32nd Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

06 Nov 2022

32nd Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും കാരുണ്യവാനുമായ ദൈവമേ,
സകല വിപത്തുകളും ഞങ്ങളില്‍നിന്ന് ദയാപൂര്‍വം അകറ്റണമേ.
അങ്ങനെ, മനസ്സിലും ശരീരത്തിലും ഒന്നുപോലെ മോചിതരായി
അങ്ങേക്കുള്ളവ സ്വതന്ത്രമനസ്സോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 മക്ക 7:1-2,9a-14
പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും.

അക്കാലത്ത്, ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. അവരിലൊരുവന്‍ അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.
അന്ത്യശ്വാസം വലിക്കുമ്പോള്‍ രണ്ടാമത്തെ സഹോദരന്‍ പറഞ്ഞു: ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍ നിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാല്‍, പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും; അവിടുത്തെ നിയമങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്. പിന്നീടു മൂന്നാമന്‍ അവരുടെ വിനോദത്തിന് ഇരയായി. അവര്‍ ആവശ്യപ്പെട്ടയുടനെ അവന്‍ സധൈര്യം കൈകളും നാവും നീട്ടിക്കൊടുത്ത് അഭിമാനപൂര്‍വം പറഞ്ഞു: ഇവ എനിക്കു ദൈവം തന്നതാണ്. അവിടുത്തെ നിയമങ്ങള്‍ക്കു വേണ്ടി ഞാന്‍ അവയെ തുച്ഛമായി കരുതുന്നു. അവിടുന്ന് അവ തിരിച്ചുതരുമെന്ന് എനിക്കു പ്രത്യാശയുണ്ട്. രാജാവും കൂട്ടരും യുവാവിന്റെ ധീരതയില്‍ ആശ്ചര്യപ്പെട്ടു. കാരണം, അവന്‍ തന്റെ പീഡകള്‍ നിസ്സാരമായി കരുതി. അവനും മരിച്ചപ്പോള്‍ അവര്‍ നാലാമനെ ആ വിധം തന്നെ നീചമായി പീഡിപ്പിച്ചു. മരണത്തോടടുത്തപ്പോള്‍ അവന്‍ പറഞ്ഞു: പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നല്‍കുന്ന പ്രത്യാശ പുലര്‍ത്തിക്കൊണ്ടു മനുഷ്യകരങ്ങളില്‍ നിന്ന് മരണം വരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പുനരുത്ഥാനമില്ല; പുതിയ ജീവിതവുമില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 17:1,5-6,8a,15

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള
പ്രാര്‍ഥന ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

എന്റെ കാലടികള്‍ അങ്ങേ
പാതയില്‍ത്തന്നെ പതിഞ്ഞു;
എന്റെ പാദങ്ങള്‍ വഴുതിയില്ല.
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കണ്ണിന്റെ കൃഷ്ണമണിപോലെ
എന്നെ കാത്തുകൊള്ളണമേ!
നീതി നിമിത്തം ഞാന്‍ അങ്ങേ മുഖം ദര്‍ശിക്കും;
ഉണരുമ്പോള്‍ ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

കര്‍ത്താവേ, ഞാന്‍ അങ്ങേ രൂപം കണ്ടു തൃപ്തിയടയും.

രണ്ടാം വായന

2 തെസ 2:16-3:5
നമ്മുടെ പിതാവായ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സത്പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, നമ്മെ സ്‌നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സത്പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.
അവസാനമായി സഹോദരരേ, കര്‍ത്താവിന്റെ വചനത്തിനു നിങ്ങളുടെയിടയില്‍ ലഭിച്ചതുപോലെ മറ്റെല്ലായിടത്തും പ്രചാരവും മഹത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍. കാരണം, വിശ്വാസം എല്ലാവര്‍ക്കുമില്ല. എന്നാല്‍, കര്‍ത്താവ് വിശ്വസ്തനാണ്. അവിടുന്നു നിങ്ങളെ ശ ക്തിപ്പെടുത്തുകയും ദുഷ്ടനില്‍ നിന്നു കാത്തുകൊള്ളുകയും ചെയ്യും. നിങ്ങളെ സംബന്ധിച്ചാകട്ടെ, ഞങ്ങള്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നും ഇനിയും നിവര്‍ത്തിക്കുമെന്നും കര്‍ത്താവില്‍ ഞങ്ങള്‍ക്കു ദൃഢമായ വിശ്വാസമുണ്ട്. ദൈവത്തിന്റെ സ്‌നേഹത്തിലേക്കും ക്രിസ്തു നല്‍കുന്ന സ്‌ഥൈര്യത്തിലേക്കും കര്‍ത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മനുഷ്യപുതന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 20:27-38
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്.

അക്കാലത്ത്, പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍ നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അര്‍പ്പിക്കപ്പെട്ട ഈ ബലിവസ്തുക്കള്‍
സംപ്രീതിയോടെ അങ്ങ് കടാക്ഷിക്കണമേ.
അങ്ങേ പുത്രന്റെ പീഡാസഹന രഹസ്യത്താല്‍
ഞങ്ങള്‍ ആഘോഷിക്കുന്നത്
ഭക്തിസ്‌നേഹത്തോടെ ഞങ്ങള്‍ പിഞ്ചെല്ലുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 23:1-2

കര്‍ത്താവ് എന്നെ നയിക്കുന്നു,
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്ത്തകിടിയില്‍ അവിടന്ന് എനിക്ക് വിശ്രമമരുളുന്നു.
പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ വഴിനടത്തുന്നു.

Or:
cf. ലൂക്കാ 24:35

അപ്പം മുറിക്കലില്‍ കര്‍ത്താവായ യേശുവിനെ ശിഷ്യന്മാര്‍ തിരിച്ചറിഞ്ഞു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി,
അങ്ങേ കാരുണ്യം കേണപേക്ഷിക്കുന്ന ഞങ്ങള്‍
അങ്ങേക്ക് കൃതജ്ഞതയര്‍പ്പിക്കുന്നു.
അങ്ങേ ആത്മാവിന്റെ വര്‍ഷത്താല്‍,
സ്വര്‍ഗീയശക്തി പ്രവേശിച്ചവരിലെല്ലാം
നിഷ്‌കളങ്കതയുടെ കൃപ നിലനില്ക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment