വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി | Saint Frances Xavier Cabrini

“ആരാണ് മിഷണറി ? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ ..അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് സ്വീകരിക്കുമ്പോഴും പ്രകാശം പരത്തികൊണ്ടിരിക്കുന്ന ഒരു മെഴുതിരിയാണവൾ”.

ആരാണ് ഇത് പറഞ്ഞ ഫ്രാൻസെസ് സേവ്യർ കബ്രിനി ?

ഇന്ന് …അമേരിക്കയുടെ അപ്പസ്തോല, കുടിയേറ്റക്കാരുടെ മധ്യസ്ഥയായ വിശുദ്ധ, വിശുദ്ധ പദവിയിലേക്ക് എത്തിയ ആദ്യത്തെ അമേരിക്കക്കാരി .. തുടങ്ങിയ വിശേഷണങ്ങൾ ‘മദർ കബ്രിനി’ ക്കുണ്ടെങ്കിൽ അതെല്ലാം തുടങ്ങിയത് മിഷൻ പ്രവർത്തനങ്ങളോട് ചെറുപ്പം തൊട്ടേ അവളുടെ ഉള്ളിൽ എരിഞ്ഞ സ്നേഹത്തിൽ നിന്നാണ്. അമേരിക്കൻ പൗരത്വം ഉണ്ടായിരുന്നെങ്കിലും അവൾ ജനിച്ചത് ഇറ്റലിയിലായിരുന്നു.

മരിയ ഫ്രാന്സെസ്ക , അഗസ്റ്റിനോയുടെയും സ്റ്റെല്ല കബ്രിനിയുടെയും പതിമൂന്നാമത്തെ കുഞ്ഞായി ഇറ്റലിയിലെ ലൊമ്പാർഡിയിൽ 1850 ജൂലൈ 15 നു മാസം തികയാതെ പിറന്നു. തീരെ ആരോഗ്യമില്ലാതിരുന്നതുകൊണ്ട്, മരിച്ചുപോകുമെന്നു വിചാരിച്ച് ജനിച്ച അന്നുതന്നെ അവളുടെ മാതാപിതാക്കൾ അവളെയും കൊണ്ട് മാമോദീസത്തൊട്ടിയുടെ അടുത്തേക്കോടി. അവളുടെ അനാരോഗ്യാവസ്ഥയെ അവൾ അതിജീവിച്ചെന്നു മാത്രമല്ല സഭയിൽ അറിയപ്പെട്ടിട്ടുള്ള ഏറ്റവും കർത്തവ്യനിരതയായ മിഷനറിമാരിൽ ഒരാളായി അവൾ മാറി.

പപ്പയായ അഗസ്റ്റിനോ മക്കൾക്ക് കഥകൾ വായിച്ചുകൊടുക്കുമായിരുന്നു. മിഷൻ പ്രവർത്തകരുടെ ജീവിതത്തെപ്പറ്റി ഒരു പുസ്തകത്തിൽ നിന്ന് വായിച്ചു കേട്ടത് കുഞ്ഞുമരിയയുടെ മനസ്സിൽ നിന്ന് മാഞ്ഞില്ല. മിഷൻ പ്രവർത്തങ്ങളിൽ പങ്കുചേരാനും കുറെ പേരെ കൂടെ കൂട്ടാനും അവൾ അതിയായി ആഗ്രഹിച്ചു. വയലറ്റ് പുഷ്പങ്ങൾ നിറച്ച പേപ്പർബോട്ടുകളുണ്ടാക്കി അവൾ കനാലിലൊഴുക്കി. ഇൻഡ്യയിലേക്കും ചൈനയിലേക്കും അവൾ കൊണ്ടുപോവാനുദ്ദേശിക്കുന്ന മിഷനറിമാർ ആയിരുന്നു ബോട്ടുകളിൽ നിറച്ച ആ പുഷ്പങ്ങൾ. ചൈനക്കാർക്ക് മിഠായികളെപ്പറ്റി അറിവുണ്ടാവില്ലെന്നു വിചാരിച്ച് ആ കൊച്ചുകുട്ടി മിഠായി തിന്നുന്നത് പോലും നിര്ത്തിയെന്നു പറയുമ്പോഴാണ് നമുക്ക് അവളുടെ ആഗ്രഹം എത്രമാത്രമായിരുന്നെന്നു മനസ്സിലാവുക.

1857 ൽ സ്ഥൈര്യലേപനസമയത്ത് അവൾക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നിർവ്വചിക്കാൻ കഴിയാത്ത ഒരു സന്തോഷാനുഭവമാണ് സമ്മാനിച്ചത്. “അഭിഷേകസമയത്ത് നടന്നത് എനിക്ക് വിവരിക്കാൻ കഴിയുന്നില്ല. ഈ ഭൂമിയിലല്ലാത്തതു പോലെ എനിക്ക് തോന്നി. അളവറ്റ ആനന്ദത്താൽ എന്റെ ഹൃദയം നിറഞ്ഞു. എന്താണുണ്ടായതെന്ന് എനിക്ക് പറയാൻ കഴിയുന്നില്ലെങ്കിലും അത് പരിശുദ്ധാത്മാവായിരുന്നെന്ന് എനിക്കറിയാം”.

13 വയസ്സുള്ളപ്പോൾ അവളെ ‘തിരുഹൃദയത്തിന്റെ പുത്രിമാർ’ നടത്തുന്ന സ്‌കൂളിൽ ചേർത്തു. 18 വയസ്സുള്ളപ്പോൾ അധ്യാപികയായി ബിരുദമെടുത്തു. പഠിച്ചിരുന്ന മഠത്തിൽ തന്നെ ചേരാൻ ആഗ്രഹിച്ചെങ്കിലും അവളുടെ അനാരോഗ്യം കാരണം അവർ സമ്മതിച്ചില്ല. 1870 ൽ മാതാപിതാക്കളുടെ മരണശേഷം വീണ്ടും മഠത്തിൽ ചേരാൻ പോയെങ്കിലും ഇടവകവൈദികന്റെ താല്പര്യപ്രകാരം ഒരു ഓർഫനേജിൽ 6 കൊല്ലത്തേക്ക് അവൾക്ക് സഹായിയായി പോകേണ്ടി വന്നു. ക്ഷമ , ധൈര്യം, കാര്യപ്രാപ്തി, പാവപ്പെട്ട കുഞ്ഞുങ്ങളോടുള്ള അളവറ്റ സ്നേഹം തുടങ്ങിയ പുണ്യങ്ങൾ അവിടെ നിന്നാണ് അഭ്യസിച്ചത് .

1877 സെപ്റ്റംബർ 13 ന് മറ്റു 7 പേരോട് കൂടെ ഫ്രാൻസെസ് പ്രഥമ വ്രതവാഗ്ദാനം നടത്തി. ഫ്രാൻസിസ് സേവ്യറുടെ പേരാണ് അവൾ സ്വീകരിച്ചത് . 1880 ൽ അവളെപ്പോഴും ആഗ്രഹിച്ചിരുന്ന മിഷനറി സഭ തുടങ്ങാൻ ബിഷപ്പ് അനുവാദം നൽകി .

ഫ്രാൻസസും മറ്റു 7 സന്യാസിനിമാരും ഒരു ഇടിഞ്ഞുവീഴാറായ ഫ്രാൻസിസ്കൻ ആശ്രമത്തിലേക്ക് താമസം മാറ്റി . ‘തിരുഹൃദയത്തിന്റെ മിഷനറി സിസ്റ്റേഴ്സ്’ എന്ന അവളുടെ പുതിയ സഭയുടെ സ്ഥാപനത്തോട് കൂടി അവളുടെ ഉള്ളിലുണ്ടായിരുന്ന പരിശുദ്ധാത്മാവിന്റെ തീ ഭീമാകാരമായ ജ്വാലകളായി രൂപാന്തരം പ്രാപിച്ചു. അവിടം മുതൽ ആശ്ചര്യകരമായ ചുറുചുറുക്ക് അവളിൽ നമുക്ക് കാണാൻ കഴിയുന്നു.മദർ കബ്രിനിയെന്നു എല്ലാവരും അവളെ വിളിച്ചു.

ഒരു അനാഥാലയത്തോടു ചേർന്ന ബോർഡിങ് സ്കൂൾ ആയിട്ടാണ് ആദ്യം പ്രവർത്തനമാരംഭിച്ചത്. കുറെയധികം പെൺകുട്ടികൾ പുതിയ സഭയിൽ ചേരാനെത്തി. 6 മാസത്തിനുള്ളിൽ ഫ്രാൻസെസ് സമർപ്പിച്ച സഭാനിയമം ബിഷപ്പ് അംഗീകരിച്ചു. കുറച്ചു കൂടി സന്യാസഭവനങ്ങൾ സ്ഥാപിച്ചു. റോമിൽ പോയി ലിയോ പതിമൂന്നാമൻ പാപ്പയുടെ അനുവാദവും മേടിച്ചു.

ഇതിനിടയിൽ അമേരിക്കയിലുള്ള ഇറ്റാലിയൻ കുടിയേറ്റക്കാർക്ക് വേണ്ടി മോൺസിഞ്ഞോർ സ്‌കാലബ്രിനി, പിയാചെൻസയിലെ ബിഷപ്പ്, മിഷനറി പുരോഹിതരുടെ ഒരു സഭക്ക് രൂപം കൊടുത്തിരുന്നു. ഈ കുടിയേറ്റക്കാർ പാവപ്പെട്ടവരും വിദ്യാഭ്യാസമില്ലാത്തവരും ആയിരുന്നു. ഏജന്റുമാരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്ന അവർ ഇരുണ്ട ഖനികളിലും വൃത്തിയില്ലാത്ത ഫാക്ടറികളിലും നിർബന്ധിതജോലിക്കയക്കപ്പെട്ടു. തെരുവുകളിൽ ജീവിച്ചിരുന്ന അവർക്കായി ഒരു ഡോക്ടറോ, നഴ്സോ അവരുടെ ഭാഷ മനസ്സിലാകുന്നവരോ അവരെ പരിപാലിക്കുന്നവരോ ഇല്ലായിരുന്നു.

അവരുടെയിടയിൽ സേവനം ചെയ്യാൻ സന്യാസിനിമാരെ അയക്കാൻ ബിഷപ്പ് മദർ കബ്രിനിയോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ ആർച്ച്ബിഷപ്പും അവരെ അങ്ങോട്ട് ക്ഷണിച്ചു. പക്ഷെ ഇൻഡ്യയിലേക്കും ചൈനയിലേക്കും മിഷനറിമാരായി തൻറെ സഭാംഗങ്ങളെ അയക്കാൻ ആഗ്രഹിച്ചിരുന്ന അവൾ ഒന്ന് മടിച്ചു. എന്തായിരിക്കും ഈ വിഷയത്തിൽ ദൈവം ആഗ്രഹിക്കുന്നത് ? അവൾ പോപ്പിനോട് വിഷയം അവതരിപ്പിച്ചു.

എല്ലാം കേട്ടതിനു ശേഷം പോപ്പ് പറഞ്ഞു. “കിഴക്കോട്ടല്ല പടിഞ്ഞാറോട്ട് ! അമേരിക്കയിലുള്ള ആയിരക്കണക്കിന് ഇറ്റാലിയൻ കുടിയേറ്റക്കാരെ സഹായിക്കുക എന്നതും നിന്റെ രാജ്യത്തെ എല്ലാവരും സ്നേഹിക്കാൻ ഇടവരുത്തുക എന്നതുമായിരിക്കും നിന്റെ മിഷൻ”

1889 മാർച്ച് 31 നു മദർ കബ്രിനിയും ആറു സന്യാസിനികളും ന്യൂയോർക്കിലെത്തി. പ്രതീക്ഷക്കു വിരുദ്ധമായി അവിടെ ഒരു കോൺവെന്റിലും അവർക്കു സൗകര്യമൊരുക്കിയിട്ടുണ്ടായില്ല . മോൺസിഞ്ഞോർ കോറിഗൺ അവളോട് ചോദിച്ചു,”എന്തിനാണ് നിങ്ങൾ വന്നത് ? വരേണ്ട എന്ന് പറഞ്ഞു ഒരു മെയിൽ ഞാനിപ്പോൾ അയച്ചതേയുള്ളു. തല്ക്കാലം ഇവിടെ ഓർഫനേജൊന്നും തുടങ്ങാൻ പറ്റില്ല. വന്ന കപ്പലിൽ തന്നെ വേഗംതിരിച്ചുപോയ്‌ക്കോ”. തൻറെ മുൻപിൽ നിൽക്കുന്ന ചെറിയ, വണ്ണം കുറഞ്ഞ, നീലക്കണ്ണുള്ള ആ സിസ്റ്ററിന്റെ വിശ്വാസത്തിൽ ഉറപ്പില്ലാതെയാണ് അദ്ദേഹം അത് പറഞ്ഞത്. “അഭിവന്ദ്യ പിതാവേ,” അവൾ പറഞ്ഞു, “ഞങ്ങളെ ഇങ്ങോട്ടയച്ചത് പോപ്പാണ് , ഞങ്ങൾക്ക് തിരിച്ചുപോകാൻ കഴിയില്ല.ഒരു പ്രത്യേകദൗത്യത്തിനായാണ് ഞങ്ങൾ അയക്കപ്പെട്ടത് , അത് പൂർത്തിയാക്കാതെ എനിക്ക് വിശ്രമമില്ല”. അവൾ കാണിച്ചുകൊടുത്ത കടലാസുകൾ കണ്ട് ബോധ്യപ്പെട്ട ബിഷപ്പ് പറഞ്ഞു,”തീർച്ചയായും നിങ്ങൾ ഇവിടെതന്നെ നിൽക്കും. പരിശുദ്ധപിതാവിന്റെ ഇഷ്ടമാണല്ലോ അത്”. ആ നിമിഷം മുതൽ അദ്ദേഹം അവളുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമെല്ലാമായി.

ദൈവത്തിലുള്ള അവളുടെ ശരണം അതിരറ്റതായിരുന്നു. അവളുടെ ഡയറിയിൽ അവളെഴുതി, “പ്രാർത്ഥന, ആത്മവിശ്വാസം, ദൈവഹിതത്തിന് സമ്പൂർണ്ണമായ കീഴടങ്ങൽ.. ഇതൊക്കെയാണ് നമ്മുടെ കരങ്ങളാകേണ്ടത്. ഒന്നിനും കൊള്ളാത്തവരാണ് നമ്മൾ. പക്ഷെ എന്നെ ശക്തയാക്കുന്ന അവനിൽക്കൂടി എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും”.

കയ്യിൽ നയാപൈസയില്ലാത്ത അവസ്ഥയിലും പുതിയ പദ്ധതികൾ അവൾ ആസൂത്രണം ചെയ്യുന്നത് കണ്ടാൽ എല്ലാവരും അത്ഭുതപ്പെട്ടു പോകും. “പണം ലഭിക്കാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ഒരുപാട് ചിന്തിച്ചാൽ, കർത്താവ് അവന്റെ കൃപയും പരിപാലനവും പിൻവലിച്ചേക്കാം”. പണവും സമയവും അദ്ധ്വാനവും നൽകാൻ തയ്യാറായവരെ ഈശോ തന്നെ എപ്പോഴും അവളുടെ മുന്നിലെത്തിച്ചു.

മുങ്ങി പോകുമെന്ന പേടിയിൽ വെള്ളത്തിലിറങ്ങാൻ ചെറുപ്പത്തിൽ ഭയന്നിരുന്ന മദർ 35 കൊല്ലം എന്ന കുറഞ്ഞ കാലത്തിനിടയിൽ അറ്റ്ലാന്റിക് സമുദ്രം 30 പ്രാവശ്യം മുറിച്ചുകടന്നു. മദർ കബ്രിനി അമേരിക്കയിലങ്ങോളമിങ്ങോളമായി സ്ഥാപിച്ചത് ഹോസ്റ്റലുകളും സ്‌കൂളുകളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളുമൊക്കെയായി 67 സ്ഥാപനങ്ങളാണ് . അമേരിക്കൻ പൗരത്വം സ്വീകരിച്ച അവൾ മരണം വരെ അവിടെ കഴിഞ്ഞു.തന്നെക്കൊണ്ട്

ആവുന്നപോലെയൊക്കെ കുടിയേറ്റക്കാരുടെ ഉന്നമനത്തിനായി യത്നിച്ചു. വിദ്യാഭ്യാസത്തിനൊപ്പം മതപരിശീലനവും കൊടുത്തു.

1917ൽ ഡിസംബർ 22ന് 67 വയസ്സുള്ളപ്പോൾ, ഉച്ചഭക്ഷണം എടുക്കാൻ പോയ ഒരു സന്യാസിനിയെ കാത്തു, ശാന്തമായി അവൾ തന്നെ സ്ഥാപിച്ച കൊളംബസ് ആശുപത്രിയിൽ ഒരു കസേരയിൽ കിടക്കവേ അവൾ മരിച്ചു. 1938 ൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട അവൾ 1946 ൽ പീയൂസ് പന്തണ്ടാമൻ പാപ്പ വഴി വിശുദ്ധരുടെ പട്ടികയിൽ ചേർക്കപ്പെട്ടു. കുടിയേറ്റക്കാരുടെ മധ്യസ്ഥ ആയ അവൾ വണങ്ങപ്പെടുന്നു.

Feast Day – നവംബർ 13

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s