ഒരിക്കൽ..മേയാൻ പോയ ഒരു പശു പരിസരം ശ്രദ്ധിക്കാതെ തിന്നും നടന്നും ഒരു കാടിനുള്ളിലെത്തി. പെട്ടെന്നാണ് ഭീമാകാരനായ ഒരു പുലി തന്റെ നേർക്ക് പതുങ്ങി വരുന്നത് അത് കണ്ടത്. കണ്ടപാടേ ജീവനും കൊണ്ട് അത് പാഞ്ഞു. പിടിച്ചു പിടിച്ചില്ല എന്ന പോലെ പുലി തൊട്ടു പിന്നാലെ.
ഏതു നിമിഷവും തന്റെ മാംസത്തിൽ പുലിയുടെ നീണ്ട നഖങ്ങളും മൂർച്ചയുള്ള പല്ലും അമർന്നേക്കാം എന്ന പേടിയോടെ, രക്ഷപ്പെടാൻ വഴി കാണാതെ പശു ഹതാശനായി പായവേ, പെട്ടെന്ന് അധികം ആഴമില്ലെന്ന് തോന്നിക്കുന്ന ഒരു കുളം പോലെ എന്തോ മുന്നിൽ കണ്ടു. വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് അതിലേക്ക് എടുത്തുചാടി. തൊട്ടുപിന്നാലെ പുലിയും. പക്ഷേ കട്ട പിടിച്ച ചെളിയുള്ള ഒരു ചതുപ്പ് നിലം ആയിരുന്നു അത്. ചെന്നുവീണതും അതിൽ പശു മുങ്ങിത്താഴാൻ തുടങ്ങി. പശുവിനെ പിടിക്കാനാഞ്ഞ പുലിയും അതുപോലെ തന്നെ ചെളിയിൽ പുതഞ്ഞു താഴേക്ക് ഊർന്നുപോയി.
ചെറിയ അകലത്തിൽ കിടക്കുന്ന രണ്ടുപേരും കയ്യും കാലുമിട്ടടിച്ചെങ്കിലും രക്ഷയൊന്നുമില്ലായിരുന്നു. അവസാനം കഷ്ടിച്ച് മുഖം മാത്രം പുറത്തുകാണുന്ന പോലെ അവർ ചെളിയിൽ തങ്ങിനിന്നു. പുലി പശുവിന്റെ നേർക്ക് ദേഷ്യത്തോടെ മുരണ്ടുകൊണ്ട് പറഞ്ഞു, “എന്റെ പല്ലുകൾക്കിടയിൽ നിന്റെ എല്ലു പൊടിയുന്ന ശബ്ദം കേൾക്കാൻ റെഡി ആയിക്കോ”. പക്ഷേ പുറത്തുകടക്കാനുള്ള ഏറെ നേരത്തെ ശ്രമം നിഷ്ഫലമായതു കൊണ്ട് പിന്നെ അധികം വാചകമടിച്ചില്ല.
പശുവിനും രക്ഷപ്പെടാൻ കഴിയുന്നില്ലായിരുന്നല്ലോ. പക്ഷേ എന്തോ ഓർത്ത് അവന്റെ ചുണ്ടിൽ നേരിയ ഒരു ചിരി പരന്നു. അവൻ പുലിയോട് ചോദിച്ചു. “നിനക്ക് യജമാനനുണ്ടോ?” (Do you have a Master?) പുലി അഹങ്കാരത്തോടെ പറഞ്ഞു, “കാട്ടിലെ രാജാവായ എനിക്കെന്തിനാണ് യജമാനൻ? ഞാൻ തന്നെയാണ് എന്റെ യജമാനൻ. ഞാൻ നിന്നെപ്പോലെ ദുർബ്ബലനല്ല പീറപശുവേ”
പശു പറഞ്ഞു , “താങ്കൾ കാട്ടിലെ രാജാവും വലിയ ശക്തനും ഒക്കെ ആയിരിക്കാം. പക്ഷേ താങ്കളുടെ കഴിവ് കൊണ്ടൊന്നും ഇവിടെ ഒരു കാര്യവുമില്ലല്ലോ “.
“അപ്പോൾ നിന്റെ കാര്യമോ?” പുലി പുച്ഛത്തോടെ ചോദിച്ചു. “നീയും ഇവിടെ കിടന്ന് മരിക്കാനല്ലേ പോകുന്നത്?”
“ഇല്ല, ഞാൻ മരിക്കില്ല “. പശു ചിരിച്ചു കൊണ്ട് പറഞ്ഞു. സന്ധ്യയാകുമ്പോൾ എന്റെ യജമാനന് മനസ്സിലാകും ഞാൻ വീട്ടിൽ എത്തിയിട്ടില്ലെന്ന്. അവനെന്നെ അന്വേഷിച്ചിറങ്ങും. ഇവിടേക്ക് വന്ന് എന്നെ രക്ഷിക്കും”.
പറഞ്ഞതുപോലെ തന്നെ അവന്റെ യജമാനൻ കുറെ കഴിഞ്ഞ് അവനെ പേര് ചൊല്ലി വിളിച്ചുകൊണ്ട് തിരഞ്ഞു വന്നു. പശുവിനെ രക്ഷിച്ചു. സന്തോഷത്തോടെ അവർ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ, രക്ഷിക്കാനായി ശ്രമിച്ചപ്പോഴും തനിക്ക് ആരുടേയും സഹായം വേണ്ടെന്ന രീതിയിൽ, അതിനോട് സഹകരിക്കാതെ നിന്ന പുലി ഇപ്പോൾ തന്റെ ജീവൻ വെടിഞ്ഞിട്ടുണ്ടാകും എന്നോർത്തു. എളിമപ്പെട്ട് അവന്റെ ഈഗോക്ക് കോട്ടം തട്ടിയില്ല പക്ഷേ പിടിവാശി കൊണ്ട് അവൻ തന്നെത്തന്നെ നശിപ്പിച്ചു.
യജമാനൻ തരുന്ന മുന്നറിയിപ്പ് ഓർക്കാതെയും വകവെക്കാതെയും സാത്താന്റെ മായികവലയത്തിൽ അകപ്പെട്ട് മുന്നോട്ടുപോയി, അപകടങ്ങളിലും ഊരാക്കുടുക്കിലും പെട്ടു പോയെങ്കിലും, നിരാശരാവാതെ.. നമ്മളെ രക്ഷിക്കാൻ അവനുണ്ടെന്ന പ്രതീക്ഷ നിലനിർത്താൻ നമുക്ക് പറ്റുന്നുണ്ടോ? അവനാൽ രക്ഷിക്കപ്പെടാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നുണ്ടോ? പിന്നെയും അപകടങ്ങളിൽ പെടാതിരിക്കാനായി അനുസരണയിൽ നിലനിൽക്കുന്നുണ്ടോ?
അതോ എന്നെ രക്ഷിക്കാൻ വേറെ ആരും ആവശ്യമില്ല, ഞാൻ തന്നെ മതിയാകും, എന്ന അഹങ്കാരം വെച്ചുപുലർത്തി നാശത്തിലേക്ക് വഴുതിപോവുകയാണോ?
പേരുചൊല്ലി വിളിച്ച് നമ്മെ തിരഞ്ഞുവരുന്ന ഒരു രക്ഷകൻ നമുക്കുണ്ട്. അവൻ രക്ഷയുടെ കരം നീട്ടുമ്പോൾ അതിൽ കയറിപ്പിടിക്കാം. അവന്റെ പിടിയിൽ നിന്ന് ഊർന്നുപോകാതിരിക്കാം. അവനോട് ചേർന്നു നടക്കാം. പ്രശാന്തമായ ജലാശയത്തിലേക്ക്… പച്ചയായ പുൽത്തകിടിയിലേക്ക്… ജീവനിലേക്ക്…
Do you have a Master???
ജിൽസ ജോയ്
(Whatsapp ൽ കണ്ട ഒരു ഇംഗ്ലീഷ് കഥയെ ആധാരമാക്കി എഴുതിയത് )


Reblogged this on Nelsapy.
LikeLiked by 1 person