മഹതിയായ വി. ജെർത്രൂദ് | St. Gertrude the Great

മഹതിയായ വി. ജെർത്രൂദ് ( St. Gertrude the Great )

“The Great“ എന്ന പദവി വിശുദ്ധരായിട്ടുള്ള വനിതകളിൽ ഒരേയൊരാൾക്കെ സഭ നൽകിയിട്ടുള്ളൂ. അതാണ് വിശുദ്ധ ജെർത്രൂദ്.

മധ്യകാലഘട്ടത്തിലെ പ്രമുഖയായ മിസ്റ്റിക്, ദൈവശാസ്ത്രജ്ഞ എന്നീ നിലകളിൽ അവളുടെ സ്ഥാനം എപ്പോഴും ഉയർന്നുനിൽക്കുന്നു. വിശുദ്ധിയും പാണ്ഡിത്യവും അത്യുന്നതിയിലെത്തിയ , വി. ഫ്രാൻസിസ് അസീസി, വി. ഡൊമിനിക്, വി. തോമസ് അക്വീനാസ്, വി. ബൊനവഞ്ചുർ തുടങ്ങിയവർ ജീവിച്ച പതിമൂന്നാം നൂറ്റാണ്ടിലായിരുന്നു വി. ജെർത്രൂദ് ജീവിച്ചിരുന്നത്.

1256 ജനുവരി 6 നു ജർമ്മനിയിലെ സാക്സണിയിൽ ജെർത്രൂദ് ജനിച്ചു. ഹെൽഫാ നഗരത്തിൽ ബെനെഡിക്റ്റൻ കന്യാസ്ത്രീകൾ നടത്തുന്ന ഒരു മഠത്തിലേക്ക് അഞ്ചാമത്തെ വയസ്സിൽ ജെർത്രൂദ് അയക്കപ്പെട്ടു. വിശുദ്ധിക്കും ജ്ഞാനസമ്പാദനത്തിനും പേരുകേട്ട സഭാസമൂഹമായിരുന്നു അവിടെ ഉണ്ടായിരുന്നത്. വിശുദ്ധയായ മെക്റ്റിൽഡയുടെ മേൽനോട്ടത്തിലായിരുന്നു ജെർത്രൂദ് അവിടെ .

സൂക്ഷ്മമായ ഓർമ്മ, തിളങ്ങുന്ന ബുദ്ധി, വൈദഗ്ധ്യമുള്ള കരങ്ങൾ ഇതുകൊണ്ടെല്ലാം ജെർത്രൂദ് അനുഗ്രഹീതയായിരുന്നു. ലാറ്റിൻ ഭാഷ പഠിക്കുന്നതിൽ അതിസമർത്ഥയായിരുന്ന അവൾ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും മികച്ച രീതിയിൽ അറിവ് നേടി. സമയമായപ്പോൾ സഭയിലെ അംഗമാകാനും ഒരു ബെനെഡിക്റ്റൻ കന്യാസ്ത്രീ ആകാനും അവളെ മഠാധിപ ക്ഷണിച്ചു.പൂർണ്ണഹൃദയത്തോടെ ദൈവത്തെ തേടാനും സഭാനിയമങ്ങൾ വിശ്വസ്തതയോടെ പാലിക്കാനുമൊക്കെ വിശുദ്ധ മെക്റ്റിൽഡാ അവളെ പഠിപ്പിച്ചു.

ജെർത്രൂദിന്റെ ലാറ്റിൻ ഭാഷയിലെ പ്രാവീണ്യവും എഴുത്തും മറ്റുള്ളവരെ വിസ്മയിപ്പിക്കുന്നതായിരുന്നു. പ്രസന്നമായ വ്യക്തിത്വം കൊണ്ടും വരദാനങ്ങള്‍ കൊണ്ടും സന്യാസിനിയായിരിക്കെ അവൾ എല്ലാവരെയും ആകർഷിച്ചു. 26 വയസ്സുവരെ ജെർത്രൂദ് അങ്ങനെയായിരുന്നു. പേരിലും സഭാവസ്‌ത്രത്തിലും മാത്രമായിരുന്നു അക്കാലത്ത് അവൾ സന്യാസിനി ആയിരുന്നതെന്നും വ്യാകരണത്തിലും സാഹിത്യത്തിലും ഉന്നതി നേടാനാണ് അവൾ ആഗ്രഹിച്ചിരുന്നതെന്നും അവൾ തന്നെ പറഞ്ഞിട്ടുണ്ട്. യേശുവിന്റെ ഒരു ദർശനം അവളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.

1281 ജനുവരി 27 ന് യുവാവായ ഈശോ ജെർത്രൂദിന് പ്രത്യ്ക്ഷപ്പെട്ട് അവളുടെ കരം പിടിച്ചുകൊണ്ടു പറഞ്ഞു,”ഭയപ്പെടേണ്ട. എന്നിലേക്ക് തിരിച്ചു വരിക,ആനന്ദത്തിന്റെ അരുവിയിൽ നിന്ന് നീ പാനം ചെയ്യും”. ഈശോയുടെ അടുത്തിരുന്ന് അവന്റെ കയ്യിലെ തിരുമുറിവിലേക്ക് അവൾ നോക്കി. ഈശോയുടെ സ്നേഹത്താൽ പിടിക്കപ്പെട്ട അവൾ അപ്പോൾ മുതൽ ഓരോ ദിവസവും ആ സ്നേഹത്തിൽ വളരാൻ യത്‌നിച്ചു കൊണ്ട് എരിഞ്ഞുകൊണ്ടിരുന്നു . ലൗകികജ്ഞാനസമ്പാദനത്തിനുള്ള ആഗ്രഹം ഒഴിവാക്കി ജെർത്രൂദ് ധ്യാനത്തിൽ മുഴുകി.അവൾ തിരുവചനങ്ങളും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രപരമായ പ്രബന്ധങ്ങളും പഠിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്തു.

യേശുവിന്റെ പീഡാനുഭവങ്ങളോട് പ്രത്യേകഭക്തി അവർക്കുണ്ടായിരുന്നു. അത് വിശുദ്ധകുർബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവളുടെ സ്നേഹത്തിൽ പ്രകടമായിരുന്നു. ഒരു ദർശനത്തിൽ ഈശോയായിരുന്നു ബലിയർപ്പകനായി വന്നത്. കൂടെകൂടെ അവൾ ദിവ്യകാരുണ്യം സ്വീകരിച്ചു.ഈശോയോടുള്ള സ്നേഹം മൂലം പരിശുദ്ധ അമ്മയോടും അവൾക്ക് അളവില്ലാത്ത ഭക്തിയും സ്നേഹവുമുണ്ടായിരുന്നു. ഈശോ അവളോട് പറഞ്ഞിരുന്നു, “നിന്റെ സംരക്ഷകയായി ഞാൻ എന്റെ അമ്മയെ നിനക്ക് തരുന്നു. നിന്നെ അവളുടെ സംരക്ഷണത്തിന് വിശ്വസിച്ചേല്പിക്കുന്നു”. പരിശുദ്ധ അമ്മയുടെ ഓരോ തിരുന്നാളും സ്നേഹം പ്രകടിപ്പിക്കാനുള്ള സന്ദർഭങ്ങൾ ആയതിനൊപ്പം അമ്മയെ ദർശനങ്ങളിൽ കാണാനും കഴിഞ്ഞിരുന്നു.

ഈശോയുടെ പ്രിയശിഷ്യനായ വി. യോഹന്നാന്റെ തിരുന്നാളിൻറെ അന്ന് യോഹന്നാൻ ശ്ലീഹ അവളെ നമ്മുടെ കർത്താവിന്റെ ഹൃദയത്തിൽ തലചായ്ച്ചു വിശ്രമിക്കാനായി ക്ഷണിച്ചു. അവൾ വി.യോഹന്നാനോട് ചോദിച്ചു എന്തുകൊണ്ടാണ് ഈശോയുടെ തിരുഹൃദയത്തെ പറ്റി സുവിശേഷത്തിൽ ഒന്നും എഴുതാതിരുന്നതെന്ന്. “ഞാൻ ആ ദൈവികമായ ഹൃദയമിടിപ്പുകളുടെ മാധുര്യത്തെപ്പറ്റി ഇതുവരെയും സൂചിപ്പിച്ചിട്ടില്ല” യോഹന്നാൻ ശ്ലീഹ പറഞ്ഞു, “അതുകൊണ്ട് വിശ്വാസം തണുത്തു പോവുമ്പോൾ ഈ രഹസ്യങ്ങളെക്കുറിച്ചുള്ള അറിവ് വീണ്ടും ജ്വലിക്കും”. അങ്ങനെ വി. ജെർത്രൂദ് , ദൈവത്തിനു നമ്മോടുള്ള അളവില്ലാത്ത സ്നേഹത്തിന്റെ അടയാളമായ തിരുഹൃദയത്തോടുള്ള ഭക്തിയെ പറ്റി തുറന്നു പ്രഖ്യാപിച്ചു.

ഒരു സൃഷ്ടിയിലേക്കും വസ്തുവിലേക്കും അവളുടെ മനസ്സ് തിരിഞ്ഞില്ലെന്നു മാത്രമല്ല ഈശോയെ അനുകരിക്കുന്നതും അവിടുത്തെ ഹിതം നിറവേറ്റുന്നതുമായിരുന്നു അവളുടെ ഏറ്റവും വലിയ ഇഷ്ടങ്ങൾ.എന്തുചെയ്താലും അതെല്ലാം ദൈവമഹത്വത്തിനായി ചെയ്തു.ഏതു സഹോദരിക്കും ആവശ്യങ്ങളിൽ ഉടനടി സഹായത്തിനായി എത്തി. അവളെല്ലാവർക്കും മാതൃകയായിരുന്നു. ഉപദേശത്തിനായി വന്നവർക്ക് അവൾ ഉപദേഷ്ടാവായി. വിശുദ്ധ മക്റ്റിൽഡയുടെ പോലെ ക്രിസ്തുവിന്റെ മണവാട്ടിയായി തന്നെത്തന്നെ കരുതുന്ന രീതിയിലുള്ള ആത്മീയത അവൾ പിന്തുടർന്നു.

മരണക്കിടക്കയിലുള്ളവരെ അവൾ നല്ലമരണത്തിന് സഹായിച്ചു. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോട് പ്രത്യേകസ്നേഹം വിശുദ്ധക്കുണ്ടായിരുന്നു.

‘നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു’.

ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”.

വിശുദ്ധ കുർബ്ബാനയെക്കുറിച്ച് പല നിർണ്ണായക വെളിപ്പെടുത്തലുകളും ഈശോ ജെർത്രൂദിന് നൽകിയിട്ടുണ്ട്. പരിശുദ്ധ കുർബ്ബാന ഏറ്റവും ശക്തമായ പാപപരിഹാര ബലി കൂടെ ആണല്ലോ. യോഗ്യമാം വിധം അർപ്പിച്ചാൽ നമ്മുടെ ലഘുപാപങ്ങൾ മോചിക്കപ്പെടുക മാത്രമല്ല കഠിനപാപികൾക്ക് പാപത്തിൽ നിന്ന് അകലാനുള്ള കൃപയും ലഭിക്കും.

ഒരു വിശുദ്ധവാരത്തിൽ, അവിടുന്ന് സ്വന്തം ഇഷ്ടപ്രകാരം ബലിയായി സമർപ്പിച്ചു എന്ന ഗാനം ആലപിക്കപ്പെട്ടപ്പോൾ ഈശോ അവളോട് പറഞ്ഞു, ” എന്റെ സ്വന്തം ഇഷ്ടത്താൽ ഞാൻ കുരിശിൽ പിതാവിന് എന്നെത്തന്നെ ബലിയായി സമർപ്പിച്ചു എന്ന് വിശ്വസിക്കുന്നെങ്കിൽ സർവ്വലോകത്തിന്റെയും രക്ഷക്കുവേണ്ടി ഞാൻ എന്നെ ബലിയർപ്പിച്ചതുപോലെതന്നെ അതെ സ്നേഹത്തോടെയും ശക്തിയോടെയും ഓരോ പാപിക്ക് വേണ്ടിയും ഓരോ ദിവസവും അൾത്താരയിൽ ബലിയാകാനും ഞാൻ ഇച്ഛിക്കുന്നു എന്ന് വിശ്വസിക്കുക. അതുകൊണ്ട് എത്ര കഠിനപാപിയായാലും അവന് പരിശുദ്ധ കുർബ്ബാനയിലൂടെ പാപമോചനത്തിന്റെ അനുഗ്രഹീത ഫലം ലഭിക്കും എന്ന വിശ്വാസത്തോടെ എന്റെ നിഷ്കളങ്കജീവനും മരണവും പിതാവിന് ബലിയായി അർപ്പിക്കുകയാണെങ്കിൽ അവന് പാപക്ഷമ ലഭിക്കും എന്ന് അറിഞ്ഞുകൊള്ളുക “.

കുർബാന ഉയർത്തുന്ന സമയത്ത് വിശുദ്ധ ജെർത്രൂദ് ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു, “പരിശുദ്ധനും കർത്താവുമായ ദൈവമേ ഞാൻ എന്റെ പാപകടങ്ങളുടെ മോചനത്തിനായി ഈ തിരുവോസ്തി അങ്ങേക്ക് സമർപ്പിക്കുന്നു “. ഈ വിധത്തിൽ ഭക്തിയോടും വിശ്വാസത്തോടും കൂടി ചെയ്യുന്നത് നമ്മുടെ ലഘുപാപങ്ങൾ പൊറുക്കപ്പെടാൻ സഹായകരമാണ്.

45 വയസ്സായപ്പോഴേക്ക് ജെർത്രൂദിന് വലിയ ക്ഷീണം അനുഭവപ്പെട്ടു. മരിച്ചു സ്വർഗ്ഗത്തിൽ പോവാൻ അവൾക്ക് വലിയ ആഗ്രഹമാണെന്നറിയാവുന്ന ഈശോ അവളോട് ചോദിച്ചു,”നിനക്ക്‌ ഇപ്പോൾ മരിക്കണോ അതോ നീണ്ട അസുഖത്തിന് ശേഷം കുറേക്കൂടി യോഗ്യതകൾ സമ്പാദിച്ച് മരിക്കണോ ?” ” എന്റെ കർത്താവേ” അവൾ പറഞ്ഞു,” അങ്ങയുടെ ഹിതം പോലെ നടക്കട്ടെ”. അവൾക്ക് സ്വന്തമായി ഒരിഷ്ടം ഇല്ലായിരുന്നു. കുറെ മാസങ്ങൾ നീണ്ടുനിന്ന സഹനത്തിനു ശേഷം 1302 ൽ അവൾ തൻറെ സ്വർഗ്ഗീയമണവാളനാൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

അവളുടെ രചനകളിൽ മൂന്നെണ്ണം മാത്രമേ ലഭ്യമായിട്ടുള്ളു. ‘exercise’ എന്നു പേരുള്ള പുസ്തകത്തിൽ സമർപ്പിതജീവിതം എങ്ങനെ അനുഗ്രഹപ്രദമാക്കാമെന്നു മറ്റു സഹോദരിമാർക്കുള്ള നിർദ്ദേശങ്ങളാണ്. ‘Special Grace’ ൽ പറയുന്നത് ദൈവം സിസ്റ്റർ മക്റ്റിൽഡക്കു കൊടുത്ത കൃപകളെക്കുറിച്ചാണ്. ‘The Herald of Divine Love’ എന്ന പുസ്തകത്തിലാണ് അവൾക്കു ലഭിച്ച ദർശനങ്ങൾ കുറച്ചു രേഖപ്പെടുത്തിയിട്ടുള്ളത്. അവളുടെ മേലധികാരിയോടുള്ള അനുസരണയെപ്രതിയും ഈശോയുടെ നിർദ്ദേശവുമനുസരിച്ച് എഴുതിയതാണത്. അവളുടെ ആത്മാവുമായി ഈശോയും മറിയവും സംവദിച്ചത് വിവരിക്കാൻ കഴിയാത്ത ഭംഗിയോടെ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയുടെ അളവറ്റ ആർദ്രസ്നേഹം വെളിപ്പെടുത്തുന്ന പ്രത്യാശയാണ് അതിൽ മുഴുവൻ.

അവളുടെ പ്രാർത്ഥനകളിലൊന്ന് ഇതാ :

“ഓ എത്രയും കാരുണ്യവാനായ യേശുവേ, അങ്ങയുടെ വിലയേറിയ രക്തത്താൽ അങ്ങയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിക്കണമേ; അതിൽ ഞാൻ അങ്ങയുടെ പീഡയും അങ്ങയുടെ സ്നേഹവും വായിച്ചെടുക്കട്ടെ. അങ്ങയുടെ സഹനത്തിൽ അലിവും അങ്ങയോടു സ്നേഹവും ഉണർത്താൻ ആ മുറിവുകളുടെ ഓർമ്മ എന്റെ ഹൃത്തിൽ എന്നേക്കും നിലനിൽക്കട്ടെ”

Happy Feast of St. Gertrude the Great.

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s