം അവരിൽ നിന്ന് നമ്മൾ പഠിക്കുന്നു.

” ജീവന്റെ വൃക്ഷത്തിൻ മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ അനുഗ്രഹീതർ “

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment