ടൂർസിലെ വിശുദ്ധ മാർട്ടിൻ | Saint Martin of Tours

നമ്മൾ കപ്പേള എന്ന് പറയുന്നത് യഥാർത്ഥത്തിൽ ലാറ്റിൻ വാക്കാണ്. ലാറ്റിനിൽ കപ്പ (cappa )എന്ന് പറഞ്ഞാൽ മേലങ്കി എന്നും അർത്ഥമുണ്ട്. അതാണ് കപ്പേളയായത്. അതിൽ നിന്ന് തന്നെയാണ് അതിന്റെ ഇംഗ്ലീഷ് വാക്കായ ചാപ്പലും പിറവിയെടുത്തത്. ഈ മേലങ്കി എന്നർത്ഥം വരുന്ന വാക്ക് കപ്പേള എന്ന ആരാധനാലയം ആയി രൂപമെടുക്കാൻ കാരണം ഇന്ന് സഭ തിരുന്നാൾ ആഘോഷിക്കുന്ന വിശുദ്ധൻ ആണ്. ടൂർസിലെ വിശുദ്ധ മാർട്ടിൻ.

316 ൽ ഹംഗറിയിൽ പന്നോണിയയിലെ സബരിയ എന്ന പട്ടണത്തിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ബാല്യകാലത്തിൽ പിതാവിന്റെ ഉദ്യോഗസ്ഥലംമാറ്റം മൂലം ഇറ്റലിയിലെ പാവിയായിലേക്ക് പോന്നു. പിതാവ് റോമൻ സൈനികോദ്യോഗസ്ഥനായതു കൊണ്ട്‌ ഇഷ്ടമില്ലെങ്കിലും 15 വയസ്സിൽ മാർട്ടിന് സൈന്യത്തിൽ ചേരേണ്ടിവന്നു. അതിനു മുൻപേ ക്രിസ്തുവിനെ പറ്റി കേട്ടറിഞ്ഞ് അവനിൽ ആകൃഷ്ടനായി മാമ്മോദീസക്ക് വേണ്ടിയുള്ള പഠനങ്ങൾ നടത്തിതുടങ്ങിയിരുന്നു. സമയം കിട്ടുമ്പോൾ പ്രാർത്ഥനയിലും പാവങ്ങളെ സഹായിക്കുന്നതിലും തല്പരനായിരുന്നു.

ഒരിക്കൽ കടുത്ത മഞ്ഞുള്ള ഒരു ദിവസം നഗരകവാടത്തിലേക്ക് കുതിരപ്പുറത്തു വന്നുകൊണ്ടിരുന്ന മാർട്ടിൻ, എല്ലും തോലുമായൊരു മനുഷ്യൻ തണുത്തു വിറച്ചുകൊണ്ട് ഭിക്ഷ യാചിക്കുന്നത് കണ്ടു. അയാളെ സഹായിക്കാൻ മുൻപേ പോയവരാരും മെനക്കെട്ടില്ല. ധരിച്ചിരിക്കുന്ന സൈനികവസ്ത്രമല്ലാതെ വേറൊന്നും കയ്യിൽ ഇല്ലാതിരുന്ന മാർട്ടിൻ കയ്യിലുണ്ടായിരുന്ന വാൾ എടുത്ത് നീളമുള്ള കട്ടിമേലങ്കി രണ്ടായി മുറിച്ച് അതിലൊരു കഷണമെടുത്ത് വിറയ്ക്കുന്ന യാചകനെ പുതപ്പിച്ചു. അന്ന് രാത്രി മാർട്ടിൻ യേശുക്രിസ്തുവിനെ ആ പകുതി മേലങ്കി ധരിച്ചിരിക്കുന്നതായി സ്വപ്നത്തിൽ കണ്ടു. ചുറ്റും നിൽക്കുന്ന മാലാഖമാരോടായി ഈശോ പറഞ്ഞു, “ഇപ്പോഴും ഒരു ജ്ഞാനസ്നാനാർത്ഥിയായിരിക്കുന്ന മാർട്ടിൻ ആണ് എന്നെ ഈ വസ്ത്രം ധരിപ്പിച്ചത് ” ഇതിനു ശേഷം ജ്ഞാനസ്നാനസ്വീകരണത്തിനു വേണ്ടി മാർട്ടിൻ ഓടുകയല്ല പറന്നെന്നാണ് പറയപ്പെടുന്നത്.

മരണശഷം വിശുദ്ധ മാർട്ടിന്റെ മേലങ്കി ഒരു തിരുശേഷിപ്പായി സൂക്ഷിച്ചിരുന്ന കെട്ടിടം, മേലങ്കി എന്നർത്ഥം വരുന്ന കപ്പ (cappa) എന്ന ലാറ്റിൻ വാക്കിൽ നിന്ന് കപ്പേള എന്ന് വിളിക്കപ്പെട്ടു.

സൈനികസേവനത്തിൽ നിന്ന് പിന്മാറുന്നത് വീട്ടുകാർക്കും ചക്രവർത്തിക്കും ഒന്നുപോലെ അനിഷ്ടമുളവാക്കിയെങ്കിലും, ചക്രവർത്തി ജൂലിയൻ ഭീരു എന്നുവിളിച്ചു പരിഹസിച്ചു തടവിലിടാൻ മുതിർന്നെങ്കിലും , ക്രിസ്‌തുവിന്റെ പടയാളിക്ക് യുദ്ധം അനുവദനീയമല്ല എന്നതിൽ മാർട്ടിൻ ഉറച്ചുനിന്നു. അവിടെ നിന്ന് പോന്ന മാർട്ടിനെ ബിഷപ്പ് ഹിലാരി പഠിപ്പിച്ചു ഡീക്കൻ പട്ടം നൽകി. ഫ്രാൻസും അയൽരാജ്യങ്ങളുമടങ്ങിയ റോമൻ സാമ്രാജ്യമാണ് ഗോൾ എന്നറിയപ്പെടുന്നത്‌ . അവിടെ കുറച്ചു സ്ഥലം ബിഷപ്പ്‌ ഹിലാരി നല്കിയത് വലിയൊരു ആശ്രമമായി പിന്നീട് വളർന്നു.ശിഷ്യമാരെ പഠിപ്പിച്ചു കൊണ്ടും പ്രസംഗിച്ചു കൊണ്ടും 10 കൊല്ലം അവിടെ കഴിഞ്ഞു. 1852 ൽ ബെനെഡിക്റ്റൻ ആശ്രമമായി അത് പുതുക്കിപ്പണിതതാണ് ഇന്നു കാണുന്ന ആ ആശ്രമം. 371 ൽ ടൂർസിലെ ബിഷപ്പായി ബലമായി ജനങ്ങൾ മാർട്ടിനെ അവരോധിച്ചു.

ബിഷപ്പായെങ്കിലും ലളിതമായ സന്യാസജീവിതമാണ് മാർട്ടിൻ നയിച്ചത്. തൻറെ വിശുദ്ധി കൊണ്ടും പ്രസംഗം കൊണ്ടും, ഗോളിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും ടൂർസിൽ നിന്നും വിഗ്രഹാരാധന തുടച്ചുമാറ്റി. ചെന്നിടത്തെല്ലാം വിശുദ്ധൻ പാവപ്പെട്ടവരെ തിരഞ്ഞ് അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവനായി. മിഴികളിൽ ക്രിസ്തുവിന്റെ അനുകമ്പ നിറഞ്ഞു.

ബിഷപ്പായതിന് ശേഷം മാർട്ടിൻ ഒരിക്കൽ പുതുതായി രോമം കത്രിച്ച ഒരു ആട്ടിൻകുട്ടിയെ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ ഈ ആട്‌ എങ്ങനെയാണ് സുവിശേഷത്തിലെ പ്രബോധനത്തെ പിഞ്ചെന്നതെന്ന്. അവൾ തൻറെ പുറങ്കുപ്പായം അതില്ലാത്ത ഒരാൾക്ക് കൊടുത്തു.എല്ലാവരും ഇങ്ങനെയാണ് ചെയ്യേണ്ടത്”

ഒരു കുഷ്ഠരോഗിയോട് എല്ലാവരും നികൃഷ്ടമായി പെരുമാറുന്നത് കണ്ടപ്പോൾ അയാളുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ചു സാന്ത്വനിപ്പിച്ചു കൊണ്ട് മാർട്ടിൻ പറഞ്ഞു,” ഈശോ നിന്റെയുള്ളിൽ വേദനിക്കുന്നു സഹോദരാ”.

മറ്റൊരിക്കൽ കുറെ പുരുഷന്മാരെയും സ്ത്രീകളെയും ചങ്ങല കൊണ്ട് ബന്ധിച്ച വിധത്തിൽ ഗ്രാമത്തിൽ കണ്ടുമുട്ടി. അവിടുത്തെ പ്രഭുവിന് നികുതി കൊടുക്കാതിരുന്നതു കൊണ്ട് അവരെയെല്ലാം അടുത്ത ദിവസം തലവെട്ടികൊല്ലാൻ പോവുകയായിരുന്നു. മാർട്ടിൻ പ്രഭുവിന്റെ കൊട്ടാരത്തിലേക്ക് വേഗത്തിലോടി. രാത്രി ഗേറ്റുകളെല്ലാം അടച്ചിരിക്കെ പ്രഭു പുറത്തുവരുന്നത് വരെ പുറത്തു മുട്ടുകുത്തി നിന്നു. പ്രഭുവിനെ കണ്ടപ്പോൾ പറഞ്ഞു ,”നിങ്ങൾ വളരെ ക്രൂരമായ മരണത്തിനു വിധിച്ചിരിക്കുന്ന പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കാനാണ് ഞാൻ വന്നത്.

അവരുടെ പാപങ്ങൾ ക്ഷമിച്ചാൽ താങ്കളുടെ പാപങ്ങൾ ദൈവവും ക്ഷമിക്കും”. ഇങ്ങനെ വളരെപ്പേരുടെ ജീവൻ മാർട്ടിൻ രക്ഷിച്ചു.

ഒരു യാത്രക്കിടയിൽ കുറച്ചു പുരോഹിതർ വഴക്കടിക്കുന്നതു കണ്ട മാർട്ടിൻ അവരോടു പറഞ്ഞു,”ഇടയന്മാർക്ക് ഐക്യമില്ലെങ്കിൽ ആട്ടിൻപറ്റത്തിന്റെ കാര്യം പിന്നെ പറയാനുണ്ടോ? സമാധാനത്തിലാവു സഹോദരരെ, സമാധാനത്തിലാവൂ..”

മരണം അടുത്തപ്പോൾ, ദേഹത്തു മുഴുവൻ മുടി കുത്തിക്കൊള്ളുന്ന തരത്തിലുള്ള ഒരു കുപ്പായവുമിട്ട് നിലത്തു വിരിച്ച ചാരത്തിൽ കിടന്നു. ചാരത്തിൽ കിടന്നല്ലാതെ ഒരു ക്രിസ്ത്യാനി മരിക്കുന്നത് ശരിയല്ലെന്ന് ചുറ്റും നിന്നവരോട് പറഞ്ഞു. കൂടെയുള്ള സഹോദരർ മാർട്ടിന് കുറച്ചു ആശ്വാസം ലഭിക്കുന്നതിന് വേണ്ടി ഒരു ഭാഗത്തേക്ക് തിരിഞ്ഞു കിടക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, “സഹോദരരെ, ഭൂമിയെ നോക്കിയല്ല, സ്വർഗ്ഗത്തെ നോക്കിക്കൊണ്ട് വിട വാങ്ങാൻ എന്നെ അനുവദിക്കൂ. വേർപാടിന്റെ നിമിഷം വരുമ്പോൾ ദൈവത്തിൻറെ നേർക്ക് എന്റെ ആത്മാവ് ലക്‌ഷ്യം വെക്കട്ടെ”.

രക്തസാക്ഷിയായല്ല മരിച്ചതെങ്കിലും പടിഞ്ഞാറൻ സഭയിൽ വിശുദ്ധനായി വണങ്ങപ്പെടുന്ന ആദ്യത്തെ ആളാണ് വിശുദ്ധ മാർട്ടിൻ. ‘ഗോൾന്റെ മഹത്വം’ (Glory of Gaul) എന്നദ്ദേഹം പുകഴ്ത്തപ്പെടുന്നു. ഹംഗറിയിൽ ജനിച്ച് ഇറ്റലിയിൽ ബാല്യം ചിലവഴിച്ച് പിന്നീട് ഫ്രാൻ‌സിൽ ജീവിച്ച വിശുദ്ധ മാർട്ടിൻ യൂറോപ്പിനെ കൂട്ടിയിണക്കുന്ന ഒരു ആത്മീയപാലം പോലെ ആയിരുന്നു.

1996 സെപ്റ്റംബർ 6 നു വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ ഹംഗറിയിലെ , മനോഹരമായ ഗോഥിക് മാതൃകയിൽ പണി കഴിപ്പിച്ച ബെനഡിക്റ്റൈൻ ആശ്രമം സന്ദർശിച്ചു. അതിൻറെ 1000മത് വാർഷികാഘോഷമായിരുന്നു അപ്പോൾ. ഹംഗറിയിലെ എല്ലാ ബെനെഡിക്റ്റൻ സാന്നിധ്യങ്ങളുടെയും അമ്മവീട് എന്നറിയപ്പെടുന്ന ആശ്രമം ‘വിശുദ്ധ മാർട്ടിന്റെ മല’ എന്നാണു അറിയപ്പെടുന്നത്. തൻറെ പ്രസംഗത്തിൽ പോപ്പ് മാർട്ടിനെ പറ്റി സംസാരിച്ചു,..

“നിങ്ങൾ ജീവിക്കുന്ന ഈ മല St. മാർട്ടിന്റെ പേരിലുള്ളതാണ്. 1500 വർഷങ്ങളായി യൂറോപ്പിലെ കുറെ രാജ്യങ്ങളിൽ ഈ വിശുദ്ധൻ വണങ്ങപ്പെടുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മൂലം ഈ രാജ്യങ്ങളെല്ലാമായി നിങ്ങൾ ആത്മീയമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം ജനിച്ച ഈ മണ്ണിൽ നിന്ന് ഞാൻ ഫ്രാൻസിലെ ടൂർസിലുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു “.

ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️ ✍️ ✍️

Advertisements
Advertisements
Advertisements
Advertisements

Leave a comment